UPDATES

മഞ്ഞള്‍പ്പൊടി വിതറി രക്ഷപ്പെട്ട ആ കൊലയാളിയാരാണ്?

കള്ളാടുകാരുടെ ഭീതി മാറാന്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം

                       

കോതമംഗലം ടൗണില്‍ നിന്ന് ഉള്ളിലേക്ക് മാറിയാണ് കള്ളാട്. നീണ്ടു കിടക്കുന്ന റബര്‍ കാടുകളും പൈനാപ്പിള്‍ തോട്ടങ്ങള്‍ക്കും നടുവിലെ വീടുകള്‍ കള്ളാടിന്റെ ഗ്രാമീണ ഭംഗിയാണ്. ടാറിട്ട ഇടറോഡില്‍ നിന്ന് വീതി കുറഞ്ഞ മറ്റൊരു റോഡിലേക്ക് കയറി മുന്നോട്ടു നടന്നാല്‍ വലതുവശത്തായി ഒരൊറ്റ നില ടെറസ് വീട് കാണാം. സാറാമ്മ ഏലിയാസിന്റെ ആ ഒറ്റനില വീടിനു ഇരുവശവും വിശാലമായ റബര്‍ തോട്ടമാണ്. പിന്നിലേക്ക് പൈനാപ്പിള്‍ കൃഷിയും. അതും കടന്നു ചെന്നാല്‍ ചെങ്കുത്തായ പാറയുടെ ഒത്തനടുക്കയി ആളൊഴിഞ്ഞ ഒരു അമ്പലം.

പൈനാപ്പിള്‍ തോട്ടത്തിന്റെയും റബര്‍ കാടിന്റെയും നടുക്കുള്ള ആ വലിയ വീടിനുള്ളില്‍ പ്രാണനുവേണ്ടിയുള്ള സാറാമ്മയുടെ നിലവിളി നാലു ചുമരിനുള്ളില്‍ കുടുങ്ങി പോയതിന് ആ വീടിന്റെ ഒറ്റപ്പെടലും ഒരു കാരണമായിരുന്നിരിക്കാം.

ചേലാട് കള്ളാട് സ്വദേശിയായ സാറാമ്മയുടെ ഭര്‍ത്താവ് ഏലിയാസ് മരിച്ചിട്ട് വര്‍ഷങ്ങളായി. സിജി, സിജ, സീന, എല്‍ദോസ് എന്നിങ്ങനെ മൂന്നു മക്കളാണ് സാറാമ്മക്ക്. എല്‍ദോസിനും, ഭാര്യ സിഞ്ജുവിനുമൊപ്പമാണ് കള്ളാട്ടിലെ വീട്ടില്‍ സാറാമ്മ താമസിച്ചിരുന്നത്.

നീണ്ടുകിടക്കുന്ന റോഡിന് കുറുകെയുള്ള കൈത്തോടിന്റെ ഓരത്ത് താമസിക്കുന്ന അനില ആദ്യമായി തന്റെ അയല്‍വാസിയായ സാറാമ്മയെ കാണുന്നത്, വീടിന്റെ മുറ്റത്ത് പൊതുദര്‍ശനത്ത് വച്ചപ്പോഴായിരുന്നു.

