കാശി വിശ്വനാഥ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനായി നിരവധി പോലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. നാല് കാവടങ്ങളിലായി നിലഉറപ്പിച്ചിരിക്കുന്ന സേനക്ക് ഇനി മുതൽ യൂണിഫോം ഉണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ ക്ഷേത്ര പൂജാരിമാർക്ക് സമാനമായി നെറ്റിയിൽ തിലകം ചാർത്താനും ധോതിയും കുർത്തയും ധരിച്ചായിരിക്കും പോലീസുകാർ ഡ്യൂട്ടിക്ക് എത്തേണ്ടത്.
ക്ഷേത്രത്തിലുള്ള പോലിസ് സംരക്ഷണം ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
15 ദിവസത്തെ ട്രയൽ കാലയളവിലേക്കാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പിന്നീട് അത് അവലോകനം ചെയ്യുമെന്നും വാരണാസി പോലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു. 2018-ലും ഈ രീതി പരീക്ഷിച്ച് നോക്കിയെങ്കിലും ട്രയൽ കാലയളവിനുശേഷം നിർത്തലാക്കുകയായിരുന്നു.
നിലവിൽ, ക്ഷേത്രത്തിന്റെ നാല് കവാടങ്ങളിൽ നിലയുറപ്പിച്ച നാല് പുരുഷ പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ധോത്തിയും കുർത്തയും ധരിച്ചിരുന്നതെന്നും എന്നാൽ അവരോടൊപ്പമുള്ള നാല് വനിതാ പോലീസുകാരും ഉടൻ കുർത്ത ധരിച്ച് തുടങ്ങുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഗേറ്റിന് 15 മീറ്റർ അകലെ കൂടുതൽ പോലീസുകാർ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അവർ കാക്കി യൂണിഫോം ആണ് ധരിക്കുന്നത്.
ഈ ആഴ്ച ആദ്യം മുതൽ ആരംഭിച്ച പുതിയ മാറ്റങ്ങളിൽ പ്രതിപക്ഷം വലിയ വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എക്‌സ് പോസ്റ്റിൽ “ഏത് പോലീസ് മാനുവൽ പ്രകാരമാണ് പോലീസുകാർ പുരോഹിത വേഷം ധരിക്കുന്നത്? ഇത്തരം ഉത്തരവുകൾ നൽകുന്നവരെ സസ്പെൻഡ് ചെയ്യണം. നാളെ ഏതെങ്കിലും കൊള്ളക്കാരൻ ഇത് മുതലെടുത്ത് നിരപരാധികളായ പൊതുജനങ്ങളെ കൊള്ളയടിച്ചാൽ യുപി സർക്കാരും ഭരണകൂടവും എന്ത് മറുപടി നൽകും? അപലപനീയം!” എന്ന് കുറിച്ചു.
തിരക്കും, നീണ്ട ക്യൂവും പരിഹരിക്കാനായി വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സൗഹൃദപരമായ പെരുമാറ്റം പ്രകടിപ്പിക്കണമെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ക്ഷേത്രത്തിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി സമഗ്രമായ ത്രിദിന ആശയവിനിമയ നൈപുണ്യ പരിശീലന പരിപാടിയും നടന്നുവരുന്നു.
ക്ഷേത്രത്തിനകത്ത് ഭക്തർക്ക് വഴികാട്ടുന്നതിന് ക്യൂ നിൽക്കുന്ന പ്രദേശം കയറുകൾ ഉപയോഗിച്ച് വേർതിരിക്കുമെന്ന് പോലീസ് മേധാവി അഗർവാൾ പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി വിവിധ റാങ്കുകളിലുള്ള 800 ഓളം പോലീസുകാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്, ഏത് സമയത്തും ഏകദേശം 250 പേരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്.