നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് തിരികെ പിടിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് വിഡി സതീശന്‍ തന്നെ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിഡി സതീശന്‍ എടുത്ത നിലപാടുകള്‍ തന്നെയാണ് വിജയത്തിന്റെയും കാതല്‍. പല ഘട്ടങ്ങളിലും സതീശന്റെ നിലപാടുകള്‍ക്ക് എതിരെ യുഡിഎഫിലെ അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഇത് മുസ്ലിം ലീഗിലും സമസ്തയിലും വരെ കാണാമായിരുന്നു. എന്നാല്‍ ആ അസ്വാരസ്യങ്ങളെയെല്ലാം ഇല്ലാതാക്കുന്ന വിജയമാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് നേടിയിരിക്കുന്നത്.
ഇത്തവണത്തെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ആവേശഭരിതമാക്കിയത് പ്രധാനമായും രണ്ട് കാര്യങ്ങളായിരുന്നു. സി.പി.ഐ.എം അവരുടെ ജനപ്രിയ യുവനേതാവ് എം.സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ച് രാഷ്ട്രീയ പോരാട്ടം നടത്താന്‍ നിശ്ചയിച്ചതായിരുന്നു ഒന്നാമത്തേത്. ഒരുപക്ഷേ അതിനേക്കാള്‍ പ്രധാനമാണ് പി.വി.അന്‍വറുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോയ വി.ഡി.സതീശന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പി.വി.അന്‍വര്‍ നിശ്ചയിക്കേണ്ടതില്ല എന്നത് മുതല്‍ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലും യാതൊരു ഒത്തുതീര്‍പ്പുകളും അന്‍വറുമായി നടത്തില്ല എന്നത് വരെയുള്ള ഉറച്ച തീരുമാനങ്ങള്‍ വി.ഡി.സതീശന്‍ കൈക്കൊണ്ടു. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ മുതല്‍ സര്‍വ്വശക്തരായ മുസ്ലീം ലീഗ് വരെ ശ്രമിച്ചിട്ടും അന്‍വര്‍ മുട്ടുമടക്കി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാലല്ലാതെ ഒരു ചര്‍ച്ചയും നടത്തുകയില്ല എന്ന നിലപാടില്‍ സതീശന്‍ ഉറച്ചുനിന്നു.
അത് സാധാരണഗതിയില്‍ അത്ര എളുപ്പമല്ല. മലബാറില്‍ കോണ്‍ഗ്രസിന്റെ കരുത്ത് എന്ന് പറയുന്നത് മുസ്ലീം ലീഗിന്റെ അകമഴിഞ്ഞ പിന്തുണയാണ്. വയനാട്ടില്‍ സ്വന്തം പതാകപോലും അപമാനിക്കപ്പെട്ടിട്ടും ലീഗ് കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുന്നത് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് സഖ്യമല്ലാതെ മറ്റൊരു സാധ്യത അവര്‍ക്ക് മുന്നില്‍ ഇല്ല എന്നുള്ളത് കൂടി കൊണ്ടാണ്. നിലമ്പൂരിലെ ആര്യാടന്‍ കുടുംബത്തോടാകട്ടെ ലീഗിന് ഒരു കാലത്തും അടുപ്പവുമില്ല. ലീഗിന്റെ നിലപാടിനെ വെല്ലുവിളിച്ചും ആക്രമിച്ചുമാണ് ആര്യാടന്‍ മുഹമ്മദ് അറുപതുകളുടെ പകുതി മുതല്‍ അവിടെ പ്രവര്‍ത്തിക്കുന്നത്. ഈ പാരമ്പര്യം തന്നെയാണ് ഷൗക്കത്തിന്റേതും. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുസ്ലീം ലീഗ് ഇടപെട്ടിട്ടില്ല എന്ന് മാത്രമല്ല, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഷൗക്കത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പിക്കാന്‍ അന്‍വറുമായി നയപരമായ ധാരണയുണ്ടാക്കണമെന്നുള്ള താത്പര്യം ലീഗിനുണ്ടായിരുന്നു. എന്നാല്‍ വി.ഡി.സതീശന്‍ തയ്യാറായില്ല.
അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളേയും കടന്നാക്രമണങ്ങളേയും നേരിട്ട് തന്നെ ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് വി.ഡി.സതീശന്റെ ശ്രമം. പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫിന്റെ മൂന്ന് സീറ്റുകളിലും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മൂന്നിടത്തും പ്രചരണത്തിന് നേതൃത്വം നല്‍കിയത് വി.ഡി.സതീശന്‍ തന്നെയാണ്. നിലമ്പൂര്‍ സിറ്റിങ് സീറ്റില്ലെങ്കിലും യു.ഡി.എഫിന് നല്ല വേരോട്ടമുള്ള മണ്ണാണ്. ആദ്യ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.ഐ.എം ഇവിടെ വിജയിച്ചിട്ടേ ഇല്ല. അന്‍വറിന്റെ വ്യക്തിപരമായ സ്വാധീനമാണ് കഴിഞ്ഞ രണ്ട് തവണയും ഇടത്പക്ഷത്തിന് ഗുണമായത്. മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം എല്‍.ഡി.എഫിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയും നിലവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് തന്നെയായിരുന്നു തുടക്കം മുതല്‍ സതീശന്റേയും യു.ഡി.എഫിന്റേയും കണക്കുകൂട്ടല്‍. മാത്രമല്ല, സി.പി.ഐ.എമ്മിനോട് രാഷ്ട്രീയമായി താത്പര്യമില്ലാത്ത സകല കക്ഷികളുടേയും വോട്ട് ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായി തിരിയുമെന്നും് പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്‍വറിന്റെ സമ്മര്‍ദ്ദത്തിനും താത്പര്യത്തിനും വഴങ്ങാതെ തന്നെ കോണ്‍ഗ്രസിന് വിജയിക്കാനായി. ഇത് വി.ഡി.സതീശന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്.
2008-ലെ മണ്ഡല പുനഃനിര്‍ണയത്തിന് ശേഷം പഴയകാലത്തെ കരുത്ത് അവകാശപ്പെടാനില്ല എന്നതായിരുന്നു കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രതിസന്ധി. യു.ഡി.എഫിന്റെ ഉറച്ച ശക്തികേന്ദ്രങ്ങളായിരുന്ന ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ വണ്ടൂര്‍ മണ്ഡലത്തിലേയ്ക്ക് പോയി. അതോടെ വണ്ടൂര്‍ യു.ഡി.എഫിന്റെ കോട്ടയായി. ചാലിയാര്‍ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേയ്ക്കാണ് മാറ്റി നിശ്ചയിച്ചത്. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലവിലുള്ള മണ്ഡലം. ഇതില്‍ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകള്‍ യു.ഡി.എഫിന് നല്ല വേരോട്ടമുള്ള, പ്രത്യേകിച്ചും ലീഗിന് കരുത്തുള്ള ഇടങ്ങളാണ്. എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളില്‍ ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലും ഇവിടെ എല്‍.ഡി.എഫിനുള്ള സ്വാധീനം ചെറുതല്ല. പോത്തുകല്‍ പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള ഇടങ്ങളാണ്. അമരമ്പലം പഞ്ചായത്താകട്ടെ സിപിഎമ്മിന്റെ കരുത്തുറ്റ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തവണ അവസാന ലാപില്‍ ഓടിയെത്താല്‍ അന്‍വറിനെ സഹായിച്ചത് ഈ പഞ്ചായത്തായിരുന്നു. 2006-ല്‍ എല്‍.ഡി.എഫ് 98 സീറ്റുകളുമായി അധികാരത്തില്‍ വന്നപ്പോഴും നിലമ്പൂരില്‍ 18,000 ത്തില്‍ പരമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയം കഴിഞ്ഞ് നടന്ന 2011 തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും ആര്യാടന്റെ ഭൂരിപക്ഷം 5598 ആയി ചുരുങ്ങി. പിന്നീട് രണ്ടു തിരഞ്ഞെടുപ്പിലും പി.വി.അന്‍വറിന്റെ ബലത്തില്‍ എല്‍.എഡി.എഫ് ജയിക്കുകയും ചെയ്തു.
എല്‍.ഡി.എഫിനേയും പി.വി.അന്‍വറിനേയും ഒരുമിച്ച് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വിജയമുറപ്പിച്ചതോടെ അത് വി.ഡി.സതീശന്റെ വിജയമായി മാറിയിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കാനുള്ള വി.ഡി.സതീശന്റെ അവകാശമുറപ്പിക്കുന്ന തുറുപ്പ് ചീട്ടായി അത് മാറിക്കഴിഞ്ഞു. nilambur byelection; vd satheesan will become all poweful in the congress
Content Summary: nilambur byelection; vd satheesan will become all poweful in the congress