April 22, 2025 |
Share on

‘ഊഷ്ണതരംഗത്തേക്കാള്‍ പൊള്ളിക്കുന്നുണ്ട് ജീവിതം ഞങ്ങളെ’

ചുട്ടുപൊള്ളുന്ന വെയിലിലും ഉപജീവനം തേടുന്ന വഴിയോരക്കച്ചവടക്കാരുടെ ദുരിതം

ചൂട് കൂടുന്നുവെന്നും ഉഷ്‌ണതരംഗം ജനജീവിതത്തെ താറുമാറാക്കുന്നുവെന്ന  വാർത്തകൾ നാം ഓരോരുത്തരും കേൾക്കുന്നത് ഒരു പക്ഷെ ശീതികരിച്ച മുറിയുടെ തണുപ്പിൽ ഇരുന്നുകൊണ്ടാകും. ഏറ്റവും കുറഞ്ഞത് ഒരു ഫാൻ കാറ്റിന്റെ ആശ്വാസമെങ്കിലും നമുക്കുണ്ടാകും. സൂര്യ താപം ഏൽക്കുമെന്നും നിർജ്ജലീകരണം സംഭവിച്ച് മരണം വരെ സംഭവിക്കാം എന്നറിഞ്ഞിട്ടും  രാവിലെ തൊട്ട് അന്തിയാകുന്നത് വരെ അവർ തെരുവോരങ്ങളിൽ നിൽക്കുന്നത്, അന്നന്നുള്ള ആഹാരത്തിനു വേണ്ടിയാണ്. കാലാവസ്ഥാ വകുപ്പിന്റെ നിർദേശങ്ങളുടെ ഒരു നീണ്ട നിര വെറുതെ കേൾക്കാമെന്നല്ലാതെ  അതനുസരിച്ച് ജീവിക്കാൻ ഓരോ ദിവസവും തള്ളി നീക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഇവർക്ക് സാധിക്കുമോ? ഞാൻ വന്നില്ലെങ്കിൽ വീട്ടിൽ അരി വാങ്ങണ്ടേ ? എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചത്. ജീവിതത്തിന്റെ കനൽ വഴികൾ ദിവസേന താണ്ടുന്ന വഴിയോര കച്ചവടത്തിന് നിൽക്കുന്ന ഓരോരുത്തരെ സംബന്ധിച്ച് സൂര്യന്റെ താപം ഒന്നുമല്ല. ഉഷ്‌ണതരംഗത്തിന്റെ പ്രഭാവത്തിൽ  അവരുടെ നെറ്റിയിൽ നിന്നൊഴുകുന്ന വിയർപ്പിനും കണ്ണിൽ നിന്നൊഴുകുന്ന കണ്ണീരിനും ഒരേ രുചിയാണ്. കഷ്ടപ്പാടിന്റെ, കണ്ണുനീരിന്റെ ഉപ്പ് ചാലിച്ചാണ് വഴിയോരത്ത് നിൽക്കുന്നവർ  ഓരോ ഉരുളയും കഴിക്കുന്നത്.  heat waves heat wave

ആദ്യം ചെന്നത് വഴിയരുകിൽ ലോട്ടറി വിൽക്കുന്ന മിനി ചേച്ചിയുടെ അരികിലേക്കാണ്. ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ നിറം മങ്ങിപ്പോയ ചുരിദാറിട്ട് കയ്യിൽ ലോട്ടറി ടിക്കറ്റും കൊണ്ട് റോഡരുകിൽ നിൽക്കുന്ന മിനിചേച്ചി തൃപ്പൂണിത്തുറയിലുള്ളവർക്ക് സുപരിചിതയാണ്. മങ്ങിയതാണെങ്കിലും കടന്ന് പോകുന്ന വഴിയിൽ ഒരു ചെറു പുഞ്ചിരി നൽകുന്ന ചേച്ചി ഒരു സ്ഥിരം കാഴ്ചയാണ്.

