January 15, 2025 |

ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി വിറ്റ് കോടികള്‍ കൊയ്യുന്നു

അദാനി ഗ്രൂപ്പിനെതിരായ ആരോപണം ബലപ്പെടുത്തി പുതിയ തെളിവുകള്‍ ; ഒസിസിആര്‍പി അന്വേഷണ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഇറക്കുമതി സ്ഥാപനവും സ്വകാര്യ ഉല്‍പ്പാദകരുമായ അദാനി ഗ്രൂപ്പ് പൊതുമേഖല വൈദ്യുതി കമ്പിനികള്‍ക്ക് നല്‍കുന്ന കല്‍ക്കരി ഗുണ നിലവാരം കുറഞ്ഞതെന്ന് തെളിവുകള്‍. ഉയര്‍ന്ന നിലവാരമുള്ളതും *ശുദ്ധമായതുമായ (ഊര്‍ജ്ജോത്പാദത്തിനായി കത്തിക്കുന്ന സമയത്ത് ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ദോഷകരമായ വാതകങ്ങള്‍ പുറത്ത് വിടുന്നവിധം സങ്കേതികമായി ശുദ്ധമാക്കപ്പെട്ട കല്‍ക്കരിയാണ് ക്ലീന്‍ കോയില്‍ എന്നറിയപ്പെടുന്നത്) കല്‍ക്കരി നല്‍കുമെന്ന ഉറപ്പില്‍ രാജ്യത്തെ വൈദ്യുതി കമ്പനികളില്‍ നിന്ന് അദാനി ഗ്രൂപ്പ് കൂടുതല്‍ പണം ഈടാക്കുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്നത് ഗുണനിലവാരം കുറഞ്ഞ കല്‍ക്കരിയാണെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ തെളിവുകള്‍ സത്യമാണെങ്കില്‍ രാജ്യത്തേറ്റവും വലിയ രാഷ്ട്രീയ ബാന്ധവമുള്ള അദാനി ഗ്രൂപ്പ് കോടിക്കണക്കിന് ഡോളറുകള്‍ ലാഭം കൊയ്യുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ നല്‍കേണ്ടി വരുന്നു. വൈദ്യുതോത്പാദന കേന്ദ്രങ്ങളാകട്ടെ, ഉയര്‍ന്ന തോതിലുള്ള മാലിന്യം പുറന്തള്ളുകയും ചെയ്യുന്നു.

ഒരു കപ്പലിന്റെ കഥ

2014 ജനുവരി ഒമ്പതിന് ഇന്തോനേഷ്യയില്‍ നിന്ന് പതിനാല് ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ എംവി കല്ലിയോപി എല്‍ എന്ന വന്‍കപ്പല്‍ ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയിലെ എന്നൂര്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നു. തമിഴ്‌നാട് സംസ്ഥാന വൈദ്യുതോത്പാന കമ്പനിക്കുള്ള 69,925 മെട്രിക് ടണ്‍ കല്‍ക്കരിയായിരുന്നു അതിലുണ്ടായിരുന്നത്.

എന്നാല്‍ ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിലെ രേഖകള്‍ പ്രകാരം വിചിത്രമായ വഴിയിലൂടെയായിരുന്നു കല്‍ക്കരിയുടെ സഞ്ചാരം. ഒ.സി.സി.ആര്‍.പിക്കു ലഭിച്ച ഷിപ്പ്‌മെന്റിന്റെ ഇന്‍വോയ്‌സുകളും ബാങ്ക് രേഖകളും അനുസരിച്ച് കല്‍ക്കരി ഖനനം ചെയ്ത ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട് സിംഗപ്പൂര്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ വഴിയാണ് ഈ കല്‍ക്കരി ചെന്നൈയില്‍ എത്തിയത്. ഈ യാത്രക്കിടയില്‍ ഒരു മെട്രിക് ടണ്ണിന് 91.91 ഡോളര്‍ എന്ന നിലയിലേക്ക് വില മൂന്നിരട്ടിയായി മാറി. അതിലേറെ വിചിത്രമായ കാര്യം, കപ്പലില്‍ കയറ്റിയ ശുദ്ധീകരിക്കാത്ത, ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഈ യാത്രക്കിടയില്‍ തമിഴ്നാട് വൈദ്യുതോത്പാദന കമ്പനി ആവശ്യപ്പെട്ട തരത്തിലുള്ള ഉയര്‍ന്ന നിലവാരമുള്ളതും ശുദ്ധീകരിച്ചതുമായി, രേഖകള്‍ പ്രകാരം, മാറി എന്നുള്ളതാണ്.

