December 11, 2024 |
Share on

“നവകേരള ബസിന്റെ സുരക്ഷ ചുമതല പൊലീസിനോ ഡിവൈഎഫ്‌ഐക്കോ?” അലോഷ്യസ് സേവ്യര്‍/ അഭിമുഖം

കരിങ്കൊടി കാണിക്കുന്നതും ഷൂ എറിഞ്ഞതും എന്തിന്? കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പറയാനുള്ളത്

നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള പ്രതിഷേധത്തിലാണ് കെഎസ്‌യു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേര്‍ക്ക് കരിങ്കൊടി കാണിക്കലും ഷൂ എറിയലുമൊക്കെയായി കെ എസ് യു പ്രവര്‍ത്തകര്‍ ദിനംപ്രതി പ്രതിഷേധം ശക്തമാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നവകേരള ബസ്സിന് നേരെയുണ്ടായ കെഎസ്‌യുവിന്റെ ഷൂ ഏറ് വിവാദമായിരുന്നു. പെരുമ്പാവൂരില്‍നിന്നും കോതമംഗലത്തെ നവകേരള സദസ്സിലേക്കു പോകവെ ഓടയ്ക്കാലില്‍ വച്ചാണു കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ഷൂ എറിഞ്ഞത്. ഷൂ എറിഞ്ഞവരെ സംഭവസ്ഥലത്തു വച്ച് മര്‍ദിക്കുകയും പോലീസ് വധശ്രമത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.പിന്നാലെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും നവകേരള സദസ്സുകളില്‍ മുഖ്യമന്ത്രി വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വിവാദമായി. ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്താണ് നവകേരള സദസിനെതിരേയുള്ള കെഎസ്‌യു പ്രതിഷേധത്തിന്റെ കാരണം? ഈയൊരു ചോദ്യത്തിനുള്ള മറുപടി പറയുകയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

എന്തുകൊണ്ട് കരിങ്കൊടി പ്രതിഷേധം?

കാസര്‍ഗോഡ് നിന്ന് നവകേരള സദസ് ആരംഭിച്ചത് മുതല്‍ ഇതൊരു ആഡംബര യാത്രയെന്നാണ് വിമര്‍ശനം നേരിടുന്നത്. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെയോ, കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തിക ബാധ്യതകളെയോ കണക്കിലെടുക്കാതെ കോടികള്‍ ചെലവഴിച്ചുകൊണ്ടാണ് ഈ യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യര്‍ത്ഥികളെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ സ്‌കോളര്‍ഷിപ് ഇ-ഗ്രാന്റ് തുടങ്ങിയവ ഇതുവരെയും ലഭ്യമായിട്ടില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഞങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരിങ്കൊടി പ്രയോഗത്തിന് കെഎസ്‌യു ആരംഭം കുറിച്ചത്.

ഷൂ ഏറിഞ്ഞതിന്റെ രാഷ്ട്രീയം എന്താണ് ?

സംസ്ഥനത്തിന്റെ ഓരോ ജില്ലകളിലും നവകേരള സദസ്സ് എത്തുമ്പോള്‍ പല ഇടങ്ങളിലായി വ്യത്യസ്ത സമരങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥനവ്യപകമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങളിലായി അങ്കമാലി, ആലുവ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച ഇതര ജില്ലക്കാരായ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകരടക്കമുള്ളവര്‍ സമാധനപരമായി പ്രതിഷേധം നടത്തുന്ന കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെതിരെ വൈകാരികമായ പ്രതിഷേധമെന്ന നിലയിലും, ഉടനടിയുള്ള പ്രതികരണം എന്ന നിലയിലുമാണ് ഷൂ എറിഞ്ഞത്. കരുതിക്കൂട്ടിയുള്ള പ്രതിഷേധ സമരമുറ അല്ലാത്തതുകൊണ്ടാണ് സംസ്ഥനവ്യാപകമായി തുടരേണ്ടതില്ലെന്നും തീരുമാനിച്ചത്. എന്നിരുന്നാലും ഷൂ ഏറ് നടത്തിയ പ്രവര്‍ത്തകരെ വഴിയില്‍ ഉപേക്ഷിക്കുന്ന നിലപടില്ല, പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് കെഎസ്‌യു സ്വീകരിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് നവകേരള സദസ് ജനവിരുദ്ധ യാത്രയാണെന്നു പറയുന്നത്?

