December 10, 2024 |
Share on

‘ഈ മുന്നറിയിപ്പ് ഫാസിസത്തിന്റെ മറ്റൊരു രൂപമാണ്’

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒസിസിആര്‍പി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ സംസാരിക്കുന്നു

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ചിലരാണ് സര്‍ക്കാരിന്റെ വിമര്‍ശകരായ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഐഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു നിര്‍മാതാക്കളായ ആപ്പിളില്‍ നിന്നുള്ള സന്ദേശം. തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പെടെ അഞ്ച് എം പി മാര്‍ക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, തുടങ്ങിയവര്‍ക്കും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ജീവനക്കാര്‍ക്കും ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഒരേ സമയത്താണ് മുന്നറിയിപ്പ് ലഭിച്ചത്. തിങ്കളാഴ്ച്ച രാത്രി 11. 45 നാണ് ഇവര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെ കൂടാതെ, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്റ്റ് (ഒ സി സി ആര്‍ പി) അംഗം രവി നായര്‍ എന്നിവര്‍ക്കും ആപ്പിളിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ നടത്തിയ തട്ടിപ്പുകള്‍ രവി നായര്‍ അടങ്ങുന്ന ഒസിസിആര്‍പി സംഘം വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തില്‍ അഴിമുഖവുമായി സംസാരിക്കുകയാണ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രവി നായര്‍.

”2018 -2019 മുതല്‍ ഫോണ്‍ ചോര്‍ത്തല്‍ മുഖേനയുള്ള നിരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പുതിയ തുടര്‍ച്ച എന്ന രീതിയിലാണ് ഇതിനെ കണക്കാക്കേണ്ടത്. സഹപ്രവര്‍ത്തകനായ ആനന്ദിനൊപ്പം(ഒസിസിആര്‍പി സൗത്ത് ഏഷ്യ റിജീയണല്‍ എഡിറ്റര്‍ ആനന്ദ് മന്‍ഗന്ലെയുടെ ഫോണും ചോര്‍ത്തുന്നതായി സന്ദേശം കിട്ടിയിരുന്നു) ഒസിസിആര്‍പിക്കു വേണ്ടി അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധമായ പല പ്രവര്‍ത്തനങ്ങളും കഴിഞ്ഞദിവസമാണ് പുറത്തു വിട്ടത്. സര്‍ക്കാരിനെതിരായി ഈ അടുത്തനാളുകളില്‍ എഴുതിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എനിക്കെതിരെയും ആനന്ദിനെതിരെയും എന്തിനാണ് ഇത്തരം ഒരു നീക്കമെന്നതില്‍ വ്യക്തതയില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 10 ഓളം വരുന്ന ബിസിനസ് ഗ്രൂപ്പുകളെ ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് ഒരു ബിസിനസ് ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണോ ഈ നീക്കങ്ങള്‍ക്ക് വിധേയാനാവേണ്ടി വന്നത് എന്നത് ചോദ്യ ചിഹ്നമാണ്.

ചാരപ്രവര്‍ത്തി നടത്തുന്ന പല സോഫ്റ്റ്‌വെയറുകളും ഇസ്രയേലിലാണ് നിര്‍മിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കാണ് അവരിത് വിതരണം ചെയ്യുന്നത്. ആപ്പിളില്‍ നിന്ന് ലഭിച്ച സന്ദേശം പറയുന്നത് സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ചോര്‍ത്തലെന്നാണ്. കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത്തരം സോഫ്റ്റ് വെയറുകള്‍ വാങ്ങുന്നതിനുള്ള സാധ്യത വിരളമാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെയാവണം ആപ്പിള്‍ പരാമര്‍ശിച്ച ‘സ്റ്റേറ്റ്’എന്നത്. ഇത്തരം ഒരു നിഗമനത്തിലെത്തിച്ചേരാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം നിരീക്ഷങ്ങള്‍ക്കെതിരെ സാങ്കേതികമായി ബദല്‍ കണ്ടെത്തുക എന്നത് തന്നെയാണ് ഇതിനുള്ള പ്രതിവിധി. എന്നാല്‍ ഇത്തരം ബദല്‍ കണ്ടെത്തുന്ന മാത്രയില്‍ ഈ ചാര കമ്പിനികള്‍ കുറച്ചു കൂടി സാങ്കേതികപരമായി സങ്കീര്‍ണ്ണമായ മറ്റൊരു സംവിധാനം നിര്‍മിച്ചു നല്‍കും. അവരെ സംബന്ധിച്ച് ഇത് വ്യവസായം മാത്രമാണ്.

‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’

പെഗസിസിനെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനം ആപ്പിള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിലെ പ്രമുഖരായ രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ ഫോണില്‍ പെഗാസസ് കണ്ടെത്തിയിരുന്നു. നിലവില്‍ മുന്നറിയിപ്പ് നല്‍കിയ ചാര സോഫ്റ്റ്‌വെയര്‍ ഏതാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആദ്യ കാലങ്ങളില്‍ ഭീകര പ്രവര്‍ത്തനം, മയക്കുമരുന്ന് കച്ചവടം എന്നിവ കണ്ടെത്തുന്നതിനായാണ് ഇത്തരം സര്‍വൈലന്‍സ് ടൂളുകള്‍ ഉപയോഗിച്ച് പോന്നിരുന്നത് .എന്നാല്‍ സ്വേച്ഛാധിപത്യ സ്വാഭവുമുള്ള ഭരണകൂടം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ഈ ഉപകരണങ്ങള്‍ തങ്ങളുടെ എതിരാളികള്‍ക്ക് നേരെ ഉപയോഗിച്ച് തുടങ്ങി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനാധിപത്യ രാജ്യങ്ങളിലെ പല അധികാരികളും സ്വേച്ഛാധിപത്യ സ്വഭാവമായി മാറിയത് നമ്മള്‍ കണ്ടതാണ്. ഇവര്‍ക്കെതിരെ കണ്ടെത്തലുകള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ അടക്കം അടിച്ചമര്‍ത്താനായി ഇത് ഉപയോഗപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നു എന്നതു കൊണ്ട് തന്നെ ഇത്തരം സര്‍ക്കാരുകളുടെ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് മാറി ചിന്തിക്കേണ്ടത് ജനങ്ങളാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷിയിലെ പ്രധാന നേതാക്കള്‍ക്കെതിരെ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തുകയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) മുഖേന അന്വേഷണം നടത്തുന്ന തരത്തില്‍ അഴിമതിക്കെതിരേ നില്‍ക്കുന്നതാണ് ഭരണകൂടമെങ്കില്‍, അദാനി ഗ്രൂപ്പിനെതിരെ എന്തുകൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല? അഴിമതിയില്‍ മുങ്ങിയിരുന്ന മുന്‍ ഭരണകൂടങ്ങള്‍ ഇന്ത്യയെ തകര്‍ത്തുകളയാന്‍ പാകത്തിലുള്ളതായിരുന്നുവെന്ന ആരോപണം നിരന്തരം ഉന്നയിക്കുന്നുണ്ട് ഈ സര്‍ക്കാര്‍. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അന്വേഷണ ഏജന്‍സികള്‍ മുഖേന നിരവധി അഴിമതി കേസുകള്‍ ചുമത്തിയിട്ടുമുണ്ട്. ആരോപണം ഉന്നയിക്കുന്നതിനപ്പുറം ഇത്തരം കേസുകളില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടുണ്ട് എന്നത് ചോദ്യ ചിഹ്നമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കിയാണ് പല സംസ്ഥനനങ്ങളിലും നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനില്‍ ശ്രമിച്ചതും കണ്ടതാണ്. ഇത്തരം നിരീക്ഷണങ്ങളും ഇതിന്റെയെല്ലാം ഭാഗമാണ്. കഴിഞ്ഞ തവണ ബി ജെ പി ഭരിച്ചിരുന്ന കര്‍ണാടകയില്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ട് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തെ അഴിമതി ചൂണ്ടികാണിച്ചു തുറന്ന് കത്തെഴുതിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതേ സമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി ഉയര്‍ത്തികാണിക്കുകയും, രാഹുല്‍ ഗാന്ധി, മഹുവ മൊയ്ത്ര പോലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് നേരിടേണ്ടി വന്നതിനും നമ്മള്‍ സാക്ഷിയാണ്. നിലവിലെ പ്രശ്‌നത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ആപ്പിള്‍ കമ്പനിയുടെ സാങ്കേതിക തകരാറാണെന്ന നിലപാട് ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പ്രതിപക്ഷത്തെയടക്കം 20 ഓളം ആളുകള്‍ക്ക് മാത്രം മുന്നറിയിപ്പ് ലഭിച്ചത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചാളുകള്‍ക്കുമാത്രമായി എങ്ങനെയാണ് തകരാര്‍ സംഭവിക്കുക. അപ്പോള്‍ ആളുകളെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള മാര്‍ഗം മാത്രമാണ് ഈ നിലപട്. നിലവിലെ തങ്ങളുടെ പരിതസ്ഥിയെ കുറിച്ച് മോദി സര്‍ക്കാര്‍ ബോധവാന്മാരാണ്. 2024-ല്‍ അധികാരം നഷ്ടപെട്ടു കഴിഞ്ഞാല്‍ അടുത്തതായി അധികാരത്തില്‍ വരുന്ന ഭരണകൂടം നിലവിലെ അഴിമതികളില്‍ അന്വേഷണം പ്രഖ്യപിക്കും. ഇത് പല നേതാക്കളെയും പ്രതികൂലമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന് നേരെ ആരോപണം ഉന്നയിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു.

ഫാസിസം കടന്നുവരുന്നതുകൂടി സമൂഹത്തിലെ പല സ്ഥാപനങ്ങളും അതിനടിമപ്പെടേണ്ടതായി വരുന്നുണ്ട്. ഉദാഹരണമായി അയോദ്ധ്യ വിധിയില്‍ ബാബറി മസ്ജിദ് പള്ളി നിലന്നിരുന്ന ഇടത്ത് അമ്പലം സ്ഥിതി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ പോലും ലഭ്യമായിട്ടില്ല. പള്ളി പൊളിച്ചത് കുറ്റകരമാണെന്ന് കണ്ടെത്തിയ കോടതി തന്നെയാണ് അമ്പലം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. സമാനമായി ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യവുമായി ബന്ധപ്പെട്ട വിധയിലും ഈ വൈരുധ്യം കാണാനാകും. ഇത്തരത്തിലാണ് ഇവിടെ ഫാസിസം നടപ്പിലാകുന്നത്. നിലവിലെ സര്‍ക്കാരിന്റെ എം പിയായ പ്രഗ്യ ഠാക്കൂര്‍ കോടതിയില്‍ ഹാജരാവാത്തതിന് കാരണം പറഞ്ഞത് ഉണര്‍ന്നെഴുന്നേക്കാന്‍ വൈകി എന്നാണ്. നിലവിലെ ഫാസിസത്തിന്റെ ഘടന ഇതാണ്. ഇതിന്റെ മറ്റൊരു വകഭേദമാണ് മുന്നറിയിപ്പിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസം ഞങ്ങളെ തേടിയെത്തിയത്.”; രവി നായര്‍ പറയുന്നു.

×