UPDATES

കേരളം

കെ.കെ.ഷാഹിനയ്ക്ക് അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി

                       

കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിനയ്ക്ക്. അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. ഭരണകൂടങ്ങളുടെ മര്‍ദ്ദനങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേര്‍ണലിസ്റ്റുകളെ അന്തര്‍ദ്ദേശീയ തലത്തില്‍ ആദരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തെ പുരസ്‌കാര ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഷാഹിന കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആയുധമായി ഉപയോഗിക്കുന്ന ഒരു നിര്‍ദ്ദയ നിയമമായ ഭീകര വിരുദ്ധ കുറ്റം ചുമത്തപ്പെട്ട രാജ്യത്തെ ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയാണന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാണിച്ചു. സംശയാസ്പദമായൊരു പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഭരണകൂടം ഈ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള കുറ്റമാക്കാന്‍ ശ്രമിച്ചു. 2010-ല്‍ ആരംഭിച്ച ഒരു കേസിന്റെ വിചാരണ കാത്തിരിക്കുകയാണ്. എങ്കിലും ഷാഹിന തന്റെ റിപ്പോര്‍ട്ടിംഗ് തുടരുന്നു. വിചാരണ പൂര്‍ത്തിയാകാത്ത കേസില്‍ 2023 ജൂണ്‍ വരെ ഷാഹിനയ്ക്ക് ജാമ്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. കുറ്റക്കാരിയെന്നാണ് കോടതി കണ്ടെത്തുന്നതെങ്കില്‍ പരമാവധി മൂന്നുവര്‍ഷം തടവും പിഴയും ഷാഹിനയ്ക്ക് വിധിക്കും. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലജാതി വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാന്‍, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറിയുടെ വിലയിരുത്തലില്‍ പറയുന്നുണ്ട്.

തോഗോയില്‍ നിന്നുള്ള ഫെര്‍ഡിനാന്റ് അയീറ്റേ, ജോര്‍ജിയന്‍ ജേണലിസ്റ്റ് നിക ജരാമിയ, മെക്സിക്കോയില്‍ നിന്നുള്ള മരിയ തെരേസ മൊണ്ടാനോ എന്നിവരാണ് കെ.കെ.ഷാഹിനകയ്ക്കൊപ്പം ഈ വര്‍ഷത്തെ പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടും മാധ്യമ സ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഈ ജേണലിസ്റ്റുകള്‍ ധീരമായി ജോലി ചെയ്തുകൊണ്ടേയിരിക്കുന്നുവെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളേയും തട്ടിക്കൊണ്ട് പോകലുകളേയും നാടുകടത്തലുകളേയും വര്‍ദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങളേയും അതിജീവിച്ച് ഈ നിര്‍ണായക സന്ധിയില്‍ സ്വതന്ത്ര റിപ്പോര്‍ട്ടിങിനെ ധീരമായി മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഇവര്‍.

‘മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്തും ജേണലിസ്റ്റുകള്‍ മുന്നോട്ട് വരികയും സുപ്രധാന വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്നുണ്ട്. – കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റിന്റെ പ്രസിഡന്റ് ജോഡീ ഗിന്‍സ്ബര്‍ഗ് പറഞ്ഞു. ‘നിശബ്ദരാക്കാനുള്ള സര്‍വ്വ ശ്രമങ്ങളേയും അതിജീവിച്ച് അഴിമതിയും ഭരണകൂടങ്ങളുടെ അതിക്രമങ്ങളും ദുര്‍പ്രവര്‍ത്തികളും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ധീരരായ മാധ്യമപ്രവര്‍ത്തകരാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയാണത്. അവരെ അംഗീകരിക്കാന്‍ കഴിഞ്ഞത് വളരെ പ്രധാനമാണ്.’- ജോഡി ഗിന്‍സ്ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാലിനി സുബ്രഹ്‌മണ്യന്‍ (2016), ഡല്‍ഹിയിലെ വിഖ്യാത ഫ്രീലാന്‍സ് ജേണലിസ്റ്റായ നേഹ ദീക്ഷിത് (2019) എന്നിവര്‍ക്കാണ് ഇതിന് മുമ്പ് അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

