ഓസ്‌ട്രേലിയയുടെ ‘ ഹീറോ’ യാണ് ഇപ്പോള്‍ ആമി സ്‌കോട്ട്. ആ രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ ആ വനിത പൊലീസ് ഓഫിസറോട് നന്ദി പറയുകയാണ്. ഒരക്രമകാരിയുടെ കത്തിമുനയില്‍ പെട്ട് നഷ്ടപ്പെടുമായിരുന്ന നിരവധി മനുഷ്യ ജീവനുകള്‍ രക്ഷിച്ചതിന്. സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് മാളില്‍ ആറു പേരെ കൊലപ്പെടുത്തിയ ആക്രമിയെ കീഴ്‌പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ആമി.
ശനിയാഴ്ച്ച വൈകിട്ടോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടക്കുന്നത്. 40 കാരനായ ജോയല്‍ കൗകിയാണ് കൂട്ടക്കൊല നടത്തിയത്. ഇയാള്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ക്യൂന്‍സ്‌ലാന്‍ഡ് സ്വദേശിയായ കൗകി ഭീകരവാദിയോ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളോ അല്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് ജോയല്‍ കൗകി എന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആറു പേരില്‍ അഞ്ചും സ്ത്രീകളാണ്. ഒരു പുരുഷനും കൗകിയുടെ കത്തിക്ക് ഇരയായി. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞടക്കം 12 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള കുഞ്ഞിന്റെ അമ്മയും കൊല്ലപ്പെട്ടു.
ശനിയാഴ്ച്ച വൈകിട്ട് 3.10 നാണ് ജോയല്‍ കൗകി വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് മാളില്‍ എത്തുന്നത്. തുടര്‍ന്ന് 10 മിനിട്ടോളം ഇയാളെ കാണാതായി. 3.20 ഓടെയാണ് ജോയല്‍ കൗകി തന്റെ പൈശാചിക പ്രവര്‍ത്തി ആരംഭിക്കുന്നത്. ഈ സമയം നൂറു കണക്കിന് മനുഷ്യരായിരുന്നു ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നത്. തന്റെ കൈയില്‍ കരുതിയ വലിയ കത്തിയുമായി കണ്‍മുന്നില്‍ കാണുന്ന മനുഷ്യരെയെല്ലാം കൗകി കൊന്നു തള്ളുകയായിരുന്നു. അഞ്ചു പേര്‍ മാളില്‍ വച്ച് തന്നെ മരണമടഞ്ഞിരുന്നു. ഒരു സ്ത്രീ ആശുപത്രിയില്‍ വച്ചും. 20 നും 55 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട സ്ത്രീകള്‍. മരിച്ച പുരുഷന് ഏകദേശം 30 വയസ് പ്രായമുണ്ട്.
ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നും കഴിഞ്ഞ മാസമാണ് ജോയല്‍ കൗകി സിഡ്‌നിയിലേക്ക് വരുന്നത്. കൗകി മാനസികപ്രശ്‌നം നേരിടുന്ന വ്യക്തിയാണെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ആന്റണി കുക്ക് ആണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിലാണെന്നും ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രതി മാനസിക രോഗിയാണെന്നാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നതെന്നും കുക്ക് പറയുന്നു. കൗകിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, എന്നാല്‍ മാനസിക പ്രശ്‌നത്തിന്റെ പേരില്‍ എന്‍ എസ് ഡബ്ല്യുവിലും ക്യൂന്‍സ്‌ലാന്‍ഡിലും ഇയാള്‍ പൊലീസിന്റെ നിരീക്ഷണവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് എന്‍എസ്ഡബ്ല്യു പൊലീസ് കമ്മീഷണര്‍ കാരെന്‍ വെബ്ബും മാധ്യമങ്ങളോടു പറഞ്ഞത്.
