UPDATES

‘വിവാദം കുടിച്ച ആത്മകഥ’; എന്താണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പരാതികള്‍?

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആത്മകഥ പിന്‍വലിച്ചു

                       

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മകഥയായ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ തത്കാലം വായനക്കാരിലേക്ക് എത്തിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. കോപ്പികള്‍ പുറത്തിറക്കേണ്ടെന്ന നിര്‍ദേശം പ്രസാധാകര്‍ക്ക് നല്‍കിയതായി അദ്ദേഹം അറിയിച്ചു. പുസ്തകത്തിന്റെ പുറത്ത് അനാവശ്യവിവാദങ്ങള്‍ ഉണ്ടായിരിക്കുകയാണെന്നും, അത്തരമൊരു സാഹചര്യത്തില്‍ പുസ്തകം പുറത്ത് വിടുന്നില്ലെന്നുമാണ് മലയാളിയായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ നിലപാട് എടുത്തിരിക്കുന്നത്.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ശിവനെ ലക്ഷ്യം വച്ചുള്ളതെന്ന് വ്യാഖ്യാനിക്കപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് സോമനാഥിന്റെ ആത്മകഥയെ പ്രധാനമായും വിവാദത്തിലാക്കിയത്. ഐഎസ്ആര്‍ഒയില്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ സോമനാഥ് പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ടെന്നാണ് വിവരം. പുസ്തകം പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഇക്കാര്യങ്ങളൊക്കെ വിവിധ മാനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. രാജ്യത്തിന്റെ ചാന്ദ്ര ദാത്യം വിജയകരമായ സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഇന്ത്യന്‍ സ്‌പേസ് ഓര്‍ഗനൈസേഷനെയും അതിന്റെ മേധാവിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിവാദങ്ങളും ആഗോളശ്രദ്ധയില്‍ എത്തുമായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടായിരിക്കാം, രാജ്യത്തിന്റെ യശസ്സിന് മോശമായി ബാധിച്ചേക്കാവുന്ന വിവാദങ്ങള്‍ താത്കാലികമായെങ്കിലും ഒഴിവാക്കാന്‍ എസ്. സോമനാഥ് തീരുമാനിച്ചത്.

ഈ വര്‍ഷം സെപ്തംബറില്‍ എസ്. സോമനാഥ് എന്‍ഡിവിക്ക് അഭിമുഖം നല്‍കിയിരുന്നു. ചന്ദ്രയാന്‍-3 യുടെ വിജയത്തിനു പിന്നാലെയായിരുന്നു അഭിമുഖം. അന്നു പറഞ്ഞ ചില കാര്യങ്ങളാണ്, തന്റെ ആത്മകഥയിലും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. തന്റെ പ്രവര്‍ത്തന മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളായിരുന്നു അവ.

വലിയ വെല്ലുവിളികളാണ് കരിയറില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്നാണ് സോമനാഥ് അഭിമുഖത്തില്‍ പറയുന്നത്. ഐഎസ്ആര്‍ഒ-യിലെ തന്റെ സ്ഥാനത്തിന് ഭീഷണിയുണ്ടായിരുന്നുവെന്നും, ഒരുഘട്ടത്തില്‍ അവിടെ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യതവരെ നിലനിന്നിരുന്നുവെന്നും എന്‍ഡിടിവിയോട് അദ്ദേഹം പറയുന്നുണ്ട്.

‘ എല്ലാം എളുപ്പമായിരുന്നു എന്റെ ജീവിതത്തില്‍ എന്നു കരുതരുത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഞാന്‍ വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടുണ്ട്’ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി പറയുന്നു.

‘ നിങ്ങള്‍(സ്വയം പരാമര്‍ശിച്ചുകൊണ്ട്) ഒരു സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെടാം, നിങ്ങളുടെ സ്ഥാനത്തിന് ഭീഷണി നേരിടാം, ചില സമയത്ത് ലഭിക്കേണ്ട ബഹുമാനം പോലും കിട്ടാതെ പോകാം’; സോമനാഥിന്റെ വാക്കുകള്‍.

റിസര്‍ച്ച് ഓര്‍ഗനൈസേഷനുള്ളില്‍ താന്‍ വിമര്‍ശിക്കപ്പെടുകയും തന്റെ കഴിവുകള്‍ ചോദ്യം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ടെന്നും ആ അഭിമുഖത്തില്‍ സോമനാഥ് പറയുന്നുണ്ട്. ‘ ചില ആളുകളുടെ ‘വിഡ്ഡിത്തങ്ങളെ’ മറികടന്ന് മുന്നേറാന്‍ സ്വയം പഠിച്ചു’ എന്നും അദ്ദേഹം പറയുന്നുണ്ട്.

