2017 മുതല്‍ 2022 വരെ തുടര്‍ച്ചയായി ഇന്ത്യയാണ് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ മുന്നില്‍
നിര്‍ബന്ധിത ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. കൗതുകമെന്തെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഇന്ത്യയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കില്‍ തുടര്‍ച്ചയായി ഇന്ത്യയാണ് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന മേഖലകളില്‍ ഏറ്റവുമാദ്യം ഭരണകൂടമെടുക്കുന്ന മുന്‍കരുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുക എന്നതായിരിക്കുന്നു. സാഹചര്യങ്ങള്‍ വഷളാകാതിരിക്കാന്‍ എന്നാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. 2012 മുതല്‍ 2023 വരെ 741 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2022-ല്‍ ഇന്ത്യയില്‍ ഏകദേശം 84 തവണയാണ് നിര്‍ബന്ധിത ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയതെന്നാണ് ഗ്ലോബല്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പ് ആക്‌സസ് നൗ, #KeepitOn– ആയി ചേര്‍ന്ന് സമാഹരിച്ച ഡേറ്റകള്‍ പ്രകാരം പറയുന്നത്. കഴിഞ്ഞ വര്‍ഷം 35 രാജ്യങ്ങളിലായി 187 തവണ ഇന്റര്‍നെറ്റ് ഉപരോധം ഉണ്ടായിട്ടുണ്ട്. ഇതില്‍ 33 രാജ്യങ്ങളും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
2022 ലെ ഇന്റര്‍നെറ്റ് ഉപരോധത്തില്‍ ഇന്ത്യക്ക്(84) പിന്നില്‍ വരുന്ന രാജ്യം യുക്രെയ്ന്‍ ആണ്. യുദ്ധ ഭൂമിയായി മാറിയ യുക്രെയ്‌നില്‍ റഷ്യയാണ് ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. എങ്കില്‍പ്പോലും 22 തവണയാണ് യുക്രെയ്‌നില്‍ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടത്. ഇന്ത്യ അപ്പോഴും ബഹുദൂരം മുന്നിലാണ്. മൂന്നാം സ്ഥാനത്ത് ഇറാനാണ്(18), മ്യാന്‍മാര്‍(7) ആണ് നാലാം സ്ഥാനത്ത്.
അക്‌സസ് നൗവിന്റെ ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ രേഖപ്പെടുത്തപ്പെട്ട ഇന്റര്‍നെറ്റ് ഉപരോധത്തിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശതമാനം ഇങ്ങനെയാണ്: 2020(68.5%), 2021(58.1%), 2022 (44.9 %).
‘ജനാധിപത്യത്തിന്റെ മാതാവ്’; സ്വയം പരിഹാസ്യമാകുന്ന ഇന്ത്യ18-മത് ജി-20 ഉച്ചകോടിക്ക് ഇന്ത്യയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ആതിഥേയരായി ഇന്ത്യ സ്വയം വിശേഷിപ്പിക്കുന്നത്- ജനാധിപത്യത്തിന്റെ മാതാവ് എന്നാണ്. എന്നാലതൊരു സ്വയം പരിഹാസമായി മാറുന്നു. കാരണം, 2022 ല്‍ രണ്ടിലധികം തവണ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയ ജി-20 ഗ്രൂപ്പിലെ ഏക രാജ്യം ഇന്ത്യയാണ്(ഒന്നു മുതല്‍ രണ്ടു തവണ വരെ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍ റഷ്യയും ബ്രസീലും).
ഒരു ഡിജിറ്റല്‍ ലോകത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുന്നത് ദൈന്യംദിന ജീവിതത്തെ സാരമായി ബാധിക്കും. ജനം ഇന്ന് ആശയവിനിമയത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ കഴിയാതെ മനുഷ്യരെ തമ്മില്‍ ഒറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയും. മണിപ്പൂരില്‍ നടക്കുന്നതൊന്നും ഇന്ത്യ അറിയാതെ പോകുന്നതുമതാണ്. മേയ് നാല് മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന നൂറുകണക്കിന് അനിഷ്ട സംഭവങ്ങള്‍ പുറത്തേക്ക് പ്രചരിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സ്വയം സമ്മതിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രണത്തിലാക്കാനെന്നാണ് എവിടെയുമെന്നപോലെ മണിപ്പൂരിലും ഭരണകൂടത്തിന്റെ വാദം. മണിപ്പൂരില്‍ മാത്രമല്ല, കലാപങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ ഏറ്റമുട്ടലുകള്‍ എന്നിവ മറച്ചുവയ്ക്കാന്‍ ഇന്ത്യയിലുള്ള എളുപ്പ വഴിയായി ഇന്റര്‍നെറ്റ് വിച്ഛേദം മാറിയിട്ടുണ്ട്.
