UPDATES

വിദേശം

പ്രശസ്തനും കുപ്രശസ്തനുമായ ഒ ജെ സിംപ്‌സണ്‍

അമേരിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം, ഹോളിവുഡ് താരം; ഇരട്ടക്കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍

                       

പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ ജീവിത്തത്തില്‍ പേറിയ ഒറെന്തല്‍ ജെയിംസ് സിംപ്‌സണ്‍ എന്ന ഒ ജെ സിംപ്‌സണ്‍ ഒടുവില്‍ ജീവിതത്തോട് വിടപറഞ്ഞു. അമേരിക്കന്‍ ഫുട്‌ബോള്‍ താരവും അഭിനേതാവുമായിരുന്ന സിംപ്‌സണ്‍ തന്റെ 76 ആം വയസില്‍ ക്യാന്‍സര്‍ ബാധിതനായാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രില്‍ 10 ന് ആയിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിക്കുന്നു.

ആരായിരുന്നു ഒ ജെ സിംപ്‌സണ്‍

1947 ജൂലൈ ഒമ്പതിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആയിരുന്നു സിംപ്‌സന്റെ ജനനം. രണ്ടാം വയസില്‍ പിള്ളവാതം പിടിപെട്ട കുട്ടി. അഞ്ചാമത്തെ വയസ് വരെ രോഗബാധിതനായി ജീവിക്കേണ്ടി വന്നു. ‘ദ ജ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ട സിംപ്‌സണ്‍ 1960 കളിലും 70 കളിലും ഏറ്റവും ആഘോഷിക്കപ്പെട്ട അത്‌ലറ്റുകളില്‍ ഒരാളായിരുന്നു.

എന്നാല്‍ സിംപ്‌സണ്‍ ലോകത്ത് കൂടുതല്‍ അറിയപ്പെട്ടത് ഇരട്ടക്കൊലപാതകത്തിന്റെ പേരിലായിരുന്നു. സിംപ്‌സണ്‍ തന്റെ മുന്‍ ഭാര്യയായ നിക്കോള്‍ ബ്രൗണിനെയും അവളുടെ സുഹൃത്ത് റൊണാള്‍ഡ് ഗോള്‍ഡ്മാനെയും ലോസ് ആഞ്ചല്‍സില്‍ വച്ച് കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്. 1995 ല്‍ നടന്ന വിചാരണയില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് സിപിംസണെ കോടതി വെറുടെ വിടുകയായിരുന്നു. ‘ നൂറ്റാണ്ടിലെ വിചാരണ’ എന്നു പേരിട്ടായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

എങ്കിലും തടവറയില്‍ കിടക്കേണ്ട യോഗം സിംപ്‌സണ് ഉണ്ടായിരുന്നു. ഒരു സായുധ കവര്‍ച്ചയുടെ പേരിലായിരുന്നവത്. കായിക സ്മരണികകളുടെ ഡീലര്‍മാരായ രണ്ടു പേരെ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ടു പോവുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു സിംപ്‌സണ് നേവാഡ ജയിലില്‍ ഒമ്പത് വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടി വന്നു.

നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍(എന്‍എഫ്എല്‍) സൂപ്പര്‍താരമായി വളര്‍ന്ന സിംപ്‌സന്റെ കുതിപ്പ് തുടങ്ങുന്നത് കോളേജ് കാലഘട്ടത്തിലാണ്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ടീമിലെ റണ്ണിംഗ് ബാക്ക് ആയിരുന്ന സിംപ്‌സണ്‍, ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പദവി സ്വന്തമാക്കിക്കൊണ്ട് തന്റെ കോളേജിന് ഹെയ്‌സ്മാന്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അവിടെ നിന്നും, എന്‍എഫ്എല്ലിലെ ഏറ്റവും മികച്ച റണ്ണിംഗ് ബാക്കുകളില്‍ ഒരാളായി സിംപ്‌സണെ ചരിത്രം പ്രതിഷ്ഠിച്ചു.

അഞ്ച് ഫസ്റ്റ് ടീം ഓള്‍-പ്രോ സ്‌ക്വാഡുകളും ആറ് പ്രോ ബൗളുകളും സിംപ്‌സണ്‍ നേടിയിട്ടുണ്ട്. 1973-ല്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി (എംവിപി) തിരഞ്ഞെടുക്കപ്പെട്ടു, ഒരു സീസണില്‍ 2,000 യാര്‍ഡുകള്‍ ഓടിയ ആദ്യ കളിക്കാരനായും മാറി. 14 മത്സരങ്ങളില്‍ അതേ റെക്കോര്‍ഡ് പിന്തുടര്‍ന്നപ്പോള്‍, ഓരോ മത്സരത്തിലും ശരാശരി 141.3 യാര്‍ഡുകള്‍ എന്ന നേട്ടത്തിലെത്തി. അത് ഇപ്പോഴും ആരും തകര്‍ക്കാത്ത എന്‍എഫ്എല്‍ റെക്കോര്‍ഡായി നിലകൊള്ളുന്നുണ്ട്.