ജോണ്‍ലിന്‍ എന്ന സ്ഥാപനത്തിന്റെ ആഭ്യന്തര രേഖകള്‍ പ്രകാരം അദാനി ഗ്രൂപ്പിന്റെ ഇടനിലക്കാരനായ സുപ്രിം യൂണിയന്‍ ഇന്‍വെസ്റ്റേഴ്‌സ് ആണ് ടാന്‍ഗെഡ്‌കോ(തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍) അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്ന 24 കാര്‍ഗോകള്‍ വാങ്ങിയിരിക്കുന്നത്. ടണ്ണിന് ശരാശരി 28 ഡോളര്‍ എന്നതായിരുന്നു ഇതിന്റെ നിരക്ക്. തമിഴ്‌നാട് ആവശ്യപ്പെട്ട ആറായിരം കെ.സി.എ.എല്‍ മൂല്യമുള്ള കല്‍ക്കരിയുടെ നിരക്കല്ല ഇത്. മറിച്ച് ഗുണനിലവാരം കുറഞ്ഞ 3500 കെ.സി.എ.എല്‍ കലോറി മൂല്യമുള്ള കല്‍ക്കരിയുടെ വിലയാണ്.

കപ്പലുകളുടെ കഥ

ഒ.സി.സി.ആര്‍.പി റിപ്പോട്ടര്‍മാര്‍ ശേഖരിക്കുകയും ഫിനാന്‍ഷ്യല്‍ ടൈംസുമായി പങ്കുവയ്ക്കുകയും ചെയ്ത തെളിവുകളനുസരിച്ച് എം.വി കല്ലിയോപി എല്ലിന്റെ യാത്ര ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച ബാങ്ക് ഇടപാട് രേഖകള്‍, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, അദാനി ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രധാന കല്‍ക്കരി വിതരണക്കാരനില്‍ നിന്ന് ചോര്‍ന്ന രേഖകള്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ വൈദ്യുതി നിര്‍മാതാക്കളായ ടാന്‍ഗെഡ്‌കോയില്‍ നിന്ന് ലഭിച്ച രേഖകള്‍, വിവിധ അധികാരപരിധിയില്‍ നിന്നുള്ള ഇന്‍വോയ്‌സുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങള്‍.

ഇത്തരത്തില്‍ 25 കപ്പലുകളെങ്കിലും കുറഞ്ഞ നിലവാരമുള്ള കല്‍ക്കരിയുമായി തമിഴ്‌നാട് തീരത്ത് എത്തിച്ചേര്‍ന്നുവെന്നും ഉയര്‍ന്ന നിലവാരമുള്ള ശുദ്ധമായ കല്‍ക്കരിക്കുള്ള വിലയാണ് ഈ ഗുണനിലവാരം കുറഞ്ഞവയ്ക്ക് ഈടാക്കിയെന്നും രേഖകള്‍ സമര്‍ത്ഥിക്കുന്നു.

അതേസമയം ഈ കണ്ടെത്തലുകളെല്ലാം അദാനി ഗ്രൂപ്പ് വക്താവ് ഒരു ഇമെയിലിലൂടെ നിഷേധിച്ചു. ‘ശക്തമായ ഒരു കോര്‍പ്പറേറ്റ് ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് എല്ലാ അധികാരപരിധിയിലെയും എല്ലാ നിയമങ്ങളും പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്, കൂടാതെ അദാനി കമ്പനികള്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്ന നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു.’ ഒ.സി.സി.ആര്‍.പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായുള്ള ഇമെയിലില്‍ അവര്‍ പറഞ്ഞു.