‘ ‘നീ ഇതിന് പറ്റിയ ആളല്ല'(ഔദ്യോഗിക സ്ഥാനത്തിന്)…, ഇത്തരം വിമര്‍ശമനങ്ങളൊക്കെ ഞാന്‍ കേട്ടു. പക്ഷേ, അത്തരം നിസാര കാര്യങ്ങള്‍ക്കെല്ലാം മുകളില്‍ എനിക്ക് സ്വയം എത്തേണ്ടതുണ്ടായിരുന്നു’. തുടര്‍ന്നദ്ദേഹം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെ പറയുന്നത്,’ ഒരു നിലയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍, ഇത്തരം ആളുകളെ നോക്കി പുഞ്ചിരിക്കാം, അവരുടെ മണ്ടത്തരങ്ങള്‍ അവഗണിക്കാം…’ എന്നാണ്.

‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപണ സമയം, ദൗത്യം പരാജയപ്പെടാനുള്ള എല്ലാ സാധ്യകളുമുണ്ടായിരുന്നു. വിക്ഷേപണത്തിന്റെ കാര്യത്തില്‍ ആരെങ്കിലും ഒരു തീരുമാനം എടുത്തേ മതിയാകൂ. മറ്റാരും തയ്യാറാകാതിരുന്നതുകൊണ്ട് ആ തീരുമാനം ഞാനെടുത്തു. ഭീകരമായ പരാജയമായിരിക്കും എന്നു പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി. എന്നാല്‍ ആ ദൗത്യം വിജയമായിരുന്നു. ജീവിതത്തില്‍ ഇതുപോലെയാണ് പലതും നടന്നിരിക്കുന്നത്’- അഭിമുഖത്തില്‍ സോമനാഥ് പറഞ്ഞ കാര്യങ്ങളാണ്.

‘അതെങ്ങനെ ചെയ്യാം? നിങ്ങള്‍ ഒരു പ്രക്രിയയിലൂടെ കടന്നുപോകുന്നു… നിങ്ങളുടെ ആത്മവിശ്വാസം എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് പഠിക്കുക. ഒരിക്കല്‍ നിങ്ങള്‍ അത് ചെയ്തുകഴിഞ്ഞാല്‍, ഈ വിഡ്ഡികളെയും അവരുടെ വാക്കുകളെയും കുറിച്ച് നിങ്ങള്‍ക്ക് വിഷമിക്കേണ്ടതില്ല’- എന്‍ഡിടിവിയോട് സെപ്തംബറില്‍ നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

‘എനിക്ക് പല പരിമിതികളുണ്ടായിരുന്നു… സാങ്കേതിക ജ്ഞാനത്തിലും വ്യക്തിപരമായും. നിങ്ങളുടേതായ രീതിയില്‍ ഒരു നിശ്ചിത കാലയളവില്‍ നിങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും വിഷയജ്ഞാനത്തിലുണ്ടായ വളര്‍ച്ചയ്ക്കും വ്യത്യസ്ത സമയങ്ങളില്‍ എന്റെ ജീവിതത്തില്‍ വന്ന് എനിക്ക് ഉള്‍ക്കാഴ്ച നല്‍കിയ നിരവധി ആളുകളോട് നന്ദി പറയണം’ എന്നും സോമനാഥ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ശനിയാഴ്ച്ചയാണ്, തന്റെ ആത്മകഥയായ ‘ നിലാവ് കുടിച്ച സിംഹങ്ങള്‍’ പുറത്തിറക്കേണ്ടതില്ലെന്ന തീരുമാനം സോമനാഥ് പ്രഖ്യാപിച്ചത്.

ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. ശിവനെതിരേയാണ് ആക്ഷേപങ്ങള്‍ എന്ന പരാമര്‍ശങ്ങളോട് നിലവിലെ ചെയര്‍മാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

‘ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പലതരം വെല്ലുവിളികളും അതിജീവിച്ചവരായിരിക്കും. ഒരു ഓര്‍ഗനൈസേഷനില്‍ ഒരു സ്ഥാനം നേടുന്നതായിരിക്കും അക്കൂട്ടത്തിലൊരു വെല്ലുവിളി. കാരണം, കഴിവുള്ള ഒന്നിലധികം പേര്‍ ഒരു പ്രത്യേക സ്ഥാനത്തിന് യോഗ്യരായി ഉണ്ടാകും. ഞാനും ആ ഒരു സ്ഥാനത്തിന് വേണ്ടി ശ്രമിച്ചു. പക്ഷേ, അതിനുവേണ്ടി ഏതെങ്കിലുമൊരു വ്യക്തിയെ ഞാന്‍ ലക്ഷ്യം വച്ചിട്ടില്ല’ ന്യൂസ് ഏജന്‍സിയായ പിടിഎയാണ് സോമനാഥിന്റെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത്. ആളുകളില്‍ ആത്മവിശ്വാസം പകരുകയാണ് തന്റെ ആത്മകഥ കൊണ്ട് ആഗ്രഹിച്ചതെന്നും ആരെയെങ്കിലും കുറ്റപ്പെടാത്താനല്ലെന്നു കൂടി സോമനാഥ് പിടിഎയോട് പറയുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