ബഫല്ലോ ബില്‍സ് (1969-1977), സാന്‍ഫ്രാന്‍സിസ്‌കോ 49ers (1978-1979) എന്നിവിടങ്ങളിലൂടെ അസാധാരണമാം വിധമൊരു കരിയര്‍ കെട്ടിപ്പടുത്തിയ സിംപ്‌സണ്‍ പ്രോ ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമിലെ അംഗമായിരുന്നു. എന്‍എഫ്എല്ലിലെ അസാധാരണ വ്യക്തിതത്വങ്ങള്‍ക്ക്, അവരുടെ കായിക സംഭാവനകളുടെ പേരില്‍ നല്‍കുന്ന മഹത്തായ അംഗീകരമായാണ് ഒഹായോയിലെ കാന്റണില്‍ സ്ഥിതി ചെയ്യുന്ന പ്രോ ഫുട്‌ബോള്‍ ഹാള്‍ ഫെയ്മിലെ അംഗത്വം കണക്കാക്കപ്പെടുന്നത്. 1979 ലാണ് സിംപ്‌സണ്‍ ഔദ്യോഗികമായി വിരമിക്കുന്നത്.

ഫുട്‌ബോളില്‍ നിന്നു കിട്ടിയ പ്രശസ്തി പരസ്യരംഗങ്ങളിലും, അവിടെ നിന്ന് ഹോളിവുഡിലേക്കും സിംപ്‌സണ് അവസരങ്ങള്‍ നല്‍കി. 1974 ല്‍ ഇറങ്ങിയ ടവറിംഗ് ഇന്‍ഫര്‍ണോ, 1977 ല്‍ റിലീസ് ചെയ്ത കാപ്രികോണ്‍ വണ്‍ എന്നിവ സിംപ്‌സന്റെ പ്രധാന സിനിമകളാണ്. 1988, 91, 94 വര്‍ഷങ്ങളില്‍ പുറത്തെത്തിയ ദ നേക്കഡ് ഗണ്‍ എന്ന ചിത്രത്തിന്റെ മൂന്നു ഭാഗങ്ങളിലും സിംപ്‌സന്റെ പൊലീസ് ഡിക്റ്റടീവ് കഥാപാത്രം ശ്രദ്ധനേടിയിരുന്നു.

1994 ല്‍ ആണ് സിംപ്‌സന്റെ ജീവിതം പ്രശസ്തിയില്‍ നിന്നും കുപ്രശസ്തിയിലേക്ക് തിരിയുന്നത്. ലോസ് ആഞ്ചല്‍സിലെ ബ്രെന്റ്‌വുഡ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന വീടിന് പുറത്തായി ഭാര്യ നിക്കോള്‍ ബ്രൗണിന്റെയും അവളുടെ സുഹൃത്ത് റൊണാള്‍ഡ് ഗോള്‍ഡ്മാന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സിംപ്‌സന്റെ ജീവിതം മാറിന്നത്. പൊലീസ് സിംപ്‌സണ് മേല്‍ കുറ്റം ചുമത്തി. സിംപ്‌സണെ പിടുകൂടാനുള്ള പൊലീസ് ശ്രമം അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ടതാണ്. ലോസ് ആഞ്ചല്‍സിലൂടെ ഉടനീളം നടന്നൊരു കാര്‍ ചേസിംഗ് ആയിരുന്നു പൊലീസും സിംപ്‌സണും തമ്മില്‍ നടന്നത്. എന്‍എഫ്എല്‍ മുന്‍ താരം അല്‍ കൗളിംഗ് ആയിരുന്നു സിംപ്‌സണെയും കൂട്ടി കാറുമായി കുതിച്ചത്. ഈ കാര്‍ ചേസിംഗിന്റെ ദൃശ്യങ്ങള്‍ 95 ദശലക്ഷം അമേരിക്കക്കാരാണ് ടിവിയിലൂടെ കണ്ടത്. 1994 ലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ(എന്‍ബിഎ) ഫൈനല്‍ മത്സരത്തിന്റെ കവറേജ് പോലും ഇതിനിടയില്‍ മുങ്ങിപ്പോയി. ഒടുവില്‍ അന്ന് രാത്രി ബ്രെന്റ്‌വുഡിലെ വീട്ടില്‍ വച്ച് സിംപ്‌സണ്‍ പൊലീസിന് മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു. 1995 ജനുവരിയിലാണ് സിംപ്‌സന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണയില്‍, താന്‍ 100 ശതമാനവും നിരപരാധിയാണ് എന്ന വാദമായിരുന്നു സിംപ്‌സണ്‍ ഉയര്‍ത്തിയത്. ഒക്ടബോര്‍ മൂന്നിന് ജൂറി സിംപ്‌സനെ കുറ്റവിമുക്തനാക്കുന്ന തീരുമാനത്തിലെത്തി. പത്ത് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങിയ ജൂറിയാണ് സിംപ്‌സണ്‍ നിരപരാധിയാണെന്ന നിഗമനത്തിലെത്തിയത്. തന്നെ നിരപരാധിയാണെന്നു കണ്ടെത്തിയ ജൂറിയെ നോക്കി കൈവീശി കാണിക്കുകയും അവരോട് ‘നന്ദി’ പറയുകയും ചെയ്യുന്ന സിംപ്‌സന്റെ ചിത്രം ലോകപ്രശസ്തമാണ്.

