ബാങ്ക് ഓഫ് ബറോഡ അവരുടെ ഏജന്റുമാര്‍ക്ക് കസ്റ്റമേഴ്സിന്റെ അകൗണ്ടുകളില്‍ നിന്നും പണം തട്ടിപ്പ് നടത്താന്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ട്. ഏജന്റുമാരില്‍ ചിലര്‍ 362 ഇടപാടുകാരില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തതായും ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളും രേഖകളും വെളിപ്പെടുത്തുന്നു. ബാങ്കിന്റെ പുതിയ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ബോബ് വേള്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മൊബൈല്‍ നമ്പര്‍ നഷ്ടമായ കസ്റ്റമേഴ്‌സിന്റെ അകൗണ്ടുകളിലേക്ക് ബാങ്ക് ജീവനക്കാര്‍ അനധികൃത മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത ദ റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവും, അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് ഓഡിറ്റുകള്‍ നടക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ ബാങ്കിലെ ജീവനക്കാര്‍, മാനേജര്‍മാര്‍, ഗാര്‍ഡുകള്‍, അവരുടെ ബന്ധുക്കള്‍, മറ്റു പ്രദേശങ്ങളിലെ ബാങ്ക് ഏജന്റുമാര്‍ എന്നിവരുടെതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബാങ്കിന്റെ ആപ്പില്‍ രജിസ്ട്രേഷന്‍ വര്‍ദ്ധിപ്പിക്കാനായി കസ്റ്റമേഴ്‌സിനെ സമ്മര്‍ദ്ദം ചെലുത്തുകയും, ഇത്തരത്തില്‍ ബാങ്ക് ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍ ഐഡന്റിറ്റി മോഷണത്തിലേക്ക് നയിക്കുമെന്നും ഉപഭോക്താക്കളുടെ പണത്തിന്മേല്‍ ഗുരുതരമായ അപകടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്റേണല്‍ ഇമെയിലുകളിലാണ് ബാങ്ക് ഇത്രയും കാര്യങ്ങള്‍ സമ്മതിച്ചത്. ‘ഇത് തട്ടിപ്പ് സാധ്യതയുള്ള രീതി’യാണെന്ന് വ്യാജ മൊബൈല്‍ നമ്പറുകളെക്കുറിച്ചുള്ള ഒന്നിലധികം ഇമെയിലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍, ബാങ്കിന്റെ ഹെഡ് ഓഫീസിലെ ഇന്റെര്‍ണല്‍ രേഖകള്‍ ഈ ക്രമക്കേട് അംഗീകരിക്കുകയും ബിസിനസ് കറസ്പോണ്ടന്റുകളായ ബാങ്കിന്റെ ഏജന്റുമാര്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരക്കണക്കിന് രൂപ പിന്‍വലിച്ചതായും പറയുന്നു. ആറ് ഉപഭോക്താക്കള്‍ക്ക് 1.1 ലക്ഷം രൂപ വീതം നഷ്ടമുണ്ടായപ്പോള്‍ ഒരാള്‍ക്ക് 1.77 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒരു ഏജന്റ് 3.9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഉപഭോക്തൃ അകൗണ്ടുകളില്‍ നിന്നും നഷ്ടപെട്ട പണം വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട മാനേജര്‍മാരോട് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്-അല്‍ ജസീറ അന്വേഷണത്തെത്തുടര്‍ന്ന് ഓഡിറ്റിന് ഉത്തരവിട്ടതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)
തട്ടിപ്പ് നടന്നതായി സമ്മതിച്ചത്. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കസ്റ്റമേഴ്‌സിനെ ഉള്‍പ്പെടുത്തുന്ന രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ മുന്‍നിര്‍ത്തി ബോബ് വേള്‍ഡില്‍ പുതിയ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ ബാങ്ക് ഓഫ് ബറോഡയോട് നിര്‍ദ്ദേശിച്ചതായും ചൊവ്വാഴ്ച ആര്‍ബിഐ അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ രാജ്യവ്യാപകമായ ഓഡിറ്റില്‍, ജീവനക്കാര്‍ ആപ്പില്‍ തെറ്റായി രജിസ്റ്റര്‍ ചെയ്തതായി സംശയിക്കുന്ന ഏകദേശം 4.2 ലക്ഷം അകൗണ്ടുകളുടെ രേഖകള്‍ പരിശോധിക്കുകയും, ജൂലൈ 29, 30 തീയതികളില്‍ രാജ്യത്തെ 7,000 ശാഖകളിലായുള്ള അക്കൗണ്ടുകള്‍ ബാങ്കിന്റെ ബ്രാഞ്ച് സ്റ്റാഫ് ഓഡിറ്റ് ചെയ്യുകയുമുണ്ടായി. ഓഡിറ്റില്‍, ഓരോ ജീവനക്കാരനും മറ്റൊരു ശാഖയുടെ രേഖകള്‍ പരസ്പരം പരിശോധിക്കുകയായിരുന്നു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ടില്‍, ആപ്പ് വഴി ബാങ്ക് നടത്തിയ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുകയും ഇന്റെര്‍ണല്‍ ഓഡിറ്റില്‍ സംഭവിച്ച വീഴ്ചയെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.
