UPDATES

‘പാരസൈറ്റ്’ ആക്ടര്‍ ലീന്‍ സണ്‍-ക്യൂന്‍ മരിച്ച നിലയില്‍

ലീയുടെ മരണം ആത്മഹത്യയാണോയെന്നതില്‍ സംശയമുണ്ട്.

                       

ഒസ്‌കര്‍ പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധയേനായ നടന്‍ ലീ സന്‍-ക്യൂനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസിനെ ഉദ്ധരിച്ച് യോന്‍ഹാപ് ന്യൂസ് ഏജന്‍സിയാണ് ലീയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ച്ച രാവിലെ തലസ്ഥാനമായ സോളിലെ ഒരു പാര്‍ക്കിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ നടനെ കണ്ടെത്തുകയായിരുന്നു. 48 കാരനായ ലീയുടെ മരണം ആത്മഹത്യയാണോയെന്നതില്‍ സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലീ വീട് വീട്ടുപോയശേഷം ആത്മഹത്യക്കുറിപ്പ് പോലെയൊന്ന് താന്‍ കണ്ടതായി ലീയുടെ ഭാര്യ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് യോന്‍ഹാപ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ലീയുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല. ലീയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി തങ്ങള്‍ ജോങ്‌നോ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നുണ്ട്.

നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ലീ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയില്‍ നിയമം കര്‍ശനമാണ്. വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് വിധിക്കും. കഴിഞ്ഞാഴ്ച്ച 19 മണിക്കൂറോളം മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് ലീയെ ചോദ്യം ചെയ്തിരുന്നു.

താന്‍ മനഃപൂര്‍വം മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ലീയുടെ വാദം. ഒരു ബാര്‍ പരിചാരിക തന്നെ കബളിപ്പിച്ച് മയക്കുമരുന്ന് നല്‍കുകയായിരുന്നുവെന്നും പിന്നീട് അതിന്റെ പേരില്‍ ബ്ലാക്‌മെയ്ല്‍ ചെയ്തുവെന്നുമാണ് ലീ പൊലീസിനോട് പറഞ്ഞതെന്നാണ് യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020-ലെ ഒസ്‌കറില്‍ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ സിനിമയാണ് പാരസൈറ്റ്. ഇംഗ്ലീഷ് ഇതര ഭാഷകളില്‍ നിന്നും മികച്ച ചിത്രമായി തെരഞ്ഞെടുത്ത ആദ്യ സിനിമയെന്ന റെക്കോര്‍ഡും ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് നേടിയിരുന്നു. മലയാളികളുടെ ഉള്‍പ്പെടെ പ്രിയപ്പെട്ട ചിത്രമായി മാറിയ പാരസൈറ്റില്‍ ധനികരായ പാര്‍ക് ഫാമിലിയിലെ കുടുംബനാഥനായ പാര്‍ക് ഡോങ്-ഇക്-ന്റെ വേഷമായിരുന്നു ലീ അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു കിം ഫാമിലെ കുടിയേറുന്നത്. കൊറിയന്‍ ത്രില്ലറായ ഹെല്‍പ്‌ലെസ്, റൊമാന്റിക് കോമഡിയായ ഓള്‍ എബൗട്ട് മൈ വൈഫ്, ക്രൈം ത്രില്ലറായ എ ഹാര്‍ഡ് ഡേ എന്നിവ ലീയുടെ ശ്രദ്ധേയമായ സിനിമകളാണ്. ആപ്പിള്‍ ടി വി പ്ലസ്സിന്റെ ആദ്യ കൊറിയന്‍ ഭാഷ സീരീസായ ഡോ. ബ്രയ്ന്‍ എന്ന സയന്‍സ് ഫിക്ഷനിലെ നിര്‍ദയനായ കോ സി-വോണ്‍ എന്ന ലീയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