അദാനി ഗ്ലോബലും മറ്റ് വിതരണക്കാരുമായും നടത്തിയ 88, 89 ഓര്‍ഡറുകളുടെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ടാന്‍ഗെഡ്‌കോ ടെന്‍ഡര്‍ രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെട്രിക് ടണ്ണിന് 91 ഡോളര്‍ നിരക്കില്‍ തമിഴ്നാടിന് അദാനി ഗ്ലോബല്‍ കല്‍ക്കരി വിതരണം ചെയ്യണമെന്ന കരാറാണ് 2014 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച പര്‍ച്ചേസ് ഓര്‍ഡര്‍ 89. കരാര്‍ പ്രകാരം കല്‍ക്കരിയുടെ കലോറിക് മൂല്യം 6000 കെ.സി.എ.എല്‍ ഉണ്ടായിരിക്കണം. ഉയര്‍ന്ന നിലവാരമുള്ളതും താരതമ്യേന മാലിന്യങ്ങളില്ലാത്തതുമായ കല്‍ക്കരിയുടെ ഊര്‍ജ്ജത്തിന്റെ കലോറിക് മൂല്യമാണ് ഇത്. ഈ ഓര്‍ഡര്‍ അനുസരിച്ച് അദാനി ഗ്രൂപ്പ് തമിഴ് നാടിന് 32 ഷിപ്പ്‌മെന്റുകളിലായി ആകെ 2.1 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു.

Post Thumbnail
മണ്‍മറഞ്ഞുപോയ മാല്‍പ്പയും 200 ഓളം മനുഷ്യരുംവായിക്കുക

രേഖകള്‍ പ്രകാരം കല്‍ക്കരി കൈമാറുന്നതായി ചുമതല നല്‍കിയ മറ്റൊരു കമ്പനിയുടെ പേര് കാണുന്നുണ്ട്. അദാനി ഗ്ലോബല്‍ ടാന്‍ഗെഡ്‌കോയ്ക്ക് നല്‍കിയ 32 ഷിപ്പ്‌മെന്റുകളില്‍ 24 എണ്ണവും ഉള്‍പ്പെട്ടിരിക്കുന്നത് ഭൂരിഭാഗം കല്‍ക്കരിയും വാങ്ങിയതായി കരുതുന്ന ഇന്തോനേഷ്യയിലെ കല്‍ക്കരി ഖനിയായ ജോണ്‍ലിന്‍ ഗ്രൂപ്പില്‍ നിന്ന് 2022ല്‍ ഒ.സി.സി.ആര്‍.പിയ്ക്ക് ചോര്‍ന്ന് കിട്ടിയ ഡാറ്റാ സൈറ്റിലാണ്. ജോണ്‍ലിന്‍ ഈ 24 ഷിപ്പ്‌മെന്റുകളും നടത്തിയിരിക്കുന്നത് അദാനി ഗ്ലോബലിനല്ല, മറിച്ച് നികുതി വെട്ടിപ്പുകാരുടെ കേന്ദ്രമായ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തതും സിംഗപ്പൂരില്‍ ഓഫീസുള്ളതുമായ സുപ്രിം യൂണിയന്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന കമ്പനിക്കാണ്. നിലവാരം കുറഞ്ഞ സ്റ്റീം കല്‍ക്കരി ഒരുമിച്ച് വാങ്ങുമ്പോള്‍ ഊടാക്കുന്ന നിരക്കായ, ടണ്ണിന് 28 ഡോളറിനാണ് ഇത് നല്‍കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കല്‍ക്കരി വിലനിര്‍ണ്ണയത്തിന്റെ പ്രധാന ഉറവിടമായ ആര്‍ഗസ് റിപ്പോര്‍ട്ട് അനുസരിച്ച് നിലവാരം കുറഞ്ഞ കല്‍ക്കരിയുടെ പ്രധാന വിതരണക്കാരാണ് ജോണ്‍ലിന്‍.

പര്‍ച്ചേസ് ഓര്‍ഡര്‍ 89 അനുസരിച്ച് ടാന്‍ഗെഡ്‌കോയ്ക്ക് (തമിഴ്നാട് വൈദ്യുതി കമ്പിനിക്ക്) വിതരണം ചെയ്ത അതേ ചരക്കാണ് ഇതെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. ഈ 24 ഷിപ്പ്‌മെന്റുകളും അതേ കപ്പലില്‍ അതേ വിലയ്ക്ക് തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ടാന്‍ഗെഡ്‌കോ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിതരണക്കാരുടെ പേരിന്റെ സ്ഥാനത്ത് സുപ്രിം യൂണിയന് പകരം ടാന്‍ഗെഡ്‌കോ രേഖകളില്‍ അദാനി ഗ്ലോബലിന്റെ പേരാണ് ഉള്ളത്.

