UPDATES

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രന്‍

ബൈജൂസ് സാമ്പത്തിക പ്രതിസന്ധി

                       

എഡ്യൂക്കേഷണല്‍ ടെക് ഭീമനായിരുന്ന ബൈജൂസ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് നടുവിലാണ്. സാമ്പത്തിക ബാധ്യതയാണ് ബൈജൂസിനെ വലയ്ക്കുന്നത്. ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) യുടെ നോട്ടീസും ബൈജൂസിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ബൈജൂസിന്റെ ലേര്‍ണിംഗ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ തന്റെ കുടുംബ വീടും നിര്‍മാണത്തിലിരിക്കുന്ന വില്ലയും പണയപ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകളോട് ബൈജൂസ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

12 മില്യണ്‍ ഡോളറിനാണ് (100.07 കോടി രൂപ) ബൈജു വീടുകള്‍ പണയപെടുത്തിയിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റില്‍ 15,000 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. നവംബറില്‍ പുറത്ത് വിട്ട ബൈജൂസിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 6 % കുറഞ്ഞ് 24 ബില്യണ്‍ രൂപയില്‍ (287.95 മില്യണ്‍ ഡോളര്‍) എത്തിയതായി കമ്പനി അറിയിച്ചിരുന്നു.

ടീം ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ്; ബൈജൂസിനെതിരേ ‘ഡിആര്‍എസ്’ എടുത്ത് ബിസിസിഐ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി അടുത്തിടെയായി ഇ ഡിയുടെ നോട്ടീസും ബിസിസിഐയുമായുള്ള ജഴ്‌സി വിവാദവുമുള്‍പ്പടെ സമ്മര്‍ദങ്ങള്‍ക്ക് നടുവിലാണ്. 2011-2013 വരെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടി വിനിമയ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് തിങ്ക് ആന്‍ഡ് ലേണിനും സ്ഥാപകനായ ബൈജു രവീന്ദ്രനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) 9,362 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബി സി സി ഐ യുമായുള്ള കേസില്‍ ഡിസംബര്‍ 22 നാണു വാദം നടക്കുന്നത്. കുടിശ്ശികയിനത്തില്‍ ഏകദേശം 160 കോടി രൂപയാണ് ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കാനുള്ളത്.

കടം തിരികെ കൊടുക്കാതെ 533 മില്യണ്‍ ഡോളര്‍ ‘ഒളിപ്പിച്ചു’; ബൈജൂസിനെതിരേ മറ്റൊരു ആരോപണം

നിയമം അനുശാസിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമാണ് കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും എഫ്ഡിഐയുടെ (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ) നോട്ടീസില്‍ ലഭിച്ച ചോദ്യങ്ങള്‍ സാങ്കേതിക സ്വഭാവമുള്ളതാണെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട എഫ്ഡിഐ അറിയിച്ച ആശങ്കകള്‍ക്ക് മറുപടിയായുള്ള കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്ഫോമായ എപ്പിക്-നെ ബൈജൂസ് വില്‍കാനൊരുങ്ങുകയാണ്. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ തന്റെ മുഴുവന്‍ ഓഹരികളും പണയം വെച്ചാണ് ഇപ്പോള്‍ വായ്പയെടുത്തിരിക്കുന്നത്.

4000 ജീവനക്കാരെ പിരിച്ചു വിടാന്‍ ബൈജൂസ്

ഒരു സമയത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. 2015ലാണ് ബൈജൂസ് ലേര്‍ണിംഗ് ആപ്പ് ലോഞ്ച് ചെയ്യുന്നത്. തുടക്ക കാലത്ത് ഏകദേശം 2.2 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു ബൈജൂസ്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളര്‍ കമ്പനിയിലേക്ക് തന്നെ നിക്ഷേപിച്ചതോടെയാണ് ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നഷ്ടം ഒഴിവാക്കുന്നതിനും ലാഭം കൈവരിക്കുന്നതിനുമായി ബൈജൂസില്‍ അഴിച്ചുപണികള്‍ നടന്നുക്കുന്നുണ്ട്. സെപ്റ്റംബര്‍ 21 ന് ബൈജൂസിന്റെ പുതിയ ചീഫ് എകിസ്‌ക്യൂട്ടീവ് ഓഫീസറായി സ്ഥാനമേറ്റ അര്‍ജുന്‍ മോഹനാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 2021ലെ പ്രവര്‍ത്തനഫലം ഒരു വര്‍ഷത്തിലേറെ വൈകിയാണ് കമ്പനി പുറത്തുവിട്ടത്. 4,588 കോടിയായിരുന്നു ആ വര്‍ഷത്തെ നഷ്ടം. ലോകത്തെ മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്‌റോക്ക്, ജൂണില്‍ ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (69,247 കോടി രൂപ) വെട്ടിക്കുറച്ചിരുന്നു. ആകാശ്, ഗ്രേറ്റ് ലേണിങ്, എപ്പിക്, വൈറ്റ്ഹാറ്റ് ജൂനിയര്‍, ഓസ്‌മോ തുടങ്ങിയ കമ്പനികളെ കണ്ണുമടച്ച് ഏറ്റെടുത്തത് ബൈജൂസിനു വലിയ തിരിച്ചടിയായിരുന്നു. ഇതില്‍ ആകാശ് ഒഴികെ മറ്റൊന്നും കമ്പനിക്ക് വലിയ ലാഭം ഉണ്ടാക്കിയിട്ടില്ല കൂടാതെ, വൈറ്റ്ഹാറ്റ് ജൂനിയര്‍ നഷ്ടത്തിന്റെ തോത് കൂട്ടുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