UPDATES

സയന്‍സ്/ടെക്നോളജി

‘വഴി തെറ്റിക്കുന്നു’; നേപ്പാളും ടിക് ടോക് നിരോധിക്കുന്നു

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയെന്നാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം

                       

രാജ്യത്തിന്റെ ‘സാമൂഹിക ഐക്യത്തെ’ പ്രതികൂലമായി ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ആപ്പ് ആയ ടിക് ടോക്ക് നിരോധിക്കാന്‍ തീരുമാനിച്ചു നേപ്പാള്‍ സര്‍ക്കാര്‍. പ്രതിമാസം ഒരു ബില്യണ്‍ ഉപയോക്താക്കളുള്ള ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോം ആയ ടിക്ക് ടോക്ക് ഇതാദ്യമായല്ല ഒരു രാജ്യത്ത് നിരോധനം നേരിടുന്നത്. ഡാറ്റാ നിയമങ്ങളുടെ ലംഘനങ്ങള്‍ കൊണ്ടും, പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ യുവാക്കളെ ദോഷകരമായി ബാധിക്കാനിടയുള്ളതിനാലും നിരവധി രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ടിക്ക് ടോക്ക് നേരിട്ടിട്ടുണ്ട്.

‘ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം തിങ്കളാഴ്ച്ചയാണ് എടുത്തത്. ഇതിനോട് ബന്ധപെട്ട അധികാരികള്‍ നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. സാമൂഹിക ഐക്യം തകര്‍ക്കുന്ന തരത്തിലും കുടുംബഘടനകളെയും ബന്ധങ്ങളെയും തടസപ്പെടുത്തുന്ന രീതിയിലുമുള്ള ഉള്ളടക്കം പ്രചരിപ്പിക്കാന്‍ വേണ്ടി ടിക് ടോക്ക് വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം, നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രേഖ ശര്‍മ നവംബര്‍ 13-ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിരോധനത്തിന് കാരണമായ സംഭവം എന്താണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

തീരുമാനം പരസ്യമാക്കി മണിക്കൂറുകള്‍ക്കകം, നിരോധനത്തെക്കുറിച്ചുള്ള വീഡിയോകള്‍ ടിക് ടോക്കില്‍ വയറലാവുകയും ചെയ്തു. ഭരണ സഖ്യത്തിന്റെ ഭാഗമായ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഗഗന്‍ ഥാപ്പ, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു. സര്‍ക്കാരിന്റെ ഉദ്ദേശ്യം ‘ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ നിയന്ത്രണത്തിന്റെ പേരില്‍ ഇത്തരത്തില്‍ പൂര്‍ണമായും അടച്ച് പൂട്ടുന്നത് തെറ്റാണ്. എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ ഥാപ കുറിച്ചു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഓഫീസുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നേപ്പാള്‍ കൊണ്ടുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. വി ആര്‍ സോഷ്യല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. കുട്ടികളില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ ടിക് ടോക്കിന് സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഒന്നിലധികം രാജ്യങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നിട്ടുണ്ട്.

ഇന്ത്യ ,അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, നോര്‍വേ, സൊമാലിയ, തായ്വാന്‍, യു കെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്. തുടങ്ങിയ രാജ്യങ്ങളാണ് നിലവില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