തിരുത്തപ്പെടേണ്ടത് തിരുത്തുക തന്നെ വേണം. എന്നാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ ഒന്നും ഉണ്ടാകാതിരിക്കുവാനായി ബിജെപി വലിയ രീതിയില്‍ ശ്രമം നടത്തുന്നുണ്ട്. മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിലും നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എത്രയെത്ര റോഡുകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ തിരുത്തി. ലോക്‌സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ഒട്ടേറെ തിരുത്തലുകള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ പരാമര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു. മണിപ്പൂര്‍ എന്ന സംസ്ഥാനത്തിന്റെ പേര് പോലും സഭാ രേഖകളില്‍ നിന്ന് നീക്കിയത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഹത്യ, രാജ്യദ്രോഹി, കൊലപാതകം തുടങ്ങിയ വാക്കുകളാണ് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയില്‍ ചിരി നിരോധനം
ചിരിക്കുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള കഴിവാണ്. ചിരിക്കുന്ന വ്യക്തികളെ കാണാന്‍ ഏല്ലാവര്‍ക്കും ഇഷ്ടമാണ്. സ്വന്തം മുഖം ചിരിക്കുന്ന രൂപത്തില്‍ ഫോട്ടോയില്‍ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം. അതു കൊണ്ടൊണ് ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്ന അവസരത്തില്‍ ‘ഒന്നു ചിരിക്കൂ’ അല്ലെങ്കില്‍ ‘സ്‌മൈല്‍ പ്ലീസ്’ എന്ന് പറയുന്നത്. ചിരി ആരോഗ്യത്തിന് മികച്ചതാണെന്നും ഒറ്റമൂലിയാണെന്നും ആരോഗ്യ ശാസ്ത്രം തന്നെ പറയുന്നുണ്ട്. മനസറിഞ്ഞ് എപ്പോഴും ചിരിക്കുന്നവരില്‍ രോഗങ്ങളും കുറവായി കാണുന്നു. ചിരി മനുഷ്യന്റെ നെഞ്ച് വിരിവിന് നല്ല വ്യായാമം ആണെന്നും, ശ്വാസകോശങ്ങള്‍ക്കും, ഞരമ്പുകള്‍ക്കും, രക്ത ഓട്ടത്തിനും ഗുണം ചെയ്യുമെന്നും പറയുന്നു. ആദ്യമായി മദ്യനിരോധനം ഏര്‍പ്പെടുത്തിയത് ശ്രീകൃഷ്ണനാണ്. അതുപോലെ ചിരി നിരോധിച്ചുകൊണ്ട് ശ്രീരാമന്റെ ഒരു നിയമപ്രഖ്യാപനമുണ്ടായി. അങ്ങനെ അയോദ്ധ്യയില്‍ ഒരിടയ്ക്ക് ചിരിക്ക് നിരോധനമുണ്ടായിട്ടുണ്ട് എന്നാണ് ആനന്ദരാമായണത്തില്‍ പറയുന്നത്.
അയോദ്ധ്യ ഉത്തര്‍പ്രദേശിലായതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ പുതിയ ഒരു ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ബില്ല് പാസാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാരണം ഭൂരിപക്ഷം ഭരണ മുന്നണിയായ ബിജെപിക്ക് തന്നെയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. അതിലാണ് സഭാംഗങ്ങള്‍ക്ക് നിയമസഭയ്ക്കുള്ളില്‍ ചിരിക്കാന്‍ വിലക്ക് ഉണ്ടാകുന്നത്. നിയമസഭയില്‍ ഫോണ്‍ ഉപയോഗിക്കരുത്, രേഖകള്‍ കീറരുത്, സ്പീക്കര്‍ക്കെതിരായി തിരിഞ്ഞിരിക്കരുത്, തുടങ്ങിയ നിര്‍ബന്ധനകള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമസഭാ ഹാളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സ്പീക്കറെ വണങ്ങി ബഹുമാനം പ്രകടിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നെങ്കിലും മോദി വരുമോ? എന്തെങ്കിലും മിണ്ടുമോ?
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വരുന്നത് അപൂര്‍വ്വ സംഭവമാണ് എന്നുള്ളത് രാജ്യവ്യാപകമായി ചര്‍ച്ചയാണ്. അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള കഴിഞ്ഞ കാലത്തെ അനുഭവങ്ങളില്‍ പ്രതിപക്ഷം പറയുന്ന എല്ലാ ആരോപണങ്ങളും പ്രധാനമന്ത്രിമാര്‍ കേള്‍ക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും മണിപ്പൂര്‍ വിഷയത്തില്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം തുടങ്ങുന്നതിനു മുമ്പ് മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ വിഷയം ലോകം ചര്‍ച്ച ചെയ്തപ്പോള്‍ ഏതാണ്ട് 36 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഒരു പ്രസ്താവന നടത്തുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. പാര്‍ലമെന്റിനുള്ളില്‍ മണിപ്പൂര്‍ വിഷയം സംസാരിക്കാന്‍ താത്പര്യമില്ലാത്ത പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെയുള്ള ലക്ഷ്യം. അവിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ചയുടെ മൂന്നാം ദിവസമാണ് ഇന്ന്. നരേന്ദ്ര മോദി പ്രധാനമന്ത്രി അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ എത്തുമോ, മണിപ്പൂര്‍ വിഷയത്തിലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമോ എന്നുള്ള കാര്യത്തില്‍ മാത്രമല്ല സംസാരിക്കുന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല. അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഒരിടത്തും പറയുന്നില്ല. അത് ഒരു കീഴ്‌വഴക്കം മാത്രമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് 27 അവിശ്വാസ പ്രമേയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രധാമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചത്. 15 തവണയാണ് അവര്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടത്. മുന്‍കാലങ്ങളില്‍ എല്ലാ പ്രധാനമന്ത്രിമാരും പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ആദ്യാവസാനം സഭയിലിരുന്ന് കേള്‍ക്കുകയും ഒടുവില്‍ മറുപടി പറയുകയുമാണ് ചെയ്യുക. എന്നാല്‍ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തി മൂന്ന് ദിവസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആദ്യ രണ്ട് ദിവസവും പ്രധാനമന്ത്രി മോദി സഭയില്‍ വന്നില്ല. മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തെ കുറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തെങ്കിലും സംസാരിക്കുമോ എന്നാണ് ആകാംക്ഷയായി രാജ്യം നോക്കി നില്‍ക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആറര മണിക്കൂറിലേറെ ബിജെപി അണികള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായെങ്കില്‍ അതില്‍ ബഹുഭൂരിപക്ഷം സമയവും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന്റെ മുന്‍കാല ഗവണ്‍മെന്റ് നടത്തിയ അഴിമതിയെക്കുറിച്ചും മുന്‍കാല കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ വ്യത്യസ്ത സംഭവങ്ങളെക്കുറിച്ചും വിശദീകരിക്കുകയും, ഒപ്പം നരേന്ദ്രമോദിയെ പുകഴ്ത്തുകയും, മോദി സര്‍ക്കാര്‍ നടത്തിയ വികസനങ്ങളെക്കുറിച്ച് പറയുക മാത്രമാണ് ഭരണപക്ഷം ചെയ്തത്. അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കാനിരിക്കെ ഇന്ന് പ്രധാനമന്ത്രി മോദി സഭയില്‍ എത്തുമോ സംസാരിക്കുമോ എന്ന് കണ്ടറിയാം.