ജോയല്‍ കൗകി കൂട്ടക്കൊല നടത്തുന്ന സമയത്ത് ന്യൂ സൗത്ത് വെയല്‍സ് (എന്‍എസ്ഡബ്ല്യു) പൊലീസ് വകുപ്പിലെ ആമി സ്‌കോട്ട് മാളിന് സമീപം തന്റെ ദൈന്യംദിന ചുമതലകളില്‍ ഉണ്ടായിരുന്നു. മാളില്‍ അനിഷ്ടസംഭവം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടിന്റെ പുറത്താണ് ആമിയോട് സംഭവസ്ഥലത്തേക്ക് പോകാന്‍ നിര്‍ദേശിക്കുന്നത്. മിനിട്ടുകള്‍ക്കകം ആമി മാളിലെത്തി. കൗക് ഈ സമയം തന്റെ മുന്നില്‍ കാണുന്നവരെയെല്ലാം കൊന്നു തള്ളാനുള്ള ആവേശത്തിലായിരുന്നു. ആമിക്ക് സമയം പാഴാക്കാനില്ലായിരുന്നു. തന്റെ ജീവന്‍ പരിഗണിക്കാതെ അവള്‍ ആക്രമിയെ നേരിടാന്‍ ഒരുങ്ങി. ആ ശ്രമത്തില്‍ അവള്‍ക്കു വിജയിക്കാനും കഴിഞ്ഞു. ആമിയുടെ തോക്കില്‍ നിന്നു പാഞ്ഞ വെടിയുണ്ടയാണ് ജോയല്‍ കൗകിയെന്ന ക്രൂരന്റെ ജീവനെടുത്തത്. ആമി ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ കുറെ നിരപരാധികളെക്കൂടി കൊന്നു തള്ളുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ”എല്ലാം വളരെ പെട്ടെന്നായിരുന്നു. ഓഫിസര്‍ പരിസരത്ത് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്നു. വിവരം ധരിപ്പിച്ചയുടന്‍ തന്നെ അവര്‍ സ്ഥലത്തെത്തി. മറ്റുള്ളവര്‍ വരാന്‍ കാത്തുനില്‍ക്കാതെ സ്വയം അക്രമിയെ പിടിക്കാന്‍ ഇറങ്ങി. അവളുടെ പ്രവര്‍ത്തിമൂലം നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു” ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ടോണി കുക്കിന്റെ വാക്കുകള്‍.
ദൃക്‌സാക്ഷികള്‍ പറയുന്നതനുസരച്ച് വലിയൊരു കത്തിയായിരുന്നു ജോയലിന്റെ കൈയില്‍ ഉണ്ടായിരുന്നത്. ആയുധവുമായി നില്‍ക്കുന്ന ആക്രമിയെ പിന്നീലൂടെയെത്തിയാണ് ആമി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. തന്റെ നേര്‍ക്ക് അക്രമി തിരിയുന്നതിനു മുമ്പ് തന്നെ അയാളെ പിടികൂടാന്‍ ആമിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, കത്തിയുമായി ജോയല്‍ ആമിക്കു നേരെ തിരിഞ്ഞതോടെ അവള്‍ക്ക് തന്റെ തോക്ക് ഉപയോഗിക്കേണ്ടി വന്നു.
ഒറ്റയ്ക്കായിരുന്നുവെങ്കിലും സ്ഥലത്ത് എത്തിയ ഉടനെ തന്നെ ആമി തന്റെ കര്‍ത്തവ്യത്തിലേക്ക് കടന്നിരുന്നു. അവിടെയുണ്ടായിരുന്ന സാധാരണക്കാരില്‍ നിന്നായിരുന്നു ആമി നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്.
‘ വീരോചിതം’ എന്നാണ് ആമി സ്‌കോട്ടിന്റെ പ്രവര്‍ത്തിയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രകീര്‍ത്തിച്ചത്. ആമിയെ രാജ്യത്തിന്റെ ‘ ഹീറോ’ യെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ‘അവള്‍ തീര്‍ച്ചയായും നമ്മുടെ ഹീറോയാണ്, അവളുടെ പ്രവര്‍ത്തി നിരവധി പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന കാര്യം നിസ്തര്‍ക്കമാണ്’ പ്രധാനമന്ത്രി പറഞ്ഞു. ‘അവള്‍ അപാരമായ മനശക്തിയും ധീരതയും കാണിച്ചു’ എന്നാണ് എന്‍എസ്ഡബ്ല്യു പൊലീസ് കമ്മീഷണര്‍ കെരെന്‍ വെബ്ബ് പ്രശംസിച്ചത്. എന്‍എസ്ഡബ്ല്യുവിന്റെ ഭാഗമായ ഈസ്റ്റേണ്‍ സബര്‍ബ് പൊലീസ് ഏരിയ കമാന്‍ഡിലെ ഉയര്‍ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍ ആണ് ആമി സ്‌കോട്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി അവര്‍ പൊലീസ് സേനയുടെ ഭാഗമാണ്. ആമി സ്‌കോട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.