മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം എംഎസ്എഫിന്റെ(മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) രണ്ടു നേതാക്കളെ കൊയിലാണ്ടി പൊലീസ് വിലങ്ങ് അണിയിച്ച് പൊതുമധ്യത്തില്‍ നടത്തിയെന്ന് ആരോപണം. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥി നേതാക്കളെയാണ് പൊലീസ് അപമാനിച്ചതായി പരാതി. കസ്റ്റഡിയിലെടുക്കുന്നവരെ കൈയാമം അഥവ കൈ വിലങ്ങ് (hand cuff) ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിലും, സുപ്രീം കോടതി ഉത്തരവുകളിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടെന്നിരിക്കെ, ആ നിര്‍ദേശങ്ങളുടെ ലംഘനം കൊയിലാണ്ടി പൊലീസ് നടത്തിയെന്നാണ് വിമര്‍ശനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയെ, പൊലീസ് ചികിത്സാര്‍ത്ഥം കൊണ്ടുവന്നയാള്‍ കൊലപ്പെടുത്തിയ സംഭവത്തിനുശേഷമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയാണുണ്ടായതെന്നാണ് പൊലീസിന്റെ ന്യായീകരണം.
എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസ്വിഹ്, കോഴിക്കോട് ജില്ല കണ്‍വീനര്‍ അഫ്രില്‍ എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ചത്. ഈ വിഷയത്തില്‍ അഴിമുഖം, ഫസിഹുമായി സംസാരിച്ചു. പൊലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് തങ്ങളെ വിലങ്ങ് അണിയിച്ചതെന്നാണ് ഫസ്വിഹ് പറയുന്നത്. വളരെ മോശം രീതിയിലുള്ള പെരുമാറ്റമായിരുന്നു. റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള നീക്കമായിരുന്നു. ഭരണകൂടത്തിന്റെ ആജ്ഞ അനുസരിക്കുന്നതുപോലെയുള്ള പ്രവര്‍ത്തികളായിരുന്നു ഉണ്ടായത്. ഫസ്വിഹ് കൂടുതല്‍ വിശദീകരിക്കുന്നു; ‘എസ് എസ് എല്‍ സിക്ക് ഫുള്‍ എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികള്‍ക്കു പോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത അവസ്ഥയാണ് മലബാര്‍ മേഖലയില്‍. ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പ്രവേശനം കിട്ടാതെ പുറത്തു നില്‍ക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു എംഎസ്എഫിന്റെത്. കൊയിലാണ്ടിയില്‍ എത്തുന്ന വിദ്യാഭ്യാസ മന്ത്രിയോട് പ്രതിഷേധം അറിയിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഡരികില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ആ സമയത്ത് കൈയില്‍ കരിങ്കൊടി പോലുമില്ല. മന്ത്രിയുടെ വാഹനത്തിനു മുന്നേ എത്തിയ പൊലീസ് ഞങ്ങളെ ബലമായി പിടികൂടുകയാണുണ്ടായത്. മന്ത്രി ആ സമയത്ത് എത്തിയിട്ടില്ല, മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല. അതിനു മുന്നേയാണ് പൊലീസിന്റെ ബലപ്രയോഗം. എന്ത് കാരണത്താലാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിട്ടും മറുപടിയില്ല. കൈയൂക്ക് കാണിച്ചാണ് ജീപ്പില്‍ കയറ്റിയത്. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒരു സബ് ഇന്‍സ്‌പെക്ടറായിരുന്നു പകയോടെ പെരുമാറിയത്. റിമാന്‍ഡ് ചെയ്യാനായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായാണ് മെഡിക്കല്‍ ചെക് അപ്പിന് കൊണ്ടു പോകുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ നിന്നും തിരിച്ച് സ്‌റ്റേഷനില്‍ വന്നു വിലങ്ങ് എടുത്തു ധരിപ്പിച്ച ശേഷമാണ് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് ഞങ്ങളെ വിട്ടത്. അത്ര വലിയ കുറ്റവാളികളായിരുന്നു ഞങ്ങളെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമായിരുന്നോ? പിന്നെന്തിനായിരുന്നു കൈവിലങ്ങും, മെഡിക്കല്‍ ചെക് അപ്പുമെല്ലാം? ഒരക്രമവും ഞങ്ങള്‍ കാണിച്ചില്ല. പൊലീസാണ് അക്രമം കാണിച്ചത്. പ്രതിഷേധങ്ങള്‍ പാടില്ലെന്നാണോ? ജനാധിപത്യ സംവിധാനത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും. മന്ത്രിക്കെതിരെയും പ്രതിഷേധിക്കാം. അക്കാരണം കൊണ്ട് കൊടുംകുറ്റവാളികളാക്കി പൊതുമധ്യത്തില്‍ ചിത്രീകരിക്കുകയാണോ ചെയ്യുന്നത്? വ്യക്തിഹത്യ ചെയ്യുകായിരുന്നു. സമൂഹത്തിനു മുന്നില്‍ അവര്‍ ഞങ്ങളുടെ അഭിമാനം തകര്‍ക്കുകയാണുണ്ടായത്‘.