ബാങ്ക് നടത്തിയ ഇന്റെര്‍ണല്‍ ഓഡിറ്റ് തെറ്റ് കണ്ടെത്തുന്നതിനായോ അത് മറച്ചുവെക്കുന്നതിനായോ അല്ലായിരുന്നെവെന്നും തങ്ങളുടെ റീജിയണല്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഓഡിറ്റിന് വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും പല ബാങ്ക് ജീവനക്കാരും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോടു പറഞ്ഞു.
ഇത്തരത്തില്‍ കസ്റ്റമേഴ്‌സിന്റെ രേഖകള്‍ സ്വീകരിച്ചിരുന്ന ബാങ്ക് ജീവക്കാരന്‍ ബോബ് വേള്‍ഡ് പ്രശ്‌നമാണന്ന് ബാങ്കിന് അറിയാമെന്നും തകാരാറുകള്‍ പരിഹരിക്കുന്ന അവസ്ഥയിലാണ് ആപ്പ് ഉള്ളതെന്നും പറയുന്നു.
ബാങ്ക് ഓഫ് ബറോഡ, അവരുടെ സ്റ്റാഫിനെ ഓഡിറ്റിന് ആദ്യം നിയോഗിക്കരുതായിരുന്നുവെന്ന് ബാങ്ക് ഓഡിറ്റിംഗ്, ഫോറന്‍സിക് അക്കൗണ്ടിംഗ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. നീതിയുക്തമായ അന്വേഷണത്തിന് ഈ ചുമതല പുറത്ത് കരാര്‍ നല്‍കേണ്ടതായിരുന്നുവെന്നും അവര്‍ പറയുന്നു.
ഗുരുതര വിടവുകള്‍
എട്ട് പ്രദേശങ്ങളിലായി നടന്ന ഓഡിറ്റില്‍ കണ്ടെത്തിയ ബോബ് വേള്‍ഡ് റിക്വസ്റ്റ് ലെറ്ററുകളില്‍ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് അന്വേഷണ വിധേയമായത്.
ബാങ്ക് അതിന്റെ ഇന്റെര്‍ണല്‍ ഓഡിറ്റര്‍മാരോട് പരിശോധിക്കാന്‍ ആവാശ്യപ്പെട്ടിരുന്നത് പ്രധാനമായും ഉപഭോക്താക്കള്‍ അവരുടെ ഫോണുകളില്‍ ഓണ്‍ലൈന്‍ ആപ്പ് സേവനം ആവശ്യപ്പെട്ടുകൊണ്ടുള്ള ബോബ് വേള്‍ഡ് അഭ്യര്‍ത്ഥന കത്തുകളും അവരുടെ അകൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ മാറ്റാന്‍ ഉപഭോക്താക്കള്‍ ഒപ്പിട്ട ഫോമുകളും ആയിരുന്നു. ആപ്പിന്റെ തട്ടിപ്പ് പരിഹരിക്കാനായി ബാങ്ക് ഒന്നും ചെയ്തിരുന്നില്ല എന്നതിന്റെ തെളിവുകളാണ് ഈ ഫോമുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്. പല പരാതിയിന്മേലും ഫോമുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പരിശോധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.
ബോബ് വേള്‍ഡില്‍ സൈന്‍ അപ്പ് ചെയ്ത പല അകൗണ്ടുകളിലും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അതത് ബ്രാഞ്ചിന്റെയോ ബ്രാഞ്ച് മാനേജരുടെയോ, ബിസിനസ് കറസ്പോണ്ടന്റുമാരുടെയോ, ബാങ്കിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും വിദൂര ഗ്രാമങ്ങളിലും കസ്റ്റമര്‍ സര്‍വീസ് വഴി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഫ്രീലാന്‍സര്‍മാരുടേതോ ആണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പല അകൗണ്ടുകളിലും യഥാര്‍ത്ത കസ്റ്റമേഴ്‌സിന്റെതല്ലാത്ത മൊബൈല്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതായി ഓഡിറ്റില്‍ കണ്ടെത്തി. അത്തരം അകൗണ്ടുകളിലെ മൊബൈല്‍ ബാങ്കിംഗ് ഉടനടി തടയാന്‍ ബാങ്ക് ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബോബ് വേള്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പല അകൗണ്ടുകളിലും അനധികൃത മൊബൈല്‍ നമ്പറുകള്‍ ലിങ്ക് ചെയ്യുകയും പിന്നീട് പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. അകൗണ്ട് തുറക്കുന്ന ഫോമില്‍ ഒരു ഉപഭോക്താവ് ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയെങ്കിലും മറ്റ് ചില നമ്പര്‍ അയാളുടെ അകൗണ്ടുമായി ലിങ്ക് ചെയ്ത് ബോബ് വേള്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ പോലുമുണ്ട്.
