രാജ്യം മാത്രമല്ല, ലോകം മുഴുവനും ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നതിനെ കുറിച്ച് തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. 1999-ല്‍ കിഴക്കനേഷ്യയില്‍ രൂപം കൊണ്ടതാണ് ജി 20 കൂട്ടായ്മ. അന്ന് ലോക രാജ്യങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ജി 20-യുടെ രൂപീകരണത്തിന് വഴിതെളിച്ചത്. പേരില്‍ പറയുന്നത് പോലെ 20 അല്ല, അതിലേറെ രാജ്യങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. വികസ്വര രാജ്യങ്ങളാണ് അംഗങ്ങള്‍. സാമ്പത്തിക പ്രതിസന്ധി മൂലം തകിടം മറയാതെ കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള ഒരു ശ്രമമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. എല്ലാ അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും അതാത് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് തലവന്മാരും ആണ് ഈ കൂട്ടായ്മയുടെ തലപ്പത്ത് ചര്‍ച്ചയ്ക്കായി ഉണ്ടാവുക.
1999-ല്‍ രൂപീകൃതമായെങ്കിലും പിന്നീട് അത്ര സജീവമായിരുന്നില്ല ജി-20. 2008-ല്‍ ആണ് പിന്നീട് ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത്. അതിനു കാരണം ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചതായിരുന്നു. എല്ലാ ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് തലവന്മാരും ആ സമയത്ത് ഒത്തുകൂടുകയും സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള വഴി കണ്ടെത്തുകയുമായിരുന്നു. പിന്നീട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ജി 20 കൂട്ടായ്മ സാമ്പത്തിക മേഖലയ്ക്ക് അപ്പുറം ലോക സുരക്ഷയും ഭക്ഷ്യസുരക്ഷയും ഊര്‍ജസുരക്ഷയും പരിസ്ഥിതി പൊതുജനാരോഗ്യം തുടങ്ങിയ പല വിഷയങ്ങളും ചര്‍ച്ചചെയ്യുകയും പരിഹാരം കാണുകയും ചെയ്തു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.
2023 സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ആണ് ഇന്ത്യയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്. ഡല്‍ഹിയിലെ പ്രഗതി മൈതാനിലുള്ള വേദിയില്‍ നടക്കുന്ന ചടങ്ങിനായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ രാജ്യാന്തര നാണയ നിധിയുടെയും ലോകബാങ്കിന്റെയും പരിഷ്‌കാരങ്ങള്‍ക്കായി നിലകൊള്ളുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരിക്കുകയാണ്. വികസന രാജ്യങ്ങളെ കൂടുതല്‍ നന്നായി സേവിക്കുന്നതിനായി ഈ രണ്ടു സ്ഥാപനങ്ങളും ഇനിയും മാറണമെന്നാണ് വൈറ്റ് ഹൗസ് നിലപാടെന്ന് അവര്‍ വ്യക്തമാക്കിയത് ഗൗരവത്തോടുകൂടിയാണ് കാണേണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കം ഒട്ടേറെ പ്രമുഖ വ്യക്തികളാണ് ജി 20 യില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തുന്നത്.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 8, 9, 10 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്വകാര്യ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മൂന്ന് ദിവസങ്ങളില്‍ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും കടകളും തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും സെപ്റ്റംബര്‍ എട്ടിന് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരും എന്നാണ് കണക്ക് കൂട്ടല്‍. സെപ്റ്റംബര്‍ 10, 11 തീയതികളിലായി പ്രതിനിധികള്‍ അതാത് രാജ്യങ്ങളിലേക്ക് തിരികെ പുറപ്പെടുന്നതിനും സാധ്യതയുണ്ട്. വിമാനത്താവളങ്ങളില്‍ നിന്ന് ഹോട്ടലിലേക്കും ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനിയിലെ വേദികളിലേക്കുമുള്ള ഡെലിഗേറ്റുകളുടെ യാത്ര സുഗമമായി നടക്കുന്നതിനാണ് ഡല്‍ഹിയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക നേതാക്കള്‍ കടന്നുപോകുന്നതിനാല്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയുടെ തെരുവോരങ്ങള്‍ സുന്ദരമാക്കുന്നതിനുവേണ്ടി കോടികളാണ് ചെലവാക്കിയിരിക്കുന്നത്. ജലധാരകളും ശില്പങ്ങളും കൊണ്ട് ഡല്‍ഹിയിലെ തെരുവകള്‍ സുന്ദരമായി കൊണ്ടിരിക്കുകയാണ്.
ലോക നേതാക്കള്‍ ഇന്ത്യയില്‍ എത്തുന്ന സമയത്ത് മണിപ്പൂരില്‍ കലാപം കെട്ടിടങ്ങിയിട്ടില്ല എന്നുള്ളത് രാജ്യത്തെ ഒരു തരത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജി 20 യുടെ മുദ്രാവാക്യം വസുദൈവ കുടുംബകം-ലോകം ഒരു കുടുംബമാണ്- എന്നതാണ്. ഇതിനു ഘടകവിരുദ്ധമായ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ നാണം കെടും എന്ന് ശശി തരൂര്‍ അഴിമുഖം ബുക്‌സിന്റെ മണിപ്പൂര്‍ എഫ്‌ഐആര്‍ എന്ന പുസ്തക കവര്‍ പ്രകാശന ചടങ്ങില്‍ തിരുവനന്തപുരത്ത് പറഞ്ഞത് രാജ്യം ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.