UPDATES

1992-ല്‍ മുഴക്കിയ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം

ഇതാദ്യ ചുവടാണ്. കാശിയും മഥുരയും ബാക്കിയാണ്

                       

” യഹ് പഹലാ ചരൺ ഹൈൻ, കാശി ഓർ മഥുര ബാക്കി ഹെ” ( ഇതാദ്യ ചുവടാണ്. കാശിയും മഥുരയും ഇനിയും ബാക്കിയാണ്) 1990 ലാണ് രാമ ജന്മഭൂമിയിൽ ക്ഷേത്രമെന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് എൽ.കെ അദ്വാനി രഥയാത്ര നടത്തുന്നത്. അന്നത്തെ യാത്രയിൽ എൽ കെ അദ്വാനിയുടെ വാഹനത്തെ പിന്തുടർന്നിരുന്ന സംഘപരിവാർ പ്രവർത്തകർ ഉച്ചത്തിൽ ആവർത്തിച്ചു കൊണ്ടിരുന്ന വാക്കുകളാണിത്. ബിജെപി അധികാരത്തിലില്ലാതിരുന്നിട്ട് കൂടി ഈ രഥയാത്രക്ക് അതിന്റെ ലക്ഷ്യം കാണാൻ സാധിച്ചു. ബാബരി മസ്ജിദിന്റെ താഴികകുടങ്ങൾ ഉടക്കുകയെന്ന ലക്ഷ്യം. അധികാരത്തിൽ തുടർന്നപ്പോഴാകട്ടെ അന്ന് സംഘ പ്രവർത്തകർ പാടി നടന്ന വരികളിൽ പരാമർശിച്ച ആ ആദ്യ ചുവടും പൂർത്തിയാക്കി. അയോധ്യയിലെ രാമ ക്ഷേത്രം. ആ അവസാനവരികൾ അക്ഷരാർത്ഥത്തിൽ പൂർത്തിയാകുന്നതിലേക്ക് അധിക ദൂരമില്ലന്നു തെളിയിക്കുന്ന ഒരു പ്രസ്താവനയാണ് ഇനി ചുവടെ ചേർക്കുന്നത്. ”ഗ്യാൻവാപിയും മഥുരയും പരിവർത്തനം ചെയ്യപ്പെട്ട ക്ഷേത്രങ്ങളാണ്. മുസ്ലിങ്ങൾ അവ ഹിന്ദുക്കൾക്ക് ഹിന്ദുക്കൾക്ക് കൈമാറണം.ഈ പള്ളികൾക്ക് മുഹമ്മദ് നബിയുമായോ ഇസ്ലാമിലെ ഖലീഫുകളുമായോ യാതൊരു ബന്ധവുമില്ല. എന്നാൽ ഇതു കൃഷ്ണൻറെ ജന്മസ്ഥലമാണ്. ഹിന്ദുക്കൾക്കു ക്ഷേത്രം മാറ്റാനാവില്ല. എന്നാൽ മുസ്ലിങ്ങൾക്കു മസ്ജിദ് മാറ്റാനാവും.” ഗ്യാൻവാപിയിലും മഥുരയിലുമുള്ള മസ്ജിദുകൾ മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ബാബറി മസ്ജിദിൽ ഖനനം നടത്തിയ എഎസ്ഐ ടീമിൽ അംഗമായിരുന്ന കെ.കെ. മുഹമ്മദിന്റെ അവകാശ വാദങ്ങളാണിത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന്  വാദവുമായി രംഗത്തെത്തിയിരുക്കുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.