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണമായിട്ടു മാത്രമേ ഇതിനെ നോക്കി കാണാനാവൂ. അതുകൊണ്ടാണ് ഈ യാത്രയെ ആഡംമ്പര യാത്രയെന്നും ജനവിരുദ്ധ യാത്രയെന്നും കുറ്റപ്പെടുത്തുന്നത്. അടിസ്ഥാനപരമായി ഇതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളാണ്. കുരുന്നു കുട്ടികളെ പോലും വെയിലത്തു നിര്‍ത്തികൊണ്ട് മുഖ്യമന്ത്രിക്ക് സിന്ദാബാദ് വിളിപ്പിക്കുകയാണ്. അതിനു നേതൃത്വം നല്‍കുന്നത് സിപിഎം അനുകൂല അദ്ധ്യാപക -അനദ്ധ്യാപക സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ്. അവര്‍ക്കു മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭീകരമായ രീതിയിലാണ് കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. നവകേരള സദസിനു വേണ്ടി സ്‌കൂള്‍ ബസുകളുടെ ഉപയോഗം മുതല്‍ സ്‌കൂള്‍ മതിലുകള്‍ പൊളിച്ചുമാറ്റുന്നതില്‍ വരെ ഈ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ പ്രകടമാണ്.

ഡിവൈഎഫ്‌ഐക്കെതിരേ നിയമനടപടി സ്വീകരിക്കുമോ?

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകും. സംസ്ഥനത്തിന്റെ ക്രമസമാധാനത്തിന്റെ ചുമതല ഡിവൈഎഫ്‌ഐ പോലെയുള്ള രാഷ്ട്രീയ സംഘടനകള്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. ആഭ്യന്തരവകുപ്പ് തലവന്‍ കൂടിയായ മുഖ്യമന്ത്രി പോലീസിന് ബദലായി ബസിന് അകമ്പടി സേവിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിയപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുന്നത് വകുപ്പിന്റെ തികഞ്ഞ പരാജയമായല്ലേ കണക്കാക്കേണ്ടത്.

പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെതിരേ മാത്രമുള്ളോ?

കേന്ദ്രസര്‍ക്കാര്‍ പാഠ്യ പദ്ധതികളിലും എന്‍ സി ആര്‍ ടി ടെക്സ്റ്റ് ബുക്കുകളിലും നടത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് തിരുവന്തപുരത്തു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് സമരം ആദ്യമായി നടത്തിയത് കെ.എസ്.യു ആണ്. Proteger La Historia (‘ചരിത്രത്തെ തേച്ചുമാച്ചു കളയുക’) എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രണ്ടായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഏഴുദിവസത്തോളം നീണ്ടുനിന്ന യുവജന മാര്‍ച്ച് നടത്തി. സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഞാനും മറ്റുസഹപ്രവര്‍ത്തകരും റിമാന്‍ഡില്‍ പോകേണ്ട സാഹചര്യം വരെ അന്നുണ്ടായിരുന്നു. ആ സമരത്തിനുനേരെ മൃഗീമായ ആക്രമണം അഴിച്ചുവിടുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വിദ്യാഭ്യസ മേഖലയിലെ കാവി വത്കരണത്തിനെ അനുവദിക്കാന്‍ ഒരുക്കുമല്ലാത്ത കൃത്യമായ നിലപാടുകള്‍ കെഎസ്‌യു സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പസുകളില്‍ ഇതിനെതിരെയുള്ള ശക്തമായ, നിരന്തരമായ പ്രചാരണങ്ങളുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്. അടുത്തഘട്ടമെന്ന നിലയില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ കാവിവത്കരണത്തിനെതിരായ പോരാട്ടങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

×