കുറഞ്ഞത് 11 ചരക്കുകളില്‍ ജോണ്‍ലിന്‍ തന്നെ ടാന്‍ഗെഡ്‌കോയെ ആണ് അന്തിമ ഉപഭോക്താവായി രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ചരക്കുകളില്‍ അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിനെ അന്തിമ ഉപഭോക്താവായി രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് രേഖകളില്‍ ഉപഭോക്താക്കളെ ആരെയും പട്ടികപ്പെടുത്തിയിട്ടുമില്ല.

2014 മുതല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിച്ച ഒരു ഇടപാടാണ് പര്‍ച്ചേസ് ഓര്‍ഡര്‍ 88ല്‍ കാണുന്നത്. അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി നല്‍കി അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്നാണ് ഡി.ആര്‍.ഐ അന്വേഷിച്ചത്. ഒ.സി.സി.ആര്‍.പി സംഘടിപ്പിച്ച രേഖകള്‍ ഈ ആരോപണം ശരിവയ്ക്കുന്നതാണ്. അന്വേഷണം മുന്നോട്ട് പോകുന്നതിനെതിരായ അദാനി ഗ്രൂപ്പിന്റെ നിയമയുദ്ധം വിജയിച്ചതോടെ ഈ അന്വേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.

2012-16 കാലഘട്ടത്തില്‍ ടാന്‍ഗെഡ്‌കോ കല്‍ക്കരി വാങ്ങാന്‍ 6,000 കോടി രൂപ (720 ദശലക്ഷം ഡോളര്‍) അധികമായി നല്‍കിയെന്ന് ഇത്തരം അഴിമതികള്‍ക്കെതിരെ പോരാടുന്ന തമിഴ്‌നാട് ആസ്ഥാനമാക്കിയുള്ള എന്‍.ജി.ഒ അരപ്പോര്‍ ഇയക്കം കണക്കാക്കുന്നു.

‘ഇതില്‍ പകുതി വിലയുടെ കല്‍ക്കരി അദാനി നല്‍കിയാല്‍ പോലും അദാനി മൂലമുണ്ടായ നഷ്ടം 3,000 കോടി രൂപ അഥവ, 360 ദശലക്ഷം ഡോളറായിരിക്കും’ എന്‍.ജി.ഒ കണ്‍വീനര്‍ ജയറാം വെങ്കടേശന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

അദാനി ഗ്രൂപ്പ് ദുരൂഹമായ ഇടനില കമ്പിനികള്‍ ഉപയോഗിച്ച് അഞ്ചു ബില്യണ്‍ ഡോളറിലധികം വില വരുന്ന കല്‍ക്കരി വിപണി മൂല്യത്തേക്കാള്‍ വളരെ കൂടിയ വിലയ്ക്ക് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അമിതവില ഈടാക്കുന്നതിലൂടെ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന ഇന്ധനച്ചെലവിന്റെ ബാധ്യത ഉണ്ടാകുന്നുവെന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം, ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി കത്തിക്കുന്നതിലൂടെ വലിയ തോതില്‍ മലിനീകരണം ഉണ്ടാക്കുകയാണ്. 2019 ല്‍ ഇന്ത്യയില്‍ 1.6 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായ വിപത്തിനെക്കുറിച്ച് ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വിശദീകരിക്കുന്നുണ്ട്.

ഒരു ഷിപ്പ്‌മെന്റും ഒന്നിലധികം ഇന്‍വോയിസുകളും

കമ്പനികള്‍ തമ്മില്‍ കല്‍ക്കരി കൈമാറുമ്പോള്‍ കല്‍ക്കരി വിലയും നിലവാരവും എങ്ങനെ വര്‍ദ്ധിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഉദാഹരണത്തിന് 2013 മെയ് 24ലെ, പര്‍ച്ചേസ് ഓര്‍ഡര്‍ 88, ഉന്നതനിലവാരമുള്ള കല്‍ക്കരി വാങ്ങുന്നതിനായി ഉള്ളതായിരുന്നു. ഈ ഓര്‍ഡറിന്റെ ഭാഗമായി ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നിന്നുമൊരു കപ്പലില്‍ കല്‍ക്കരി വാങ്ങുന്നു.

