UPDATES

ഹൃദയം തകര്‍ന്ന് പോഗ്ബ

കരിയറിന് ചുവപ്പ് കാര്‍ഡ്

                       

യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് ഏര്‍പ്പെടുത്തിയ നാല് വര്‍ഷത്തെ വിലക്ക് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ തീരുമാനത്തില്‍ താന്‍ അതീവ ദുഖിതനാന്നെനും തെറ്റായ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നുമാണു പോള്‍ പോഗ്ബ പറയുന്നത്. പോഗ്ബയുടെ ഫുട്‌ബോള്‍ കരിയറിനെ തന്നെ തകര്‍ക്കാന്‍ പോന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

2023 ഓഗസ്റ്റ് 20 ന് യുവന്റസ് യുഡിനീസില്‍ 3-0 ന് ലീഗ് മത്സരം വിജയിച്ചതിന് ശേഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നിരോധിത പദാര്‍ത്ഥമായ ഡിഹൈഡ്രോപിയാന്‍ ഡ്രോസ്റ്ററോണ്‍ (DHEA) പോസിറ്റീവ് ഫലം നല്‍കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ സംഘടനയായ നാഡോ (NADO) ഇറ്റാലിയ ട്രൈബ്യൂണല്‍ ലോകകപ്പ് ജേതാവായ പോള്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയിരിക്കുന്നത്. സസ്പെന്‍ഷന്‍ ലഭിച്ചതോടെ പോഗ്ബയുടെ കരിയറില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ പോഗ്ബയുടെ അസാന്നിധ്യം ലീഗില്‍ യുവന്റസിനെ കഷ്ടത്തിലാക്കുകയും ചെയ്യും. ടീമിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രധാന പ്ലേമേക്കറെയാണ് നഷ്ടമായിരിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയതോടെ പോഗ്ബയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം. കാരണം 2024 മാര്‍ച്ചില്‍ പോഗ്ബയ്ക്ക് 31 വയസ്സാകും, നാലു വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാകുമ്പോഴേക്കും 35 വയസാകുന്ന താരത്തിന്റെ മടങ്ങിവരവ് പരുങ്ങലിലാകും. 2027 ഓഗസ്റ്റ് വരെ താരത്തിന്റെ വിലക്ക് നിലനില്‍ക്കും.

”നാഡോ ഇറ്റാലിയ ട്രൈബ്യൂണല്‍ എനിക്കെതിരേ കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. തെറ്റായ വിധിയാണ് എനിക്കെതിരേ ഉണ്ടായിരിക്കുന്നത് എന്നാണ് എന്റെ പരിപൂര്‍ണ വിശ്വാസം. പ്രൊഫഷണല്‍ ജീവിതത്തില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം എന്നില്‍ നിന്ന് അപഹരിക്കപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. നിയമപരമായ നിയന്ത്രണങ്ങളില്‍ നിന്ന് ഞാന്‍ മുക്തനാകുമ്പോള്‍ മുഴുവന്‍ കഥയും ലോകത്തിന് മുമ്പില്‍ വെളിവാകും. ഉത്തേജകവിരുദ്ധ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒന്നും തന്നെ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടില്ല.

‘ഒരു പ്രൊഫഷണല്‍ അത്ലറ്റ് എന്ന നിലയില്‍ ഒരു തരത്തിലുളള നിരോധിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല, കൂടാതെ സഹ കായികതാരങ്ങളെയും എന്റെ ടീമിനെയും ഒരിക്കലും അപമാനിതരാക്കുന്നതോ, വഞ്ചിക്കുന്നതോ ആയ യാതൊരു വിധ പ്രവര്‍ത്തനങ്ങളും എന്നില്‍ നിന്നുണ്ടായിട്ടില്ല. ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച തീരുമാനത്തിന്റ സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിന് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഞാന്‍ അപ്പീല്‍ നല്‍കും’- പോഗ്ബ തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പങ്കു വച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

യുവന്റസുമായി 2026 വരെയാണ് പോള്‍ പോഗ്ബയുടെ കരാര്‍. 2018-ലെ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ. പിന്നീട് 2022 ലെ ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പോഗ്ബയ്ക്ക് കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. 2011-12 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് പോഗ്ബ കരിയറിന് തുടക്കമിടുന്നത്. ഫ്രാന്‍സിന് വേണ്ടി 91 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പോഗ്ബ 11 ഗോളുകളും നേടിയിട്ടുണ്ട്. 2012 ല്‍ യുവന്റസിലെത്തിയ താരം 2016 ല്‍ വീണ്ടും മാഞ്ചസ്റ്ററിലേക്ക് തിരികെ പോവുകയായിരുന്നു. പിന്നീട് ആറ് വര്‍ഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക് തന്നെ മടങ്ങി വരുകയും ചെയ്തു.

ഇറ്റാലിയന്‍ സ്വകാര്യതാ നിയമങ്ങള്‍ ഉള്ളതിനാല്‍ കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്ന് നാഡോ ഇറ്റാലിയയും വ്യക്തമാക്കിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