UPDATES

‘ഇന്ത്യ’യ്ക്ക് ഇനിയൊരു ഭാവിയുണ്ടോ?

പ്രതിപക്ഷ സഖ്യത്തിലെ പ്രധാനികളെല്ലാം പോയി

                       

ചരിത്രപ്രസിദ്ധമായ ബിഹാറിലെ ഗാന്ധി മൈതാനിയില്‍ വച്ച് ഇന്ത്യയിലെ ബിജെപി ഇതര പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാക്കള്‍ കൈ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഒരു പുതിയ സഖ്യത്തിന് രൂപം നല്‍കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാനുള്ള ഫലപ്രദമായ മാര്‍ഗം തേടി നടന്നിരുന്ന നേതാക്കള്‍ക്ക് പ്രതിപക്ഷ ഐക്യത്തില്‍ നിന്നുണ്ടാകുന്ന സഖ്യം എന്ന ആശയത്തിന്റെ തണലാണ് അന്ന് ലഭിച്ചത്. ഇതിനു മുന്‍കൈ എടുത്തതും മറ്റു നേതാക്കള്‍ക്ക് കൂടി പ്രേരണ നല്‍കിയതും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു. കോണ്‍ഗ്രസുമായൊരു സഖ്യത്തിന് യാതൊരു വിധത്തിലുമുള്ള താല്പര്യം പ്രകടിപ്പിക്കാതിരുന്ന മമത അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ഒരു കുടക്കീഴില്‍ എത്തിച്ചതും നിതീഷ് തന്നെയായിരുന്നു. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ 26 പാര്‍ട്ടികളുള്ള ഇന്ത്യ സഖ്യം രൂപമെടുത്തു. എന്നാല്‍ രൂപികരിച്ചു മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി വട്ടം കൂട്ടുന്ന ബിജെപിയെ അരയും തലയും മുറുക്കി പ്രതിരോധിക്കേണ്ട ഇന്ത്യ സഖ്യം പല വഴിക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് വന്നുതുടങ്ങുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും, ജെഡിയുവിന്റെയും, എഎപിയുടെയും പാത പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തേക്കു നടന്നിരിക്കുകയാണ് ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും. രൂപികരിച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പിളര്‍പ്പിലേക്ക് കാലെടുത്തു വാക്കുകയാണോ ഇന്ത്യ സഖ്യം എന്ന ചോദ്യം ഇതോടെ കൂടുതല്‍ ഉച്ചത്തില്‍ ഉയരുന്നു.

വിള്ളല്‍ തുടങ്ങിയത് എവിടെ?

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് ബിജെപിയില്‍ നിന്നും കേന്ദ്രത്തില്‍ ഒരുപോലെ ശുപാര്‍ശകള്‍ വന്നിരുന്ന സമയത്താണ് പേരിടാതിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരുമായി മുന്നോട്ടു വരുന്നത്. ഭാരതിനെ നേരിടാന്‍ ഇന്ത്യയാണ് ആവിശ്യമെന്ന ആഖ്യാനം സൃഷ്ടിക്കാന്‍ മാത്രമാണ് സഖ്യത്തിന് കഴിഞ്ഞത്. ഈ വര്‍ഷം ആദ്യം സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഒരുമാസം മുമ്പായിരുന്നു മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണകളോടെ മത്സരിക്കാന്‍ തീരുമാനമായെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിനെ കുറിച്ച് അന്ന ്ചര്‍ച്ചകള്‍ നടന്നില്ല. മിസോറാം, ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സഖ്യം മത്സരിക്കുമെന്ന പ്രതീക്ഷകളെ ഇല്ലതാക്കുന്നതായിരുന്നു ആ ഇടയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവന. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായാണ് മുന്നണി രൂപീകരണം നടന്നതെന്ന പ്രസ്താവനകളാണ് പാർട്ടി നടത്തിയത്. ഇതില്‍ വിമര്‍ശനവുമായി ആദ്യം എത്തിയത് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവായിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ വളര്‍ച്ചയേക്കാള്‍ പാര്‍ട്ടിയുടെ നേട്ടത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നതെന്ന വിമര്‍ശനം സഖ്യത്തിനുള്ളില്‍ തന്നെ ശക്തമായി. സംസ്ഥാന തെരഞ്ഞെടുപ്പിനെ സഖ്യകക്ഷികള്‍ ഒറ്റയ്ക്ക് തന്നെ നേരിട്ടു. കോണ്‍ഗ്രസിന്റെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടി ദേശീയ പാര്‍ട്ടി എന്ന ലേബല്‍ കോണ്‍ഗ്രസില്‍ നിന്ന് പറിച്ചു മാറ്റി. കര്‍ണ്ണാടകയില്‍ മാത്രം കോട്ട തുറക്കാന്‍ സാധിച്ച കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളില്‍ മുന്നണിയുടെ പിന്‍ബലത്തില്‍ മത്സരിച്ചെങ്കില്‍ ഇത്ര ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവെന്ന വിമര്‍ശനം സഖ്യത്തിനകത്തും പുറത്തും നിന്ന് ഉയര്‍ന്നു തുടങ്ങി.