കലാപം ആരംഭിച്ച 2023 മേയ് മൂന്ന് ബുധനാഴ്ച്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് ആദ്യം സംസ്ഥാന വ്യാപകമായി ബിജെപി സര്‍ക്കാര്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 9 മുതല്‍ ജൂലൈ 20 വരെ തുടര്‍ച്ചയായി 41 ദിവസമാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം നിഷേധിച്ചത്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് കലാപം തുടങ്ങിയശേഷം 60 ദിവസം ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ അഞ്ചു ദിവസം കൂടുമ്പോഴും ഉപരോധം വീണ്ടും അഞ്ചു ദിവസത്തേക്ക് നീട്ടുന്ന രീതിയാണ് സംസ്ഥാനത്ത്.
മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ഉപരോധത്തിന്റെ കണക്ക്
2023 ജൂണ്‍ 9-മണിപ്പൂരിലെ നിലവിലെ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് ഉപരോധം.
2023 ജൂണ്‍ 15– മണിപ്പൂരില്‍ ജൂണ്‍ 20 വരെ അഞ്ചു ദിവസത്തെ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തുന്നു.
2023 ജൂണ്‍ 20-മണിപ്പൂരില്‍ അടുത്ത അഞ്ചു ദിവസത്തേക്കു കൂടി നീട്ടി ജൂണ്‍ 25 വരെ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തുന്നു.
2023 ജൂണ്‍ 25– മണിപ്പൂരില്‍ ജൂണ്‍ 25 മുതല്‍ മാസം അവസാനം വരെ ഉപരോധം ഏര്‍പ്പെടുത്തുന്നു.
2023-ജൂണ്‍ 30– മണിപ്പൂരില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെ വീണ്ടും ഇന്റര്‍നെറ്റ് ഉപരോധം.
2023 ജൂലൈ 5– മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഉപരോധം ജൂലൈ 5 മുതല്‍ ജൂലൈ പത്തുവരെ നീട്ടുന്നു.
2023 ജൂലൈ 10– ജൂലൈ 15 വരെ വീണ്ടും മണിപ്പൂരിലെ ഉപരോധം നീട്ടുന്നു.
2023 ജൂലൈ 15– മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജൂലൈ 20 വരെ വീണ്ടും ഇന്റര്‍നെറ്റ് സേവനം മണിപ്പൂരില്‍ റദ്ദ് ചെയ്യുന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്ക്
ജമ്മു-കശ്മീര്‍- 2023 ജൂണ്‍ 28– ജമ്മു-കശ്മീരിലെ കിഷ്ത്വാറില്‍ ഒരു ദിവസത്തെ ഇന്റര്‍നെറ്റ് ഉപരോധം
മഹാരാഷ്ട്ര-2023 ജൂണ്‍ 7- ഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആക്കയിതില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിലെത്തിയതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ കോലപൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
ഉത്തര്‍പ്രദേശ്- 2023 ഏപ്രില്‍ 16– മുന്‍ എംഎല്‍എയും ഗൂണ്ടാ നേതാവുമായിരുന്നു അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 16 ന് ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടു ദിവസത്തിനുശേഷം ഘട്ടം ഘട്ടമായാണ് നഗരത്തില്‍ പുനഃസ്ഥാപിച്ചത്.
ഒഡീഷ-2023 ഏപ്രില്‍ 13– ഒഡീഷയിലെ സാമ്പല്‍പൂരില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് ഏപ്രില്‍ 13 ന് നഗരത്തിലാകെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
ജാര്‍ഖണ്ഡ്- 2023 ഏപ്രില്‍ 10– ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ 19 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തൂ. ശാസ്തിനഗറില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു നടപടി.
ബിഹാര്‍- 2023 ഏപ്രില്‍ 1-രാമനവമിയോടനുബന്ധിച്ച് ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബിഹാറിലെ വിവിധ ജില്ലകളില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
പഞ്ചാബ്- 2023 മാര്‍ച്ച് 18-സിഖ് തീവ്ര മതപ്രഭാഷകനായ അമൃത്പാല്‍ സിംഗിനെ പിടികൂടാനുള്ള പൊലീസ് ഓപ്പറേഷന്റെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ അഞ്ചു ദിവസത്തേക്കാണ് പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. മാര്‍ച്ച് 21 മുതലാണ് ചില ജില്ലകളിലൊഴികെ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്.