പ്രാരാബ്ധത്തിന്റെ നര വീണ മുടിയിഴകളും വെയിലേറ്റു അൽപ്പം തളർന്ന ശബ്ദത്തിൽ മിനി ചേച്ചി പറഞ്ഞു തുടങ്ങി
‘ പത്ത് വർഷത്തോളമായി ഞാൻ വഴിയരുകിൽ ലോട്ടറി വിൽക്കാൻ തുടങ്ങിയിട്ട്. ഞാൻ വന്നില്ലെങ്കിൽ ഒന്നും ശരിയാകില്ലെന്നേ. കാലാവസ്ഥ വകുപ്പ് പറയുന്നത് ഒക്കെ കേട്ടിരുന്നാൽ വീട്ടിൽ അടുപ്പ് പുകയുമോ ? ശരീരത്തിനൊക്കെ നല്ല പൊള്ളലുണ്ട്,  എവിടെയെങ്കിലും കിടന്നാൽ മതിയെന്ന അവസ്ഥയിലാണ് വൈകുന്നേരം വീട്ടിലെത്തുന്നത്. കൈയൊന്ന് ഒടിഞ്ഞത് കൊണ്ട് കുടയൊന്നും പിടിച്ച് നിൽക്കാൻ പറ്റില്ല. ജീവിതം മുന്നോട്ട് പോകണമെങ്കിൽ പൈസ വേണം അത് കൊണ്ട് വരാതിരിക്കാൻ നിവൃത്തിയില്ല. ചൂട് ആയതുകൊണ്ട് വഴിയിൽ ഒന്നും പഴയതു പോലെ ആരും വരുന്നില്ല. ഒരു 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയൊന്നും ആരും ഇത് വഴിയൊന്നും വരില്ല. ഒൻപത് മണിക്ക് വന്നാൽ ഞാൻ വീട്ടിലേക്ക് തിരിക്കാൻ 4 . 30 കഴിയും. അതുവരെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന രണ്ടു കുപ്പി വെള്ളത്തിലാണ് നിൽക്കുന്നത്. മാറി നിൽക്കാൻ ഒരു തണൽ പോലുമില്ല. ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം പക്ഷെ എന്ത് ചെയ്യാനാ.. ചില ദിവസം വരണ്ട, വയ്യെന്നൊക്കെ തോന്നും പക്ഷെ വീട്ടിലെ കാര്യം ഒക്കെ ഓർക്കുമ്പോൾ കിടക്കാനും തോന്നില്ല. എനിക്ക് രണ്ട് മക്കളുണ്ട് ഒരാണും ഒരു പെണ്ണും. മകന് പോലീസിൽ ജോലി ലഭിച്ചിട്ട് ദിവസങ്ങൾ ആകുന്നതേയുള്ളു, മകൾ സി എ-യ്ക്ക് പഠിക്കുവാണ്.

ഇവിടെ ജോലിക്ക് വന്നില്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ എല്ലാം അവതാളത്തിലാകും. എനിക്ക് ഹൃദയത്തിന് തകരാറുണ്ട്, ഭർത്താവിനും ശാരീരിക അസുഖങ്ങൾ ഉണ്ട്. ചൂട് കൂടുമ്പോൾ അടുത്തുള്ള വീട്ടിലെ പൈപ്പിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് മുഖം കഴുകും. വീട്ടിൽ മക്കളും ഭർത്താവും എല്ലാം എന്നോട് ചോദിക്കും ചൂടത്ത് നിൽക്കാൻ പ്രയാസമുണ്ടോയെന്ന് പക്ഷെ എന്റെ വിഷമങ്ങൾ ഒന്നും അവരോട് പറയാറില്ല. പറഞ്ഞാൽ അവർ വിടില്ല. ഒരു മനോധൈര്യത്തിന്റെ പുറത്ത് നടക്കുവാണ് ഞാൻ. ഓരോ തവണയും ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ തന്നെ 4000 രൂപ ആകും പിന്നെ കടം പറഞ്ഞ് ടിക്കറ്റ് വാങ്ങുന്നവർ ഒക്കെ ഉണ്ട് പിന്നെ എങ്ങനെ വരാതിരിക്കുക. ഭക്ഷണം  കഴിക്കാനോ മറ്റ് ആവശ്യങ്ങളോ ഒന്നിനും പറ്റില്ല.

