ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആധിപത്യത്തിന് അറുതി വരുത്തി സ്വാതന്ത്ര്യം നേടുന്നതില്‍ മുഖ്യ പങ്ക് വഹിച്ച് നേതൃത്വം കൊടുത്ത വ്യക്തിയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി. ഓരോ രാജ്യത്തിന്റെയും രൂപീകരണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന ആദരണീയ സ്ഥാനമാണ് രാഷ്ട്രപിതാവ് എന്നത്. പണ്ഡിതരെയും യോദ്ധാക്കളെയും ബി.സി. 63ല്‍ രാഷ്ട്രപിത സ്ഥാനം നല്‍കിയാണ് ആദരിച്ചിരുന്നത്. ആധുനിക രാജ്യങ്ങളുടെ ചരിത്രത്തില്‍ രാജ്യങ്ങളുടെ സ്ഥാപക നേതാക്കള്‍ക്കാണ് രാഷ്ട്രപിതാവ് സ്ഥാനം നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അര്‍ത്ഥത്തിലാണ്.
സജ്ഞയ് ലീല ബന്‍സാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2017ല്‍ ഇറങ്ങിയ ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവതി എന്നത്. പക്ഷെ ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷം 2018 ജനുവരി 25ന് പത്മാവത് എന്ന് പേര് മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വന്‍ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ല്‍ അവധ് ഭാഷയില്‍ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്.
അതീവ സുന്ദരിയായിരുന്ന പത്മാവതിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി 1303-ല്‍ മേവാറിലെ ചിത്തോര്‍ഗഢ് കോട്ട ആക്രമിച്ചു. മരിച്ചു വീഴും മുമ്പ് രജപുത്രര്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യത്തോട് ശക്തമായി പോരാടി. ഖില്‍ജിക്കു മുമ്പില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച പത്മാവതി ഉള്‍പ്പെടെയുള്ള രജപുത്ര സ്ത്രീകള്‍ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പദ്മാവതി കാവ്യത്തില്‍ പറയുന്നത്. പത്മാവതിയെ രജപുത്രര്‍ തങ്ങളുടെ ധീരവനിതയായി കരുതിപ്പോരുന്നു.
ഇന്ത്യയില്‍ പത്മാവതിയെ രാഷ്ട്രമാതാവാക്കാന്‍ ആലോചന ഉണ്ടായപ്പോള്‍ തേജസ് ദിനപത്രത്തില്‍ സുധീര്‍ നാഥ് വരച്ച ഒരു കാര്‍ട്ടൂണുണ്ട്. മഹാത്മാ ഗാന്ധി, നെഹ്‌റുവിനോട് പറയുകയാണ്. ? ഞാന്‍ രാഷ്ട്രപിത സ്ഥാനം രാജിവെയ്ക്കുകയാ നെഹ്‌റുജി…? രാഷ്ട്രമാത പ്രഖ്യാപന ശ്രമത്തിന് പിന്നിലെ രാഷ്ട്രീയം വിശദീകരിക്കേണ്ടതില്ലല്ലോ…