ജനുവരി 22 നു ഉദ്‌ഘാടനം ചെയ്ത രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തതോടെ മഥുരയിലെയും കാശിയിലെയും ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപമുള്ള മസ്ജിദുകളുടെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഇനിയും ശക്തമാവുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു . രാമന്റെ ജന്മഭൂമിയിൽ ക്ഷേത്രം സാധ്യമായത് പോലെ, മഥുരയിൽ കൃഷ്ണനും കാശി വാരണാസിയിൽ ശിവനും ക്ഷേത്രം വേണമെന്ന വാദങ്ങൾ ഉയരുന്നുണ്ട്. അയോധ്യയിൽ സ്വീകരിച്ച നയങ്ങളുടെ ആവർത്തനം തന്നെയാവും ഇതിലും സംഭവിക്കാനിരിക്കുന്നത്. ബിജെപി ഔദ്യോഗിക പദ്ധതിയായി ഇതിനെ ഇതുവരെയും സമീപിച്ചിട്ടിെല്ലങ്കിലും ചില ഹിന്ദു ഗ്രൂപ്പുകളും വ്യക്തികളും ഈ വിഷയങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ടെലിഗ്രാഫ് പറയുന്നു. രാമജന്മഭൂമി തർക്കം കൈകാര്യം ചെയ്തതിന് സമാനമായി ഈ വിഷയങ്ങളും പ്രാദേശിക കോടതികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളും സജീവമാണ്.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി പള്ളിയും മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാ മസ്ജിദും മുഗൾ കാലഘട്ടത്തിൽ ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണെന്നും അതിനാൽ തിരികെ നൽകണമെന്നും ഹർജിക്കാർ വാദിക്കുന്നു. അയോധ്യയുടെ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ട കോടതികൾ ഹർജിക്കാരെ സജീവമായി പരിഗണിക്കുന്നതോടെ ഈ രണ്ടു കേസുകൾക്കും പതിവിൽ കൂടുതലുളള വേഗതയുണ്ട്. ഷാഹി ഈദ്ഗായുടെ പരിസരം പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നു അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം ആദ്യം ഈ ഉത്തരവ് തടഞ്ഞു കൊണ്ട് സുപ്രിം കോടതി വിധി വന്നിരുന്നു. എന്നാൽ മസ്ജിദിനു മുകളിൽ ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജിയെ സംബന്ധിച്ചുള്ള നടപടികളിൽ സുപ്രിം കോടതി ഇടപെട്ടില്ല. വാരണാസിയിലെ ഗ്യാൻവാപി പള്ളി വിഷയത്തിൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിനകം പ്രാദേശിക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലും ഈ വിഷയം ചർച്ചയിലാണ്. 2022-ൽ, മുസ്ലീം ആരാധകർ പ്രാർത്ഥനയ്ക്ക് മുമ്പുപയോഗിക്കുന്ന വാട്ടർ സ്‌പൗട്ടുകൾ യഥാർത്ഥത്തിൽ “ശിവലിംഗങ്ങളാണെന്ന് ” ഹിന്ദു ഗ്രൂപ്പുകൾ അവകാശപ്പെട്ടിരുന്നു. വലിയ ശ്രദ്ധ നേടിയ തലക്കെട്ടായിരുന്നു ഇത്.

രാമജന്മഭൂമി പദ്ധതിയുടെ പൂർത്തീകരണം തങ്ങൾക്ക് ഊർജം പകരുന്നതായി ഒരു ബിജെപി നേതാവ് പറയുന്നു. പാർട്ടിക്കും ആർഎസ്എസ്സിനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടി വരില്ലെന്നും ആളുകൾ സ്വയം രംഗത്തെത്തുമെന്നും നേതാവ് പറയുന്നുണ്ട്. മഥുര, കാശി തർക്കങ്ങളിൽ കോടതികൾ ഹർജിക്കാർക്ക് അനുകൂലമായി വിധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ടു പ്രശ്‌നങ്ങളും മുഖ്യ ധാരയിൽ വലിയ ചർച്ചയാവില്ലെങ്കിലും പൊതുതിരഞ്ഞെടുപ്പിന് ശേഷവും 2027ലെ ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും ഇവ കേന്ദ്രത്തിൽ അവതരിപ്പിക്കാമെന്നാണ് പാർട്ടി കണക്കാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മഥുരയും കാശിയും ബിജെപിയുടെയും മോദിയുടെ അജണ്ടയാകും, സമാജ്‌വാദി പാർട്ടിയുടെ മുസ്ലീം-യാദവ് വോട്ട് ബാങ്കിന് തിരിച്ചടി നൽകാൻ കൃഷ്ണ ജന്മഭൂമി പ്രശ്‌നത്തിന് കഴിയുമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ബിജെപി എംപി പറയുന്നു. “ബ്രജ് (മഥുര-ബൃന്ദാവൻ) മേഖലയിൽ ദൈവത്തെ കൂടുതൽ ദൈവികതയോടെ കാണുന്ന ദിവസം വിദൂരമല്ല.”എന്ന് മഥുര സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞതായി ഈ ബിജെപി എംപി ചൂണ്ടിക്കാട്ടുന്നുണ്ട്. രാമജന്മഭൂമിക്ക് ശേഷം, കൃഷ്ണജന്മഭൂമിക്ക് ഒരു മഹാക്ഷേത്രം ലഭിക്കാനുള്ള ഊഴമാണ്, എന്നാൽ ഇപ്പോഴല്ല എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മോദിജിയുടെ പ്രസ്താവന. മോദിജി മൂന്നാം തവണയും അധികാരത്തിലേറിയൽ ഇത് സാധ്യ മാകുമെന്നും” എംപി കൂട്ടിച്ചേർത്തു.

ഇതിനിടയിലാണ് ജനുവരി 25 നു കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) രംഗത്തെത്തിയിരിക്കുന്നത്. മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് എഎസ്‌ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി അദ്ദേഹം പറയുന്നു. അയോധ്യയും ബാബ്‌റി മസ്ജിദും ആവർത്തിക്കാൻ ഇനി അധിക ദൂരമില്ല.

Share on

മറ്റുവാര്‍ത്തകള്‍