അഫ്രില്‍, ഫസ്വിഹ് എന്നിവരെ കൈ വിലങ്ങ് ധരിപ്പിച്ച് കൊണ്ടുപോകുന്നു
വിദ്യാര്‍ത്ഥി നേതാക്കളെ കൈവിലങ്ങ് ധരിപ്പിച്ചതിനും വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയതിനും കൊയിലാണ്ടി പൊലീസിന്റെ ന്യായീകരണം ഇങ്ങനെയാണ്; ‘വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ചെറിയ പിടിവലി നടന്നു. അതിനാലാണ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നത്. പുതിയ ഉത്തരവ് പ്രകാരം ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടു പോകുമ്പോള്‍ വിലങ്ങുവെക്കണം. വിലങ്ങില്ലെങ്കില്‍ ഡോക്ടര്‍ പരിശോധിക്കില്ല‘. കൊയിലാണ്ടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി ഐ ബിജു എം വിയുടെ മാധ്യമങ്ങളില്‍ വന്ന പ്രതികരണമാണിത്. ഈ വിഷയത്തില്‍ സി ഐ ബിജുവിന്റെ പ്രതികരണം തേടി അഴിമുഖം അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടുവെങ്കിലും ലഭ്യമായില്ല.
ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ‘വിലങ്ങ് വിവാദം’ ന്യായീകരിക്കുന്നത്. അഴിമുഖം ബന്ധപ്പെട്ട മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്; ‘ ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ല’ എന്നായിരുന്നു. പതിനെട്ട് വയസ് പൂര്‍ത്തായ ഒരാളെ വിലങ്ങ് വയ്ക്കാം, കുറ്റം ചെയ്യാത്തൊരാളെ എന്തായാലും മെഡിക്കല്‍ എടുക്കാന്‍ കൊണ്ടു പോകില്ലല്ലോ എന്ന വാദവും മറുചോദ്യവും കൂടി ആ പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. പൊലീസ് ഹാജരാക്കുന്നവര്‍ വൈദ്യപരിശോധനയ്ക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ എല്ലാ കുറ്റവും പൊലീസിന്റെ മേലാകുമെന്ന ആശങ്കയിലൂന്നിയ പ്രതിരോധമാണ് പൊലീസുകാര്‍ക്ക്.
സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റം മാത്രം ചെയ്തവരെ വൈദ്യ പരിശോധനയ്ക്ക് കൈവിലങ്ങും അണിയിച്ച് കൊണ്ടുപോകേണ്ട കാര്യമുണ്ടോയെന്നാണ് എംഎസ്എഫ് ചോദിക്കുന്നത്. ‘ കരിങ്കൊടി കാണിക്കുന്നത് അത്ര വലിയ കുറ്റമാണോ? റിമാന്‍ഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോയത്. റിമാന്‍ഡ് ചെയ്യാനുള്ള കുറ്റങ്ങള്‍ അവര്‍ ചെയ്തിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം നല്‍കുമായിരുന്നോ? വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാന്‍ എന്തിനാണ് സ്‌റ്റേഷനില്‍ നിന്നേ കൈവിലങ്ങ് ധരിപ്പിക്കുന്നത്? പൊലീസിന്റെ ആദ്യത്തെ ആരോപണം, സ്റ്റേഷനില്‍ അക്രമം കാണിച്ചു എന്നതായിരുന്നു. പിറ്റേദിവസം അത് മാറ്റി, വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനാണ് കൈവലിങ്ങ് ധരിപ്പിച്ചതെന്നായി. അങ്ങാടിയില്‍ ആളുകള്‍ കാണ്‍കെയാണ് ആ വിദ്യാര്‍ത്ഥികളെ കൈ വിലങ്ങും ധരിപ്പിച്ച് കൊണ്ടു പോയത്. സ്‌റ്റേഷനില്‍ അവരോട് തീര്‍ത്തും മനുഷ്യരഹിതമായാണ് പെരുമാറിയത്. ഇരിക്കാനുള്ള സൗകര്യം പോലും നല്‍കിയില്ല. മന്ത്രി വരുന്നതിനു മുന്നേ ഇവരെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തു’; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ വാക്കുകള്‍.
അഫ്രില്‍, ഫസ്വിഹ് അടക്കം ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ഐപിസി 1860, 143,147,283,153,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് (FIR No 0625/23). ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍. കേരള പൊലീസിന്റെ സര്‍ക്കുലറില്‍(circular no.09/2011) സിആര്‍പിസി 54 ഭേദഗതി പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തികളെ നിര്‍ബന്ധമായി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം. ഇക്കാര്യത്തില്‍ പൊലീസ് വിവേചനം പാടില്ല എന്നു പറയുന്നുണ്ട്. സര്‍ക്കുലര്‍ പ്രകാരം, അറസ്റ്റ് ചെയ്തവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാം. പതിനെട്ട് വയസ് പൂര്‍ത്തിയായവരെ വിലങ്ങ് അണിയിക്കുന്നതിനും നിയമം എതിരല്ല എന്നും കൂട്ടത്തില്‍ പൊലീസിന്റെ വക വാദമുണ്ട്.
വൈദ്യ പരിശോധനയെ എതിര്‍ക്കുന്നില്ലെങ്കിലും, കൈ വിലങ്ങ് ധരിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല എന്നാണ് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു എസ് പി അഴിമുഖത്തോട് പറഞ്ഞത്. കഴിവതും വിലങ്ങ് ഉപയോഗിക്കാതിരിക്കുക എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘കൈയാമം വയ്‌ക്കേണ്ടത് ആരെയൊക്കെയെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. സമീപകാലത്തെ ചില സംഭവങ്ങളാണ് വൈദ്യ പരിശോധന സമയത്തും കോടതിയ്ക്കുള്ളിലുമൊക്കെ കൈ വിലങ്ങ് വേണമെന്ന നിര്‍ദേശങ്ങള്‍ക്ക് കാരണം. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം, മജിസ്‌ട്രേറ്റിനും ജഡ്ജിക്കും നേരെ അക്രമത്തിന് മുതിര്‍ന്നതൊക്കെ കാരണമായിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും വിലങ്ങ് വച്ചുവേണം ഹാജരാക്കാന്‍ എന്നൊന്നും പറയുന്നില്ല. മുന്‍കാല റെക്കോര്‍ഡുകളില്‍ ഉപദ്രവകാരിയാണോ, ലഹരി ഉപയോഗിക്കുന്നയാളാണോ, രക്ഷപ്പെടാന്‍ ശ്രമിക്കുമോ, സ്വയം അപകടം വരുത്തുവാനോ, കൂടെയുള്ളവര്‍ക്ക് അപകടം വരുത്താനോ ശ്രമിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് വിലങ്ങ് ധരിപ്പിക്കേണ്ടതെ’ന്നാണ് മുന്‍ എസ് പി പറയുന്നത്. സാധാരണ നിലയിലുള്ള പ്രതിഷേധത്തിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ കൈയാമം വച്ച് കൊണ്ടുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
പൊലീസും, പൊലീസിനെ അനുകൂലിക്കുന്നവരും വീണ്ടും വിരല്‍ ചൂണ്ടുന്നത് ഡോക്ടര്‍ വന്ദനയ്ക്ക് നേരിടേണ്ടി വന്ന ദുരന്തമാണ്. കൊയിലാണ്ടി സി ഐ ബിജു എം വിയുടെ വാദവും, ‘പുതിയ ഉത്തരവ് പ്രകാരം ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടു പോകുമ്പോള്‍ വിലങ്ങുവെക്കണം. വിലങ്ങില്ലെങ്കില്‍ ഡോക്ടര്‍ പരിശോധിക്കില്ല’ എന്നതാണ്. ഡോക്ടര്‍ വന്ദനയ്ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന നിര്‍ഭാഗ്യകരമായ സംഭവത്തിനുശേഷം ഡോക്ടര്‍മാരടക്കം എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനൊപ്പം കേരള ഹൈക്കോടതിയുടെ നിര്‍ദേശം കൂടി പരിഗണിച്ച് സംസ്ഥാന പൊലീസും കസ്റ്റഡിയിലുള്ള പ്രതികളെയുള്‍പ്പെടെ വൈദ്യപരിശോധനയ്‌ക്കോ മജിസ്‌ട്രേറ്റിനു മുന്നിലോ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത സര്‍ക്കുലറില്‍ പറയുന്ന 15 നിര്‍ദേശങ്ങളിലൊന്ന്, പൊലീസ് ഹാജരാക്കുന്ന വ്യക്തി മൂലം സ്വയമോ മറ്റുള്ളവര്‍ക്കോ അപായമുണ്ടാകുമെങ്കില്‍ കോടതി നിര്‍ദേശങ്ങള്‍ അനുസരിച്ച് കൈവിലങ്ങ് ധരിപ്പിക്കാം എന്നാണ്(പൊലീസ് ഓഫിസര്‍/ മെഡിക്കല്‍ പ്രൊഫഷണല്‍/ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്/ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ പൗരന്‍/ കസ്റ്റഡിയിലുള്ള ടിയാള്‍ക്ക് തന്നെയോ ജീവഹാനിയുണ്ടാക്കുന്ന തരത്തില്‍ അക്രമാസക്തമായ പെരുമാറ്റമോ, ജീവഹാനിയുണ്ടാക്കുന്ന പ്രവര്‍ത്തികളോ പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള കസ്റ്റഡിയിലുള്ള ആളെ നിയമപ്രകാരം ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഉറപ്പായും പൊലീസ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് ധരിപ്പിക്കേണ്ടതാണ്- ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ഐപിഎസ് പുറപ്പെടുവിച്ച സര്‍ക്കുലറിലെ( Circular 13/2023ADGP(L&o) 13 ആം നിര്‍ദേശം).
