UPDATES

‘കേരളത്തിലെ യോഗി ആദിത്യനാഥാണ് കെ സുരേന്ദ്രന്‍’

കേരളത്തില്‍ അധികാരം പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ദളിതരെ മുന്‍ നിര്‍ത്തിയാണ്: വിനീത വിജയന്‍ പ്രതികരിക്കുന്നു

                       

എന്‍ഡിഎ നടത്തുന്ന കേരള പദയാത്രയുടെ പോസ്റ്ററില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് അച്ചടിച്ച് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് ഇട വച്ചിരിക്കുന്നത്. കാര്യങ്ങള്‍ കൈവിട്ട് പോയതിനു പിന്നാലെ എസ്.സി- എസ്ടി ക്കാര്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വാര്‍ത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയില്‍ നിന്ന് ഉടലെടുത്തതാണെന്ന വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തിയിരുന്നു. എന്നാല്‍, പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തില്‍ അഴിമുഖവുമായി സംസാരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വിനീത വിജയന്‍.

ബിജെപിയില്‍ നിന്നോ അവരുടെ നേതാക്കളില്‍ നിന്നോ ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമൊന്നുമല്ല കേരള പദ യാത്രയുടെ നോട്ടീസില്‍ കണ്ടത്. ബിജെപി നേതാക്കളെ ഭരിക്കുന്നത് ബ്രാഹ്‌മണിക്കലായ സവര്‍ണ ജാതി ബോധമാണ്. അക്കാര്യത്തില്‍ യോഗി ആദിത്യനാഥും കെ.സുരേന്ദ്രനും തമ്മില്‍ വ്യത്യാസമില്ല; കേരളത്തിലെ യോഗി ആദിത്യനാഥ് ആണ് കെ. സുരേന്ദ്രന്‍. വര്‍ഗീയവിദ്വേഷവും ജാതി സ്പര്‍ദ്ധയും മത ലഹളകളും ഉണ്ടാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ കേസുകളിലടക്കം പ്രതിചേര്‍ക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017 മാര്‍ച്ചില്‍ മെയിന്‍പൂര്‍കോട്ട് എന്ന ഗ്രാമം സന്ദര്‍ശിക്കുന്നതിനു മുന്‍പ് പറഞ്ഞത് ദളിതരാരെങ്കിലും തന്നെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെങ്കില്‍ സോപ്പുപയോഗിച്ച് കുളിച്ച് ഡിയോഡറന്റ് പുരട്ടിയിട്ടു വേണം വരാന്‍ എന്നായിരുന്നു. രക്തസാക്ഷിയായ ദളിത് ബിസ്എഫ്‌ ജവാന്റെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ തനിക്കിരിക്കാനുള്ള സോഫയും ഫാനും ഒപ്പം കൊണ്ടുപോയ ആളു കൂടിയാണ് യോഗി ആദിത്യനാഥ്.

ബിജെപിയുടെ ഏത് നേതാക്കളുടെ പ്രവര്‍ത്തനം എടുത്തു നോക്കിയാലും ഈ രീതിയിലുള്ള ചിന്താഗതി വളരെ പ്രകടമായി കാണാന്‍ സാധിക്കും. ഇതിന്റെയൊക്കെ കേരള ബിജെപി മാതൃകയാണ് ഫെബ്രുവരി 20 ന് എന്‍ ഡി എ സംസ്ഥാന ചെയര്‍മാനായ കെ.സുരേന്ദ്രന്‍ നയിച്ച കേരള പദ യാത്രയുടെ നോട്ടീസില്‍ ‘ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കളോടൊപ്പം’ എന്ന് പ്രത്യേകമായി എഴുതിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊന്നും ബിജെപിയില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നുമില്ല.

ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ജാതി ചിന്തയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍, പിന്നാക്ക വിഭാഗത്തില്‍ പെടുന്നയാളാണ് കെ. സുരേന്ദ്രനും. അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കും. താന്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ പോസ്റ്റര്‍ ആകുമ്പോള്‍ അത് പരിശോധിക്കാതെ ആയിരിക്കില്ല അദ്ദേഹമത് പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നത്. എന്നിരുന്നാലും ജാതി രാഷ്ട്രീയത്തെ പറ്റി പറയുമ്പോള്‍ ബിജെപിയെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ദളിതര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനുള്ള പ്രത്യേക വിഭാഗങ്ങളുണ്ട്. സംവരണം പോലുള്ള അനുകൂല വിഭാഗീകരണമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച്, പ്രവര്‍ത്തന മണ്ഡലത്തിലുള്ള ഈ ജാതിവിഭാഗീകരണങ്ങള്‍ വിപരീത ഫലങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്. പട്ടിക വിഭാഗത്തില്‍ പെടുന്ന ആളുകള്‍ വേറിട്ട് നിന്ന് പ്രവര്‍ത്തിക്കേണ്ട മനുഷ്യരാണ് എന്നു പറയുന്നത് പൊതു ഇടങ്ങള്‍ക്ക് വേണ്ടിയുള്ള നൂറ്റാണ്ടുകളുടെ തുല്യതാ പോരാട്ട ചരിത്രത്തെ മറന്നു കൊണ്ടാണ്.

