ആർഎൽവി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ നർത്തകി സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളി നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതി. വംശീയാധിക്ഷേപ കേസിൽ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ഹർജിയാണ് തള്ളിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് രാമകൃഷ്ണനെന്ന് അറിഞ്ഞുകൊണ്ടാണ് സത്യഭാമ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്നും, പ്രഥമദൃഷ്ട്ടിയിൽ കുറ്റം നിലനിൽക്കുമെന്നും കോടതി കണ്ടെത്തി. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരി ആവശ്യപ്പെട്ടു. ബോധപൂർവ്വമാണ് വംശീയാധിക്ഷേപം നടത്തിയെന്ന വാദം കോടതി അംഗീകരിച്ചു.
അതെ സമയം ആർ എൽ വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കലാമണ്ഡലം സത്യഭാമ അഴിമുഖത്തിനോട് പറഞ്ഞിരുന്നു. ആരെയും പേരെടുത്ത് വിമർശിച്ചിട്ടില്ലന്ന് സത്യഭാമ പറഞ്ഞിരുന്നു. എന്നാൽ തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമർശങ്ങളെന്നു കാട്ടി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. ‘‘മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടുകഴിഞ്ഞാല് കാക്കേടെ നിറം. എല്ലാംകൊണ്ടും കാല് കുറച്ച് അകറ്റിവെച്ച് കളിക്കുന്നതാണ് . ഒരു പുരുഷൻ കാലും കവച്ചുവെച്ച് കളിക്കാന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആമ്പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരുണ്ടേ. അവരായിരിക്കണം. ഇവനെ കണ്ടാലുണ്ടല്ലോ. പെറ്റത്തള്ള പോലും സഹിക്കില്ല’‘ എന്നാണ്. ചാലക്കുടയിൽ നിന്നുള്ള നിർത്താധ്യാപകൻ എന്നാണ് വീഡിയോയിൽ പരാമര്ശിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായി പേരെടുത്തു പറയാത്ത പക്ഷം എങ്ങനെയാണ് രാമകൃഷ്ണനെതിരായ അധിക്ഷേപമാണതെന്ന് പറയാൻ കഴിഞ്ഞതെന്നും ചോദിക്കുന്നു.
പേരെടുത്തു പറയാത്ത പക്ഷം എന്തടിസ്ഥാനത്തിലാണ് നിറത്തിന്റെയും അകാരസൗന്ദര്യത്തിന്റെയും പേരിലടക്കം അധിക്ഷേപം നടത്താൻ കഴിയുന്നതെന്ന ചോദ്യത്തിന് സത്യഭാമ പ്രതികരിച്ചില്ല. രാമകൃഷ്ണനല്ലെങ്കിൽ മറ്റാരെയാണ് പരാമർശിച്ചതെന്നുമുള്ള ചോദ്യത്തിനും ഉത്തരം നൽകാൻ സത്യഭാമ വിസമ്മതിച്ചു. ചാനൽ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ താൻ പറഞ്ഞത് കടന്നുപോയതാകാമെന്നും സത്യഭാമ പറഞ്ഞു. നന്നായി കളിച്ചാലും തന്റെ ശിഷ്യരുൾപ്പെടെ കറുത്തനിറമുള്ള കുട്ടികൾക്ക് സമ്മാനം ലഭിക്കാറില്ല. അതു കുട്ടികൾക്ക് വിഷമം ഉണ്ടാക്കുമെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് പറയുന്നതെന്നും സത്യഭാമ പറഞ്ഞിരുന്നു.
ആർ എൽ വി രാമകൃഷ്ണന്റെ കഴിവെന്താണെന്ന് മനസിലാക്കാനുള്ള ബോധം സത്യഭാമക്കില്ലെന്നും, അത് പ്രസ്തവാനയിൽ വ്യക്തമാണെന്നും ആർഎൽവി കോളേജ് പ്രിൻസിപ്പാൾ അഴിമുഖവുമായി പ്രതികരിച്ചത്. ‘മനസിൽ കറുപ്പുള്ളവർക്കേ മറ്റൊരാളോട് ഇങ്ങനെ പെരുമാറാൻ സാധിക്കു. ശരീരത്തിലല്ല, മനസിൽ കറുപ്പ് അധികമായാൽ അതാണ് പ്രശ്‌നം. പറഞ്ഞ പ്രസതാവനകൾ ഒരു കലാകാരിക്ക് യോജിച്ചതാണോ എന്ന് അവർ സ്വയം ചിന്തിക്കേണ്ട വസ്തുതയാണ്. ആർ എൽ വി കോളജിനെയും ഇവിടുത്തെ പൂർവ വിദ്യാർത്ഥിയെയും കുറിച്ചാണ് ഇത്തരം ഒരു മോശം പരാമർശം നടത്തിയിരിക്കുന്നത്. അതിന് അവർ മാപ്പ് പറയണം എന്നാണ് കോളേജിന്റെ ആവശ്യമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുമ്പോൾ പുരുഷന്മാരുടേതായ സൗന്ദര്യത്തിൽ കാണാൻ ശ്രമിക്കണം. സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, അവരുടെ കഴിവ് കണക്കിലെടുത്താൽ മതി. അനാവശ്യ കാര്യങ്ങൾ വലിച്ചിഴക്കുന്നതിന്റെ ആവശ്യകത എന്താണെന്നു തനിക്ക് മനസിലാകുന്നില്ലെന്നും, പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ അതിലെന്താണ് അഭംഗിയുള്ളതെന്നും രാജലക്ഷ്മി ചോദിക്കുന്നു. ഇന്നുവരെയും ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞിരിക്കുന്നത്. രാമകൃഷ്ണനിലെ കലയെ സത്യഭാമ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അതിനർത്ഥം. ഒരു മോഹിനിയാട്ടം അധ്യാപിക കൂടിയായ സത്യഭാമ ഇത്രയും നാളുകളായി കറുത്ത കുട്ടികളെ കണ്ടിരുന്നത് എന്ത് മാനസിക നിലയിലായിരിക്കും എന്നത് ഈ പ്രവൃത്തിയിലൂടെ ഊഹിക്കാമെന്നും രാജലക്ഷമി പറഞ്ഞു. കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാനുമുള്ള യോഗ്യത കലാമണ്ഡലം സത്യഭാമ എന്ന വ്യക്തിക്കില്ലെന്നും, ആർ രാജലക്ഷ്മി കൂട്ടിച്ചേർത്തു.