2013 ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ തുറമുഖ നഗരമായ ബഞ്ജര്‍മാസിനില്‍ നിന്ന് പുറപ്പെട്ട എം.വി കല്ലിയോപി എല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ജോണ്‍ലിന്‍ വിതരണക്കാരനെന്നും ടാന്‍ഗെഡ്‌കോ സ്വീകര്‍ത്താവും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പാക്കേജുകളുടെ എണ്ണവും തരവും സാധനങ്ങളുടെ വിവരവും ലിസ്റ്റ് ചെയ്യുന്ന കോളത്തില്‍ അദാനി ഗ്ലോബല്‍ പിടിഇ സിംഗപ്പൂര്‍ എന്നും സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിരുന്നു. അദാനി ഗ്ലോബലിന്റെ പങ്കെന്താണെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ലെങ്കിലും 69,925 ടണ്‍ കല്‍ക്കരിയുടെ ഈ ചരക്ക് ഓര്‍ഡര്‍ 88 അനുസരിച്ചുള്ളതാണെന്ന് പിന്നീട് തെളിഞ്ഞു. ഇതില്‍ കലോറിക് മൂല്യമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ജോണ്‍ലിന്‍ വില്‍ക്കുന്ന, നിലവാരം കുറഞ്ഞ കല്‍ക്കരിയുടെ വിലയുമായി ഇതിന്റെ വില ഒത്തുപോകുന്നതായിരുന്നു.

Post Thumbnail
അദാനി വൈദ്യുതി ഇന്ത്യയിൽ വിൽക്കാനായി നിയമം പുതുക്കി പണിത് കേന്ദ്രംവായിക്കുക

ഇതേ ഷിപ്പ്‌മെന്റിനായി 2014 ജനുവരി മൂന്നിന് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലെ സുപ്രിം യൂണിയന്‍ ഇന്‍വെസ്റ്റേഴ്‌സ് ലിമിറ്റഡ് അദാനി ഗ്ലോബല്‍ പി.ടി.ഇക്ക് ഒരു ഇന്‍വോയിസ് അയച്ചിരുന്നു. ഒരു മെട്രിക് ടണ്ണിന് 33.75 ഡോളര്‍ വിലയ്ക്ക് 3500 കെ.സി.എ.എല്ലില്‍ താഴെ ഗുണനിലവാരമുള്ള കല്‍ക്കരിയെന്നാണ് ഇതില്‍ കാണിച്ചിരുന്നത്. ആകെ ബില്‍ തുക 2.3 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. അതേസമയം 2013 ഡിസംബര്‍ 26ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പുറപ്പെടുവിച്ച സര്‍ട്ടിഫിക്കറ്റില്‍ സുപ്രിം യൂണിയന്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

2014 ഫെബ്രുവരി 12ന് അദാനി ടാന്‍ഗെഡ്‌കോയ്ക്ക് അപ്പോഴേക്കും എന്നൂര്‍ തുറമുഖത്ത് ഇറക്കിയ ഇതേ ഷിപ്പ്‌മെന്റിന്റെ ബില്‍ അയച്ചിരുന്നു. എന്നാല്‍ ഈ ബില്ലില്‍ കല്‍ക്കരിയുടെ വില മെട്രിക് ടണ്ണിന് 91.91 ഡോളറായി ഉയര്‍ന്നു. ബില്ല് ചെയ്യപ്പെട്ട ആകെത്തുക 6.02 ദശലക്ഷം ഡോളര്‍ ആയിരുന്നു. ബില്ലില്‍ കല്‍ക്കരിയുടെ കലോറിക് മൂല്യം 6,000 കെ.സി.എ.എല്‍ എന്നാണ് വ്യക്തമാക്കിയിരുന്നത്.

സമാന ഷിപ്പ്‌മെന്റിലെ കല്‍ക്കരി കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ വിലയിലും ഗുണനിലവാരത്തിലും ഉണ്ടായ മാറ്റം തെളിയിക്കുന് രേഖകള്‍ താഴെ കൊടുക്കുന്നു.

adani group coal shipment document

ഇന്തോനേഷ്യയില്‍ നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റ്, കല്‍ക്കരി വിതരണം ചെയ്തത് ഇന്തോനേഷ്യയിലെ മൈനിംഗ് ഗ്രൂപ്പായ ജോണ്‍ലിന്‍ ആണെന്ന് കാണിക്കുന്നു. ചോര്‍ന്നു കിട്ടിയ ഈ ഡാറ്റ പ്രകാരം ഒരു മെട്രിക് ടണ്ണിന് 28 യുഎസ് ഡോളറായി വില ലിസ്റ്റ് ചെയ്തിരിക്കുന്നു.