കൂടാതെ, ഒരേ കുടുംബത്തിലെ അംഗമാണെങ്കില്‍ മാത്രം ഒരു മൊബൈല്‍ നമ്പറില്‍ എട്ട് ബാങ്ക് അകൗണ്ടുകള്‍ വരെ ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ബാങ്കിന്റെ നയം. ഈ നയം പലയിടത്തും ലംഘിക്കപ്പെട്ടിട്ടുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു.
10 മുതല്‍ 60 അകൗണ്ടുകളുമായി വരെ ലിങ്ക് ചെയ്തിട്ടുള്ള നിരവധി മൊബൈല്‍ നമ്പറുകള്‍ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. അവയില്‍ പലതും ബിസിനസ് കറസ്പോണ്ടന്റുകളുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് ചെയ്ത അകൗണ്ടുകളുടെ നാലിലൊന്നില്‍ നിന്നും മൊബൈല്‍ നമ്പറുകള്‍ അണ്‍ലിങ്ക് ചെയ്യണമെന്നും ഒരു സ്ഥലത്തെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയില്‍ എല്ലായിടത്തും സമാനമായ ആശങ്കയ്ക്ക് സാധ്യതയുള്ളതായാണ് കരുതുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ജനറല്‍ മാനേജര്‍ ബി ഇളങ്കോ കഴിഞ്ഞ ഓഗസ്റ്റ് 10 ന് എല്ലാ സോണല്‍, റീജിയണല്‍ മേധാവികള്‍ക്കും കത്തയക്കുകയും അടിസ്ഥാന രേഖകളുടെ അഭാവം ഓഡിറ്റില്‍ കണ്ടെത്തിയതായും, അത്തരം വീഴ്ചകള്‍ അനുവദിക്കാനാവില്ലയെന്നും, ഉടന്‍ അവ പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടു.
ഈ കണ്ടെത്തലുകളുടെ ഗൗരവം മനസിലാക്കിക്കൊണ്ട് ക്രമക്കേടുകള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ലഭ്യമല്ലാത്ത രേഖകള്‍ കസ്റ്റമേഴ്സിന്റെ പക്കല്‍ നിന്നും അതത് ശാഖകള്‍ ശേഖരിക്കണമെന്നും അവ ഉന്നത ഓഫീസുകളില്‍ പരിശോധനാവിധേയമാക്കിയ ശേഷം സൂക്ഷിക്കണമെന്നും കത്തില്‍ പറയുന്നു.
ഡാമേജ് കണ്ട്രോള്‍
അനധികൃത ഡെബിറ്റുകളും രേഖകളും നഷ്ടപ്പെട്ടതായി ബാങ്ക് സമ്മതിച്ചിട്ടുണ്ടെങ്കിലും, ചില പ്രാദേശിക ഓഫീസുകള്‍ തങ്ങളുടെ ജൂനിയര്‍ ജീവനക്കാരെ ഈ രേഖകള്‍ വ്യാജമായി നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതായി ജീവനക്കാര്‍ പങ്കുവെച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു.
മൊബൈല്‍ ബാങ്കിംഗിനായുള്ള സമ്മതപത്രങ്ങളില്‍ ബാങ്ക് ഇടപാടുകാരുടെ ഒപ്പും വിരലടയാളവും തിടുക്കത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു മൂടിവെക്കല്‍ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത്. എല്ലാ രേഖകളും നിലനില്‍ക്കുന്നതായി തെളിയിക്കുന്നതിനായി അവയില്‍ പലതും ബാക്ക്‌ഡേറ്റ് ഉപയോഗിച്ച് ക്രമപ്പെടുത്തുകയും ചെയ്തു.