എന്താ മിനി ചേച്ചി ചെരുപ്പിടാതെ നിൽക്കുന്നത് എന്ന  ചോദ്യത്തിന്

‘ചെരുപ്പൊക്കെ ഇട്ടാൽ കാലു വേദനിക്കുന്നെ എന്ന് ചിരിയിൽ തുടങ്ങിയ മറുപടി പിന്നീട് കണ്ണുനീരിൽ കുതിർന്നു . ‘

നാൽപ്പത് വർഷമായി ബ്രോഡ് വേയിൽ തുണി കച്ചവടം ചെയുന്ന കമാലിന് പറയാനുള്ളത് ജീവിതം മുന്നിൽ ഒരു ചോദ്യ ചിന്ഹമായി നിൽക്കുമ്പോൾ ചൂട് ഒന്നും ഒരു പ്രശ്നമായി കണക്കാക്കാൻ കഴിയില്ലെന്നാണ്. ജോലിക്ക് വന്നില്ലെങ്കിൽ ജീവിതം വഴിമുട്ടും എന്നാണ് 60 വയസുള്ള കമാൽ പറയുന്നത്. heat wave

‘ പുറത്തിറങ്ങരുതെന്ന് പറയുന്നവർക്ക് അവിടെ ഇരുന്ന് പറഞ്ഞാൽ മതിയല്ലോ ഞങ്ങൾക്ക് അരി വാങ്ങിക്കണ്ടേ, കച്ചവടം ചെയ്ത് കിട്ടുന്ന പൈസയിൽ പകുതി ഇവിടെ തന്നെ വെള്ളവും ആഹാരവും മേടിച്ച് തീരും. കഴിഞ്ഞ വർഷങ്ങളിലേത് പോലെ കച്ചവടം നടക്കുന്നില്ല ആരും വരുന്നില്ല. എല്ലാവരും ചൂടിന്റെ പേരും പറഞ്ഞ് വീട്ടിലിരിപ്പല്ലേ. കൂടാതെ ഓൺലൈനിൽ നിന്നും വാങ്ങിക്കും. ഞങ്ങളെ പോലെ ഉള്ളവരുടെ അടുത്ത് നിന്നൊന്നും ആരും വാങ്ങില്ല. ചൂട് കൂടിയതോടെ ആരും വരാതെയുമായി അതുകൊണ്ട് ഉച്ചക്കാണ് കച്ചവടത്തിനെത്തുന്നത്. എനിക്ക് മാത്രമല്ല പൊതുവെ കച്ചവടം എല്ലാവർക്കും കുറവാണ്. കാക്കനാട് നിന്ന് സ്‌കൂട്ടർ ഓടിച്ച് വരുമ്പോഴേക്കും ആകെ തളരും. പ്രായമായതിന്റെ അസ്വസ്ഥകൾ ഏറെയുണ്ട് ഒപ്പം ഞാൻ ഒരു കിഡ്‌നി രോഗിയാണ്. മരുന്നിനും മറ്റും നല്ലൊരു തുക ചെലവ് വരുന്നുണ്ട് ഇതല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ല. ചൂട് കൊണ്ട്  ഇരുന്ന് വീട്ടിൽ എത്തുമ്പോഴേക്കും ആകെ തളരും പിന്നെ എവിടെയെങ്കിലും കിടന്ന് ഉറങ്ങണം എന്ന ചിന്ത മാത്രമേ ഉണ്ടാകു. ഓരോ തവണ ഡോക്ടറെ കാണാൻ പോകുമ്പോഴും പറയുന്നത് വിശ്രമം എടുക്കാൻ ആണ് പക്ഷെ വീട്ടിലെ കാര്യം ഓർക്കുമ്പോൾ തനിയെ ഇങ്ങോട്ട്  എഴുന്നേറ്റ് വരും.’

ഒരു ചെറു ചിരിയോടെയാണ് കമാലിക്ക എല്ലാം പറഞ്ഞതെങ്കിലും ഇടയ്ക്കിടെ എന്തിനോ ആ കണ്ണിൽ നനവ് പടരുന്നുണ്ടായിരുന്നു. 60-ാം വയസിലും ഒടുങ്ങാത്ത പ്രാബ്ദങ്ങളുടെ ചുമട് പേറുന്നത് കൊണ്ടാകാം ഒരു പക്ഷെ ആ കണ്ണുകളിൽ നനവൂറിയത്.

