UPDATES

വിദേശം

ഓസ്‌കറില്‍ വിവാദമായി ‘ ഓഷ്വിറ്റ്‌സ്’

‘ ദ സ്റ്റോണ്‍ ഓഫ് ഇന്ററസ്റ്റ്’ സംവിധായകനെതിരേ ഹോളോകോസ്റ്റ് അതിജീവിതര്‍

                       

 

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ പുരസ്ക്കാരം ജൊനാഥൻ ​ഗ്ലേസറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ദ സോൺ ഓഫ് ഇന്ററസ്റ്റ്’ എന്ന ചിത്രത്തിനായിരുന്നു. എന്നാൽ സംവിധായകന്റെ ഓസ്കർ ഏറ്റുവാങ്ങൽ പ്രസംഗത്തിനെതിരെ ‘ഹോളോകോസ്റ്റ് സർവൈവേഴ്‌സ് ഫൗണ്ടേഷൻ യുഎസ്എ’ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫൗണ്ടേഷൻ്റെ ചെയർമാൻ ഡേവിഡ് ഷാക്ടർ എഴുതിയ തുറന്ന കത്തിലൂടെയാണ് ഫൗണ്ടേഷൻ തങ്ങളുടെ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്.

ജൊനാഥൻ ​ഗ്ലേസർ ഒരു ഹോളോകോസ്റ്റ് സിനിമ നിർമ്മിക്കുകയും ഓസ്കാർ നേടുകയും ചെയ്തു. ഒരു ജൂതൻ എന്ന നിലയിൽ ഹോളോകോസ്റ്റ് സിനിമ ഓസ്‌കാർ നേടിയത് പ്രശംസനീയമാണ്. എന്നിരുന്നാലും ഹോളോകോസ്റ്റിൽ യഹൂദരായിരുന്നതുകൊണ്ട് മാത്രം കൊല്ലപ്പെട്ട ഒന്നര ദശലക്ഷം കുട്ടികൾ ഉൾപ്പെടെ, ആറ് ദശലക്ഷം ജൂതന്മാരെ പ്രതിനിധീകരിക്കാൻ തനിക്ക് കഴിയുമെന്ന് ജോനാഥൻ ഗ്ലേസർ കരുതുന്നത് അപമാനകരമാണെന്നാണ് ഫൗണ്ടേഷൻ പറയുന്നത്.

“ഇസ്രയേലിനെ വിമർശിക്കാൻ രണ്ടാം ലോകമഹായുദ്ധസമയത്ത് തെക്കുപടിഞ്ഞാറൻ പോളണ്ടിൽ ജൂതന്മാരെ പാർപ്പിച്ചിരുന്ന നാസി കോൺസെൻട്രേഷൻ ക്യാമ്പായ ഓഷ്വിറ്റ്സ് ഉപയോഗിച്ചതിൽ നിങ്ങൾ സ്വയം ലജ്ജിക്കണം. ഒരു ജൂത രാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിൻ്റെ സൃഷ്ടിയും നിലനിൽപ്പും അതിജീവനവും  അധിനിവേശമായാണ് നിങ്ങൾ കാണുന്നതെങ്കിൽ, നിങ്ങളുടെ സിനിമയിൽ നിന്ന്  യാതൊന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാണ്.” എന്നും കത്തിൽ പറയുന്നു.

ജൂത പൈതൃകത്തെയും ഹോളോകോസ്റ്റിനെയും എതിർക്കുന്നവരായാണ് താൻ ഈ വേദിയിൽ നിൽകുന്നതെന്നാണ് തന്റെ ഓസ്കർ സ്വീകരണ പ്രസംഗത്തിൽ ജൊനാഥൻ ​ഗ്ലേസർ പറഞ്ഞത്. കൂടാതെ, ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനു ഇടയാക്കിയ ഇസ്രയേൽ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും കൂടിയാണ് താൻ സംസാരിക്കുന്നതെന്നും, ഒരു ജൂതൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഓസ്കർ വേദിയിലെ ഗ്ലേസറിൻ്റെ പരാമർശങ്ങൾ അപലപനീയമാണെന്ന് ആൻ്റി ഡിഫമേഷൻ ലീഗ് വിമർശിച്ചു. തന്റെ പരാമർശങ്ങളിലൂടെ അദ്ദേഹം ഹോളോകോസ്റ്റിൻ്റെ തീവ്രത കുറച്ചുകാണിക്കുകയും ഭീകരവാദത്തെ ന്യായീകരിക്കുകയും ചെയ്യുന്നുവെന്ന വാദമാണ് ആൻ്റി ഡിഫമേഷൻ ലീഗ് ഉന്നയിക്കുന്നത്. അതോടപ്പം ഓസ്‌കറിലെ ഗ്ലേസറിൻ്റെ അഭിപ്രായങ്ങൾ വസ്തുതാപരമായി തെറ്റും ധാർമ്മികമായി അസ്വീകാര്യവുമാണെന്നും ഉന്നയിക്കുന്നുണ്ട്.

ഇസ്രയേലി വിമുക്ത ഭടന്മാരുടെ സംഘടനയായ ‘ബ്രേക്കിംഗ് ദ സൈലൻസ്’ ഉൾപ്പെടെ പല ഭാഗത്ത് നിന്നായി ജൊനാഥൻ ഗ്ലേസറിൻ്റെ അഭിപ്രായങ്ങൾക്ക് കാര്യമായ പിന്തുണ ലഭിച്ചിരുന്നു. അധിനിവേശത്തെ ന്യായീകരിക്കാൻ യഹൂദമതവും ഹോളോകോസ്റ്റും കൃത്രിമമായി ഉപയോഗിക്കുന്നതിനെതിരെ സംസാരിച്ചതിന് അവർ പ്രശംസിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ന്യായീകരിക്കുന്നതിനായി സാധാരണക്കാരുടെ ജീവിതം ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.

2014-ൽ സാഹിത്യകാരൻ മാ‍ർട്ടിൻ ലൂയിസ് ആമിസ് എഴുതിയ നോവലിന്റെ ഒരു ദൃശ്യാവിഷ്കാരമാണ് ദ സോൺ ഓഫ് ഇന്ററസ്റ്റ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതൻമാരെ കൊന്നൊടുക്കിയിരുന്ന ഹിറ്റ്ലറിന്റെ ജ‍ർമ്മനിയിലെ ഒഷ്വിറ്റ്സ് ആണ് ദ സോൺ ഓഫ് ഇന്ററസ്റ്റിന്റെ പശ്ചാത്തലം. യുദ്ധസമാനമായ അന്തരീക്ഷത്തിൽ വളരെ സമാധാനത്തോടെയും സന്തോഷ‍ത്തോടെയും ജീവിക്കുന്ന ഒരു എസ് എസ് ഉ​ദ്യോ​ഗസ്ഥനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. രണ്ട് വിപരീത സാഹചര്യങ്ങളെ ഒരു നൂലിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