തങ്ങള്‍ പരിശോധിച്ചതോ ജോലി ചെയ്യുന്നതോ ആയ ശാഖകളിലെ പല അകൗണ്ടുകളിലും ഇത്തരത്തിലുള്ള രേഖകള്‍ നിലവിലില്ലെന്നും ചില കേസുകളില്‍ ഒപ്പുകള്‍ വ്യാജമാണെന്നും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോടു പറഞ്ഞു. ചില കേസുകളില്‍, ഒപ്പുകള്‍ വ്യാജമാണ്, മറ്റു ചിലതില്‍ ആപ്പില്‍ അകൗണ്ട് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഓഡിറ്റിങ്ങിന് മുമ്പായി മാത്രമാണ് ഒപ്പ് ശേഖരിക്കുന്നതിനായി ബ്രാഞ്ച് ജീവനക്കാര്‍ അകൗണ്ട് ഉടമകളെ സമീപിച്ചതെന്നും ബാങ്ക് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഏതാനും അകൗണ്ട് ഉടമകള്‍ക്കായി നിര്‍മ്മിച്ച രേഖകളുടെ പകര്‍പ്പുകള്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഒരു ശാഖയില്‍ നിന്നുള്ള നിരവധി രേഖകളില്‍ അകൗണ്ട് ഉടമയുടെ ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ നമ്പര്‍, അപേക്ഷയുടെ തീയതി തുടങ്ങിയ പ്രധാന വിവരങ്ങളില്‍ പലതും പൂരിപ്പിച്ചത് ബ്രാഞ്ച് ജീവനക്കാരാണെന്ന് ടിആര്‍സിയുമായി ഈ ഫോമുകള്‍ പങ്കിട്ട ഇന്റേണല്‍ ഓഡിറ്റര്‍ പറഞ്ഞു. ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ റീജിയണല്‍ മാനേജര്‍ ബ്രാഞ്ച് സ്റ്റാഫുമായി സഹകരിക്കാനും എല്ലാ അകൗണ്ടുകളിലെയും രേഖകള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനും എല്ലാ ഓഡിറ്റര്‍മാരോടും ആവശ്യപ്പെട്ടതായി പ്രസ്തുത ഓഡിറ്റര്‍ പറയുന്നു. അത്തരം നിര്‍ദ്ദേശങ്ങള്‍ കാരണം പുതിയതായി ലഭിച്ച ഫോമുകള്‍ പോലും താന്‍ അംഗീകരിച്ചതായും ഓഡിറ്റര്‍ സമ്മതിക്കുന്നു.
ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ മറ്റു ശാഖയിലും ഒപ്പിന് പകരം വിരലടയാളം പതിച്ചിട്ടുള്ള ഓഡിറ്റ് ചെയ്ത ഫോമുകളുടെ പകര്‍പ്പുകള്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് കണ്ടിട്ടുണ്ട്. സ്വന്തം പേരെഴുതി ഒപ്പിടാന്‍ പോലും കഴിയാത്ത കര്‍ഷകര്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പ് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് അറിയില്ലെന്ന് ഈ ഫോമുകള്‍ പങ്കുവെച്ച ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. ഓഡിറ്റിങ്ങിന് തൊട്ടുമുമ്പ് മാത്രമാണ് ഈ ഫോമുകളില്‍ വിരലടയാളം ലഭിച്ചതെന്നും ബ്രാഞ്ച് ജീവനക്കാരാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചതെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.
നിരക്ഷരരായ നിരവധി ഉപഭോക്താക്കള്‍ ബോബ് വേള്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കളക്ടീവിന് ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പ്രതിബാധിക്കുന്നു. അവരില്‍ പലരുടെയും അകൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളത് ബിസിനസ് കറസ്പോണ്ടന്റിന്റെ മൊബൈല്‍ നമ്പറാണ്.
നിരക്ഷരരായവരും 15 വയസ്സിന് താഴെയുള്ള കുട്ടികളും ആപ്പ് ഉപയോഗിക്കാന്‍ യോഗ്യരല്ലെന്ന് ഒരു ഓഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നിരവധി പ്രായപൂര്‍ത്തിയാകാത്തവരുടെ അകൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ പല അകൗണ്ടുകളും പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് കീഴിലാണ് ആരംഭിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കുന്നതിനായി പ്രധാനമന്ത്രി ആരംഭിച്ച ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം മിനിമം ബാലന്‍സ് നിര്‍ബന്ധമില്ലാതെയാണ് അകൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല, വിവിധ സബ്സിഡികള്‍ ലഭിക്കുന്നതും ഇത്തരം അകൗണ്ടിലൂടെയായിരുന്നു.
