ആഫ്രിക്കയില്‍ നിന്നായാലും കേരളത്തില്‍ നിന്നായാലും കുടിയേറുന്നവരുടെ ലക്ഷ്യം ഒന്നാണ്; നല്ലൊരു നാളെ
സെനഗലിലെ കടലോര പട്ടണമായ ഫാസ് ബോയെയില്‍ നിന്നും വലിപ്പമേറിയൊരു മത്സ്യബന്ധന ബോട്ട് ജൂലൈ പത്തിന് നങ്കൂരമുയര്‍ത്തി. ഇത്തവണയതില്‍ മത്സ്യത്തൊഴിലാളികള്‍ ആരുമില്ലായിരുന്നു. എന്നാലതില്‍ 130 മനുഷ്യരുണ്ടായിരുന്നു. നല്ലൊരു നാളെ സ്വപ്‌നം കണ്ടു മറ്റൊരു തീരത്തേക്ക് യാത്രയ്ക്ക് തയ്യാറെടുത്തവര്‍.
ഫാസ് ബോയെയില്‍ നിന്നും സ്‌പെയ്‌നിലെ കാനറി ദ്വീപുകളിലേക്കുള്ള പലായനമായിരുന്നു അത്.
പ്രവചനാതീതമാണ് ഓരോ കടല്‍ യാത്രയും.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും, പോയവരുടെ വിവരങ്ങളൊന്നും അറിയാതെ വന്നതോടെയാണ് ബന്ധുക്കള്‍ ‘വാക്കിംഗ് ബോര്‍ഡേഴ്‌സ്’ എന്ന എന്‍ജിഒ-യെ ബന്ധപ്പെടുന്നത്. എത്ര പേരുണ്ടായിരുന്നുവെന്നും എങ്ങോട്ടാണ് പോകാന്‍ തയ്യാറെടുത്തതെന്നും ബന്ധുക്കളില്‍ നിന്നറിഞ്ഞ ആ സ്പാനിഷ് എന്‍ജിഒ ഉടന്‍ തന്നെ സ്ഥാപനത്തിന്റെ തിരച്ചില്‍ പ്രോട്ടോക്കോള്‍ സജീവമാക്കി. നാലു രാജ്യങ്ങളുമായി കഴിയുന്നതിലും വേഗത്തില്‍ ബന്ധപ്പെട്ടു. സെനഗല്‍, മൗററ്റാനിയ, മോറോക്കോ, സ്‌പെയ്ന്‍- ഇവയായിരുന്നു ആ നാല് രാജ്യങ്ങള്‍. സെനഗലില്‍ നിന്നും കാനറി ദ്വീപിലേക്കുള്ള കടല്‍ യാത്രയുടെ പാത ഈ രാജ്യങ്ങളുടെ കടല്‍ മേഖലയിലൂടെയായിരുന്നു.
‘വാക്കിംഗ് ബോര്‍ഡേഴ്‌സ്’ സ്ഥാപക ഹെലേന മലേനോ ഗാര്‍സന്റെ ജൂലൈ 23 ലെ ട്വീറ്റില്‍ പറയുന്നത്, 120-ല്‍ അധികം ആളുകളുമായി ഒരു സെനഗല്‍ മത്സ്യബന്ധന ബോട്ട് കടലില്‍ അപ്രത്യക്ഷമായെന്നും, 14 ദിവസം മുമ്പ് യാത്ര പുറപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തപ്പെടുത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്.
ജൂലൈ 20-ന് ഈ പലായനത്തെക്കുറിച്ച് വാക്കിംഗ് ബോര്‍ഡേഴ്‌സില്‍ നിന്നും വിരമറിഞ്ഞ ഉത്തരവാദിത്തപ്പെട്ടവര്‍, ദിവസങ്ങള്‍ക്ക് ശേഷം അറിയിച്ചത് ആ മത്സ്യബന്ധ ബോട്ട് മുങ്ങിപ്പോയെന്നായിരുന്നു.
സ്‌പെയ്‌നിലേക്ക് കടക്കാന്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും കാനറി ദ്വീപുകളിലേക്കുള്ള ആ യാത്ര ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ-മരണപ്പാത-യെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച അറ്റ്‌ലാന്റിക്കിലെ പലായന പാതയിലൂടെയായിരുന്നു.
