UPDATES

ടൈംസ് നൗ നുണ പൊളിച്ച് സുധന്‍വ ദേശ്പാണ്ഡെ

‘ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ വെള്ളപൂശുന്നവര്‍ എന്നെ ഹമാസ് വക്താവാക്കുന്നു’

                       

ബോംബെ ഐഐടിയില്‍(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹമാസ് അനുകൂല പ്രഭാഷണം നടത്തിയെന്ന പേരില്‍ പ്രൊഫസര്‍ ശര്‍മ്മിഷ്ഠ സാഹയ്ക്കും ചലച്ചിത്രകാരന്‍ സുധന്‍വ ദേശ്പാണ്ഡെയ്ക്കുമെതിരേ ടൈംസ് നൗ ചാനല്‍ നിരന്തരം വാര്‍ത്തകള്‍ സംപ്രക്ഷേപണം ചെയ്തിരുന്നു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പരാതിയെന്ന എന്ന നിലയിലായിരുന്നു ചാനല്‍ ഈ വിഷയം വിവാദമാക്കിയത്. സുധന്‍വ ദേശ്പാണ്ഡെയെ ക്ഷണിക്കാന്‍ പ്രൊഫസര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവന്നാരോപിച്ച് വിദ്യാത്ഥികള്‍ പരാതി നല്‍കിയെന്നാണ് ടൈംസ് നൗ വാര്‍ത്തയില്‍ പറയുന്നത്. സുധന്‍വ ദേശ്പാണ്ഡെ പലസ്തീന്‍ ഭീകരരെ മഹത്വവല്‍ക്കരിച്ചാണ് സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉണ്ടെന്നു പറയുന്നു. ടൈംസ് നൗ ചാനല്‍ തനിക്കും പ്രൊഫ. ശര്‍മ്മിഷ്ഠ സാഹക്കും എതിരേ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നാണ് സുധാന്‍വ ദേശ്പാണ്ഡെ ആരോപിക്കുന്നത്. ഈ വിഷയത്തില്‍, അഭിനേതാവും എഴുത്തുകാരനുമായ സുധന്‍വ ദേശ്പാണ്ഡെ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആ പ്രസ്താവനയുടെ പൂര്‍ണരൂപം താഴെക്കൊടുക്കുന്നു.

‘നവംബര്‍ എട്ടിന് ടൈംസ് നൗ ചാനലില്‍ എനിക്കും ഐഐടി-ബോംബെയിലെ പ്രൊഫ. ശര്‍മ്മിഷ്ഠ സാഹയ്ക്കുമെതിരെ ദുരുദ്ദേശ്യപരമായ തെറ്റായ പ്രചാരണം നടത്തിയിരുന്നു.

ഇസ്രയേലി- ജൂത ചലച്ചിത്ര നിര്‍മാതാവും, നടനും, നാടകസംവിധായകനുമായ ജൂലിയാനോ മെര്‍ ഖാമിസ് 2004-ല്‍ നിര്‍മിച്ച ഡോക്യുമെന്ററി ഫിലിമിനെക്കുറിച്ച് സംസാരിക്കാന്‍ പ്രൊഫ. സാഹ എന്നോട് ആവശ്യപ്പെട്ടിരുന്നു. സക്കരിയ സുബൈദിയായിരുന്നു ഡോക്യുമെന്ററിയിലെ ഒരു കഥാപാത്രം. നവംബര്‍ 6-ന് ഷെഡ്യൂള്‍ ചെയ്ത ക്ലാസ്സിന്റെ ഭാഗമായിരുന്നു എന്റെ പ്രസംഗം.