‘ നിക്കോളിനെയും ഗോള്‍ഡ്മാനെയും കൊലപ്പെടുത്തിയ കൊലയാളിയെയോ കൊലയാളികളെയോ ഞാനെന്റെ ജീവിതത്തിലെ പ്രാഥമിക ലക്ഷ്യമെന്ന പോലെ പിന്തുടരും, അവര്‍ ഇവിടെയെവിടെയോ ഉണ്ട്… ഞാനാരെയും കൊന്നിട്ടില്ല, കൊല്ലാന്‍ കഴിയുകയുമില്ല, കൊല്ലുകയുമില്ല…’ കുറ്റവിമുക്തനാക്കപ്പെട്ടശേഷമുള്ള സിംപ്‌സന്റെ വാക്കുകളായിരുന്നു ഇത്.

1997ല്‍ ഗോള്‍ഡ്മാന്‍ കുടുംബം സിംസണെതിരെ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. 33.5 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരത്തിന് സിംപ്‌സണെതിരേ കോടതി ഉത്തരവുണ്ടായി. കോടതി ചെലവുകള്‍ തീര്‍ക്കുന്നതിനായി, 1968-ല്‍ നേടിയ ഹെയ്സ്മാന്‍ ട്രോഫി 230,000 ഡോളറിന് സിംപ്സണ്‍ ലേലം ചെയ്തു.

ഇരട്ട കൊലപാത കേസില്‍ നിന്നും കുറ്റവിമുക്തനായതിനു പിന്നാലെ സിംപ്‌സണ്‍ ഫ്‌ളോറിഡയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റി. തുടര്‍ന്ന് 13 വര്‍ഷം എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുള്ള ജീവിതം. എന്നാല്‍ 13 വര്‍ഷത്തിനു ശേഷം സിംപ്‌സണ്‍ വീണ്ടും പൊതുശ്രദ്ധയില്‍ വന്നു.

ഇരട്ടക്കൊല കേസില്‍ കുറ്റവിമുക്തനായി 13 വര്‍ഷം കഴിഞ്ഞപ്പോഴാണ്, 2008 ഒക്ടോബര്‍ മൂന്നിന്, തട്ടിക്കൊണ്ടു പോകല്‍, സായുധ കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്ക് സിംപ്‌സണ്‍ ശിക്ഷിക്കപ്പെടുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, 2017 ലാണ് സിംപ്‌സണ് പരോള്‍ അനുവദിക്കുന്നത്. നല്ലനടപ്പ് അംഗീകരിച്ച് 2021 ല്‍ തന്റെ 74മത്തെ വയസില്‍ സിംപ്‌സണെ കോടതി ജയില്‍ മോചിതനാക്കി.

സിംപ്‌സന്റെ രണ്ടാമത്തെ വിവാഹമായിരുന്നു നിക്കോള്‍ ബ്രൗണുമൊത്ത്. ആദ്യ വിവാഹം 1967 ല്‍ മാര്‍ഗരറ്റുമായായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുണ്ടായിരുന്നു. 1979 ല്‍ അവരുടെ കുട്ടികളിലൊരാള്‍ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു. അതേ വര്‍ഷം തന്നെ സിംപ്‌സണും മാര്‍ഗരറ്റും വേര്‍പിരിഞ്ഞു.

മാര്‍ഗരറ്റുമായി വിവാഹബന്ധം തുടരുന്ന കാലത്ത് തന്നെയാണ് സിംപ്‌സണ്‍ നിക്കോളിനെ കണ്ടുമുട്ടുന്നതും പരിചയത്തിലാകുന്നതും. അന്ന് 17 കാരിയായൊരു വെയിട്രസ് ആയിരുന്നു നിക്കോള്‍ ബ്രൗണ്‍. 1985 ല്‍ ഇരുവരും വിവാഹിതരായി. രണ്ടു കുട്ടികളുമുണ്ടായി. സിംപ്‌സണില്‍ നിന്നും ഗാര്‍ഹിക പീഡനങ്ങള്‍ നിക്കോളിന് ഏല്‍ക്കേണ്ടി വന്നതായി പറയുന്നു. ഒരിക്കല്‍ സിംപ്‌സന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ നിക്കോള്‍ പൊലീസില്‍ ഫോണ്‍ ചെയ്തു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സിംപ്‌സണ്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ഒസ്‌കര്‍ പുരസ്‌കാരം നേടിയ ‘ ഒ. ജെ; മെയ്ഡ് ഇന്‍ അമേരിക്ക’ എന്ന ഡോക്യുമെന്ററിയില്‍ ഒ ജെ സിംപ്‌സന്റെ ജീവിതകഥ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