”ഞങ്ങള്‍ ഈ അമ്മച്ചീനെ കണ്ടിട്ടില്ല, ഈ വഴി വരവ് കുറവാണ്. ഇതറിഞ്ഞ പിന്നെ എങ്ങെനയാണ് വരാതിരിക്കാ. ഓരോരുത്തരുടെ യോഗം’ അനില സാറാമ്മയെ ഒരു നോക്ക് കണ്ടു മടങ്ങും വഴി റോഡില്‍ നിന്നു പറഞ്ഞ വാക്കുകള്‍. അനിലയെ പോലെ കള്ളാട് ഗ്രാമം മുഴുവനും സാറാമ്മയെ അവസാന നോക്ക് കാണാനായി എത്തുന്നുണ്ടായിരുന്നു. പേരിനൊരു മോഷണം പോലും നടക്കാത്ത ആ നാട്ടില്‍, മോഷണത്തിനായൊരു കൊലപാതകം നടന്നുവെന്നത് നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിക്രൂരമായാണ് വയോധികയായ സാറാമ്മയെ കൊലപ്പെടുത്തിയത്. സാറാമ്മയുടെ ശരീരം കണ്ട് കള്ളാട് മുഴുവന്‍ വിറച്ചു പോയി. ആ ഭയമിപ്പോഴും നാട്ടുകാരെ വിട്ടുപോയിട്ടില്ല. സാറാമ്മയുടെ വീടിന്റെ പുറകുവശത്തായി, മരിപ്പ് അറിഞ്ഞെത്തിയവര്‍ക്ക് വെള്ളം എടുത്തു കൊടുത്തുകൊണ്ടിരുന്ന ബേബിച്ചായന്റെ മുഖത്തും കൊലപാതകത്തിന്റെ പകപ്പും ഭയവും ഇപ്പോഴും വിട്ടുമാറാതെയുണ്ട്. ”ഞങ്ങള്‍ അമ്മിണീടെ (സാറാമ്മ) വീടിന്റെ അവിടെന്ന് വന്നതാ. ഇന്നലെ ഇവിടെ മൊത്തം ആളും ബഹളവുമായിരുന്നു, പിന്നിലെ വീട്ടിലുണ്ടായിരുന്ന ഭായിമാരെ പോലീസ് പിടിച്ചെന്നൊക്കെ പിള്ളേര് പറയുന്നുണ്ടായി” ബേബിച്ചായന്‍ പറയുന്നു.

മാര്‍ച്ച് 25 നാണ് കോതമംഗലം കള്ളാട് സ്വദേശിയായ 75 വയസുള്ള സാറാമ്മ ഏലിയാസിന്റെ കൊലപാതക വാര്‍ത്ത പുറത്തറിയുന്നത്. സാറാമ്മയുടെ മകന്‍ എല്‍ദോസിന്റെ ഭാര്യ സിഞ്ജു ചേലാട് ബെസ് അനിയാ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. 25നു പതിവ് പോലെ സിഞ്ജു സ്‌കൂളില്‍ നിന്ന് വൈകീട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. സിഞ്ജുവിന്റെ കണക്കുകൂട്ടല്‍ ഭര്‍തൃമാതാവ് സാറാമ്മ എന്നത്തേയും പോലെ ഉച്ചമയക്കത്തിലാകുമെന്നായിരുന്നു. പക്ഷെ അന്നേ ദിവസം, മറിഞ്ഞു കിടന്നിരുന്ന കസേരകള്‍ക്കും, ഭക്ഷണാവശിഷ്ടങ്ങള്‍ക്കുമിടയില്‍ തറയില്‍ ചോരയില്‍ കുളിച്ച സാറാമ്മയുടെ ചേതനയറ്റ ശരീരമായിരുന്നു സിഞ്ജുവിന് കാണേണ്ടി വന്നത്. ഏറ്റവും സുരക്ഷിതം എന്നു കരുതിയ സ്വന്തം വീട്ടില്‍ വച്ച് തന്നെ അവര്‍ കൊല ചെയ്യപ്പെട്ടു.

മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണു നിഗമനം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സാറാമ്മയെ തുറന്നു കിടന്നിരുന്ന പിന്‍വാതിലിലൂടെ കൊലപാതകി(കള്‍) അകത്തു കടന്ന് കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. സാറാമ്മയുടെ വലതു കയ്യില്‍ ചോറിന്റെ അവശിഷ്ടങ്ങളും, ഹാളില്‍ മല്‍പ്പിടുത്തം നടത്തിയതിന്റെ ലക്ഷണങ്ങളുമുണ്ടെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ സിജോ പറയുന്നത്. ഇരുമ്പുപോലെ കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു സാറാമ്മയുടെ മൃതദേഹം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു.