ഇത്തരം ഉപഭോക്താക്കളെ ഫോമുകളില്‍ ഒപ്പിടാന്‍ താനും സഹപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഒരു ബാങ്ക് ജീവനക്കാരന്‍ പറയുന്നു. അകൗണ്ട് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകളില്‍ അടിയന്തരമായി ഒപ്പിടണമെന്നും അല്ലെങ്കില്‍ അകൗണ്ടുകള്‍ അസാധുവാകുമെന്നും സബ്സിഡി ലഭിക്കില്ലായെന്നും പറഞ്ഞിട്ടുള്ളതായും ജീവനക്കാരന്‍ സമ്മതിക്കുന്നു.
അദ്ദേഹം മറ്റൊരു അപാകത കൂടി എടുത്തുകാട്ടുന്നുണ്ട്. അകൗണ്ട് ആരംഭിക്കാനായുള്ള ഫോമുകള്‍ പരിശോധിക്കാന്‍ ഓഡിറ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അവയില്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കും എന്നതായിരുന്നു കാരണം. എന്നാല്‍, പല അകൗണ്ടുകളിലും ആ ഫോമുകള്‍ ഇല്ലായിരുന്നതിനാല്‍, മറ്റ് രേഖകള്‍ക്കൊപ്പം ചില ജീവനക്കാര്‍ ഈ ഫോമുകളില്‍ ഉപഭോക്താക്കളുടെ ഒപ്പ്/വിരലടയാളവും നേടുകയായിരുന്നു. ഇതേ ബ്രാഞ്ചിലെ ജീവനക്കാര്‍, ഉന്നത ഉദ്യോഗസ്ഥരുടെ കോപത്തിനിടയാകണ്ടയെന്നു കരുതി, വാക്കാലുള്ള നിര്‍ദ്ദേശങ്ങളായിരുന്നിട്ടും ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രകാരം ഫോമുകളിലെ തീയതികളില്‍ മാറ്റം വരുത്തുകയുണ്ടായി.
കുറഞ്ഞത് രണ്ടു വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന അകൗണ്ടുകളില്‍ പോലും, ഓഡിറ്റിംഗ് തീയതികളായ ജൂലൈ 29,30 തീയതികള്‍ അകൗണ്ട് ആരംഭിക്കുന്ന തീയതികളായി ഫോമുകളില്‍ രേഖപ്പെടുത്തി. ഇത്തരത്തില്‍ പല ഓഡിറ്റിംഗ് റിപ്പോര്‍ട്ടുകളും തീയതി തെറ്റായി രേഖപ്പെടുത്തിയാതായി കളക്ടീവ് കണ്ടെത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടുകള്‍, ഫോമുകളിലെ തെറ്റായ വിവരങ്ങളോടൊപ്പം ഇന്റെര്‍ണല്‍ ഓഡിറ്റിലെ അപാകതയും ചൂണ്ടിക്കാട്ടുന്നു. കസ്റ്റമേഴ്സിനെ വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തിയതോ, തെറ്റായി രേഖപ്പെടുത്തിയതോ ആണ്. അതിനാല്‍ പല കാരണങ്ങളാല്‍ അവ അസാധുവാണ്. ബ്രാഞ്ച് തലത്തില്‍ കൃത്യമായി നടക്കുന്ന ഓഡിറ്റില്‍ അത്തരം രേഖകള്‍ നിരസിക്കപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചുവപ്പ് കൊടി
തീയതിയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ അന്വേഷിക്കണമെന്നും അതിനായി പുതിയ ഫോര്‍മാറ്റിലുള്ള ഫോം രൂപീകരിക്കുകയോ പഴയ ഫോമില്‍ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യത വരുത്തുകയോ വേണമെന്ന് ഇന്ത്യയിലെ ഫോറന്‍സിക് അകൗണ്ടിംഗിന്റെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്ന സര്‍ട്ടിഫൈഡ് ബാങ്ക് ഫോറന്‍സിക് അകൗണ്ടന്റ് മയൂര്‍ ജോഷി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോടു പറഞ്ഞു.
