UPDATES

ട്രെന്‍ഡിങ്ങ്

സല്‍മാന്‍ ഖാന്റെ വസതിക്കു പുറത്ത് വെടിവയ്പ്പ്

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം

                       

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്കു പുറത്ത് വെടിവയ്പ്പ്. താരത്തിന്റെ മുംബൈയിലെ വസതിക്കു സമീപം അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാന്ദ്ര ഏരിയയില്‍ സല്‍മാന്‍ താമസിക്കുന്ന ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്തായി അജ്ഞാതര്‍ നാല് റൗണ്ട് വെടി പൊട്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ക്രൈം ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയില്‍ സല്‍മാന്റെ വസതിക്കു പുറത്തായി അജ്ഞാതരായ രണ്ടു പേര്‍ വെടിയുതിര്‍ക്കുന്നത്. മൂന്ന് റൗണ്ട് വെടിവയ്പ്പ് നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്’ ന്യൂസ് ഏജന്‍സിയോടെ മുംബൈ പൊലീസ് പറയുന്ന കാര്യങ്ങളാണ്.

ഒരു വെടിയുണ്ട സല്‍മാന്റെ വസതിയുടെ ഒന്നാം നിലയില്‍ പതിച്ചതായും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിദേശ നിര്‍മിത തോക്കുകളാണ് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്നും പറയുന്നു.

ലോറന്‍സ് ബിഷ്‌ണോയ്, ഗോള്‍ഡി ബാര്‍ എന്നീ അധോലോക നായകന്മാരില്‍ നിന്നും വധ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഒരു ലൈസന്‍സുള്ള തോക്ക് കൈവശം വയ്ക്കാനും സല്‍മാന് അനുവാദം കൊടുത്തിട്ടുണ്ട്. താരം പുതിയയ ബുള്ളറ്റ് പ്രൂഫ് വാഹനവും സമീപകാലത്തായി സ്വന്തമാക്കിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ബാര്‍ എന്നിവരില്‍ നിന്നും ഇമെയ്ല്‍ ഭീഷണി വന്നതിനു പിന്നാലെ മുംബൈ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് പ്രകാരം തടവറയില്‍ കിടക്കുന്ന ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പ്രധാനപ്പെട്ട 10 ടാര്‍ഗറ്റുകളില്‍ ഒന്ന് സല്‍മാന്‍ ഖാനാണ്. 1999 ലെ കുപ്രസിദ്ധമായ കൃഷ്ണ മൃഗ വേട്ടയുടെ പേരിലാണ് ബിഷ്‌ണോയ്ക്ക് സല്‍മാനുമേല്‍ ശത്രുതയെന്നാണ് പറയുന്നത്. സല്‍മാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിലൂടെ തങ്ങളുടെ സമുദായത്തെ വൃണപ്പെടുത്തിയെന്നാണ് ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പരാതി. തന്റെ സഹായി സമ്പത്ത് നെഹ്‌റ ബാന്ദ്രയിലെ സല്‍മാന്റെ വസതി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ബിഷ്‌ണോയ് പറഞ്ഞിരുന്നു. സമ്പത്ത് നെഹ്‌റയെ ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