UPDATES

മരണത്തിന്റെ ട്രാക്കിലേക്ക് ഓടിക്കയറിയ ലോക റെക്കോര്‍ഡുകാരന്‍

കെനിയന്‍ മാരത്തണ്‍ താരത്തിന്റെ അപ്രതീക്ഷിത വിയോഗം

                       

ലോക മാരത്തണ്‍ റെക്കോഡ് ജേതാവായ കെല്‍വിന്‍ കിപ്റ്റത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്പരന്നിരിക്കുകയാണ് കായികലോകം. ഫെബ്രുവരി 11 ഞായറാഴ്ചയുണ്ടായ റോഡപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ലണ്ടന്‍ മാരത്തണില്‍ വിജയിയായ 24-കാരനായ കെല്‍വിനും അദ്ദേഹത്തിന്റെ പരിശീലകനും രാത്രി 11 മണിയോടെയാണ് അപകടത്തില്‍ പെടുന്നത്. കെനിയയിലെ കപ്റ്റഗട്ടില്‍നിന്ന് എല്‍ഡോറെറ്റിലേക്ക് കാറോടിച്ച് പോകുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എല്‍ഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. അപകടത്തില്‍ കെല്‍വിന്റെ റുവാണ്‍ഡന്‍ കോച്ച് ജെര്‍വയ്സ് ഹകിസിമാനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അതികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും കൂടെ കാറില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു വ്യക്തി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കെല്‍വിന്റെയും പരിശീലകന്റെയും വിയോഗത്തില്‍ കെനിയന്‍ പ്രധാനമന്ത്രി റായ്ലാ ഒഡിംഗ അനുശോചനം രേഖപെടുത്തി. ‘ഒരു യഥാര്‍ത്ഥ നായകന്റെ നഷ്ടത്തില്‍ നമ്മുടെ രാഷ്ട്രം അഗാധമായി ദുഃഖിക്കുന്നു.’വെന്ന് കെനിയയുടെ കായിക മന്ത്രി അബാബു നാംവാമ്പയും താരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നു തെന്നി മാറിയ വാഹനം കുഴിയിലേക്കു മറിഞ്ഞ ശേഷം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നത്. കെല്‍വിനും കോച്ചും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമാണ് എല്‍ഡോറെറ്റ.

കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളാണ് കെല്‍വിന്‍ കിപ്റ്റം. ബര്‍ലിന്‍ മാരത്തണില്‍ കെനിയന്‍ വംശജനും സഹതാരവുമായ എലിയുഡ് കിപ്‌ചോഗി പൂര്‍ത്തിയാക്കിയ 2 മണിക്കൂര്‍ 1.39 മിനിറ്റെന്ന ലോക റെക്കോര്‍ഡിനെ മറി കടന്നാണ്, 2023 ഒക്ടോബറില്‍ നടന്ന ചിക്കാഗോ മാരത്തണില്‍ വച്ച് കെല്‍വിന്‍ കിപ്റ്റം ചരിത്രം തിരുത്തി കുറിച്ചത്. 2:00:35 സമയം കൊണ്ടാണു കെല്‍വിന്‍ മത്സരം പൂര്‍ത്തിയാക്കിയത്. എല്യൂഡ് കിപ്‌ചോഗിയുടെ ഈ റെക്കോര്‍ഡ് തകര്‍ത്തതോടെയാണ് കെല്‍വിന്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായത്. റുവാണ്ടയില്‍ നിന്നുള്ള മുന്‍ പ്രൊഫഷണല്‍ അത്ലറ്റായിരുന്നു 36 കാരനും കെല്‍വിന്റെ കോച്ചുമായിരുന്ന ജെര്‍വയ്സ് ഹകിസിമാന. 5,000 മീറ്റര്‍ മുതല്‍ ഹാഫ് മാരത്തണ്‍ വരെയുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

കെല്‍വിന്റെയും പരിശീലകന്റെയും അപ്രതീക്ഷിത വിയോഗത്തില്‍ വേള്‍ഡ് അത്ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ-യും തന്റെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. 2024-ല്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള കെനിയയുടെ താത്കാലിക മാരത്തോണ്‍ ടീമിലും കെല്‍വിന്‍ കിപ്റ്റം തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. രണ്ടുമണിക്കൂര്‍ ഒരു സെക്കന്‍ഡില്‍ താഴെ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ഏക കായിക താരം കൂടിയാണ് കെല്‍വിന്‍ കിപ്റ്റം. റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ മത്സരം പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ഡ് നേടാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം എന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

1999 ഡിസംബര്‍ 2 ന് കെനിയയിലെ ചെപ്‌സാമോ ഗ്രാമത്തിലാണ് കെല്‍വിന്‍ കിപ്റ്റത്തിന്റെ ജനനം. വിദേശ ഓട്ടക്കാരുടെ മക്ക എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കൂടാതെ നിരവധി പ്രസിദ്ധ കെനിയന്‍ ഓട്ടക്കാരുടെ ജന്മസ്ഥലം കൂടിയാണ്. 2013-ല്‍ 14 വയസ്സ് പ്രായമുള്ളപ്പോഴാണ് കെല്‍വിന്‍ കിപ്റ്റം തന്റെ കായിക പരിശീലനം ആരംഭിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