എന്നിട്ടും ഭാഗ്യം അത്രകണ്ടല്ലെങ്കിലും ആ ബോട്ടിനെ തുണച്ചു.
ട്യൂണ മത്സ്യബന്ധന വ്യാപരം നടത്തുന്ന പെവാസ എന്ന സ്പാനിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സില്ലറി എന്ന ബോട്ട്. ഓഗസ്റ്റ് 14-ന് കടലില്‍ അവര്‍ക്ക് മറ്റൊരു ദൗത്യം ഏറ്റെടുക്കാനുണ്ടായിരുന്നു.
മരണപ്പാതയില്‍, അറ്റ്‌ലാന്റിക്കിലെ കിഴക്കന്‍ കാറ്റിന്റെ കാരുണ്യത്തില്‍ ഒരു മാസത്തോളമായി ഒഴുകി നടക്കുകയായിരുന്ന സെനഗല്‍ ബോട്ട് സെല്ലറിയുടെ കണ്ണില്‍പ്പെട്ടു.
തിങ്കളാഴ്ച്ച സെനഗല്‍ ബോട്ട് കണ്ടെത്തുമ്പോള്‍ സാലിലെ കേപ് വെര്‍ഡിയന്‍ ദ്വീപിന്റെ വടക്ക് ഭാഗത്ത് നിന്നും 150 നോട്ടിക്കല്‍ മൈല്‍(277 കി. മീ) ദൂരത്തായിരുന്നു അത്. ഉടന്‍ തന്നെ സെല്ലറിയില്‍ നിന്നും വിവരം കേപ്പ് വെര്‍ഡിയന്‍ അധികൃതരെ അറിയിച്ചു. ഉദ്യോഗസ്ഥരെത്താന്‍ കാത്ത് നില്‍ക്കാതെ തന്നെ സെല്ലറി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാരണം, ആ ബോട്ടില്‍ നിന്നും ജീവന് വേണ്ടി കേണുകൊണ്ടുള്ള മനുഷ്യരോദനങ്ങള്‍ അവര്‍ക്ക് കേള്‍ക്കാമായിരുന്നു.
കാര്യങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നു.
പലായനത്തിന്റെ തുടക്കത്തില്‍ 130-ന് അടുത്ത് ആളുകള്‍ ഉണ്ടായിരുന്ന ആ ബോട്ടില്‍ രക്ഷാകരങ്ങളെത്തുമ്പോള്‍ അവശേഷിച്ചിരുന്നത് വെറും 38 മനുഷ്യരായിരുന്നു.
12 നും 16 നും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു.
ബോട്ടില്‍ ഏഴ് മൃതദേഹങ്ങളുമുണ്ടായിരുന്നു…
മരിച്ചുപോയവരുടെ ബാക്കിയായ ഭക്ഷണമായിരുന്നു കുറച്ചു മനുഷ്യരുടെ ജീവന്‍ ബാക്കി നിര്‍ത്തിയത്.
ആ പലായന യാനത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തതു മുതല്‍ ബന്ധപ്പെട്ടവര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും അത് പര്യാപ്തമായിരുന്നില്ലെന്നാണ് വാക്കിംഗ് ബോര്‍ഡേഴ്‌സ് ദ ഗാര്‍ഡിയനോട് പ്രതികരിച്ചത്.
ഈ പലായന പാതയിലെ മോശമായ സംഗതി, ബോട്ടുകള്‍ക്ക് എന്തെങ്കിലും എഞ്ചിന്‍ തകരാര്‍ നേരിടുകയാണെങ്കില്‍ അവ ലക്ഷ്യമില്ലാതെ സമുദ്രത്തിലൂടെ ഒഴുകി നടക്കുമെന്നതാണ്. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെയാണ് മികച്ച രീതിയിലുള്ള തെരച്ചില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതെന്നും, അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്നുമാണ് സ്പാനിഷ് എന്‍ജിഒയെ ഉദ്ധരിച്ച് ഗാര്‍ഡിയനിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോട്ട് മുങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍, അതിലുണ്ടായിരുന്ന മനുഷ്യരിലധികവും എങ്ങനെയാണ് മരണപ്പെട്ടതെന്നതില്‍ വ്യക്തതയില്ല. ഡിഹൈഡ്രേഷന്‍, ഹൈപ്പോതെര്‍മിയ-ഇവയാകാം മരണകാരണമെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നു.