കൊയിലാണ്ടി സി ഐ പറയുന്നതുപോലെ, വിലങ്ങ് വച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കില്ല എന്നാണോ? ഇക്കാര്യത്തില്‍ വ്യക്തത തേടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പ്രതിനിധികളെ അഴിമുഖം ബന്ധപ്പെട്ടു. അവരുടെ മറുപടി ഇപ്രകാരമാണ്; ”കസ്റ്റഡിയില്‍ ഉള്ളതും അല്ലാത്തതുമായവരെ പൊലീസ് ആശുപത്രികളിലും കോടതികളിലും കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. അക്രമാസക്തരായി പെരുമാറുന്നവര്‍, മുന്‍കാലങ്ങളില്‍ അത്തരം പ്രവണതകള്‍ പ്രകടിപ്പിച്ചിട്ടുള്ളവര്‍, ലഹരിക്ക് അടിമകളായിട്ടുള്ളവര്‍ തുടങ്ങിയവരെ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് അണിയിക്കണം എന്ന നിര്‍ദേശമുണ്ട്. പല സ്ഥലങ്ങളിലും പ്രതികള്‍/കസ്റ്റഡിയിലെടുത്തവര്‍ അക്രമാസക്തരായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് മുന്‍കരുതലുകള്‍ ആവശ്യമാണ്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കു വേണ്ടിയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. പൊലീസ് ഇക്കാര്യത്തില്‍ അവരുടെ യുക്തിക്ക് അനുസരിച്ച് നടപടിയെടുക്കണം. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാലും ചെയ്യണം. ഒരു വ്യക്തിയെക്കുറിച്ച് പ്രാഥമിക നിരീക്ഷണം നടത്താന്‍ പൊലീസിന് കഴിയണം. ഇന്നയാള്‍ വയലന്റ് ആയേക്കാമെന്ന് പൊലീസിന് തോന്നുകയാണെങ്കില്‍ അയാളെ വിലങ്ങ് ധരിപ്പിക്കാം. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ക്കായിരിക്കാം അത്തരം തോന്നലുകള്‍ വരുന്നത്, അപ്പോഴത് പൊലീസിനോട് ആവശ്യപ്പെടും. എല്ലാവരെയും വിലങ്ങ് ധരിപ്പിക്കണമെന്നല്ല. ചിലയാളുകള്‍ വളരെ നോര്‍മല്‍ ആയിട്ടായിരിക്കും ആദ്യം പെരുമാറുക. ആശുപത്രിയില്‍ എത്തിച്ചു കഴിഞ്ഞാവും അക്രമാസക്തരാവുന്നത്. ഇത്തരം സാഹചര്യങ്ങളൊക്കെ പൊലീസാണ് തീരുമാനം എടുക്കേണ്ടത്’‘.
കൊണ്ടുവരുന്ന എല്ലാവരെയും വിലങ്ങ് അണിയിച്ചിരിക്കണം എന്ന നിര്‍ബന്ധം ഡോക്ടര്‍മാര്‍ക്കില്ല. ഹാജരാക്കപ്പെടുന്ന വ്യക്തിയെ അടിസ്ഥാനമാക്കിയാണ് കൈവിലങ്ങ് എന്ന ആവശ്യം വരുന്നതും, ഒഴിവാക്കപ്പെടുന്നതും. ഇവിടെ അഫ്രില്‍, ഫസ്വിഹ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് അക്രമാസക്തമായ മുന്‍കാലമില്ല. അവര്‍ക്കെതിരേ ക്രിമിനല്‍ ചാര്‍ജുകളില്ല. അവരുടെ സ്വഭാവ വൈകല്യത്തെ സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടുമില്ല. മാര്‍ഗനിര്‍ദേശങ്ങളിലെ മുഖ്യഘടകങ്ങള്‍ ആ രണ്ടു വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അപ്രസക്തമാണ്. അവര്‍ അക്രമാസക്തരായേക്കാം എന്നുള്ള കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറുടെ മുന്‍കരുതല്‍ മാത്രമാണ് അഫ്രിലിനെയും ഫസ്വിഹിനെയും കൈവിലങ്ങ് അണിയിക്കാന്‍ കാരണമായി പറയാനുള്ളത്! ആ മുന്‍കരുതല്‍ അത്ര നീതിയുക്തമാണോ?
കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനോ രക്ഷപ്പെടുന്നത് തടയുന്നതിനോ ന്യായമായ ബലപ്രയോഗം നടത്താന്‍ ക്രിമിനല്‍ നടപടി ചട്ടത്തിന്റെ (സിആര്‍പിസി) സെക്ഷന്‍ 46 പൊലീസിനെ അനുവദിക്കുന്നുണ്ട്. കൈവിലങ്ങിന്റെ ഉപയോഗം ഈ വ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നത്. ആവശ്യമെന്ന് തോന്നിയാല്‍ അത് ഉപയോഗിക്കാന്‍ പൊലീസിനെ അധികാരപ്പെടുത്തുന്നുണ്ട്. എന്നാല്‍ കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂടി ബാധകമായ കേരള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറില്‍(എസ്ഒപി) പറയുന്നത് കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ കൈവലങ്ങുകള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ പ്രേംശങ്കര്‍ ശുക്ല വേഴ്‌സസ് ഡല്‍ഹി അഡ്മിനിസ്‌ട്രേഷന്‍ 1980 3 ടCC 526; സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് അസം 1995 3 SCC 743. കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കണമെന്ന് എസ്ഒപിയില്‍ പറയുന്നുണ്ട്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യറുടെ ബഞ്ചിന്റെ ഈ വിധിന്യായത്തില്‍ പറയുന്നത്, കൈവിലങ്ങ് പ്രഥമദൃഷ്ട്യാ മനുഷ്യത്വരഹിതമാണെന്നാണ്. പ്രസ്തുത വിധിയില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റ് ചില പ്രധാന സംഗതികളിവയാണ്; ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ‘ഒരു വ്യക്തിക്കും നിയമത്തിന് മുന്നിലുള്ള തുല്യതയോ രാജ്യത്തെ നിയമങ്ങളുടെ തുല്യ പരിരക്ഷയോ ഭരണകൂടം നിഷേധിക്കരുത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം (ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമല്ലാതെ ഒരു വ്യക്തിയുടെയും ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടുത്താന്‍ പാടില്ല. ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയിലെ ഓരോ വ്യക്തിക്കും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഭരണകൂടം ഉറപ്പുനല്‍കുന്നു. ന്യായമായ നടപടിക്രമങ്ങളോ വസ്തുനിഷ്ഠമായ നിരീക്ഷണമോ ഇല്ലാതെയുള്ള വിലങ്ങിടല്‍ ആര്‍ട്ടിക്കിള്‍ 21 നെ നിഷേധിക്കുന്നതിന് തുല്യമാണ്. മനുഷ്യനെ ബന്ധിക്കുന്നത് അവന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതും ഭരണഘടനയുടെ ആത്മാവിനെ ദുഷിപ്പിക്കുകയും ചെയ്യുന്നതാണ്’.
കേരള പൊലീസ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറില്‍(എസ് ഒ പി ) കൈ വിലങ്ങ് ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക; ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ മാത്രം വിലങ്ങ് ധരിപ്പിക്കുക. മുമ്പ് കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍, അക്രമാസക്തരായവര്‍, നടപടിക്രമങ്ങള്‍ തടസപ്പെടുത്തുന്നവര്‍ എന്നിവരെ കൈയാമം വയ്ക്കാം. സ്വയം രക്ഷപ്പെടാനോ/ജീവനൊടുക്കാനോ ശ്രമിക്കുന്നവരോ ആയവരെ കൈവിലങ്ങ് വയ്ക്കാം. കൈവിലങ്ങ് ധരിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യം നിര്‍ബന്ധമായും കേസ് ഡയറിയില്‍ രേഖപ്പെടുത്തണം. ആവശ്യപ്പെട്ടാല്‍ കോടതിയില്‍ ഹാജരാക്കണം. ഏറെ പ്രധാനപ്പെട്ടൊരു നിര്‍ദേശമിങ്ങനെയാണ്; വാറണ്ട് ഇല്ലാതെയുള്ള അറസ്റ്റില്‍, പിടികൂടിയ വ്യക്തി വളരെ അപകടകാരിയോ, രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളോ ആണെങ്കില്‍, അയാളെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നിരിക്കെ മാത്രം കൈവിലങ്ങ് ഉപയോഗിക്കാം. ആ വ്യക്തി അത്തരത്തിലുള്ള വ്യക്തിയാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണം. എന്നിരുന്നാല്‍ തന്നെയും സ്റ്റേഷനില്‍ എത്തിക്കുന്നതുവരെയോ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതുവരെയോ മാത്രമെ കൈവിലങ്ങ് ധരിപ്പാക്കാവൂ. അഫ്രില്‍, ഫസ്വിഹ് എന്നിവരുടെ കാര്യത്തില്‍ എസ് ഒ പി കൊയിലാണ്ടി പൊലീസ് പരസ്യമായി ലംഘിച്ചിരിക്കുകയാണെന്നു കാണാം.