രണ്ടര ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ മാധ്യമ രംഗത്ത് കെ കെ ഷാഹിന എന്ന മലയാളി മാധ്യമപ്രവര്‍ത്തക സജീവമാണ്. കാലാനുസൃതമായ രൂപപപരിണാമങ്ങളില്‍ വാര്‍ത്തകള്‍ക്കൊപ്പം ചേര്‍ന്നു സഞ്ചരിക്കുന്ന ജേര്‍ണലിസ്റ്റ്. പത്രപ്രവര്‍ത്തനത്തില്‍ തുടങ്ങി, ഇന്ത്യന്‍ വാര്‍ത്താ ചാനല്‍ യുഗത്തിന്റെ ആരംഭത്തില്‍ അതിനൊപ്പവും സജീവമായി, ഇപ്പോള്‍ മള്‍ട്ടി മീഡിയ ജേര്‍ണലസിത്തിന്റെ മുഖ്യധാര മുഖമായും മാറിയ റിപ്പോര്‍ട്ടര്‍. ഒരു മാധ്യമപ്രവര്‍ത്തകയുടെ സാമൂഹികമായ ഉത്തരവാദിത്വം വെല്ലുവിളിയായി ഏറ്റെടുത്ത പ്രൊഫഷണല്‍ എന്ന് ഷാഹിനയെ വിശേഷിപ്പിക്കുന്നത് അവരുടെ ഇതുവരെയുള്ള മാധ്യമപ്രവര്‍ത്തനം അടിസ്ഥാനമാക്കിയാണ്. എന്താണ് താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു ജേര്‍ണലിസ്റ്റ്. ഷാഹിനയുടെ സ്റ്റോറികള്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാണ്. സവര്‍ണ-പുരാഷാധിപത്യങ്ങള്‍ സവിശേഷാധികാരം കയ്യാളുള്ള ഇന്ത്യന്‍ മാധ്യമമേഖലയില്‍ ഷാഹിന ഇടം പിടിക്കുന്നത്, താന്‍ ചെയ്യുന്ന തൊഴില്‍ ജനമുന്നേറ്റത്തിനുതകുന്നൊരു വിപ്ലവപ്രവര്‍ത്തനമെന്ന നിലയില്‍ കൂടി അവര്‍ പരിഗണിക്കുന്നതുകൊണ്ടാണ്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി, ലിംഗസമത്വത്തിനു വേണ്ടി, മനുഷ്യന്റെ തുല്യതയ്ക്കുവേണ്ടി അവര്‍ എഴുതുന്നു. ഭരണകൂട ഫാസിസത്തിനെതിരേ തന്റെ ജോലി ചെയ്യാന്‍ മടിക്കുന്നില്ല, ഭയത്തിന്റെ രാജ്യം സ്ഥാപിക്കപ്പെടാതിരിക്കാനും, ഒരു സ്വേച്ഛാധിപതിക്ക് സിംഹാസനം ഒരുക്കപ്പെടാതിരിക്കാനും ഒരു ജേര്‍ണലിസ്റ്റിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിന്റെ പ്രസ്താവനകള്‍ കൂടിയാണ് ഷാഹിനയുടെ റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഓട്ട്‌ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ ആയ ഷാഹിനയുടെ കരിയര്‍ വളര്‍ച്ച അവരുടെ തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷമാണ് ജേര്‍ണലിസം പഠിക്കാന്‍ കേരള പ്രസ് അക്കാദമിയില്‍ ചേരുന്നത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോയില്‍ പി ജി ഡിപ്ലോമയും കരസ്ഥമാക്കിയശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇഗ്നോയില്‍ നിന്നും പി ജി ഡിപ്ലോമ കൂടി ഷാഹിന തന്റെ അക്കാദമിക് നേട്ടത്തില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യയില്‍ വാര്‍ത്ത ചാനലുകള്‍ക്ക് തുടക്കം കുറിച്ച ഏഷ്യനെറ്റിലെ പ്രഥമഗണനീയരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് കെ കെ ഷാഹിന. വാര്‍ത്തകളുടെ ദൃശ്യസാക്ഷാത്കാരത്തിന് അനന്യമായൊരു അവതരണരൂപമൊരുക്കി ഏഷ്യാനെറ്റിന് ഇന്ത്യന്‍ മാധ്യമ ലോകത്ത് മുന്‍നിര സ്ഥാനം നേടാന്‍ സബ് എഡിറ്ററില്‍ നിന്നും ന്യൂസ് എഡിറ്റര്‍വരെ എത്തിയ ഈ മാധ്യമപ്രവര്‍ത്തകയും പങ്കാളിത്തം വഹിച്ചു. 1997 മുതല്‍ 2007 വരെ, ഒേരു ദശാബാദക്കാലം അവര്‍ ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്നു. ചാനലിന് അഭിമാനിക്കാവുന്ന പ്രൗഢവും നീതിയുക്തവുമായ ഒരു ചരിത്രത്തകാലത്തില്‍ അവതാരക, റിപ്പോര്‍ട്ടര്‍, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എന്നീ ചുമതലകള്‍ വഹിച്ച ഷാഹിന, മത്സരാധിഷ്ഠിത വ്യവസായമായി ചാനലുകള്‍ മാറിയിരിക്കുന്ന വര്‍ത്തമാന കാലത്ത് മാധ്യമ പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ നൈതികത ഓര്‍മപ്പെടുത്തുന്നു.

ചാനല്‍ ജേര്‍ണലിസത്തില്‍ നിന്നും മാറി ഷാഹിന, അടുത്ത തന്റെ തൊഴില്‍ തട്ടകമായി തെരഞ്ഞെടുത്തത് ജനയുഗം പത്രമായിരുന്നു. ജനയുഗം നാഷണല്‍ ബ്യൂറോ ചീഫ് എന്ന പദവി ഒരു വര്‍ഷം വഹിച്ചു. ഇക്കാലയളവില്‍ ദേശീ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആഴ്ച്ചക്കോളം ശ്രദ്ധേയമായിരുന്നു.