രാജസ്ഥാന്‍- 2023 ഫെബ്രുവരി 28-ഗോസംരക്ഷണ സംഘം രണ്ടു പേരെ കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ രാജസ്ഥാനിലെ ഭരത്പൂരിലും, ഈ പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന അയല്‍ സംസ്ഥാനമായ ഹരിയാനയിലെ ചില പ്രദേശങ്ങളിലും ഫെബ്രുവരി 28 മുതല്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
രാജസ്ഥാന്‍-2023 ഫെബ്രുവരി 25-സര്‍ക്കാര്‍ അധ്യാപക നിയമനത്തിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ ഫെബ്രുവരി 25 ന് ജയ്പൂരില്‍ ഉള്‍പ്പെടെ രാജസ്ഥാനിലെ എട്ട് ജില്ലകളില്‍ ഒന്നര ദിവസത്തോളം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
ജാര്‍ഖണ്ഡ്- 2023 ഫെബ്രുവരി 16-മഹാശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെ ജാര്‍ഖണ്ഡിലെ പലമു ജില്ലയിലെ പാങ്കിയില്‍ ഫെബ്രുവരി 16 ന് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
രാജസ്ഥാന്‍-2022 നവംബര്‍ 24– രാജസ്ഥാനിലെ ഭില്‍വാരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ 26 വരെ നിഷേധിച്ചിരുന്നു. ഇസ്ലാം മതവിഭാഗത്തില്‍പ്പെട്ട ഒരാളെ വെടിവച്ചു കൊല്ലുകയും സഹോദരനെ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു ഈ നടപടി.
കൂടുതല്‍ കാലത്തെ ഉപരോധം
ഇന്ത്യയിലെ കണക്കില്‍ ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ദീര്‍ഘകാലം ഇന്റര്‍നെറ്റ് സേവനം നിഷേധിക്കപ്പെട്ടത് കശ്മീരിലാണ്.
കശ്മീര്‍-ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ കശ്മീരില്‍ 2019 ഓഗസ്റ്റ് 4 മുതല്‍ 2021 ഫെബ്രുവരി 6 വരെ 552 ദിവസങ്ങള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പാടെ നിഷേധിച്ചു.
കാര്‍ഗില്‍-രണ്ടാം സ്ഥാനം കാര്‍ഗിലില്‍ ആണ്. 370 പിന്‍വലിച്ച സാഹചര്യത്തില്‍ തന്നെ കാര്‍ഗിലില്‍ 2019 ഓഗസ്റ്റ് 4 മുതല്‍ 2019 ഡിംസബര്‍ 27 വരെ 145 ദിവസം ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തി.
കശ്മീര്‍-മൂന്നാം സ്ഥാനവും കശ്മീരിനാണ്. ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 2016 ദൂലൈ 8 മുതല്‍ 2016 നവംബര്‍ 19 വരെ 133 ദിവസമാണ് കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപരോധം വര്‍ഷങ്ങള്‍ തിരിച്ചുള്ള കണക്ക്
2012-3
2013-5
2014-6
2015-14
2016-31
2017-79
2018-135
2019-109
2020-132
2021-101
2022-77
2023-49
ഇതുവരെയുള്ള സംസ്ഥാനം തിരിച്ചുള്ള കണക്ക്
ജമ്മു- കശ്മീര്‍- 422
രാജസ്ഥാന്‍- 97
ഉത്തര്‍ പ്രദേശ്- 32
മണിപ്പൂര്‍-25
പശ്ചിമ ബംഗാള്‍-20
ഹരിയാന-19
മേഘാലയ-16
ബിഹാര്‍- 15
മഹാരാഷ്ട്ര-14
ഗുജറാത്ത്-11
ഒഡീഷ-10
അരുണാചല്‍ പ്രദേശ്-9
പഞ്ചാബ്-8
മധ്യപ്രദേശ്- 7
ജാര്‍ഖണ്ഡ്- 7
നാഗാലാന്‍ഡ്-5
ത്രിപുര-5
അസം-5
ഡല്‍ഹി- 4
തെലങ്കാന- 3
ഉത്തരാഖണ്ഡ്- 2
ആന്ധ്രാപ്രദേശ്- 1
ഛണ്ഡിഗഡ്-1
കര്‍ണാടക-1
ഛത്തീസ്ഗഡ്-1
തമിഴ്‌നാട്-1
ലോകത്തിലെ കണക്ക്( ഇതേ കാലയളവില്‍ ഇന്ത്യയില്‍ ഉണ്ടായ ഉപരോധങ്ങള്‍ ബ്രാക്കറ്റില്‍)
2016- 75(31)
2017-106(79)
2018-196(145)
2019-213(109)
2020-159(132)
2021-184(101)
2022-187(77)
2023(ജനു-മേയ്)-80(മണിപ്പൂരിലെ മേയ് മുതല്‍ ജൂലൈ വരെയുള്ള കണക്ക് 80 ആണ്)
വിവരങ്ങള്‍ക്ക് കടപ്പാട്-https://internetshutdowns.in/