ഇത്തരം ഡോക്യൂമെന്റുകളുടെ ഓഡിറ്റിംഗിനായി പ്രഗത്ഭരായ ഓഡിറ്റിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ബാഹ്യ ഓഡിറ്ററെ ബാങ്ക് നിയമിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ ഓഡിറ്റ് നടക്കണമെന്ന് ബാങ്കിംഗ്, കണ്‍സള്‍ട്ടിംഗ് വ്യവസായങ്ങളില്‍ രണ്ട് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള സര്‍ട്ടിഫൈഡ് ഫ്രോഡ് എക്‌സാമിനര്‍ നിഖില്‍ പരുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഒരു ബ്രാഞ്ച് മാനേജരുടെ ജോലിയുടെയും അധികാര പരിധിക്കും പുറത്തുള്ള ഓഡിറ്റ് നടത്താന്‍ ബാങ്ക് മാനേജര്‍ക്ക് അവകാശമില്ലായെന്നും അത് ചെയ്യാന്‍ ആവശ്യപ്പെടാനും പാടില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപഭോക്താവിന്റെ രേഖകള്‍ വാങ്ങുകയും കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അത് അനാരോഗ്യകരവും കൊള്ളയടിക്കുന്നതുമായ സമ്പ്രദായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി ലഭിച്ച ഫോമുകളും ബാക്ക്ഡേറ്റഡ് ഫോമുകളും ഓഡിറ്റിംഗ് ലോകത്ത് ചുവപ്പുകൊടി ആയി മാറുമെന്നും അടിസ്ഥാന രേഖകളില്‍ പലതും ബാങ്കിന്റെ പക്കല്‍ ഇല്ലാത്തതും അവയൊക്കെ പുതിയതായി ശേഖരിക്കേണ്ടിയും വരുന്ന സാഹചര്യത്തില്‍ ഇത് ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങളുടെ മേലുള്ള ലംഘനമാണെന്നും പിഴ ഇടാക്കാവുന്നതുമായ പ്രശ്‌നമാണെന്നും ജോഷി പറഞ്ഞു.
ദി നമ്പര്‍ ഗെയിം
റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും അല്‍ ജസീറയും വാര്‍ത്ത പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ജൂലൈ 25-ന്, ഭോപ്പാല്‍ സോണിലെ ഒരു റീജിയണല്‍ ഓഫീസ് അതിന്റെ ശാഖകള്‍ക്ക് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ കസ്റ്റമര്‍ അകൗണ്ടുകളില്‍ നല്‍കിയിരിക്കുന്നുവെന്ന വിവരം പറഞ്ഞുകൊണ്ട് ”അടിയന്തിര ഓര്‍മ്മപ്പെടുത്തല്‍ എന്നു തുടങ്ങുന്ന’ സബ്ജക്ട് ലൈന്‍ അടങ്ങിയ ഒരു ഇമെയില്‍ അയച്ചു.
ജീവനക്കാരുടെ മൊബൈല്‍ നമ്പറുകളും ബാങ്കിന്റെ സി.യു.ജി ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് നമ്പറുകളും ഉപഭോക്തൃ ഐഡിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും മെയ്‌ലില്‍ പറയുന്നു. അത്തരം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ബോബ് വേള്‍ഡ് ഉപയോഗിക്കുന്നതായും ഇമെയിലിന്റെ ഓപ്പണിംഗ് ലൈനില്‍ പ്രതിബാധിക്കുന്നു.
ഇത്തരം കേസുകള്‍ അന്വേഷിക്കാനും പരിഹാരം കാണാനും ശാഖകളോട് ഇമെയിലില്‍ ആവശ്യപ്പെടുന്നു. ഈ ഇമെയില്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും വന്നതായും ട്രയല്‍ മെയില്‍ കാണാം.
ഓഗസ്റ്റ് ഒന്നിന് ബാങ്ക് ഓഫ് ബറോഡയുടെ ഹെഡ് ഓഫീസില്‍ നിന്നും ഭോപ്പാലിലെ സോണല്‍ മേധാവിക്ക് അയച്ച ഇമെയിലില്‍ അവിടത്തെ കസ്റ്റമര്‍ ഐഡികളായ 316, 1283 എന്നിവയില്‍ ലിങ്ക് ചെയ്തിരിക്കുന്ന സ്റ്റാഫ്, ബിസിനസ് കറസ്പോണ്ടന്റ്മാരുടെ (ബിസി) മൊബൈല്‍ നമ്പറുകളുടെ വിവരങ്ങളും പങ്കിടുന്നുണ്ട്. 313, 4,118 കസ്റ്റമര്‍ ഐഡികളുടെ ലിസ്റ്റ് ഹെഡ് ഓഫീസ് നേരത്തെ അയച്ചിരുന്നുവെന്നും മെയിലില്‍ പറയുന്നു.
ബാങ്ക് അകൗണ്ട് ആരംഭിക്കാനായി ഉപഭോക്താക്കള്‍ ബിസിനസ് കറസ്പോണ്ടന്റുമാരെ സമീപിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ബിസിനസ് കറസ്പോണ്ടന്റുകള്‍ ഉപഭോക്താവിന്റെ ഫോണ്‍ നമ്പറായി സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കാറുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ പറയുന്നു.