കൂടുതല്‍ സജ്ജീകരണങ്ങളും രക്ഷാപ്രവര്‍ത്തകരുമുണ്ടായിരുന്നുവെങ്കില്‍ നമുക്ക് കുറച്ചുകൂടി മനുഷ്യജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഹെലേന മലേനോ ഗാര്‍സന്‍ ഗാര്‍ഡിയനോട് പറഞ്ഞത്.
സെനഗല്‍ ബോട്ടിലുണ്ടായിരുന്നവരെ പോലെ ആയിരക്കണക്കിന് മനുഷ്യരാണ് കടലില്‍ മരിച്ചു പോകുന്നത്. അവര്‍ നല്ലൊരു ജീവിതം തേടി യാത്ര തുടങ്ങുന്നവരാണ്. ലോകം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടതാണെന്ന് സങ്കല്‍പ്പിക്കുക. ഒരു ഭാഗം ദാരിദ്ര്യം നിറഞ്ഞതും ഏകാധിപതികളുടെ കീഴിലുള്ളതുമായ രാജ്യങ്ങളുടെതാണ്. മറുഭാഗം സാമ്പത്തിക ശക്തികളെങ്കിലും വലത്ുപക്ഷ രാഷ്ട്രീയം കത്തിക്കയറുന്ന യൂറോപ്യന്‍-അമേരിക്കന്‍ ഭൂഖണ്ഡങ്ങളും. നടുവില്‍ മരണത്തിന്റെയും ജീവിതത്തിന്റെയും സമുദ്രവും.
ജീവിതം കരുപ്പിടിപ്പിക്കാന്‍ ജീവന്‍ പണയം വച്ചാണ് മനുഷ്യന്റെ കടല്‍ പലായനങ്ങള്‍. അവരിലേറെയും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതത്തിന് വിധിക്കപ്പെട്ടവരാകും, കുറച്ചു പേര്‍ ഉള്ളതിനെക്കാള്‍ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നവരും.
ആ സെനഗല്‍ ബോട്ടില്‍ മരിച്ചവര്‍ ഏറെയും ഫാസ് ബോയെയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഒരു ചെറിയ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ളവര്‍.
കടലില്‍ കാണാതായവരില്‍ രണ്ടു പേര്‍ എന്റെ അനന്തരവന്മാരായിരുന്നു, സ്‌പെയിനില്‍ പോയി ജീവിക്കാന്‍ കൊതിച്ചവര്‍; ഫാസ് ബോയെയിലെ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനയുടെ പ്രസിഡന്റായ ചെയ്ഖ് ആവ ബോയെ, ഗാര്‍ഡിയനോട് പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും കാനറി ദ്വീപുകളിലേക്ക് പോകുന്ന പലായന ബോട്ടുകളില്‍ മൂന്നിലൊന്ന് മാത്രമാണ് തീരമണയുന്നത്. കുടിയേറ്റ യാത്രകള്‍ക്കുള്ള സുരക്ഷിതമായ പാതകള്‍ വളരെ കുറവാണ്. ആ പാതകളാണ് കടല്‍ക്കൊള്ളക്കാരും മനുഷ്യക്കടത്തുകാരും ഒരുപോലെ ഉപയോഗിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐഒഎം) റിപ്പോര്‍ട്ട് പ്രകാരം, സെനഗല്‍ ബോട്ട് ദുരന്തം ഉള്‍പ്പെടുത്താതെ, 2023 ആരംഭിച്ച് ഇതുവരെ 324 മനുഷ്യരാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും കാനറി ദ്വീപില്‍ എത്താനുള്ള യാത്രയില്‍ മരണമടഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള മരണക്കണക്ക് ഇതിലും മൂന്നിരട്ടി മുകളിലായിരിക്കുമെന്നാണ് വാക്കിംഗ് ബോര്‍ഡേഴ്‌സ് പറയുന്നത്.