എട്ടു വയസിൽ അമ്മയുടെ സാരി തുമ്പിൽ പിടിച്ച് ബ്രോഡ് വേയിൽ കച്ചവടത്തിന് എത്തിയതാണ് വത്സ. വർഷങ്ങളായി വത്സ ബ്രോഡ് വേയിലെ സ്ഥിരം സാന്നിധ്യമാണ്, സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടെ സംസാരിക്കുന്ന വത്സ ചേച്ചി സംസാരിക്കുമ്പോൾ വീണ്ടും ആ പഴയ എട്ടു വയസുകാരിയായി

അന്നൊക്കെ ഞങ്ങളെ ഭരിക്കുന്ന ഏക വികാരം വിശപ്പാണ്. പട്ടിണിയും പരിവട്ടവും ഇല്ലാത്ത വീടുകൾ വളരെ വിരളമായിരുന്നു. അന്ന് ഇങ്ങനെ കടയൊന്നുമില്ല ഒരു പായ വിരിച്ച് അതിലിരുന്നാണ് കച്ചവടം. അന്ന് ചായ വിൽക്കുന്ന മമ്മദിക്ക വരും, ഇക്കയുടെ കയ്യിൽ നിന്ന് രണ്ട് പൊറോട്ടയും ഒരു ചായയും വാങ്ങി തരും. അന്നത്തെ കാലത്ത് അതൊക്കെ സ്വർഗം കിട്ടിയത് പോലാണ്. ഇന്നെനിക്ക് 59 വയസ്സായി, ആ കാലം തൊട്ട് ഞാൻ കൂടുതൽ സമയം ഇവിടെ തന്നെയാണ് പക്ഷെ അന്നൊന്നും ഇല്ലാത്ത ചൂടാണ് ഇന്ന്. ഓരോ നിമിഷവും  വെന്ത് ഉരുകുകയാണ്. ഇവിടെ നിന്നുള്ള ഒറ്റ വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്ന് പോകുന്നത്. ചൂടാണെന്ന് പറഞ്ഞ് വരാതിരിക്കാൻ പറ്റില്ലല്ലോ, ഒരു വീട് വച്ചതിന്റെ കടം ഇനിയും തീർന്നിട്ടില്ല. ഭർത്താവിന് ഹാർട്ട് അറ്റാക് വന്നത് കൊണ്ട് ഓട്ടോ ഓടിക്കാൻ കഴിയില്ല, ഇപ്പോൾ വല്ലപ്പോഴും പെയിന്റ് പണിക്കും കൂലി പണിക്കും പോകും എന്നേയുള്ളു. ഇനിയും എത്ര കാലമാണ് പണി എടുക്കുക എന്നറിയില്ല ആയുസുണ്ടായാൽ മാത്രം മതി. ഒൻപത് മണിയാകുമ്പോഴേക്കും ഇവിടെ ഒന്നും ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഏഴുമണിക്ക് വരുന്നതാണ് ഇവിടെ പോകുമ്പോൾ രാത്രിയാകും. ഒരു പാട് സമ്പാദ്യങ്ങൾ ഒന്നുമില്ലെങ്കിലും ജീവിച്ചു പോകുന്നുണ്ട്. വഴിയരുകിൽ ഇരിക്കുമ്പോൾ ചൂടും വെയിലും തളർത്തുമ്പോൾ നാളെ എന്നുള്ള ചിന്തയാണ് ഞങ്ങളെ പോലുള്ള ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ഞങ്ങളെ കാത്ത് വീടുകളിൽ കഴിയുന്നവരുടെ മുഖമാണ് ഓരോ ദിവസവും തള്ളി നീക്കാനുള്ള പ്രചോദനം.

വഴിയരുകിൽ പഴം കച്ചവടം നടത്തുന്ന വത്സ ചേച്ചിയുടെ വാക്കുകളിൽ  നിറയെ നാളേക്കുള്ള പ്രതീക്ഷയാണ്. സംസാരത്തിനിടയിലും കാണുന്നവരോട് കുശലം പറയുകയും ചുറുക്കോടെ എല്ലാം ചെയ്യുന്നുമുണ്ട് വത്സ ചേച്ചി. വേനൽ ചൂടിന് തളർത്താൻ കഴിയാത്ത ജീവിത ചൂടിൽ വെന്തുരുകുന്നതിനാലാകണം വത്സ ചേച്ചിയെ പോലുള്ള അനേകം ആളുകൾ ദിവസേന ഉപ ജീവിതത്തിനായി ഈ കൊടും ചൂടിൽ റോഡിൽ കച്ചവടത്തിന് ഇറങ്ങുന്നത്.

 

content summary : street vendors life misery during heat wave in kerala

 

Leave a Reply

Your email address will not be published. Required fields are marked *

×