സാറാമ്മ ധരിച്ചിരുന്ന മൂന്നര പവന്‍ വരുന്ന മാലയും, കമ്മലും, മോതിരവും, ആറ് വളകളും നഷ്ടപെട്ടതായി കണ്ടെത്തിയതോടെയാണ് കൊലപാതകം മോഷണ ശ്രമത്തിനിടയിലാണെന്ന് പോലീസ് കണ്ടെത്തുന്നത്. കഴുത്തില്‍ പതിനാറ് മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ലെന്ന് സാറാമ്മയുടെ സഹോദരന്‍ ഏലിയാസ് അഴിമുഖത്തോട് പറയുന്നു. ”വിവരം അറിഞ്ഞപ്പോ ഞങ്ങള്‍ വയനാട്ടില്‍ നിന്ന് പോന്നതാണ്. എന്റെ മൂന്നാമത്തെ ചേച്ചിയാണ് സാറാമ്മ. ചേച്ചിടെ മൂന്നര പവന്‍ വരുന്ന മാലയും, കമ്മലും, മോതിരവും, ആറു വളകളും കാണാനില്ല. പക്ഷെ മുറിയിലെ അലമാരിക്കുള്ളില്‍ വിലപിടിപ്പ് ഉള്ളതൊക്കെ ഉണ്ടായിരുന്നു, അതൊക്കെ വച്ച പോലെത്തന്നെ അവിടെ ഇരിക്കുന്നുണ്ട്. എന്താ പറ്റിയേന്നോ ആരാ ചെയ്‌തേന്നോ ഒന്നും ഞങ്ങക്കറിയില്ല. ചേച്ചി പോയി.” മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹോദരിയുടെ വീട്ടിലെത്തിയത് ഇങ്ങനെ ആകേണ്ടി വന്നുവെന്ന് പറയുമ്പോഴേക്കും ഏലിയാസിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. നടുമുറിയില്‍ ഇപ്പോഴും മാഞ്ഞിട്ടില്ലാത്ത, മഞ്ഞള്‍പൊടിയുടെയും രക്തക്കറയുടെയും ഈച്ചയരിക്കുന്ന പാടിന് അടുത്ത് നിന്ന് വീടിന്റെ മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന സാറാമ്മയുടെ ശവമഞ്ചത്തില്‍ നോക്കി നില്‍ക്കുകയായിരുന്നു ഏലിയാസ്.

തെളിവ് നശിപ്പിക്കാനായി ഹാളിലും അടുക്കള ഭാഗത്തും മഞ്ഞള്‍പൊടി വിതറിയിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് കൈകാര്യം ചെയ്യുന്നത്. ”അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലുകളും, പരിശോധനകളും പുരോഗമിക്കുന്നത് കൊണ്ട് തന്നെ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ല. എല്ലാവരെയും നിരീക്ഷിച്ചു വരികയാണ്.” കോതമംഗലം സിഐ അഴിമുഖത്തോട് പറഞ്ഞു. നിലവില്‍ സാറാമ്മയുടെ അയല്‍ക്കാരുള്‍പ്പെടെ പലരും പോലീസ് നിരീക്ഷണത്തിലാണ്. സാറാമ്മയുടെ വീടിന് പുറകുവശത്തുള്ള ഔട്ട് ഹൗസില്‍ വാടകക്ക് താമസിച്ചിരുന്ന മൂന്ന് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇസ്തിരി തൊഴില്‍ മുതല്‍ കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ മൂന്നുവര്‍ഷത്തിലേറെയായി ഔട്ട് ഹൗസില്‍ വാടകയ്ക്ക് താമസിച്ചുവരികയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിജോ പറഞ്ഞു.” മൂന്ന് വര്‍ഷായിട്ട് അവരിവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കുഴപ്പക്കാരാണെന്നെന്നും തോന്നീട്ടില്ല. ഇതുവരെ ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കിട്ടില്ല. കേസ് തെളിഞ്ഞാല്‍ മാത്രമേ നാട്ടുകാര്‍ക്കും കൊലപാതകത്തിന്റെ ചിത്രം മനസിലാവുകയുള്ളു’. സിജോ പറയുന്നു.

വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് കൊലപാകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സാറാമ്മ തനിച്ചാകുന്ന സമയവും പിന്‍വാതില്‍ പൂട്ടാറില്ലെന്ന കാര്യവും കൊലപതാകം നടത്തിയ വ്യക്തിക്ക് ഒരുപക്ഷെ അറിയാകുമായിരിക്കുമെന്ന് അയല്‍വാസികളും പറയുന്നു. പിന്‍വശത്താണ് ഔട്ട് ഹൗസ് സ്ഥിതി ചെയ്യുന്നത്. വീടിന് മുന്‍വശത്ത് റബര്‍ തോട്ടവും, പുറകു വശത്ത് പൈനാപ്പിള്‍ തോട്ടവുമാണ്. അക്രമി അതിക്രമിച്ചു കയറിയെന്നു പറയപ്പെടുന്ന പിന്‍വാതില്‍ സ്ഥിതി ചെയ്യുന്നിടത്ത് വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണ്. മല്‍പ്പിടുത്തവും കൊലപാതകവും അയല്‍വീട്ടുകാര്‍ അറിയാതെ പോയതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. ഇതിന് മുന്‍പ് കള്ളാട് ഭാഗങ്ങളില്‍ മോഷണശ്രമം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്.

ഒറ്റപെട്ടു കിടക്കുന്ന സാറാമ്മയുടെ വീടിനു പിന്‍വശത്താണ് രണ്ടു മുറികളും അടുക്കളയുമുള്ള അസം സ്വദേശികള്‍ താമസിച്ചിരുന്ന വീട്. ഔട്ട് ഹൗസില്‍ താമസിച്ചിരുന്നവരില്‍ ഒരാള്‍ സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നതായി പോലീസില്‍ നിന്നുള്ള വിവരമായി സിജോ പറയുന്നു. ഔട്ട് ഹൗസിന്റെ മുന്‍വശത്ത് നിന്ന് നോക്കിയാല്‍ സാറാമ്മ ഭക്ഷണം കഴിക്കാനായി ഇരുന്നുവെന്ന് പറയുന്ന തീന്‍മേശ വ്യക്തമായി കാണാന്‍ സാധിക്കും. ഇസ്തിരിയിടാനായി കൊണ്ട് വന്ന തുണികള്‍ ഔട്ട് ഹൗസില്‍ വെള്ളം വാര്‍ന്ന് ഇരിക്കുന്നുണ്ടായിരുന്നു. കഴിക്കാനായി ഉണ്ടാക്കിയ ചപ്പാത്തി കാസറോളില്‍ അതെ പടി ഇരിക്കുന്നുണ്ട്. അടുക്കള റാക്കില്‍ മറ്റു മസാലപ്പൊടികള്‍ക്കൊപ്പം മൂന്നോളം മഞ്ഞള്‍പ്പൊടി പാക്കറ്റുകള്‍ കിടപ്പുണ്ടായിന്നു. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും പോലീസ് സ്റ്റേഷനിലാണ്.

പ്രദേശത്ത് നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നത് ഭയപ്പാടുണ്ടാക്കുന്നുവെന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുമ്പോള്‍, കൃത്യമായ തെളിവില്ലാത്ത പക്ഷം ഭയത്തിന്റെ അടിസ്ഥാനമെന്തെന്ന് മറു ചോദ്യവും നാട്ടുകാര്‍ തന്നെ ചോദിക്കുന്നുണ്ട്. കൊലപതകം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇനിയും പ്രതിയിലേക്കെത്താന്‍ വൈകുന്നതെന്തെന്ന് ചോദ്യവും ഉയരുന്നുണ്ട്. കള്ളാടിപ്പോഴും സാറാമ്മയുടെ കൊലപതകത്തിന്റെ പകപ്പിലാണ്. മഞ്ഞള്‍ പൊടി വിതറി അതിക്രൂരമായി കൊലപാതകവും മോഷണവും നടത്തിയ പ്രതിക്ക് പിന്നാലെയാണ് പോലീസിപ്പോഴും. ആരാണ് ഈ ക്രൂരത ചെയ്തതെന്നറിയാതെ കള്ളാടുകാര്‍ക്കും മനസമാധാനമില്ല.

Share on

മറ്റുവാര്‍ത്തകള്‍