വടക്കേ ആഫ്രിക്കയില്‍ നിന്നും ഇറ്റലിയിലേക്കുള്ള മധ്യ മെഡിറ്ററേനിയന്‍ പലായന പാതപോലെ തന്നെ ഭീതിജനകമായ മറ്റൊരു മരണപ്പാതയാണ് സെനഗലില്‍ നിന്നും കാനറി ദ്വീപുകളിലേക്കുമുള്ളത്. ഈ പാത അധികമായി നിരീക്ഷിക്കപ്പെടുന്നില്ല. അതിനാല്‍ ഇവിടെ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരുന്നില്ല. ഈ ദീര്‍ഘദൂര യാത്ര ശക്തമായ അറ്റ്‌ലാന്റിക് കാറ്റിന്റെ വെല്ലുവിളിയെ മറികടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പുറപ്പെടുന്നതില്‍ വളരെ കുറച്ച് യാത്രകള്‍ മാത്രമെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുള്ളൂ. കാണാതായവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് അറിയാന്‍ സാധിക്കുന്നില്ല. പ്രേത കപ്പല്‍ഛേദം എന്നു വിളിക്കുന്ന, നമുക്കൊന്നും അറിയാതെ പോകുന്ന ധാരാളം സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്നാണ് ഐഒഎം വക്താവ് ഫ്‌ളാവിയോ ഡി ജിയാകോമോ ഗാര്‍ഡിയനോട് പറഞ്ഞത്.
ഗാര്‍ഡിയന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്, ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ സമുദ്ര പാതയായ മധ്യ മെഡിറ്ററേനിയന്‍ കടന്നു യൂറോപ്പിലേക്കുള്ള പലായനം ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്നാണ്. നിയമവിരുദ്ധമായ കടല്‍ കടക്കല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ന് ബ്രിട്ടന്‍ ഉള്‍പ്പെടെ, യൂറോപ്പിന്റെ രാഷ്ട്രീയ അജണ്ടയില്‍ പ്രധാനമായ ഒന്നാണ് കുടിയേറ്റം. യൂറോപ്യന്‍ ബോര്‍ഡര്‍ ആന്‍ഡ് കോസ്റ്റ് ഗാര്‍ഡ് ഏജന്‍സിയായ ഫ്രന്റക്‌സ് പറയുന്നത് കുടിയേറ്റം 13 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് പറയുന്നത്. അവര്‍ പറയുന്ന കണക്ക് 176,100 ആണ്. 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന കുടിയേറ്റ പാതയായ മധ്യ മെഡിറ്ററേനിയന്‍ പാത ഉപയോഗിക്കുന്നവരുടെ എണ്ണം 115 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. ഈ വര്‍ഷം മാത്രം സമുദ്രത്തില്‍ കാണാതായവരുടെ എണ്ണമായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്ന കണക്ക് 2090 ആണ്. ഇതിലധികവും സംഭവിച്ചിരിക്കുന്നത് മധ്യ മെഡിറ്ററേനിയന്‍ പാതയിലാണ്.
എത്ര അപകടം നിറഞ്ഞതാണെങ്കിലും മനുഷ്യന്‍ നല്ലൊരു ജീവിതത്തിനായി അവന്റെ ജീവന്‍ പണയം വയ്ക്കാന്‍ തയ്യാറാകുന്നുണ്ട്. ആളുകളെ കുത്തിനിറയ്ക്കുന്നതിനുവേണ്ടി പ്രത്യേകമായി പണിയുന്ന, യാതൊരു സുരക്ഷസംവിധാനങ്ങളുമില്ലാത്ത ബോട്ടുകളിലാണ്, ഏറ്റവും അപകടകരമായ പാതകളിലൂടെ കുടിയേറ്റ യാത്രകള്‍ നടക്കുന്നത്. എന്നിട്ടും, ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ 89,000 പേര്‍ വിജയകരമായി ആ അപകടയാത്ര പൂര്‍ത്തിയാക്കിയെന്നാണ് ഫ്രന്റക്‌സ് പറയുന്നത്.
കഴിഞ്ഞാഴ്ച്ച ഇറ്റാലിയന്‍ ദ്വീപായ ലാംപെഡ്യൂസയില്‍ ഒരു കുടിയേറ്റ ബോട്ട് മുങ്ങി 41 പേരെങ്കിലും മരിച്ചു. ടുണീഷ്യന്‍ തുറമുഖമായ സ്ഫാക്‌സില്‍ നിന്നും ആറു ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെട്ട ഒരു തുരുമ്പ് പിടിച്ച ബോട്ടായിരുന്നു മുങ്ങിയത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അതില്‍ യാത്രക്കാരായുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ട നാല് പേര്‍ പറഞ്ഞത്.