അല്‍ അക്സയുടെ മോചനത്തിനായി പോരാടുന്ന സായുധ വിഭാഗമായ ‘ഫത്ത’യുടെ മുന്‍ സൈനിക കമാന്‍ഡറായിരുന്നു സക്കറിയ സുബൈദി. യാസര്‍ അറഫാത്ത് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഫത്ത. 2015 -ല്‍ പലസ്തീനില്‍ വെച്ച് ഞാന്‍ സക്കരിയ സുബൈദിയെ കണ്ടുമുട്ടുന്ന സമയം, ആയുധങ്ങള്‍ ഉപേക്ഷിച്ച് സാംസ്‌കാരിക പ്രതിരോധത്തിന് വേണ്ടി വാദിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹം പലസ്തീന്‍ സ്വാതന്ത്ര്യസമരത്തില്‍ സംസ്‌കാരത്തിന്റെ മൂല്യം എടുത്തുകാട്ടിയാണ് സംസാരിച്ചത്. തന്റെ ആശയങ്ങള്‍ നിറവേറ്റുന്നതിനായി അദ്ദേഹം വെസ്റ്റ് ബാങ്കില്‍ ദി ഫ്രീഡം തിയേറ്റര്‍ സ്ഥാപിച്ചു. സുബൈദിയെ ഞാന്‍ ഒരു ‘ദര്‍ശനശാലി’ എന്നാണ് പരാമര്‍ശിച്ചത്, കാരണം അദ്ദേഹവുമായുള്ള സംഭാഷണത്തില്‍, ചരിത്രപരമായ പലസ്തീന്റെ മുഴുവന്‍ പ്രദേശവും ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരൊറ്റ രാഷ്ട്രമായി മാറ്റുന്ന ഭാവിയാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതില്‍ എല്ലാ പൗരന്മാര്‍ക്കും- അറബികളും, ജൂതന്മാരും, ക്രിസ്ത്യാനികളുമടക്കം-തുല്യ അവകാശങ്ങള്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു.

‘റോ ഓവര്‍ ഐഐടി ബോംബെ ഇവന്റ്'(ഐഐടി ബോംബെ വിവാദം) എന്ന തലക്കെട്ടില്‍ ആവര്‍ത്തിച്ചു നല്‍കിയ വാര്‍ത്ത ബുള്ളറ്റിനുകളില്‍, ടൈംസ് നൗ ചാനല്‍ സക്കരിയ സുബൈദിയെ ഹമാസ് ഭീകരനെന്നും എന്നെ ‘ഹമാസ് മാപ്പുസാക്ഷി’ എന്നു വിളിക്കുകയുണ്ടായി. നവംബര്‍ ആറിന് ഐ ഐ ടി-ബോംബെ വിദ്യാര്‍ത്ഥികളോട് ഞാന്‍ നടത്തിയ ഓണ്‍ലൈന്‍ സംഭാഷണം ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ വെള്ളപൂശുന്നതാണെന്നും ഞാന്‍ ഒരു ‘ഹമാസ് ഭീകരനെ മഹത്വവല്‍ക്കരിച്ചു’ എന്നും ചാനല്‍ അവകാശപെടുകയും ചെയ്തു.

ടൈംസ് നൗ നടത്തുന്ന ബുള്ളറ്റിനുകള്‍ എന്റെ പ്രസംഗത്തില്‍ പങ്കെടുത്ത ഐഐടി-ബിയിലെ വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയെ അടിസ്ഥാനമാക്കിയുള്ളതാണ്.

‘ഹമാസിനെ മഹത്വപ്പെടുത്തുന്ന ഒന്നും തന്നെ ഞാന്‍ പറഞ്ഞിട്ടില്ല. സത്യത്തില്‍, എന്റെ പ്രസംഗത്തില്‍ ഹമാസ് എന്ന് പോലും പരാമര്‍ശിച്ചിട്ടില്ല.’
ടൈംസ് നൗ തങ്ങളുടെ പ്രക്ഷേപണത്തില്‍ പറഞ്ഞത് പോലെ സക്കറിയ സുബൈദി ഒരിക്കലും ഹമാസില്‍ അംഗമായിരുന്നില്ല,’

അതിന്റെ സ്‌ക്രീനില്‍ നുണകള്‍ മിന്നിമറഞ്ഞുകൊണ്ട് -‘ഹമാസ് അപ്പോളോജിസ്റ്റ് ഗെറ്റ് സ്റ്റേജ്’, ‘ബ്ലൈന്‍ഡ് ടു ഹമാസ് ടെറര്‍’ എന്നിങ്ങനെ സ്‌ക്രോളുകള്‍ നല്‍കികൊണ്ട് ടൈംസ് നൗ, നവംബര്‍ എട്ടിന് ചാനലില്‍ എന്നെയും പ്രൊഫ. ശര്‍മിഷ്ഠ സാഹയെയും അപകീര്‍ത്തിപ്പെടുത്തി.

