UPDATES

ശാന്തമായി സുന്ദരമായി ജീവിക്കൂ(GVQ)

ഇഷ്ടം പോലെ സമയം ചെലവഴിക്കാനൊരു കഫേ

                       

‘ജി വി ക്യൂ’-ന് മുന്നില്‍ ആദ്യമായി ചെന്നിറങ്ങുമ്പോള്‍ എന്നെ വരവേറ്റത് ഒരു കൊച്ചു കവാടമാണ്. നഗരത്തിന്റെ ചൂടില്‍ നിന്നുള്ള രക്ഷപെട്ട അനുഭൂതിയായിരുന്നു ഉള്ളിലേക്ക് കടന്നപ്പോള്‍. മരങ്ങളും ചെടികളും നിറഞ്ഞ, വലിയ കല്ലുകള്‍ പാകിയ നടപ്പാതയിലൂടെ തിരക്കും ബഹളങ്ങളുമില്ലാത്ത ശാന്തസുന്ദരമായ അന്തരീക്ഷത്തിലേക്കാണ് എന്നെയെന്നപോലെ ജി വി ക്യൂ നിങ്ങളെയും സ്വാഗതം ചെയ്യുക. ജീവിതത്തിന്റെ മടുപ്പിക്കുന്ന തിരക്കുകളില്‍ നിന്നു രക്ഷപെടലാണ് ആ ആഗ്രഹിക്കുന്നതെങ്കില്‍ വരു ഈ കഫേയിലേക്ക്.. പേര് പോലെ തന്നെ ‘ജീവിക്കൂ’; ശാന്തമായി, സുന്ദരമായി എന്ന് തന്നെയാണ് ഇവര്‍ നമ്മളോട് പറയുന്നത്.

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കൊച്ചിയിലൊരു കഫേ. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്രയും സമയം ചെലവഴിക്കാം. സമാധാനമായി ജോലി ചെയ്യാം, പ്രകൃതിയുടെ ശാന്തതയിലും കുളിര്‍മയിലും ഒറ്റയ്ക്ക് ഇരുന്ന് ഒരു പുസ്തകം ആസ്വദിക്കാം… ഇവിടെയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നു; ജീവിതം എത്ര ശാന്തമാണ്! തികച്ചും വ്യത്യസ്തമായ, ഉന്മേഷദായകമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഒരു കൊച്ചു കഫേയാണ് ജിവിക്യൂ. ഇതിന്റെ അമരക്കാരിയായ ആതിര മോഹന്‍ മനസ്സില്‍ ഏറെ കാലം കൊണ്ട് നടന്ന ഒരു സ്വപ്നമാണിത്. ഇന്ന് ആ സ്വപനം അതിന്റെ മനോഹാരിതയില്‍ തന്നെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഈ യുവതി. തന്റെ ജി വി ക്യൂ അഥവ ജീവിത യാത്രയെക്കുറിച്ച് പറയുകയാണ് ആതിര.

ആര്‍ട്ടില്‍ നിന്നും ആഹാരത്തിലേക്ക്…

‘2020-ല്‍ കൊറോണ കാലത്താണ് ഒരു കഫേ തുടങ്ങണം എന്ന ഏറെ നാളായുള്ള സ്വപ്നം കാര്യമായി എടുക്കുന്നത്. ചെറുപ്പം മുതലേയുള്ള സ്വപ്നമാണ് ഒരു കഫേ. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ വാങ്ങിയ സ്ഥലത്താണ് ജി വി ക്യൂ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 2020 വരെ ഇതെനിക്കൊരു ഒരു സ്വപ്നം മാത്രമായിരുന്നു. ആ സമയത്ത് എ ഒ എം സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു മീഡിയ പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നുണ്ട്. കൊറോണക്കാലം എല്ലാവര്‍ക്കുമെന്നപോലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്റെ സംരംഭത്തെയും മോശമായി ബാധിച്ചു. ആര്‍ട് ഈസ് ലക്ഷ്വറി. അങ്ങനെയൊരു കെട്ടകാലത്ത് മനുഷ്യര്‍ക്ക് മറ്റൊന്നും ആലോചിക്കാനോ ആസ്വദിക്കാനോ കഴിയില്ലായിരുന്നല്ലോ. ഇനിയെന്തു ചെയ്യുമെന്ന ചിന്തയിലാണ് ജി വി ക്യൂ എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാമെന്ന തീരുമാനത്തിലെത്തുന്നത്.