 

adani group coal shipment document 2

സുപ്രീം യൂണിയന്‍ നിക്ഷേപകര്‍ അദാനി ഗ്ലോബലിന് നല്‍കിയ വാണിജ്യ ഇന്‍വോയ്സില്‍ അതേ ഷിപ്പ്മെന്റിന്റെ വില ഒരു മെട്രിക് ടണ്ണിന് 33.75 യുഎസ് ഡോളറായി ലിസ്റ്റുചെയ്തിരിക്കുന്നു. ഇതില്‍ ഗുണനിലവാരം 3,500 കിലോ കലോറി/കിലോയില്‍ താഴെയാണെന്ന് കാണിക്കുന്നു.

 

adani group coal shipment document 3

ഒരു മെട്രിക് ടണ്ണിന് 91.91 ഡോളര്‍ എന്ന നിരക്കില്‍, അതേ കല്‍ക്കരി സംസ്ഥാന പവര്‍ കമ്പനിക്ക് അദാനി വിതരണം ചെയ്തതിരിക്കുന്നതായി കാണിക്കുന്ന അദാനി ഗ്രൂപ്പും ടാന്‍ഗെഡ്‌കോ തമ്മിലുള്ള വാണിജ്യ ഇന്‍വോയ്‌സ്. ഈ വിലയില്‍ ഗുണനിലവാരം 6,000 കിലോ കലോറി/കിലോ ആയാണ് ഇന്‍വോയ്‌സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡി.ആര്‍.ഐ അന്വേഷണം

ഡി.ആര്‍.ഐ അന്വേഷിക്കുന്ന മുന്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഈ രേഖകള്‍.

ഉപഭോക്താക്കള്‍ക്ക്, അതായത് വൈദ്യുതി നിര്‍മ്മാതാക്കള്‍ക്ക് വിതരണം ചെയ്യുന്ന കല്‍ക്കരിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ വിദേശ ഇടനിലക്കാരെ ഉപയോഗിക്കാറുണ്ടെന്നും അതിനായി നിരവധി കേസുകളില്‍ കുറഞ്ഞ കലോറിക് മൂല്യം കാണിക്കുന്നതും കൂടിയ മൂല്യം കാണിക്കുന്നതുമായ രണ്ട് തരം ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും 2016ലെ ഡി.ആര്‍.ഐ നോട്ടീസില്‍ ആരോപിക്കുന്നു.

കല്‍ക്കരി വിലയിലെയും കലോറിക് മൂല്യത്തിലെയും കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തിന്റെ ആദ്യ തെളിവുകള്‍ 2014ലാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ശേഖരിച്ചത്. ആ സമയത്ത് അദാനി ഗ്രൂപ്പ് വിറ്റ ചൈനയില്‍ നിന്നുള്ള ഊര്‍ജ്ജ ഉപകരണങ്ങളുടെ വലിയ തോതില്‍ വില കൂട്ടിയുള്ള ഇന്‍വോയിസ് ആരോപണത്തില്‍ ഡി.ആര്‍.ഐ അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ കുറ്റങ്ങളൊന്നും ചുമത്താതെയാണ് കേസ് അവസാനിച്ചത്.

ഇന്തോനേഷ്യന്‍ തുമുറഖങ്ങളില്‍ നിന്ന് കല്‍ക്കരി നേരിട്ട് ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെങ്കിലും ഇറക്കുമതി ഇന്‍വോയിസുകള്‍ വളഞ്ഞ വഴിയിലൂടെയാണ് എത്തിയിരുന്നതെന്ന് ഡി.ആര്‍.ഐ കണ്ടെത്തലുകളില്‍ പറയുന്നു. സിംഗപ്പൂര്‍, ഹോങ്കോംഗ്, ദുബായ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ ആഗോള കേന്ദ്രങ്ങളിലെ ഒന്നോ അധിലധികമോ ഇടനിലക്കാര്‍ വഴി അവ കൈമാറുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി ഗ്ലോബല്‍ പി.ടി.ഇ അത് ഒടുവില്‍ വാങ്ങുന്നയാള്‍ക്ക് നല്‍കുന്നു.

