UPDATES

‘എസ്എഫ്‌ഐയാണ് കോടതി, അവരാണ് ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും’

സിദ്ധാര്‍ഥിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കും പങ്കെന്ന് കുടുംബം

                       

കല്‍പറ്റയില്‍ നിന്നും അവധി ദിവസങ്ങളില്‍ വീട്ടില്‍ എത്തുമ്പോള്‍ സിദ്ധാര്‍ഥന്‍ കോളേജിലെ വിശേഷങ്ങള്‍ വീട്ടില്‍ പറയുമായിരുന്നു. കോളേജില്‍ നടക്കുന്ന റാഗിങ്ങും ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മദ്യപാനവുമെല്ലാം സിദ്ധാര്‍ത്ഥനിലൂടെ വീട്ടുകാര്‍ക്കും മനസിലായിരുന്നു. എന്നാല്‍ ഇതേ കാരണങ്ങളാല്‍ സ്വന്തം മകനെ നഷ്ടമാകുമെന്നവര്‍ കരുതിയിരുന്നില്ല.

ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാര്‍ഥനെ(21) ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

നെടുമങ്ങാട് കൈരളി വിദ്യഭാവനില്‍ നിന്ന് ഉന്നത വിജയത്തോടെ ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയ സിദ്ധാര്‍ഥന്‍ മൃഗങ്ങളോടുള്ള ഇഷ്ടത്തിനു പുറത്താണ് പൂക്കോട് വെറ്ററിനറി കോളേജില്‍ ബി.വി.എസ്.സി. പഠനം തെരഞ്ഞെടുക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സിദ്ധാര്‍ഥന്‍ അംഗമായിരുന്നില്ല. എന്നാല്‍ ക്ലാസ്സിലെ ആക്റ്റീവ് ആയ വിദ്യര്‍ത്ഥി എന്ന നിലയില്‍ ആദ്യ വര്‍ഷം ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തിനുത്തരവാദികളായ 12 പേരെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. മൊഴി നല്‍കാനെത്തിയ ആറു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നതെന്നാണു സിദ്ധാര്‍ത്ഥിന്റെ കുടുംബം ആരോപിക്കുന്നത്. ഇത്രയും ശക്തമായ പോലീസ് സന്നാഹമുണ്ടായിട്ടും, കുറ്റക്കാരായ കോളേജ് വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നത് ഖേദകരമാണ്. ഇവരെ പിടികൂടാന്‍ കഴിയാത്തതരത്തില്‍ ആരെങ്കിലും അവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടോയെന്നറിയില്ല. പന്ത്രണ്ടുപേരെ പിടിക്കൂടാന്‍ കാലതാമസമെടുക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തിയേക്കാം’-തുടങ്ങിയ ആശങ്കളാണ് അഴിമുഖവുമായി സംസാരിച്ച സിദ്ധാര്‍ഥന്റെ ബന്ധു പങ്കുവയ്ക്കുന്നത്.

ഫെബ്രുവരി 15-ന് ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോകാനിറങ്ങിയ സിദ്ധാര്‍ഥനെ റൂം മേറ്റ് അടക്കമുള്ളവര്‍ ചേര്‍ന്നാണ് തിരികെ കൊണ്ടുപോകുന്നത്. പിന്നീടുളള ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥനെ മര്‍ദിച്ചതായി അറസ്റ്റിലായവര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംഭവങ്ങളില്‍ കോളേജ് അധികൃതര്‍ക്കും കൃത്യമായ പങ്കുണ്ട്; – സിദ്ധാര്‍ഥന്റെ അമ്മാവന്‍ ഷിബു അഴിമുഖത്തോടു പറയുന്നു. കോളേജ് ഡീനും, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഒത്താശ നല്‍കികൊണ്ടിരിക്കുന്നത്. കോളേജ് ഡീന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യമെന്നു ഷിബു പറയുന്നു.

”സിദ്ധാര്‍ത്ഥന്‍ മുന്‍പ് വീട്ടില്‍ പറഞ്ഞ വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് വായിക്കുമ്പോള്‍ കോളേജില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന കോടതി എസ്എഫ്‌ഐയാണ്. ഇവര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്ക് കോളേജ് അധികൃതരും കൂട്ടുനില്‍ക്കുകയാണ് പതിവ്. ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും എസ്എഫ്‌ഐയാണ്.”-ഷിബു പറയുന്നു.

മര്‍ദനമേറ്റ് അവശനായ സിദ്ധാര്‍ഥിനെ ഒരാള്‍ പോലും സഹായിക്കുകയോ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ചെയ്തില്ല. കോളേജ് അധികൃതരെയും അറിയിച്ചില്ല. മര്‍ദനത്തില്‍ ശാരീരികമായും മാനസികമായും തകര്‍ന്നാണ് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയതെന്നും സിദ്ധര്‍ത്ഥന്റെ കുടുംബം ആരോപിക്കുന്നു. കെ അരുണ്‍, എന്‍ ആസിഫ് ഖാന്‍, എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കെ. അഖില്‍, ആര്‍ എസ് കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി, സിന്‍ജോ ജോണ്‍സണ്‍, ജെ അജയ്, ഇകെ സൗദ് റിസാല്‍, എ അല്‍ത്താഫ്, വി ആദിത്യന്‍, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

റാഗിങ് നടന്നതായി കുട്ടികള്‍തന്നെ കോളേജ് അധികൃതര്‍ക്ക് മൊഴിനല്‍കിയിരുന്നു. പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനും പിന്നീട് ആന്റി റാഗിങ്ങ് നിയമപ്രകാരം കേസെടുക്കുന്നതുമെല്ലാം നാഷണല്‍ ആന്റി റാഗിങ് സെല്ലിന്റെ ഇടപെടലിനു പിന്നാലെയാണ്. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 23-ന് കോളേജില്‍ നിന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങുന്നത്. സസ്‌പെന്‍ഷന്‍ ലഭിച്ചതിന് ശേഷമാണ് 12 പ്രതികളും ഒളിവില്‍പ്പോയിരിക്കുന്നതെന്നാണ് വിവരം.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