അതിലും ഭീകരമായ മറ്റൊരു ദുരന്തമായിരുന്നു ഗ്രീസിന്റെ പടിഞ്ഞാറന്‍ തീരമായ പാലോസിലെ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഒരു കുടിയേറ്റ ബോട്ട് മുങ്ങിയത്. വളരെ പഴക്കം ചെന്നതും ആളുകളെ കുത്തിനിറച്ചതുമായ ഒരു മത്സ്യബന്ധന ട്രോളറായിരുന്നു അത്. കിഴക്കന്‍ ലിബിയയില്‍ നിന്നും നാല് ദിവസം മുമ്പ് പുറപ്പെട്ട ആ ട്രോളറില്‍ 750 കുടിയേറ്റക്കാരുണ്ടായിരുന്നു. വെറും 104 പേരാണ് രക്ഷപ്പെട്ടത്.
മധ്യ മെഡിറ്ററേനിയനിലൂടെയുള്ള കുടിയേറ്റം വര്‍ദ്ധിക്കുമ്പോള്‍, പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ പാതയില്‍ (മൊറോക്കോ മുതല്‍ സ്‌പെയിന്‍ വരെ) രണ്ടു ശതമാനം മുതലും, തുര്‍ക്കി മുതല്‍ ഗ്രീസ് വരെയുള്ള കിഴക്കന്‍ മെഡിറ്ററേനിയന്‍ പാതയില്‍ 29% വരെയും യൂറോപ്യന്‍ യൂണിയനിലേക്കുള്ള മറ്റു പ്രധാന കുടിയേറ്റ പാതകളിലെയുമുള്ള വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് ഫ്രന്റക്‌സ് പറയുന്നത്. വടക്കന്‍ മാസിഡോണിയ, സെര്‍ബിയ എന്നിവിടങ്ങളിലൂടെ ക്രൊയേഷ്യ, സ്ലോവേനിയ, ഹംഗറി എന്നിവിടങ്ങളിലേക്കുള്ള പടിഞ്ഞാറന്‍ ബാള്‍ക്കന്‍ ലാന്‍ഡ് പാത ഏറ്റവും സജീവമായ രണ്ടാമത്തെ പാതയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 52,200 ഓളം കടത്തലുകള്‍ കണ്ടെത്തിയതിന്റെ ഫലമായി കുടിയേറ്റത്തില്‍ 26% ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഈ വര്‍ഷം ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന്റെ ബാഹ്യ അതിര്‍ത്തികളില്‍ നിയമവിരുദ്ധമായ 42,700 അതിര്‍ത്തി കടക്കലുകള്‍ കണ്ടെത്തിയിരുന്നു. 2022 ജൂലൈയെക്കാള്‍ 19 ശതമാനം കൂടുതലായിരുന്നു ഇത്. 2016 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കുടിയേറ്റ വിരുദ്ധ വികാരവും രാഷ്ട്രീയസമ്മര്‍ദ്ദവും ബ്രിട്ടനില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വര്‍ദ്ധിക്കുന്നതിനിടയിലും യുറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം കുടിയേറ്റങ്ങളും പലായനങ്ങളും അഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുണ്ട്. ആ യാത്രകള്‍ കടലുകളില്‍ മാത്രം ഒതുങ്ങുന്നുമില്ല.
കേരളത്തില്‍ നിന്നും ഇത്തരം നാടുവിടലുകള്‍ ധാരാളം നടക്കുന്നുണ്ട്. നമ്മള്‍ ആഫ്രിക്കയിലെ കാര്യം പറയുന്നതുപോലെ തന്നെ, കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും ഒരുവിധത്തില്‍ നല്ലൊരു നാളെ സ്വ്പനം കണ്ടുകൊണ്ടുള്ള പലായനം തന്നെയാണ്. നമ്മളതിനെ അഭിമനാപൂര്‍വ്വമാണ് അവതരിപ്പിക്കുന്നത്. സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് എന്ന ഏജന്‍സി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നിരുന്നു. 7236 വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിനായി ഒരുമിച്ച് കാനഡിയിലേക്ക് അയച്ചതായിരുന്നു സാന്റാമോണിക്കയുടെ നേട്ടം.
