UPDATES

ഓഫ് ബീറ്റ്

മാനവികതയ്ക്കു വേണ്ടി ഉയര്‍ന്ന ശബ്ദം; യോസ എഴുത്ത് നിര്‍ത്തുമ്പോള്‍…

                       

പെറുവിന്റെ സാമൂഹ്യ ജീവിതത്തെയും, അധികാര വര്‍ഗ്ഗത്തിന്റെ ഇടപെടലുകളെക്കുറിച്ചും ലോകത്തോട് സംസാരിച്ച നൊബേല്‍ സമ്മാന ജേതാവായ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ തന്റെ സാഹിത്യ ജീവിത്തിന് അടിവരയിടാനാരുങ്ങുന്നു. ഫിഡല്‍ കാസ്‌ട്രോയുടെയും ക്യൂബയിലെ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പ്രധാന വിമര്‍ശകനായിരുന്നു 87-കാരനായ മരിയോ വര്‍ഗാസ് യോസ.

തന്റെ തുറന്ന കാഴ്ചപ്പാടുകള്‍ക്കു പേരുകേട്ട അദ്ദേഹം സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കാസ്‌ട്രോയുടെ ഭരണത്തിന്‍ കീഴിലുള്ള ക്യൂബയിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അഭാവത്തെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും നിരന്തരം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു പോന്നിരുന്ന എഴുത്തുകാര്‍ വിരളമായിരുന്നു.

ലിംഗ സമത്വം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പെറുവിലെ പൗരന്മാരോട് നിരന്തരം എഴുത്തിലൂടെ സംവദിച്ച യോസെ പ്രഖ്യാപിച്ചിരിക്കുന്നത്, തന്റെ ഏറ്റവും പുതിയ നോവല്‍ താനെഴുതുന്ന അവസാനത്തെ പുസ്തകമായിരിക്കുമെന്നാണ്. ഏഴ് പതിറ്റാണ്ട് നീണ്ട സാഹിത്യ സപര്യക്കാണ് ഈ പ്രഖ്യാപനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണെങ്കില്‍ തിരശീല വീഴുന്നത്. ‘ഐ ഗിവ് യു മൈ സൈലന്‍സ് (Le dedico mi silencio) എന്ന പുതിയ പുസ്തകത്തിന്റെ പോസ്റ്റ് സ്‌ക്രിപ്റ്റില്‍ ഈ പുസ്തകം പൂര്‍ത്തിയാക്കാനായതായും, എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ജീന്‍പോളിനെ കുറിച്ചുള്ള ഉപന്യാസം അവസാനത്തേതാണെന്നും അദ്ദേഹം പറയുന്നു.

”എനിക്ക് 87 വയസ്സുണ്ട്, ഞാന്‍ ശുഭാപ്തിവിശ്വാസിയാണെങ്കിലും, ഒരു പുതിയ നോവലിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് കരുതുന്നില്ല. ഒരു പുസ്തകമെഴുതാന്‍ എനിക്ക് മൂന്നോ നാലോ വര്‍ഷം വേണ്ടി വരുാറുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും ജോലി നിര്‍ത്തില്ല, അവസാനം വരെ തുടരാനുള്ള ശക്തി എനിക്കുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യോസ പറയുന്നു. പെറുവിയന്‍-സ്പാനിഷ് ഇരട്ട പൗരത്വമുള്ള മരിയോ വര്‍ഗാസ് യോസ, മാഡ്രിഡിലാണ് താമസിക്കുന്നത്.

എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ പ്രതിഭാസത്തിലെ അവസാനത്തെ അംഗം കൂടിയാണ് അദ്ദേഹം. 1960 കളിലെയും 1970 കളിലെയും എഴുത്തുകാരായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ രചനകള്‍ ലോകത്തെ പരിചയപ്പെടുത്തിയ പ്രതിഭാസമാണ് എല്‍ ബൂം. തന്റെ ആദ്യ പുസ്തകമായ ലാ സിയുഡാഡ് വൈ ലോസ് പെറോസില്‍ 1950 കളുടെ തുടക്കത്തില്‍ താന്‍ പഠിച്ച ക്രൂരമായ ലിമ മിലിട്ടറി അക്കാദമിയുടെയും വംശീയവും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വിഭജനങ്ങളാല്‍ ചുറ്റപ്പെട്ട പെറുവിന്റെയും സൂക്ഷ്മരൂപമായി അദ്ദേഹം വിവരിച്ചു. രാഷ്ട്രീയമോ സൈനികമോ വംശീയമോ സാമ്പത്തികമോ സാമൂഹികമോ ലൈംഗികമോ ആയ വിഷയങ്ങളും, അധികാരത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും യോസ തന്റെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്.

എഴുത്തുകാരനപ്പുറം, രാഷ്ട്രീയപ്രവര്‍ത്തകന്‍, കോളേജ് അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. 1990-ല്‍ പെറുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പായ എ ഫിഷ് ഇന്‍ ദി വാട്ടര്‍ (1993)-ല്‍, ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരണത്തിന്റെയും 1990-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന്റെയും കഥ അദ്ദേഹം പറയുന്നുണ്ട് . സമ്പദ്വ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ പങ്കില്‍ നിരാശനായ യോസ പകരം സ്വതന്ത്ര വിപണി പരിഷ്‌കരണവും, പെറുവിനെയും രാജ്യത്തെ ജനങ്ങളെയും മോചിപ്പിക്കാനുള്ള അഭിലാഷവും പ്രകടിപ്പിച്ചിരുന്നു. അനീതി, അടിച്ചമര്‍ത്തല്‍, വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കല്‍ എന്നിവയ്ക്കെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട് യോസ. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി യോസയുടെ രചനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യത്തിലൂടെയുള്ള രാഷ്ട്രീയവും സാമൂഹികവുമായ വ്യാഖ്യാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അദ്ദേഹത്തെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ മാത്രമല്ല, മാനവികതക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യ സ്നേഹികൂടിയാക്കി മാറ്റിയിരുന്നു. പച്ചവീട് (ദ ഗ്രീന്‍ ഹൗസ്), നായകന്റെ കാലം (ദ ടൈം ഒഫ് ദ ഹീറോ) എന്നീ നോവലുകളിലൂടെ പ്രസിദ്ധിയിലേയ്ക്ക് കുതിച്ചുയര്‍ന്ന യോസ കത്തീഡ്രലിനുള്ളില്‍ നടന്ന സംഭാഷണം (കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍), ലോകാവസാനത്തിന്റെ യുദ്ധം (വാര്‍ ഒഫ് ദ എന്‍ഡ് ഒഫ് ദ വേള്‍ഡ്) തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയിരുന്നു

 

Share on

മറ്റുവാര്‍ത്തകള്‍