UPDATES

വിദേശം

ടിക് ടോക് നിരോധിക്കാൻ ഒരുങ്ങി അമേരിക്കയും

ബില്ല് പാസാക്കി

                       

ഇന്ത്യയിലടക്കം അനവധി രാജ്യങ്ങളിലാണ് സാമൂഹ്യമാധ്യമമായ ടിക് ടോക്കിന് നിരോധനം നിലനിൽക്കുന്നത്. ഇപ്പോഴിതാ അമേരിക്കയും ടിക് ടോക് നിരോധിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ടിക് ടോകിനോട് ചൈനീസ് ഉടമയായ ബൈറ്റ് ഡാൻസുമായി കരാർ അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്. ടിക് ടോക് നിരോധിക്കാനുള്ള ബില്ല് പാസാക്കിയെങ്കിലും പ്രാബല്യത്തിൽ വരണമെങ്കിൽ സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം. ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.

ടിക് ടോക്കിലുള്ള ചൈനയുടെ സ്വാധീനത്തെ കുറിച്ച് നിയമ നിർമ്മാതാക്കൾ വളരെക്കാലമായി ആശങ്കയിലായിരുന്നു. 2012-ൽ സ്ഥാപിതമായ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്. സെനറ്റിൽ ബില്ലിന് അംഗീകാരം ലഭിച്ചാൽ നിയമത്തിൽ താൻ ഒപ്പിടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിക്കിയിരുന്നു. യു എസിന്റെ ഈ തീരുമാനം ചൈനയുമായുള്ള നയതന്ത്ര തർക്കത്തിന് കാരണമായേക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ടിക് ടോക്കുമായുള്ള നിർബന്ധിത വിഭജനം പൂർത്തിയാക്കാൻ ബൈറ്റ് ഡാൻസിന് ചൈനീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്, എന്നാൽ ബീജിംഗ് തീരുമാനത്തെ എതിർക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. യു എസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ മറുപടി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കുന്ന  പ്രബലമായ വാർത്താ പ്ലാറ്റ്‌ഫോം അമേരിക്കയിൽ നിലനിൽക്കുന്നുണ്ടെന്ന അപകടസാദ്ധ്യത തള്ളിക്കളയാൻ യുഎസിന് കഴിയില്ല എന്ന്. ബില്ലിന്റെ സഹ രചയിതാവായ മൈക്ക് ഗല്ലഗെർ, പറഞ്ഞു.

ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പ്ലാറ്റ്‌ഫോം നടപടികൾ കൃത്യമായി പാലിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സെനറ്റ് ബില്ല് പാസാക്കിയാൽ അമേരിക്കയിൽ ടിക് ടോക് നിർത്തേണ്ടി വരുമെന്നും, ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജോലികൾ നഷ്ടമാകുമെന്നും ടിക്‌ടോക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഷൗ സി ച്യൂ മുന്നറിയിപ്പ് നൽകി. ടിക് ടോക് നിരോധിക്കുന്നതിലൂടെ മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്ക് യു എസിൽ അധികാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ, 2024 ജനുവരിയിൽ  വാൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിൽ, യുഎസിലെ ടിക് ടോക്കും ചൈനയിലെ ബൈറ്റ് ഡാൻസും തമ്മിൽ അനൗദ്യോഗികമായി ഡാറ്റ പങ്കിട്ടുവെന്ന് കണ്ടെത്തിയത് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു.

ടിക് ടോക്ക് യുഎസിൻ്റെ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നതിന് യാതൊരു വിധ തെളിവുകളും അമേരിക്ക ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ തീരുമാനം ടിക് ടോക്കിനെ അടിച്ചമർത്തുന്നതിന് തുല്യമാണ്. ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തൽ പെരുമാറ്റം കമ്പനിയുടെ ബിസിനസിനേയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നതാണ് എന്നും യു എസ് നീക്കങ്ങൾ അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം നശിപ്പിക്കാൻ പോന്നതാണ് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.

ഏകദേശം 268 ബില്യൺ ഡോളറാണ് ( 2,21,98,90,90,00,000 ഇന്ത്യൻ രൂപ ) നിലവിൽ ആപ്പിൻ്റെ മൂല്യം. ഈ വർഷം യുഎസിൽ നിന്ന് ഏകദേശം 8.66 ബില്യൺ ഡോളർ ( 7,17,36,49,56,000 ഇന്ത്യൻ രൂപ) പരസ്യ വരുമാനം ടിക് ടോക്ക് നേടുമെന്നാണ് ഗവേഷണ സ്ഥാപനമായ എമാർക്കറ്റർ കണക്കാക്കുന്നത്,

Share on

മറ്റുവാര്‍ത്തകള്‍