അവിടം മുതല്‍ ഞാന്‍ ഇതിന്റെ പിറകിലായിരുന്നു. എന്നെ സംബന്ധിച്ച് കഫേ തുടങ്ങുന്നതിനെ പറ്റി ഒരുപാട് പഠിക്കാനുണ്ടായിരുന്നു. എറണാകുളത്തെ ഒരുവിധം എല്ലാ കഫേകളും ഞാന്‍ കണ്ടിട്ടുണ്ട്. ഈയൊരു ബിസിനസിനെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. കലയാണ് എന്റെ മേഖല, അതുമായി യാതൊരു വിധ ബന്ധവുമില്ലാത്ത മേഖലയാണ് ഭക്ഷണം. ഒരു പാട് പഠിച്ചതിന് ശേഷമാണ് ഞാന്‍ ഇതിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കൊച്ചിയിലെ ഒരു ഭൂരിഭാഗം കഫേകളിലും ഞാന്‍ ഒരു പാടുതവണ കയറി ഇറങ്ങി നടന്നിട്ടുണ്ട്. എങ്ങനെയാണ് ഇതുപോലൊരു സംരംഭം തുടങ്ങുക എന്നൊന്നും ഒരറിവുമില്ലായിരുന്നു. എങ്കിലും, ഇത് തുടങ്ങുമെന്ന പൂര്‍ണബോധ്യം എനിക്കുണ്ടായിരുന്നു. അതിന് വേണ്ടി കുറച്ച് നാളുകള്‍ വെയ്റ്ററസ് ആയൊക്കെ ഒരു കഫേയില്‍ ജോലി ചെയ്തിട്ടുണ്ട്. കൂടുതലായും ഞാന്‍ നിരീക്ഷിച്ചിരുന്നത് കഫേയുടെ പ്രവര്‍ത്തന രീതികള്‍ സ്റ്റോക്ക് എടുക്കുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു. അന്നൊക്കെ ഇതിനെ പറ്റിയൊന്നും എനിക്ക് യാതൊരു അറിവുമില്ലായിരുന്നു.

ഒരു കഫേയിലെ ‘ബുദ്ധിമുട്ടികള്‍’

ഓരോ കഫേകളും സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ തരക്കേടില്ലാത്ത ഒരു തുക എന്റെ കയ്യില്‍ നിന്ന് ചെലവാകും. കഫേ തുടങ്ങുന്നതിന്റെ മുന്നോടിയായുള്ള റിസര്‍ച്ചിന്റെ ഭാഗമായി മറ്റ് കഫേകളില്‍ പോകുമ്പോള്‍, അവിടെയിരുന്ന് ജോലി ചെയ്യുകയെന്നത് ശീലമായിരുന്നു. എന്നാല്‍ ആരെങ്കിലും എപ്പൊഴും വന്ന് എന്തെങ്കിലും ചോദിച്ച് കൊണ്ടിരിക്കും. ചിലപ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ വേണോ എന്നായിരിക്കും, അല്ലെങ്കില്‍ ബില്‍ എടുക്കട്ടേ എന്നായിരിക്കും. എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാതെ അവിടെ ഇരിക്കുന്നത് എങ്ങനെയാണ് എന്നായിരിക്കും ഓരോരുത്തരെയും അലട്ടുന്ന കാര്യം. അതുകൊണ്ട് ജ്യൂസോ, കോഫിയോ, അങ്ങനെയെന്തെങ്കിലും ഓഡര്‍ ചെയ്യും. അതാകട്ടെ പതുക്കെ ആയിരിക്കും കുടിച്ച് തീര്‍ക്കുക, എങ്കിലെ കുറച്ച് സമയമെങ്കിലും അവിടെ ഇരിക്കാന്‍ സാധിക്കൂ. ഇത്തരം ആലോചനകളൊക്കെ നടന്നിരുന്നുവെങ്കിലും, എന്റെ കഫേയില്‍ അത്തരം ബുദ്ധിമുട്ടുകള്‍ കസ്റ്റമേഴ്സിന് ഉണ്ടാകാതിരിക്കാനുള്ള ആശയമൊന്നും മനസിലുണ്ടായിരുന്നില്ല. ആ സമയത്ത് ജി വി ക്യൂ-ന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള സമയം