പൊലീസ് മാര്‍ഗ നിര്‍ദേശങ്ങളും സുപ്രീം കോടതി ഉത്തരവുകളും ഉണ്ടായിട്ടും പൊലീസ് ഇപ്പോഴും കൈവിലങ്ങ് ഒരു ശിക്ഷ മാര്‍ഗമായി ഉപയോഗിക്കുകയാണ്. എംഎസ്എഫ് പ്രവര്‍ത്തകരുടെ മേലും അത്തരമൊരു ശിക്ഷ മാര്‍ഗമാണ് പ്രയോഗിച്ചിരിക്കുന്നത്. Legal Service India എന്ന ഇ-ജേര്‍ണലില്‍ അഭിനവ് പാണ്ഡെ എഴുതിയ Handcuffing In India; Examining The Legal And Ethical Implications എന്ന ലേഖനത്തില്‍ പറയുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന, അപകട സാധ്യതയായി കണക്കാക്കുന്ന വ്യക്തികളെ നിയന്ത്രിക്കാന്‍ നിയമപാലകര്‍ ഉപയോഗിക്കുന്ന ഒരു സമ്പ്രദായമാണ് കൈവിലങ്ങ് എന്നാണ്. ഇന്ത്യയില്‍, കൈവിലങ്ങ് ഒരു വിവാദ വിഷയമാണ്, പല മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ രീതി ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വാദിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സുപ്രീം കോടതി കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തന്റെ ലേഖനത്തില്‍ അഭിനവ് പാണ്ഡെ പറയുന്നത്. സുനില്‍ ബത്ര വേഴ്‌സസ് ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ (1978) കേസിലെ സുപ്രീം കോടതി വിധിയിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്; ‘കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നത് ഒരു ശിക്ഷയായി ഉപയോഗിക്കരുത്. അഹിംസാപരമായ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരില്‍ കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നത് അവസാന ആശ്രയമാണെന്നും എത്രയും വേഗം അത് നീക്കം ചെയ്യണം’.
‘ഇന്ത്യയില്‍ കൈവിലങ്ങുകള്‍ മനുഷ്യാവകാശങ്ങളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അന്തസ്സിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ ലംഘിക്കുകയും ശാരീരികവും മാനസികവുമായ ക്ഷതത്തിന് ഇടയാക്കുകയും ചെയ്യുന്നു. ശിക്ഷയുടെ ഒരു രൂപമായി കൈവിലങ്ങുകള്‍ ഉപയോഗിക്കുന്നത് സ്വാഭാവിക നീതിയുടെയും ശരിയായ നടപടിക്രമത്തിന്റെയും തത്വങ്ങളെ ലംഘിക്കുന്നു. മാത്രമല്ല, പോലീസിന്റെ വിവേചനരഹിതമായ കൈവിലങ്ങുകള്‍ ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും നിയമവാഴ്ചയെയും ജനാധിപത്യ തത്വങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു’; പ്രസ്തുത വിധി ന്യായം അധികരിച്ച് അഭിനവ് പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു.
കൈവിലങ്ങുകള്‍ വിവേചനരഹിതമായി ഉപയോഗിക്കുന്നത് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും, പൊലീസ് മാര്‍ഗനിര്‍ദേശങ്ങളില്‍ എഴുതിവച്ചിട്ടും അതിപ്പോഴും ഒരു ശിക്ഷവിധിയായി തന്നെ പൊലീസുകാര്‍ ഉപയോഗിക്കുകയാണ്. സുപ്രിംകോടതിയുടെ നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ കൈവിലങ്ങ് ഉപയോഗം പൊലീസിന്റെ ഭാഗത്ത് നിന്നും വ്യാപകമാണെന്ന് 2010 ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കൈവിലങ്ങുകള്‍ ഉള്‍പ്പെടെ ന്യായമായ ബലപ്രയോഗം നടത്താന്‍ മാത്രമെ നിയമം അനുവദിക്കുന്നുള്ളൂവെന്ന കാര്യം പൊലീസുകാര്‍ മറക്കുന്നു. ശിക്ഷ രൂപമായി കൈവിലങ്ങിനെ ദുരുപയോഗം ചെയ്തും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചും വ്യക്തികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുകയാണ് കൊയിലാണ്ടി പൊലീസിനെ പോലെ വലിയൊരു വിഭാഗം പൊലീസുകാരും ഈ രാജ്യത്ത്.