UPDATES

വീണ്ടും യുദ്ധഭീതി: വ്യോമാതിര്‍ത്തികള്‍ അടച്ചേക്കാം, ഇസ്രയേല്‍ വിടാന്‍ പൗരന്‍മാരോട് രാജ്യങ്ങള്‍

ടെഹ്‌റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തി

                       

ഇസ്രയേലും ഇറാനും തുറന്ന യുദ്ധത്തിന് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍. വ്യോമാതിര്‍ത്തികള്‍ അടയ്ക്കല്‍, വിമാനങ്ങള്‍ റദ്ദാക്കല്‍, വഴിതിരിച്ച് വിടല്‍ സാധ്യതകളുണ്ട്. അതിനാല്‍ സാധ്യതമായ വേഗത്തില്‍ ഇസ്രയേലും അധിനിവേശ ഫലസ്തീനും വിടാനാണ് ഓസ്‌ട്രേലിയ തങ്ങളുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മേഖലകളിലേക്കുമുള്ള യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പൗരന്‍മാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരന്‍മാരോട് പുറത്ത് ഇറങ്ങുന്നതില്‍ നിയന്ത്രണം വേണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രേറ്റര്‍ ടെല്‍ അവീവ്, ജറുസലേം, ബീര്‍ഷെവ പ്രദേശളിലെ എംബസി ജീവനക്കാരോട് വ്യക്തിഗത യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത തുടരാനും യുഎസ് നിര്‍ദേശിച്ചു. ഇറാന്‍ ഇതിനകം തന്നെ രാജ്യത്ത് വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടെഹ്‌റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിയിരിക്കുന്നത്. രാജ്യാന്തര വിമാനത്താവളമായ ഇമാം ഖമനയി ഇതിനകം അടച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി വരെ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. പല വിമാനത്താവളങ്ങളും അടച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഇസ്രായേല്‍ മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അങ്ങേയറ്റം സംയമനം പാലിക്കേണ്ട സാഹചര്യമാണിതെന്നും സൈനിക സംഘട്ടനങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ലക്ഷ്യമാകരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്ഫഹാന്‍ പ്രവിശ്യയിലാണു ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തിയതും.ആക്രമണവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇറാനും തയ്യാറാവുന്നത്. തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

 

Share on

മറ്റുവാര്‍ത്തകള്‍