ഒരു ദിവസം സുഹൃത്തുമായി ഒരു കഫേയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. കുറച്ച് എക്സ്പെന്‍സീവ് ആയ കഫേയാണ്. ‘ഇപ്പോള്‍ ഒരു ചിക്കന്‍ പഫ്‌സ് കഴിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍, നമ്മുടെ ഇഷ്ടത്തിന് ഇഷ്ടമുള്ളിടത്ത് ഇരുന്ന് കഴിക്കാമല്ലോ’ സുഹൃത്ത് തന്റെ ആഗ്രഹം പറയുമ്പോഴാണ്, ഈ ആശയം ജി വി ക്യൂ-ല്‍ പരീക്ഷിച്ചു കൂടാ എന്നൊരു ചോദ്യം എന്റെയുള്ളില്‍ വരുന്നത്. ആരും ശല്യപ്പെടുത്താതെ, നമുക്ക് ആവശ്യമുള്ള സമയത്ത്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഒരു കഫേയില്‍ ചെലവിടാന്‍ കഴിഞ്ഞാല്‍! ആ ആശയമാണ് ജി വി ക്യൂവിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

ജീവിക്കൂ അഥവ GVQ

ജി വി ക്യൂ എന്ന പേര് ആദ്യമേ ആലോചിച്ച് വച്ചിരുന്നതാണ്. അത് സത്യത്തില്‍ ഈ കഫേ നില്‍ക്കുന്ന സ്ഥലം മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. ഇവിടെ മുഴുവന്‍ മരങ്ങളാണ്, ഇതെല്ലാം നിലനിര്‍ത്തി കൊണ്ടുള്ള ഒരു പ്ലാന്‍ ആയിരുന്നു എന്റെ മനസില്‍. ഇതിനോട് ചേര്‍ന്ന് ഒരു ഓര്‍ഗാനിക് ഫാം കൂടി വേണം എന്നുള്ളത് നിര്‍ബന്ധം ആയിരുന്നു. അത് അച്ഛനില്‍ നിന്ന് ലഭിച്ചതാണ്. ഓര്‍ഗാനിക് ഫാര്‍മിംഗ് ഒക്കെ കുറച്ച് ഇഷ്ടമുള്ള വ്യക്തിയാണ് അച്ഛന്‍. ജീവിക്കൂ എന്ന മലയാളം രീതിയില്‍ തന്നെയാണ് ജി വി ക്യൂ എന്ന പേര് കൊടുത്തത്. ടു ലിവ് എന്ന ആശയമാണ് ഞങ്ങള്‍ ഓരോരുത്തര്‍ക്ക് മുന്നിലേക്കും വയ്ക്കുന്നത്. മുഴുവനായും ഒരു പച്ച നിറത്തിലുള്ള തീമിലാണ് ജി വി ക്യൂ ചെയ്തെടുത്തിരിക്കുന്നത്. അകത്തും പുറത്തും പച്ചയും വെള്ളയുമാണ് ഉപയോഗിച്ചതിരിക്കുന്നത്. ഇവിടെയുള്ള ഓരോ സാധനവും കസ്റ്റമൈസ്ഡ് ആണ്. ഭാവിയില്‍ ഫാമില്‍ നിന്നുള്ള സാധനങ്ങള്‍ വേണം ജി വി ക്യൂ വില്‍ ഉപയോഗിക്കാന്‍ എന്നാണ് ആഗ്രഹം.

