UPDATES

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ മോദിയുടെ പ്രചാരണ വേദിയാക്കുന്ന യുജിസി

സര്‍വകലാശാലകളിലും കോളേജുകളിലും നടക്കുന്ന പ്രൊപ്പഗാണ്ട പ്രോഗ്രാമുകള്‍

                       

മാര്‍ച്ച് 13 ന് ഗുജറാത്തിലും അസമിലും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്ന അര്‍ദ്ധചാലക സംവിധാനങ്ങളുടെ ശിലാസ്ഥാപന ചടങ്ങ് രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ കേന്ദ്രങ്ങളെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണ വേദികളാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പുതുമുഖ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നടത്താവുന്ന തെരഞ്ഞെടുപ്പ് കാമ്പയിന്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്താന്‍ പോകുന്ന പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ രാജ്യത്തെ സര്‍വകലാശാലകളിലും കോളേജുകളിലുമുണ്ട്. ഇവരുടെ മുന്നില്‍ മോദിയെ അവതരിപ്പിക്കലാണ് ലക്ഷ്യം. ഇതിനെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നും ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത ദ ടെലഗ്രാഫ് പറയുന്നു. ഇതൊരു ‘പ്രൊപ്പഗാണ്ട പ്രോഗ്രം’ ആണെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമായും വിമര്‍ശകര്‍ ആക്ഷേപിക്കുന്നുണ്ട്.

ഗുജറാത്തിലെ ദോലേറയിലും അസമിലെ സനന്ദിലും ബുധനാഴ്ച്ച നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ മോദി നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന കത്തിലെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും പറയുന്നു. വീഡിയോ പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്ത് മോദിയുടെ ചിത്രമുള്ള ‘ വികസിത് ഭാരത്’ പോസ്റ്റുകളും പതിപ്പിക്കണം. പരിപാടിക്ക് ശേഷം സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മോദിയുടെ പ്രസംഗം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് യുജിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും, സംസ്ഥാനതല സര്‍വകലാശാല അധികൃതര്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും രേഖാമൂലമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും പരിപാടിയുമായി ബന്ധപ്പെട്ട എസ്ഒപിയും(സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍) ചടങ്ങിനെ സംബന്ധിച്ച പശ്ചാത്തല വിവരണവും പുറത്തിറക്കിയിട്ടുണ്ട് എന്നും ടെലഗ്രാഫ് പറയുന്നു.

പരിപാടി നടക്കുന്ന വേദികളില്‍ വികസിത് ഭാരതിന്റെ അഞ്ചു പോസ്റ്ററുകള്‍ സ്ഥാപിക്കണം. പോസ്റ്ററുകളില്‍ India’s Techade: Chips for viksit Bharat എന്ന അടിക്കുറിപ്പും മോദി ഉത്ഘാടനം നിര്‍വഹിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തണം.
‘പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും വികസിത് ഭാരതിന്റെ കാഴ്ചപ്പാടിലേക്ക് നയിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും അഭ്യര്‍ത്ഥിക്കുന്നു’- വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ യുജിസി സെക്രട്ടറി മനീഷ് ജോഷി പറയുന്നു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരമൊരു പ്രൊപ്പഗാണ്ട പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് വിമര്‍ശനം. വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണിതെന്നും തെരഞ്ഞെടുപ്പ് മുന്നോടിയായി പ്രൊപ്പഗാണ്ട അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിയാണിതെന്നുമാണ് മിറാന്‍ഡ ഹൗസ് കോളേജ് അധ്യാപകന്‍ അഭ ദേവ് ഹബീബ് ദ ടെലഗ്രാഫിനോട് പറയുന്നത്. ഇത് തെറ്റായതും രാഷ്ട്രീയപ്രേരിതവുമായി ഒന്നാണെന്നാണ് ഡല്‍ഹി സര്‍വകലാശാലയിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ അശോക് അഗര്‍വാള്‍ ആരോപിക്കുന്നത്. സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായതുകൊണ്ട് ഇത്തരം നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഇഷ്ടക്കേടിന് കാരണമാകുമെന്ന് ഭയന്ന് എല്ലാവരും സമ്മതിക്കുകയാണെന്നും അശോക് അഗര്‍വാള്‍ പറയുന്നു.

ഇതാദ്യത്തെ സംഭവമല്ല. യുജിസി കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി നിന്നുകൊണ്ട് പലതരം പ്രചാരണവേലകള്‍ക്ക് രാജ്യത്തെ സര്‍വകലാശാലകളെയും കാമ്പസുകളെയും വേദിയാക്കിയിട്ടുണ്ട്. കാമ്പസുകളില്‍ മോദി സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണമെന്നൊരു നിര്‍ദേശം കഴിഞ്ഞിടയ്ക്ക് ഇറക്കിയിരുന്നു. സെല്‍ഫി പോയിന്റുകളില്‍ മോദിയുടെ ചിത്രം പതിയുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെല്‍ഫി എടുപ്പിക്കുകയും വേണമായിരുന്നു. അതുപോലെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ലോഗോ സ്ഥാപിക്കണമെന്നത് മറ്റൊരു ആവശ്യമായിരുന്നു. ആര്‍ എസ് എസ് നേതാവ് ദത്താജി ദിദോല്‍ക്കറിന്റെ നൂറാം ജന്മവാര്‍ഷികാഘോഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കാന്‍ മഹാരാഷ്ട്രയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതും യുജിസിയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