കേരളത്തിലെ ചെറുപ്പക്കാര്‍ നാട് വിടുന്നത്, നമ്മുടെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക വ്യവസ്ഥിതികളുടെയും പരാജയം കൂടിയാണ്. സുഖകരമായ കാലാവസ്ഥയും വീടും കുടുംബാംഗങ്ങളും എല്ലാം വിട്ട്, ബുദ്ധിമുട്ടേറിയ മറ്റൊരു കലാവസ്ഥയിലേക്ക് ചേക്കേറി അവര്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ മാത്രമല്ല, മൊത്തം ഇന്ത്യയിലെയും അവസ്ഥയാണ്.
പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ക്രമാധീതമായാണ് വര്‍ദ്ധിച്ചു വരുന്നത്. 2023-ല്‍ ഇതുവരെ 87,026 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നണ് ലോക്‌സഭയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 135 രാജ്യങ്ങളിലേക്കാണ് ഈ വര്‍ഷം ഇന്ത്യക്കാര്‍ കുടിയേറിയിരിക്കുന്നത്. അതില്‍ അമേരിക്ക, ജര്‍മനി മുതല്‍ പാകിസ്താന്‍ വരെയുണ്ട്.
ഔദ്യോഗിക വിവരം അനുസരിച്ച് 2022-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 225,620 ആയിരുന്നു.
2011 മുതല്‍ 2022 വരെയുള്ള 12 വര്‍ഷത്തെ ശരാശരി കണക്ക് നോക്കിയാല്‍ 1,38,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. അതായത്, ഓരോ വര്‍ഷവും ശരാശരി 120,000 മുതല്‍ 140,000 വരെ പൗരത്വം ഉപേക്ഷിക്കുന്നു. ഈ കണക്ക് നോക്കുക- 2011-1,22,819, 2012-1,20,923, 2013-1,31,405, 2014-1,29,328, 2015-1,31,489, 2016-1,41,603, 2017-1,33,049, 2018-1,34,561, 2019-1,44,017, 2020-85,256, 2021-1,63,370, 2022-2,25,620.
ശ്രദ്ധേയമായ മറ്റൊരു കാര്യം, കോവിഡിന് ശേഷം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചൂ എന്നതാണ്. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍(2011-2019) ശരാശരി കണക്ക് 132,133 ആയിരുന്നുവെങ്കില്‍, കോവിഡാനന്തര കാലത്ത്(2020-2022) ഈ കണക്ക് 158,802 ആയി ഉയര്‍ന്നു. 20 ശതമാനം വര്‍ദ്ധനവ്.
ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് അടക്കം കുടിയേറുന്നവരില്‍ ചുരുക്കം മാത്രമാണ് കടല്‍ മാര്‍ഗം പോകുന്നുള്ളൂ. ചിലര്‍ വിമാനം ചാര്‍ട്ട് ചെയ്തുവരെ പോകുന്നു. എന്നാലും അവരെല്ലാം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ പരാജയത്തിന്റെ വക്താക്കളാണ്. അല്ലെങ്കില്‍, അവരെയൊക്കെ എന്തിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഉപേക്ഷിക്കണം? ഈ രാജ്യത്തെ നിയമവ്യവസ്ഥയിലും നികുതി ചട്ടങ്ങളിലൊന്നും അവര്‍ക്ക് വിശ്വാസ്യമില്ലാതായി കാണണം.
യാത്രകള്‍ എപ്പോഴും നല്ലതാണ്. പക്ഷേ, പലായനങ്ങള്‍ ലോകത്തിന്റെ പരാജയമാണ്. ഓരോ രാജ്യവും ഇന്ന് ഇലക്ടറല്‍ ഓട്ടോക്രോസിയാണ് പിന്തുടരുന്നത്. ഓരോ രാജ്യവും ഒരുതരത്തില്‍ ഏകാധിപത്യസ്വഭാവം അതിന്റെ ജനതയോട് പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ വര്‍ഗീയ ഭരണകൂടങ്ങളും. ഇത്തരം അപചയങ്ങളുടെയെല്ലാം ഫലമാണ്, പൗരനെ, അവന്റെ ജന്മദേശം വിടാന്‍ പ്രേരിപ്പിക്കുന്നതും, സെനഗലിലെ ആ ബോട്ടില്‍ ഉണ്ടായിരുന്ന നിര്‍ഭാഗ്യവാന്മാരെ പോലെ സമുദ്രത്തിലെവിടെയോ മറഞ്ഞുപോകാന്‍ വിധിക്കപ്പെട്ടവരാക്കുന്നതും.