കുറച്ച് സമയമെങ്കിലും സമാധാനമായി ഇരിക്കണോ?

ആദ്യത്തെ ഒരു മണിക്കൂറിനു മാത്രമാണ് 150 രൂപ വാങ്ങിക്കുന്നത്. അത്രയും സമയം കുക്കീസും ബീവറേജസും അണ്‍ലിമിറ്റഡ് ആണ്. ആദ്യ മണിക്കൂറില്‍ കസ്റ്റമേഴ്സിന് ജി വി ക്യൂ സ്പെഷ്യല്‍ ‘ക്രെപ്പ്’ ലഭിക്കും. ഒരു മീറ്റിംഗിന് വേണ്ടിയോ, സുഹൃത്തുക്കളുടെ കൂടെ സമയം ചിലവഴിക്കാനോ, കപ്പിള്‍സ് ആയി ഇരിക്കണമെങ്കിലോ ഇവിടെ വരാം. ഇവിടെ നിന്നു എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമല്ലോ എന്നാലോചിച്ച് ടെന്‍ഷന്‍ ആകേണ്ടതുമില്ല. കുറച്ച് സമയം സമാധനമായി ഒറ്റയ്ക്ക് ഇരിക്കണമെങ്കിലും ഇവിടേയ്ക്കു വരാം. ഇവിടെ ഇരിക്കുന്നതിന്, ഇവിടെ നിന്നെന്തെങ്കിലും വാങ്ങണമെന്ന നിര്‍ബന്ധവുമില്ല. എന്തെങ്കിലും കഴിക്കാന്‍ തോന്നുകയാണെകില്‍, ഇവിടെ ഒരു ഫുഡ് മെനു ഉണ്ട്, അതില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത് കഴിക്കാം, അല്ലെങ്കില്‍ പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്യാം. അതുമല്ലെങ്കില്‍ വീട്ടില്‍ നിന്ന് കൊണ്ടു വരാം. പുറത്ത് നിന്ന് ഫുഡ് കൊണ്ടുവന്നാല്‍ ഞങ്ങള്‍ അത് പ്ലേറ്റ് ചെയ്തും കൊടുക്കുന്നതായിരിക്കും.

ജി വി ക്യൂ-ന്റെ ആശയം എന്റെ മനസില്‍ വിരിഞ്ഞതാണെങ്കിലും, അത് പ്രാവര്‍ത്തികമാക്കാന്‍ എന്നെ സഹായിച്ച മൂന്ന് പേരുണ്ട്. അലന്‍ കെ കുര്യന്‍, സുജിത് ടി വി, സോമന്‍ എം എം. അലന്‍ കഫേയില്‍ പൂര്‍ണ സമയം ഉണ്ടാകും. ബാക്കിയുള്ളവര്‍ ഇന്‍വെസ്റ്റേഴ്സ് ആണ്. കഫേയില്‍ പൂര്‍ണ സമയം ചെലവഴിക്കാന്‍ കഴിയാറില്ലെങ്കിലും അവരുടെ പിന്തുണ വലുതാണ്. ഇതുപോലൊരു ആശയത്തില്‍ നിക്ഷേപം ഇറക്കണമെങ്കില്‍ ഈ ആശയത്തെ ഇവര്‍ അത്രയധികം വിലമതിക്കുന്നതുകൊണ്ടായിരിക്കുമല്ലോ! എല്ലാവര്‍ക്കും ഈ ആശയത്തോട് ഉണ്ടായിരുന്ന താല്പര്യവും വിശ്വാസവും, അതായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ചത്.