2017ല്‍ നിരവധി ഷിപ്പ്‌മെന്റുകളുടെ വിശദാംശങ്ങള്‍, അവയുടെ ഇന്‍വോയിസുകള്‍, പണമടച്ചതിന്റെ തെളിവുകള്‍ എന്നിവ ആവശ്യപ്പെട്ട് ഡി.ആര്‍.ഐ പതിനാല് രാജ്യങ്ങള്‍ക്കെങ്കിലും ലെറ്റര്‍ റെഗോറ്ററികള്‍ അയച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാരുമായി അടുത്തബന്ധമുള്ള അദാനി ഡി.ആര്‍.ഐയുടെ ഈ ആവശ്യത്തിനെതിരെ 2018ല്‍ സിംഗപ്പൂരിലെയും ഇന്ത്യയിലെയും സര്‍ക്കാരുകള്‍ക്ക് അപ്പീല്‍ നല്‍കി. ഈ വിഷയത്തില്‍ ഡി.ആര്‍.ഐയ്ക്ക് അധികാരമില്ലെന്ന് കാണിച്ചാണ് കമ്പനി ലെറ്റര്‍ റെഗോറ്ററിക്കെതിരെ വാദിച്ചത്. 2019ല്‍ ബോംബെ ഹൈക്കോടതി അദാനിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ലെറ്റര്‍ റെഗോറ്ററികള്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ സിംഗപ്പൂര്‍ ഹൈക്കോടതി അദാനിക്ക് എതിരായാണ് വിധി പ്രഖ്യാപിച്ചത്.

ഈ വിധിക്കെതിരെ ഡി.ആര്‍.ഐ ഇന്ത്യന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ പോയി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണെന്നും ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുമെന്നും ഏജന്‍സി വാദിച്ചു.

Post Thumbnail
അദാനിയെ മുറുക്കുന്ന അമേരിക്കന്‍ നിയമകുരുക്ക്‌വായിക്കുക

ആദ്യ വിചാരണയില്‍ സുപ്രിം കോടതി ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഡി.ആര്‍.ഐയുടെ അപ്പീലിനെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി അദാനി ഗ്രൂപ്പിന് അനുമതി നല്‍കി. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പ് മൂന്ന് വര്‍ഷമെടുത്തു. പിന്നീട് രണ്ട് വര്‍ഷക്കാലത്തേക്ക് കോടതി ഈ കേസ് പരിഗണനയിലെടുത്തില്ല. ഇത് ഇപ്പോഴും കോടതി നടപടികള്‍ കാത്തിരിക്കുകയുമാണ്.

ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ ഉയര്‍ന്ന വില ചൂണ്ടിക്കാട്ടി ഡി.ആര്‍.ഐ അന്വേഷണവും ലെറ്റര്‍ റെഗോറ്ററി അഭ്യര്‍ത്ഥനയും സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും 2020 സെപ്തംബറില്‍ 6738 കോടി രൂപ നഷ്ടപരിഹാര താരിഫുകള്‍ നല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഇതേ കോടതിയുടെ മറ്റൊരു ബഞ്ച് ശരിവച്ചു.

കൂടുതല്‍ തുക ഇടാക്കി കുറഞ്ഞ ഗുണനിലവാരമുള്ള കല്‍ക്കരി നല്‍കിയെന്ന ആരോപണം റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ച ഇമെയിലിലൂടെ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ടാന്‍ഗെഡ്‌കോ ആണ് കരാറും പരിശോധനയും നടത്തിയതെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

5800 മുതല്‍ 6700 കലോറിക് മൂല്യമുള്ള കല്‍ക്കരി കരാറില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി നല്‍കാന്‍ കഴിയുമെന്നും എന്നാല്‍ അതനുസരിച്ച് ഈടാക്കുന്ന പണത്തില്‍ മാറ്റമുണ്ടാകുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. എന്നാല്‍ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന വ്യക്തിഗത കേസുകളെക്കുറിച്ചും ഒ.സി.സി.ആര്‍.പി പുറത്തുവിട്ട വിവരങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

മാത്രമല്ല, എത്ര നിരക്ക് കുറവാണെങ്കിലും 5500 കെ.സി.എ.എല്ലിന് താഴെയുള്ള കല്‍ക്കരി ഈ പര്‍ച്ചേസ് ഓര്‍ഡറുകള്‍ അനുവദിക്കുന്നില്ല.

‘സ്വതന്ത്രവും സുതാര്യവും കര്‍ക്കശവുമായ ഒരു പ്രക്രിയ’യിലൂടെ ടാന്‍ഗെഡ്‌കോ അവരുടെ പ്ലാന്റുകളില്‍ കല്‍ക്കരി പരിശോധിക്കുന്നുവെന്നാണ് അവര്‍ സൂചിപ്പിച്ചു. കൂടാതെ കസ്റ്റംസ് നടപടിക്രമങ്ങളിലൂടെയും കല്‍ക്കരി പരിശോധിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.