ജൂലിയാനോയുടെ അമ്മയും ഇസ്രയേലി ജൂതയുമായ അര്‍ണ മെറും ചേര്‍ന്ന് കുട്ടികള്‍ക്കായി സ്ഥാപിച്ച തിയേറ്ററിന്റെ പ്രവര്‍ത്തനമാണ് ‘അര്‍ണാസ് ചില്‍ഡ്രന്‍’ (Arna’s Children) എന്ന ചിത്രത്തിന്റെ പ്രമേയം. 2011-ല്‍ ‘ദി ഫ്രീഡം തിയേറ്ററിന് പുറത്തുവച്ചു ജൂലിയാനോ മെര്‍ ഖാമിസ് കൊല്ലപ്പെടുകയായിരുന്നു. ജൂലിയാനോ മുമ്പ് ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.

പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസാണ് നിലവില്‍ ഫത്താ നയിക്കുന്നത്. അറഫാത്തിന്റെ നേതൃത്വവും പലസ്തീന്‍ സ്വാതന്ത്ര്യ സമരവും ഇന്ത്യ ചരിത്രപരമായി അംഗീകരിച്ചതാണ്. 1974-ല്‍, പലസ്തീന്‍ ജനതയുടെ ഏകവും നിയമാനുസൃതവുമായ പ്രതിനിധിയായി അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാഷ്ട്രമായി ഇന്ത്യ മാറി.

‘ഞങ്ങളുടെ നയം ദീര്‍ഘകാലവും സ്ഥിരതയുള്ളതുമാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യ എപ്പോഴും വാദിക്കുന്നുണ്ട്’ എന്നാണ് 2023 ഒക്ടോബര്‍ 12-ന് ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നിലപാട്. ഈ വസ്തുതകള്‍ കണ്‍മുമ്പില്‍ ഉണ്ടായിരിക്കെയാണ്, ടൈംസ് നൗ, ‘പലസ്തീനിയന്‍ സമരം ഒരു സ്വാതന്ത്ര്യ സമരമാണ്…’ എന്ന എന്റെ പ്രസ്താവനയെ ഇസ്രയേലിന് അനുകൂലമായി പലസ്തീനികള്‍ക്കെതിരെ നടക്കുന്ന വംശഹത്യയ്ക്കും വംശീയ ഉന്മൂലനത്തിനും ഇന്ധനം പകരാന്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. ഒക്ടോബര്‍ മുതല്‍ 10,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 4,000-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ. ഗാസയിലെ 2.2 ദശലക്ഷം നിവാസികളില്‍ മൂന്നില്‍ രണ്ട് പേരും നിരാംലബരായി. ഇസ്രയേല്‍ സൈന്യം ആശുപത്രികളും ആംബുലന്‍സുകളും ലക്ഷ്യം വയ്ക്കുന്നു, മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു, വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ നിഷേധിക്കുന്നു, മാനുഷിക സഹായം തടയുന്നു.

‘ലോക കൊളോണിയലിസത്തിന്റെ ചരിത്രത്തില്‍, 100 ശതമാനം അഹിംസാത്മകമായ ഒരു സ്വാതന്ത്ര്യസമരങ്ങളും ഉണ്ടായിട്ടില്ല’ എന്ന എന്റെ നിരീക്ഷണങ്ങളെ ടൈംസ് നൗ വളച്ചൊടിച്ചു. ഈ ചരിത്ര വസ്തുതയെ അവഗണിക്കുന്ന ടൈംസ് നൗ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഭഗത് സിംഗിനെപ്പോലുള്ള വിപ്ലവകാരികളുടെ മഹത്തായ പങ്ക് നിഷേധിക്കുന്നവരാണ്.

ഞാന്‍ ഒരു ‘ഹമാസ് വക്താവ്’ അല്ല. ടൈംസ് നൗ വംശഹത്യയെയും വംശീയ ഉന്മൂലനത്തെയും വെള്ളപൂശുകയാണ്.’

നാടക സംവിധായകനും നടനുമായി പ്രശസ്തിയാര്‍ജ്ജിച്ച വ്യക്തിയാണ് സുധന്‍വ ദേശ്പാണ്ഡെ. 1987-ല്‍ ജനനാട്യ മഞ്ചില്‍ ചേര്‍ന്ന അദ്ദേഹം 80-ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലും പരിചിതമുഖമാണ് സുധന്‍വ ദേശ്പാണ്ഡെ.

Share on

മറ്റുവാര്‍ത്തകള്‍