വരൂ, ഇതാണ് നിങ്ങള്‍ തിരയുന്ന ഇടം…

സത്യം പറഞ്ഞാല്‍, ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ജി വി ക്യൂവിന് ശ്രദ്ധ നേടാനായത്. വിചാരിച്ചതിലും വേഗത്തില്‍ കഫേ എല്ലാവരിലും എത്തി. കുറച്ച് നാള്‍ ഒരു ട്രയല്‍ ആയി കൊണ്ടു പോയി നോക്കാമെന്നായിരുന്നു ആദ്യം മനസിലുണ്ടായിരുന്നത്. പതുക്കെ ആളുകളുടെ സ്വീകാര്യത നേടിയെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രതീക്ഷിച്ചതിനെക്കള്‍ വേഗം ആളുകളിലേക്ക് എത്തുകയും അവര്‍ക്ക് ജി വി ക്യൂ ഒരു സെപ്ഷ്യല്‍ ഇടമായി തോന്നുകയും ചെയ്തു. ഇവിടെ വരുന്ന വരില്‍ അധികവും ഈ ആശയത്തോടുള്ള ആകാംഷയുടെ പുറത്തു വരുന്നതാണ്. കുറച്ചു സമയം സമാധാനമായി ഇരിക്കാനോ, ശാന്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനോ വരുന്ന കസ്റ്റമേഴ്സാണ് പ്രധാനമായും ജി വി ക്യൂ-ല്‍ എത്തുന്നത്. ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും അവരുടെ സമയം അവര്‍ക്ക് അവരുടെതായ രീതിയില്‍ ചെലവഴിക്കാം. അതിന് ഞങ്ങള്‍ ഒരു സ്ഥലം ഒരുക്കുന്നു, അതാണ് ജി വി ക്യൂ. ഇപ്പോഴുള്ള ആകാംഷയുടെ അലയൊലി കഴിഞ്ഞാല്‍ ഞങ്ങളുദ്ദേശിക്കുന്ന ആളുകള്‍ വരും. ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് സ്ഥിരമായി വരുന്ന ആളുകളുണ്ട്. ജോലി ചെയ്യുകയെന്ന ഉദ്ദേശത്തില്‍ വരുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയൊക്കെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യരങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. പുറത്തെ രണ്ട് ഭാഗങ്ങളും ശാന്തമായിരിക്കാന്‍ പാകത്തിലുമാണ്. കൂടാതെ പുസ്തങ്ങകള്‍ വായിക്കാന്‍ വേണ്ടി ചെറിയൊരു വായന ഇടവുമുണ്ട്.

ജി വി ക്യൂ സജ്ജീകരിക്കുമ്പോള്‍, ഇതിനകം ഒരു കാടിന്റെ പശ്ചാത്തലത്തില്‍ വേണമെന്നത് തീരുമാനമായിരുന്നു. അത് കൃത്യമായി തന്നെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ജി വി ക്യൂ ഇതുപോലെ ഒരുക്കിയെടുക്കാന്‍ ഓരോരുത്തരും വളരെ നന്നായി അധ്വാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത് ഇത്രയും ഭംഗിയായി വന്നതും.

കസ്റ്റമേഴ്‌സ് ആണ് ജി വി ക്യൂവിന്റെ എല്ലാം. അതുകൊണ്ട് തന്നെ പരമാവധി അവരെ സംതൃപ്തി പെടുത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. അതിന് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം സര്‍വീസ് ആണ്. കഴിയാവുന്നത്ര എല്ലാവരെയും സംതൃപ്തരാക്കാന്‍ ആണ് ഞങ്ങള്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളത്, അവരുടെ സംതൃപ്തിയിലാണ് ഞങ്ങളുടെ സന്തോഷം. അത് പോലെ തന്നെ അവരുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ് കഴിവതും അത് ഞങ്ങള്‍ വിലക്കെടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ജി വി ക്യൂവില്‍ വരുന്ന എല്ലാവരും സന്തുഷ്ടരാണ് അത് കൊണ്ട് ഞങ്ങളും. ജി വി ക്യൂ വിന്റെ സ്ഥാപക ആതിര മോഹന്റെ വാക്കുകള്‍.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