ലക്ഷ്യം തെറ്റിയ യാത്രയിലാണോ ‘ഇന്ത്യ’

വിശാല പ്രതിപക്ഷ ഐക്യം എന്ന ആശയം അതിന്റെ ആത്യന്തികമായ ലക്ഷ്യത്തിലെത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് വിഭജനത്തിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലും സമവാക്യത്തിലെത്താന്‍ ആദ്യ പരിഗണ നല്‍കണമെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ പങ്കുവച്ചിരുന്നു. അല്ലാത്ത പക്ഷം മുന്നണിക്ക് അതിജീവനം കഠിനമായിരുക്കുമെന്നും നിരീക്ഷണം ഉണ്ടായിരുന്നു. രാഷ്ട്രീയ വിലയിരുത്തല്‍ പോലെ തന്നെ സഖ്യത്തിന് മുന്നിലുണ്ടായിരുന്ന കടമ്പ സീറ്റു വിഭജനമായിരുന്നു. ആകെയുള്ള 543 സീറ്റുകളില്‍ 255 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നതിനോട് മറ്റു പാര്‍ട്ടികള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സുപ്രധാന ഇടങ്ങളില്‍ നിന്നാണ് സീറ്റ് വിഭജനം കീറാമുട്ടിയായത്. ഇതിനു പിന്നലെ കൂനിന്‍ മേല്‍ കുരുവെന്ന പ്രയോഗത്തിനെ അര്‍ത്ഥവത്താക്കി കൊണ്ടായിരുന്നു അയോധ്യ വിഷയം കൂടി മുന്നണിയിലേക്ക് വന്നത്. എങ്ങോട്ടു തിരിച്ചാലും മുറിയുന്ന കുന്ത മുനയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അയോധ്യ. ക്ഷേത്രത്തിന്റ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനെ ചൊല്ലിയും സഖ്യത്തിനുളില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അതായത്, തങ്ങളുടെ ചിരകാല അജണ്ട നടപ്പിലാകുന്നതിനൊപ്പം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ നിലപാട് സംബന്ധിച്ച പ്രതിസന്ധിയിലേക്ക് തള്ളിവിടാനും ബിജെപിക്ക് കഴിഞ്ഞു.

‘ഇന്ത്യ’ തകരുന്നു

മേല്‍പ്പറഞ്ഞ വിഷയങ്ങളിലെ അസ്വാരസ്യങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിച്ചു മുന്നണി രമ്യതയില്‍ മുന്നോട്ടുപോകുമെന്ന പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ടാണ് എഎപിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് സംസ്ഥാന നേതാക്കളടക്കം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി വച്ചത്. ഈ സംഭവങ്ങള്‍ക്ക് ശേഷം മുന്നണി സാക്ഷ്യം വഹിച്ചത് പ്രമുഖ നേതാക്കളടക്കം സഖ്യത്തെ തള്ളിപറഞ്ഞുകൊണ്ടു പുറത്തേക്ക് പോകുന്നതിനാണ്. ഇത്തരത്തില്‍ നിന്ന് സഖ്യത്തില്‍ നിന്ന് ആദ്യം തിരഞ്ഞുനടന്നത് മമത ബാനര്‍ജിയാണ്. പശ്ചിമബംഗാളില്‍ മമത ഒറ്റക്കായിരിക്കും മത്സരിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ വയര്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മതേതര പാര്‍ട്ടിയായ തൃണമൂല്‍ ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തുമെന്ന് മമത പ്രഖ്യാപിക്കുന്നത്.