‘ഒന്നിലധികം ഏജന്‍സികള്‍ ഒന്നിലധികം ഘട്ടങ്ങളില്‍ ഗുണനിലവാര പരിശോധന നടത്തിയാണ് വിതരണം ചെയ്യുന്ന കല്‍ക്കരി കടന്നുപോകുന്നത്. അതിനാല്‍തന്നെ നിലവാരം കുറഞ്ഞ കല്‍ക്കരി വിതരണം ചെയ്യുന്നുവെന്നത് അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് മാത്രമല്ല അസംബന്ധവുമാണ്’ അദാനി പറയുന്നു.

ഖനികളുമായി തങ്ങള്‍ക്ക് ചെലവിന്റെ കാര്യത്തില്‍ നിശ്ചിത കരാറുള്ളതിനാല്‍ വിലയില്‍ നിന്ന് കല്‍ക്കരിയുടെ ഗുണനിലവാരം സംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരാനാകില്ലെന്നും അദാനി പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി വിതരണം ചെയ്ത ഖനികളെക്കുറിച്ച് പരാമര്‍ശിക്കാന്‍ അവര്‍ തയ്യാറായില്ല.

അതേസമയം ജോണ്‍ലിന്‍ 4200 കെ.സി.എ.എല്ലിന് മുകളില്‍ ഗുണനിലവാരമുള്ള കല്‍ക്കരി ഉല്‍പ്പാദിപ്പിച്ചിട്ടില്ലെന്ന് ആര്‍ഗസ് റിപ്പാര്‍ട്ട് പറയുന്നു.

അപകടരമായ വായു

2012 മുതല്‍ എത്രമാത്രം മലിന കല്‍ക്കരികള്‍ ഇന്ത്യന്‍ ഊര്‍ജ്ജ പ്ലാന്റുകളില്‍ കത്തിച്ചിട്ടുണ്ടെന്നത് വ്യക്തമല്ല.

‘നിങ്ങള്‍ ഇന്ധനത്തിന് അമിതമായി പണം നല്‍കിയെന്നുള്ളത് ഒരു കാര്യം, നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും കൂടുതല്‍ കല്‍ക്കരി കത്തിക്കേണ്ടതുണ്ടത് എന്നും ഇത് കൂടുതല്‍ പറക്കുന്ന ചാരത്തിനും മലിനീകരണത്തിനും കാരണമാകുന്നു എന്നുള്ളതുമാണ് ഇതുകൊണ്ടുള്ള രണ്ടാമത്തെ പ്രത്യാഘാതം.’ ഊര്‍ജ്ജ ധനസഹായവും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച ആധികാരികമായി സംസാരിക്കുന്ന ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് എനര്‍ജി ഫിനാന്‍സ് ഡയറക്ടര്‍ ടിം ബക്ക്‌ലി പറയുന്നു. ‘ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് കൂടുതല്‍ മലിനീകരണവും കൂടുതല്‍ ഊര്‍ജ്ജ ദാരിദ്ര്യവും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ മുക്കാല്‍ ഭാഗവും കല്‍ക്കരി പ്ലാന്റുകള്‍ വഴിയാണ് നടക്കുന്നത്. അഥവാ മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണിത്.

ഇന്ത്യയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ക്ക് സമീപം ശിശുമരണ നിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലം ഓരോ വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്നുവെന്നാണ് സമീപകാലത്ത് ലാന്‍സെറ്റ് നടത്തിയ പഠനം പറയുന്നത്.

‘വൈദ്യുതി മേഖലയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലെ പൊതുജനാരോഗ്യം പിന്‍സീറ്റിലാണ്.’ ഇന്ത്യയിലെ ഉര്‍ജ്ജ, ശുദ്ധവായു ഗവേഷണ കേന്ദ്രത്തിലെ അനലിസ്റ്റ് സുനില്‍ ദഹിയ പറഞ്ഞു.

 (അഡീഷണല്‍ റിപ്പോര്‍ട്ടിങ്: രവി നായര്‍, പ്രജ്വല്‍ ഭട്ട്, എന്‍.ബി.ആര്‍ ആര്‍ക്കേഡിയോ)

 

Content Summary; Adani group delivered lower quality coal in india, while consumers paid higher electricity bills and power plants pumped out high levels of pollution

 

×