ബ്രാഞ്ചുകള്‍ അവരുടെ ഏജന്റുമാരോട്, അവരുടെ മൊബൈല്‍ നമ്പറുകള്‍ നിലനിര്‍ത്തേണ്ടതായ ബാങ്ക് അകൗണ്ടുകളുടെ വിവരവും, അതിനോടൊപ്പം അവരുടെ നമ്പര്‍ നീക്കം ചെയ്യേണ്ടതായ അകൗണ്ടുകളുടെ വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബോബ് വേള്‍ഡ് എന്റോള്‍മെന്റിനെക്കുറിച്ചുള്ള അല്‍ ജസീറയുടെ മുന്‍ റിപ്പോര്‍ട്ടിനോടുള്ള ബാങ്കിന്റെ പ്രതികരണത്തിന് വിരുദ്ധമാണ് ഈ ഇമെയിലുകളും രേഖകളും. അപരിചിതരുടെയോ ആധികാരികമല്ലാത്തതുമായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പ് രജിസ്‌ട്രേഷന്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന വിവരം വസ്തുതാപരമായി ശരിയല്ല എന്നാണ് ബാങ്ക് അവകാശപ്പെട്ടിരുന്നത്.
അല്‍ ജസീറയുടെ മുന്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ ഭോപ്പാല്‍ സോണില്‍ ഡസന്‍ കണക്കിന് അകൗണ്ടുകളുമായി നൂറുകണക്കിന് മൊബൈല്‍ നമ്പറുകള്‍ ലിങ്ക് ചെയ്യപ്പെട്ടിരുന്നു. ഒരേ നമ്പര്‍ പരമാവധി എട്ട് നമ്പറുകളില്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന ഇന്റെര്‍ണല്‍ പോളിസിയുടെ ലംഘനവും ഇത്തരം ഇമെയിലുകളിലൂടെ തെളിയുന്നു.
ജൂലൈ 19-ന്, ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നും എല്ലാ സോണല്‍, റീജിയണല്‍ ഓഫീസുകളിലേക്കും എട്ടിലധികം കസ്റ്റമര്‍ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പാന്‍-ഇന്ത്യ ലിസ്റ്റ് സഹിതം ഒരു ഇമെയിലും അയച്ചിരുന്നു.
ഈ ലിസ്റ്റ് പ്രകാരം നിരവധി മൊബൈല്‍ നമ്പറുകളാണ് നാല് ഡസനുകളോളം അകൗണ്ടുകളിലായി ലിങ്ക് ചെയ്യപെട്ടിരിക്കുന്നത്. അത്തരത്തിലുള്ള അകൗണ്ടുകളുടെ എണ്ണം 225,001 ആണ്.
എട്ടിലധികം ഉപഭോക്തൃ ഐഡികളില്‍ ഒരേ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം തേടി സോണല്‍, റീജിയണല്‍ ഓഫീസുകള്‍ക്ക് കഴിഞ്ഞ ദിവസവും ഹെഡ് ഓഫീസ് സമാനമായ ഒരു ഇമെയില്‍ അയച്ചിരുന്നു. കാരണം കാണിക്കലിനോടൊപ്പം സ്ഥിരീകരണവും നല്‍കണമെന്നും ആവശ്യമില്ലാത്ത മൊബൈല്‍ നമ്പറുകള്‍ ബാക്ക് എന്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.
അംഗീകൃതമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ അണ്‍ലിങ്ക് ചെയ്യേണ്ട അക്കൗണ്ടുകളുടെ ബ്രാഞ്ചുകളിലേക്ക് റീജിയണല്‍ ഓഫീസുകളില്‍ നിന്നും അയച്ച ഇമെയിലുകളുടെ പകര്‍പ്പുകള്‍ കളക്ടീവ് പരിശോധിച്ചു.
ജീവനക്കാരുടെ നിരാശ
ബാങ്ക് ഓഫ് ബറോഡയിലെ അഴിമതി ജീവനക്കാരെ ബാധിക്കുന്നു. ആദ്യം സാധ്യമായത് പോലെ ബോബ് വെല്‍ഡില്‍ ഉപഭോക്തൃ രജിസ്ട്രേഷന്‍ ഉയര്‍ത്താന്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും പിന്നീട് ഇപ്പോള്‍ സേവനം ആവശ്യപ്പെടുന്ന കസ്റ്റമേഴ്സിനെ ലിസ്റ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് നിരവധി ജീവനക്കാര്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോട് പറഞ്ഞു.
കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി ആര്‍ബിഐ തങ്ങളുടെ ഫോമുകള്‍ എടുത്താല്‍ ഭാവിയില്‍ തങ്ങള്‍ പ്രശ്നത്തിലായേക്കാമെന്ന് ബാങ്കിനെ സഹായിക്കാന്‍ ഓഡിറ്റിംഗില്‍ കൃതൃമം കാണിച്ച ഒരു ബാങ്ക് ജീവനക്കാരന്‍ പറയുന്നു. റീജിയണല്‍ മാനേജരെ അനുസരിക്കാതെ ഒരു യഥാര്‍ത്ഥ രേഖ തയ്യാറാക്കിയിരുന്നെങ്കിലും തങ്ങള്‍ കുഴപ്പത്തിലാകുമായിരുന്നുവെന്നും ജീവനക്കാരന്‍ വെളിപ്പെടുത്തുന്നു.
സമ്മര്‍ദ്ദം അവരെ എങ്ങനെയാണ് ബാധിച്ചുവെന്നതിനെ കുറിച്ചും, തങ്ങളും അവരുടെ സഹപ്രവര്‍ത്തകരും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ധാര്‍മ്മിക കുറുക്കുവഴികളെക്കുറിച്ചും നിരവധി ജീവനക്കാര്‍ നേരിട്ട് വിവരിച്ചു.
ഉപഭോക്താക്കളുടെ അകൗണ്ടിലേക്ക് മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത് മൊബൈല്‍ ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ സമ്മതപത്രം എങ്ങനെ ലഭ്യമാകുമെന്ന് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണ ബ്രാഞ്ച് മേധാവി ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ തന്നെ നിന്നുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തന്റെ ശാഖയിലെ നിര്‍ഭാഗ്യവാരായ ജീവനക്കാര്‍ കസ്റ്റമേഴ്സിന്റെ ഫോമുകള്‍ പൂരിപ്പിക്കുക മാത്രമല്ല, അവരുടെ വ്യാജ ഒപ്പും ഇടാറുണ്ടെന്നും വെളിപ്പെടുത്തുന്നു.
ജൂലൈ 30ന്, കര്‍ണാടകയിലെ ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയന്‍, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ക്കും സിഇഒയ്ക്കും അയച്ച കത്തില്‍ ഈ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ബ്രാഞ്ച് മാനേജര്‍മാരുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരവും റീജിയണല്‍ അധികാരികളുടെ അറിവോടുകൂടിയും ക്ലറിക്കല്‍ സ്റ്റാഫ് നടത്തിയ അഴിമതി പരിഹരിക്കുന്നതിനായി കുറ്റക്കാരായ ക്ലറിക്കല്‍ സ്റ്റാഫുകള്‍ മേല്‍നോട്ടം നല്‍കുന്ന ഓഡിറ്റില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. ഈ ഓഡിറ്റിങ്ങിനിടെ നിരവധി രേഖകള്‍ സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാം, കുറ്റം പൂര്‍ണമായും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെയും പ്രത്യേകിച്ച് ക്ലറിക്കല്‍ സ്റ്റാഫുകളുടെയും മേല്‍ മാറ്റാനും കഴിയുമെന്ന ആശങ്കയും ഈമെയിലില്‍ പ്രസ്താവിക്കുന്നു.
മൊബൈല്‍ ബാങ്കിംഗും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യൂണിയന്‍ ദീര്‍ഘകാലം ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.
ഈ പ്രശ്‌നത്തിലെ യഥാര്‍ത്ത ഉത്തരവാദികള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത്. സ്വേച്ഛാധിപത്യമാണ് വളരെക്കാലമായി ഇവിടെ നടക്കുന്നത്, ഒരു ബാങ്ക് ജീവനക്കാരന്‍ പറയുന്നു.
ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് തുടര്‍ നടപടിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ആര്‍ബിഐയ്ക്ക് ഒരു ഇമെയില്‍ അയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. ആര്‍ബിഐയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തിനായി ജെസുദാസ് പ്രദീപ് ജിയെ വിളിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്റേണല്‍ ഓഡിറ്റിനെയും അതിന്റെ കണ്ടെത്തലുകളെയും കുറിച്ചുള്ള ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ ചോദ്യങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡയും മറുപടി നല്‍കിയില്ല.
ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും അല്‍-ജസീറയും ചേര്‍ന്ന് നടത്തിയ ഈ അന്വേഷണം അല്‍-ജസീറയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ മലയാളരൂപമാണ് അനുമതിയോടെ അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.
ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അസോസിയേറ്റ് മെംബര്‍ ആണ് ഹേമന്ദ് ഗെയ്‌റോള