മറ്റൊരു കാര്യം എടുത്ത് പറയാനുള്ളത്, ഇത്തരത്തിലുള്ള വിവേചന ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനും ചോദ്യം ചെയ്യാനും ഒരുകൂട്ടം ആളുകള്‍ വളരെ ജാഗ്രതയോടെ പൊതുസമൂഹത്തില്‍ ഉണ്ട് എന്നുള്ളതാണ്, വളരെ കുറച്ചെങ്കിലും മാധ്യമങ്ങളും ഉണ്ട്. പ്രതിലോമ ശ്രമങ്ങള്‍ക്കെതിരേ ഉയരുന്ന ഇത്തരത്തിലുള്ള എതിര്‍ ചര്‍ച്ചകളാണ് ഒരു ജനാധിപത്യ സമൂഹത്തെ ചലന ക്ഷമമാക്കുന്നത്, ആയത് നാം കാത്തു സൂക്ഷിക്കുന്നു എന്നത് ആശ്വാസകരമാണ്.

ഇത്തരം വിഷയങ്ങളില്‍ ബിജെപിയെ തിരുത്തുക എന്നുള്ളത് സാധ്യമായ ഒരു കാര്യമല്ല. ജാതി ചിന്തയും വര്‍ഗീയതുമായി മുന്നോട്ട് പോകാന്‍ ഉറച്ച് തീരുമാനിച്ചിട്ടുള്ളവരാണ് അവര്‍. തിരുത്തിയാല്‍ ബിജെപി എന്ന പ്രസ്ഥാനം തന്നെ അപ്രത്യക്ഷമായി പോകുമെന്ന ധാരണയാണ് അവര്‍ക്കുള്ളത്. ഇന്ത്യയില്‍ എല്ലായിടത്തും ബിജെപി നടത്തിയിട്ടുള്ള വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യം അവിടങ്ങളില്‍ എല്ലാം ദളിതരെ മുന്‍നിര്‍ത്തിയും മറയാക്കിയുമാണ് അവരുടെ മുതലെടുപ്പ് രാഷ്ട്രീയം അവര്‍ നടപ്പിലാക്കിയത് എന്നുള്ളതാണ്. ഇന്ന് ഇന്ത്യയിലെഏറ്റവും വലിയ ചര്‍ച്ചാ വിഷയമായ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രതീകാത്മക തറക്കല്ലിടല്‍ അവര്‍ ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് നടത്തിയിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍ മാത്രം ഇന്ത്യയുടെ പ്രഥമ പൗര ദ്രൗപതി മുര്‍മുവിനെ പോലും അടുപ്പിക്കാത്ത ഒരു സ്ഥലത്ത് അന്ന് തറക്കല്‍ ഇടീച്ചത് ദളിതനായ ഒരാളെ കൊണ്ടാണ്. നശീകരണ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായും അപരഹിംസക്കുള്ള ആയുധമായും ബിജെപി ഇപ്പോഴും ഉപയോഗിക്കുന്നത് ദളിതരെയാണ് എന്നത് അപകടകരമായ വസ്തുതയാണ്.

കേരളത്തില്‍ അധികാരം പിടിക്കാനുള്ള സംഘപരിവാറിന്റെ പുതിയ ശ്രമങ്ങള്‍ മുഴുവന്‍ ദളിതരെ മുന്‍ നിര്‍ത്തി കൊണ്ടുള്ളതാണ്. ദളിതരുടെ ഇടയിലുള്ള സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി കോളനികള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ബിജെപി ഫണ്ട് ഇറക്കുന്നതും പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജിതമായി നടത്തുന്നതും. ദളിത് സംഘടനാ നേതാക്കളുടെ വീടുകള്‍ കയറിയിറങ്ങുകയാണ് ബിജെപി സംസ്ഥാന നേതാക്കള്‍. നിലവില്‍ അധികാരത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനുള്‍പ്പെടെ ഈ മണ്ണില്‍ നില ഉറപ്പിക്കാന്‍ കഴിഞ്ഞത് അടിസ്ഥാന വര്‍ഗ പിന്തുണ നേടാന്‍ കഴിഞ്ഞത് കൊണ്ടാണ് എന്ന ചരിത്ര ബോധം ബിജെപി നേതാക്കള്‍ക്ക് ഉണ്ടായിരിക്കുന്നുവെങ്കില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം അത് ഒരു അപായ സൂചനയാണ്. ഇത്തരത്തിലുള്ള നീക്കങ്ങളെ ജാഗ്രതയോടെ നേരിട്ടില്ലായെങ്കില്‍ സംഘ മുക്ത കേരളം അതിവിദൂരമല്ലാതെ അവസാനിക്കും.

വിനീത വിജയൻ

വിനീത വിജയൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരി,ഗവേഷക,കേരള ദളിത് ഫെഡറേഷന്‍, കേരള നവോഥന സമിതി എന്നീ സംഘടനകളുടെ സംസ്ഥാന സെക്രട്ടറി

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