UPDATES

‘വിരമിക്കാന്‍ ഉദ്ദേശമില്ല’

പലതും തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ, മറഡോണയ്ക്കായും ഒരധ്യായം

                       

മാര്‍പ്പാപ്പ പദവിയില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ‘ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ തുറന്നു പറഞ്ഞിരിക്കുന്ന പലകാര്യങ്ങള്‍ക്കൊപ്പമാണ് ‘വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും പാപ്പ വ്യക്തത നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 19 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ‘ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ പ്രസിദ്ധീകരിക്കുന്നത്. തന്റെ യൗവന കാലത്ത് ഒരു പെണ്‍കുട്ടിയോട് ആകര്‍ഷണം തോന്നിയതിന്റെ കഥയൊക്കെ പാപ്പ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസപ്പെട്ട കാര്യവും ഏറ്റുപറയുന്നുണ്ട്. ആത്മകഥയില്‍, പാപ്പയുടെ ആദ്യകാല ലാറ്റിനമേരിക്കന്‍ ജീവിതം മുതല്‍ ഇതുവരെയുള്ള അനുവഭവങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ ഫാബിയോ മാര്‍ക്കേസ് റഗോണയ്ക്കൊപ്പമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ 87 വര്‍ഷത്തെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും വ്യക്തിഗത ചരിത്രവും പുസ്തകമാക്കിയിരിക്കുന്നത്.

ആത്മകഥയിലൂടെ ഫ്രാന്‍സിസ് പാപ്പാ തന്റെ വിശ്വാസങ്ങളെക്കുറിച്ച് തുറന്ന് സംവദിക്കുന്നുണ്ട്. പരമ്പരാഗത സിദ്ധാന്തങ്ങളോടൊപ്പം പാവപെട്ടവരോടുള്ള തന്റെ വീക്ഷണവും പുസ്തകത്തില്‍ സമന്വയിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. പുസ്തകത്തില്‍ അദ്ദേഹം ലളിതമായ ഭാഷ ഉപയോഗിച്ചാണ് വായനക്കാരോട് സംവദിക്കുന്നത്. ആത്മകഥയില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗത്ത്, ബെനഡിക്ട് പതിനാറാമന്റെ വിരമിക്കലിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ കുറിച്ചിട്ടുണ്ട് എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിരമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ മുമ്പ് ചില സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും, പുസ്തകത്തില്‍ ബെനഡിക്ടിനെപ്പോലെ വിരമിക്കില്ലെന്നാണ് അദ്ദേഹം ഉറച്ചു പറയുന്നത്. വിരമിക്കലിന് യാതൊരു സാധ്യതയുമില്ലെന്നും, ഒരു മാര്‍പ്പാപ്പയുടെ കടമ ആജീവനാന്തമുള്ളതാണെന്നും വിരമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമര്‍ശകരോട് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കുന്നു. അതോടൊപ്പം വിരമിക്കുന്നതിലൂടെ ബെനഡിക്റ്റിന്റെ പാത പിന്തുടരാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നിരുന്നാലും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിരമിക്കാന്‍ നിര്‍ബന്ധിതനായാല്‍ സേവനമനുഷ്ഠിക്കുന്നതിനും രോഗികള്‍ക്ക് കുര്‍ബാന നല്‍കുന്നതിനുമായി അദ്ദേഹം സാന്റ മരിയ മാഗിയോറിന്റെ ബസിലിക്കയിലേക്ക് പോകുമെന്നും പറയുന്നു.

2013-ല്‍ സ്ഥാനമേറ്റ വേളയില്‍, വത്തിക്കാനിലെ പ്രശ്നങ്ങളെക്കുറിച്ച് ജൂലിയന്‍ ഹെറന്‍സ് കാസഡോ, ജോസെഫ് ടോംകോ, സാല്‍വത്തോര്‍ ഡി ജിയോര്‍ഗി എന്നീ മൂന്ന് മുതിര്‍ന്ന കര്‍ദ്ദിനാള്‍മാര്‍ സമാഹരിച്ച ഒരു ഫയല്‍ ബെനഡിക്റ്റ് മാര്‍പ്പാപ്പ ഫ്രാന്‍സിസ് പാപ്പയുമായി പങ്കിട്ടിരുന്നു. അഴിമതി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ സ്വീകരിച്ച നടപടികള്‍ ബെനഡിക്റ്റ് ഫ്രാന്‍സിസിനെ കാണിക്കുകയുണ്ടായി. കാലാവസ്ഥ വ്യതിയാനത്തിനെതിരായ വേഗത്തിലുള്ള നടപടിക്കുവേണ്ടിയുള്ള തന്റെ പ്രയത്‌നങ്ങളെ കുറിച്ചും മൂന്നാം ലോക മഹായുദ്ധം പോലുള്ള സമയോചിതമായ വിഷയങ്ങളെയും ഫ്രാന്‍സിസ് പപ്പാ തന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

”ആയുധങ്ങള്‍ താഴെ വയ്ക്കൂ, സ്‌ഫോടനങ്ങള്‍ നിര്‍ത്തൂ, അധികാരത്തിനായുള്ള ദാഹം അവസാനിപ്പിക്കൂ, ദൈവത്തിന്റെ നാമത്തില്‍ ദയവായി എല്ലാം അവസാനിപ്പിക്കുക, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്നും ഫ്രാന്‍സിസ് പാപ്പാ തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കാനുള്ള തന്റെ സമീപകാല തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട്, തന്നോട് വിയോജിക്കുന്ന പുരോഹിതന്മാരോടുള്ള ആദരവ് അദ്ദേഹം അറിയിക്കുമ്പോഴും ‘ഭൂതകാലത്തിന്റെ കാഠിന്യം ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പുസ്തകത്തില്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഡീഗോ മറഡോണയ്ക്കും, 1986 ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിലേക്കുള്ള ഓട്ടത്തിനിടയിലെ അദ്ദേഹത്തിന്റെ ഗോളിനെക്കുറിച്ചും പറയാന്‍ ഒരു ചെറിയ അധ്യായം നീക്കിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അറിയപ്പെടുന്ന ഫുട്‌ബോള്‍ ആരാധകന്‍ കൂടിയാണ് ഫ്രാന്‍സിസ് പാപ്പ.

Share on

മറ്റുവാര്‍ത്തകള്‍