ശരദ് പവാര്‍, മമത ബാനര്‍ജി, സീതാറാം യെച്ചൂരി, ഡി രാജ, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, എന്നിങ്ങനെ വിവിധ നേതാക്കളെ മുന്നണിയില്‍ എത്തിക്കുന്നതിന് പ്രയത്‌നിച്ച നിതീഷ് കുമാറാണ് മമതയ്ക്ക് പിന്നാലെ സഖ്യത്തില്‍ നിന്നും പടിയിറങ്ങിയത്. കളം മാറി ചാടുന്ന തന്റെ പതിവ് ശൈലിയിലൂടെ നിതീഷും ജെഡിയുവും ബിജെപി പാളയത്തിലേക്ക് തിരികെ ചെന്നു. മുന്നണിയുടെ നെടും തൂണുകള്‍ എന്ന് പറയപ്പെട്ടിരുന്ന ഈ നേതാക്കളുടെ പടിയിറക്കത്തോടെ കോണ്‍ഗ്രസ് മാത്രം വലിക്കുന്ന പായ്ക്കപ്പലിലൂടെ നീങ്ങാന്‍ താത്പര്യമില്ലാത്ത മറ്റു പാര്‍ട്ടികളും മുന്നണി വിട്ടു. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടി(ആര്‍എല്‍ഡി)യും നിതീഷിന്റെ ചുവടു പിടിച്ചു ബിജെപി സഖ്യത്തില്‍ ചേര്‍ന്നു. ജയന്ത് ചൗധരിയുടെയും ആര്‍എല്‍ഡിയുടെയും വരവോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലം തൊടാന്‍ കഴിയാതിരുന്ന 16 സീറ്റുകളാണ് ബിജെപി അരക്കിട്ടുറപ്പിച്ചത്. ഈ മേഖലകളില്‍ കലങ്ങളായി വ്യക്തമായ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് ഇന്ത്യ വിട്ട് ബിജെപിയിലെത്തിയത്.

കോണ്‍ഗ്രസിനോട് പ്രതിപക്ഷ സഖ്യം പറയുന്നു; ‘ഇന്ത്യ’യ്ക്കൊപ്പം നില്‍ക്കണം, ഈഗോ കളയണം

നിലവില്‍ മുന്നണിയില്‍ ബാക്കിയുള്ള പാര്‍ട്ടികളുമായി മുന്നോട്ടുപോകാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലിനെ തിരഞ്ഞടിച്ചുകൊണ്ടാണ് പഞ്ചാബിലും ചണ്ഡീഗഡിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായിട്ടും സീറ്റ് വിഭജന ചര്‍ച്ചകളില്‍ വ്യക്തത ഉണ്ടാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ ഏഴ് ലോക്സഭ സീറ്റില്‍ മൂന്നെണ്ണവും പഞ്ചാബില്‍ 13ല്‍ ആറ് സീറ്റും കോണ്‍ഗ്രസിന് നല്‍കാന്‍ ആംആദ്മി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ ഗുജറാത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വിഭജന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരമുള്ള പോര് ആരംഭിച്ചതും സഖ്യത്തിന്റെ വിള്ളലിന് കാരണമായി ചൂണ്ടികാണിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കൂടി മത്സരം ഒറ്റക്കുനേരിടുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കഠിനമായി പരിശ്രമിച്ചെങ്കിലും സഖ്യവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം. പല നേതാക്കളും സഖ്യത്തിന്റെ യോഗങ്ങളില്‍ നിന്നും പോലും വിട്ടുനിന്നപ്പോള്‍ ഒഴിവു കഴിവുകളില്ലാതെ സജീവമായി നിലകൊണ്ട നേതാവിനെക്കൂടിയാണ് ഇതോടെ സഖ്യം നഷ്ടപെടുത്തിയിരിക്കുന്നത്. ‘മൂന്നാം വട്ടവും മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തെ നേരിടാന്‍ ഇന്ത്യ മുന്നണിക്കു കഴിയുമെന്ന പ്രതീക്ഷകളെ കൂടി അട്ടിമറച്ചുകൊണ്ടാണ് നേതാക്കളുടെ ഈ പടിയിറക്കം.

Share on

മറ്റുവാര്‍ത്തകള്‍