സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ ദേശീയ മാധ്യമമായ ‘ദി വയര്‍’ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അസം പോലീസ്. പുതിയ രാജ്യദ്രോഹനിയമത്തെ ചോദ്യം ചെയ്തുകൊണ്ട് വയര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, ഇരുവര്‍ക്കുമെതിരെ മൊരിഗാവോണില്‍ ചുമത്തിയ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും പോലീസിനെ വിലക്കിയിരുന്നു. ആഗസ്റ്റ് 12 നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിത 35(3) വകുപ്പ് പ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ സൗമ്യജ്യോതി റേയാണ് വരദരാജന് നോട്ടീസ് അയച്ചത്. ഗുവാഹത്തിയിലെ പന്‍ബസാര്‍ ക്രൈം ബ്രാഞ്ച് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 152, 196, 197 (1) (D)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നോട്ടീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, നോട്ടീസിന്റെ കൂടെ എഫ്‌ഐആറിന്റെ പകര്‍പ്പ് വെക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണെങ്കിലും അതും ചെയ്തിട്ടില്ല. ആഗസ്റ്റ് 14നാണ് വയറിന്റെ ഓഫീസില്‍ നോട്ടീസ് ലഭിച്ചത്. ആഗസ്റ്റ് 18 ന് അതേ എഫ്‌ഐആറിന്റെ പേരില്‍ കരണ്‍ ഥാപ്പറിനും നോട്ടീസ് ലഭിച്ചു.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആഗസ്റ്റ് 22 ന് പന്‍ബസാറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് വരദരാജനും, ഥാപ്പറിനും നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
2025 ജൂലായ് 11 ന് മൊരിഗാവോണില്‍ വരദരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്, ജൂണ്‍ 28 ന് വയറില്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു. പാകിസ്ഥാനുമായുള്ള വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐ.എ.എഫ്) ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചതായി ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാല്‍, ക്രൈംബ്രാഞ്ച് ഏത് ലേഖനവുമായി ബന്ധപ്പെട്ടാണ് കേസെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, മൊരിഗാവോണ്‍ കേസില്‍ എഫ്‌ഐആര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന് വയറിന്റെ അഭിഭാഷകയായ നിത്യ രാമകൃഷ്ണന്‍ സുപ്രീം കോടതിയെ അറിയിച്ചു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയാണ് കേസിന്റെ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വയര്‍, ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) 152-ാം വകുപ്പിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ജസ്റ്റിസുമാരായ സൂര്യ കാന്തിന്റെയും ജോയ്മല്യ ബാഗ്ചിയുടെയും ബെഞ്ച് നോട്ടീസ് അയച്ചു.
ഇന്ത്യയുടെ മുന്‍ രാജ്യദ്രോഹ നിയമം (ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ) ആയ ബിഎന്‍എസ്സിലെ 152-ാം വകുപ്പ്, ‘ഇന്ത്യയുടെ പരമാധികാരത്തിനും, ഐക്യത്തിനും, അഖണ്ഡതയ്ക്കും ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തികള്‍’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ പൊതുരേഖയാക്കണമെന്നും പ്രതികള്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കണമെന്നുമുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി വരദരാജനും, ഥാപ്പറും സമന്‍സിനോട് പ്രതികരിച്ചു. അതോടൊപ്പം, എഫ്‌ഐആറിന്റെ പകര്‍പ്പ് ഇല്ലാത്ത പോലീസ് സമന്‍സ് അസാധുവാണെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധിയും ഇരുവരും ചൂണ്ടിക്കാട്ടി.
ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഗുവാഹത്തിയിലെ വയറിന്റെ നിയമപ്രതിനിധികള്‍ പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഗുവാഹത്തി പോലീസ് വിസമ്മതിച്ചെന്നും അവര്‍ അറിയിച്ചു. തങ്ങള്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍, ഇതിനായി രാജ്യത്തെ കോടതികള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പോലീസ് പാലിക്കണമെന്നും വരദരാജനും, ഥാപ്പറും സമന്‍സിനുള്ള മറുപടിയില്‍ അറിയിച്ചു. എഫ്‌ഐആര്‍ വിവരങ്ങള്‍ നല്‍കാതെ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും അവര്‍ വ്യക്തമാക്കി. Sedition case against ‘The Wire’; central government says Siddharth Varadarajan and Karan Thapar are guilty
Content Summary: Sedition case against ‘The Wire’; central government says Siddharth Varadarajan and Karan Thapar are guilty
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.