2010 ല്‍ തെഹല്‍കയുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും കെ കെ ഷാഹിന ദേശീയതലത്തിലേക്ക് ചുവട് വയ്ക്കുന്നത്. കെ കെ ഷാഹിന എന്ന ബൈലൈന്‍ തെഹല്‍കയ്ക്കു വേണ്ടിയുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ദക്ഷിണേന്ത്യയുടെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള അവരുടെ റിപ്പോര്‍ട്ടുകള്‍ കൂടതലായി വായിക്കപ്പെട്ടതിനൊപ്പം ചര്‍ച്ചകളുമുണ്ടാക്കി. തമിഴ് ഗ്രാമങ്ങള്‍ പാലിച്ചുപോന്നിരുന്ന ക്രൂരമായൊരു ആചാരമായ ‘ തലൈകുത്തലി’നെ കുറിച്ചുള്ള ഷാഹിനയുടെ റിപ്പോര്‍ട്ട് അവര്‍ക്ക് 2010 ലെ മികച്ച വനിത റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരം നേടിക്കൊടുത്തു. ഈ റിപ്പോര്‍ട്ട് ഷാഹിനയെ രാജ്യാന്തര ശ്രദ്ധയിലുമെത്തിച്ചു. പല അന്താരാഷ്ട്ര അക്കാദമിക് ജേര്‍ണലുകളിലും ഷാഹിനയുടെ ‘ തലൈകുത്തല്‍’ റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെട്ടു.

ഒരു ദേശീയ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അംഗീകാരങ്ങള്‍ക്കൊപ്പം വെല്ലുവിളികളും ഷാഹിനയെ തേടിയെത്തി. എന്നാലവര്‍ നിശബ്ദയാകാനോ, അപര താത്പര്യങ്ങളോട് സന്ധി ചെയ്യാനോ തയ്യാറായില്ല. അതുകൊണ്ട് തന്നെ ധീരയായ ജേര്‍ണലിസ്റ്റ് ആയി അവര്‍ അടയാളപ്പെട്ടു. ഭരണകൂടത്തിന്റെ ഭീഷണകള്‍ക്കും, ഇന്ത്യന്‍ മാധ്യമലോകത്തെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് പ്രതികാരങ്ങളോടും അവര്‍ക്ക് പൊരുതേണ്ടി വന്നു. ഇന്ന് ഇന്ത്യന്‍ മാധ്യമമേഖലയിലേക്ക് ഏറ്റവും ഭീദിതമായ രൂപത്തില്‍ ഭരണകൂട അധിനിവേശം നടക്കുമ്പോള്‍ ഷാഹിനയെപ്പോലുള്ളവരുടെ പോരാട്ട ചരിത്രം കൂടതലായി വായിക്കേണ്ടതാണ്.

തെഹല്‍കയില്‍ നിന്നും ഓപ്പണ്‍ മാഗസിന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ആകുന്ന ഷാഹിന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം റിപ്പോര്‍ട്ട് ചെയ്തു. രാജീവ്ഗാന്ധി വധക്കേസില്‍ മുതല്‍ കേരളത്തിലെ ആദിവാസി ഗ്രാമങ്ങളില്‍ നടക്കുന്ന ആര്‍ത്തവ വിവേചന സമ്പ്രദായങ്ങളില്‍ വരെ ആ മാധ്യമപ്രവര്‍ത്തകയുടെ അന്വേഷണത്വരത കടന്നുചെന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്താ സങ്കേതമായി മാറിയ കാലത്ത്, ആ മേഖലയിലും തന്റെ പ്രവര്‍ത്തക മികവ് തെളിയിച്ച മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന. ദ ഫെഡറലിന്റെ അസോഷ്യേറ്റ് എഡിറ്ററായിരുന്ന അവര്‍ നിരവധി ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഔട്ട്‌ലുക്കിന്റെ സീനിയര്‍ എഡിറ്റര്‍ പദവിയിലിരിക്കുമ്പോഴും, അടച്ചിട്ട മുറിയില്‍, വിവരസാങ്കേതിക വിദ്യകളുടെ സഹായം തേടിയുള്ള കീ ബോര്‍ഡ് ജേര്‍ണലിസത്തിന്റെ അലസത ഷാഹിനയെ ബാധിച്ചിട്ടില്ലെന്ന് അവരുടെ ഓരോ റിപ്പോര്‍ട്ടുകളും തെളിയിക്കുന്നുണ്ട്. മനുഷ്യന് വേണ്ടിയും സമൂഹത്തിനുവേണ്ടിയുമുള്ള മാധ്യമധര്‍മം നിര്‍വഹിക്കുന്നവര്‍ നടക്കേണ്ട വഴിയില്‍ കൂടി തന്നെയാണ് കെ കെ ഷാഹിന ഇപ്പോഴും ജാഗ്രതയോടെ നടന്നു നീങ്ങുന്നത്.

Share on

മറ്റുവാര്‍ത്തകള്‍