2023 ജനുവരി മുതല്‍ മേയ് വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍നെറ്റ് ഉപരോധം ഏറ്റവുമധികം ആഘാതം ഏല്‍പ്പിച്ച 14 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. കേന്ദ്ര സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തുന്നുണ്ട്. വര്‍ഗീയ കലാപം, മതപരമായ ചടങ്ങുകള്‍, പ്രതിഷേധങ്ങള്‍, സ്‌കൂള്‍ പരീക്ഷകള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് ഉപരോധം രാജ്യത്ത് സാധാരണ ഏര്‍പ്പെടുത്തുന്നത്. പൊലീസ് തെരച്ചിലുകള്‍ നടക്കുമ്പോഴും ഉന്നതരുടെ അറസ്റ്റ് ഉണ്ടാകുമ്പോഴും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്താറുണ്ടെന്നും ആക്‌സസ് ന്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരാവകാശത്തിന് പുല്ലുവില
ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണ്. സംഘര്‍ഷങ്ങളോ, പ്രതിഷേധങ്ങളോ, തെരഞ്ഞെടുപ്പുകളോ ഉണ്ടാകുമ്പോള്‍ പ്രതിരോധമെന്ന നിലയില്‍ ഇന്റര്‍നെറ്റ് ഉപരോധം ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നു. പൗരന് അറിയാനും പറയാനും അവകാശം കൊടുക്കുന്ന ഭരണഘടനയില്‍ അധിഷ്ഠിതമെന്ന് കരുതുന്ന ഭരണമാണ് ഇന്ത്യയിലുള്ളതെന്നാണ് നാം ഇപ്പോഴും വിശ്വസിക്കുന്നത്. അഭിപ്രായപ്രകടനത്തിനും ഏതെങ്കിലും തൊഴില്‍, വ്യാപാരം എന്നിവ ചെയ്യാനും ഉള്ള സ്വാതന്ത്ര്യത്തിന് ആര്‍ട്ടിക്കിള്‍ 19(1)(എ), ആര്‍ട്ടിക്കിള്‍ 19(1)(ജി) എന്നിവ പ്രകാരം ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നാണ് സുപ്രിം കോടതി പറയുന്നത്. അത്തരം മൗലികാവകാശങ്ങളുടെ മേലുള്ള നിയന്ത്രണം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2), (6) എന്നിവയ്ക്ക് കീഴിലുള്ള ഉത്തരവിന് അനുസൃതമായിരിക്കണമെന്നും 2020 ലെ അനുരാധ ബാസിന്‍ കേസിന്റെ വിധയില്‍ സുപ്രിം കോടതി വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് അവകാശത്തിനുമേലുള്ള സുപ്രിം കോടതി ഉത്തരവുകള്‍ പോലും വിലവയ്ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായ രീതിയില്‍ പൗരാവാകാശ ലംഘനം നടത്തുകയാണെന്നാണ് വ്യാപകമായ വിമര്‍ശനം. ഭരണകൂടം പ്രതിസന്ധിയിലാകുന്ന സമയങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയാണ് ലോകത്തില്‍ പലയിടത്തും. ഇന്ത്യ അതിനു മുന്നില്‍ നില്‍ക്കുന്നു.
ആക്‌സസ് നൗ-ന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 മേയ് 19 വരെ 21 രാജ്യങ്ങളില്‍ 80 തവണ ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 18 ഉപരോധം 2022 മുതല്‍ തുടരുന്നതാണ്. മണിപ്പൂരില്‍ ഉള്‍പ്പെടെ അവയില്‍ ഒമ്പത് എണ്ണം മേയില്‍ സംഭവിച്ചതാണ്. ഇക്കാലത്തിനിടയില്‍ 14 മെസേജിംഗ് ആപ്ലിക്കേഷന്‍ രാജ്യത്ത് നിരോധിച്ചു. #KeepItOn – സര്‍വ്വേ പ്രകാരം ലോകത്ത് ഇന്റര്‍നെറ്റ് ഉപരോധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.
2020 ല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിക്കപ്പെട്ടത് 109 തവണയാണ്. ലോകത്ത് മറ്റൊരു രാജ്യവും ഈ കാര്യത്തില്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നില്ല. കര്‍ഷക പ്രക്ഷോഭം, ജമ്മു കശ്മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലാക്കല്‍, പരീക്ഷകളില്‍ നടന്ന വ്യാപക ക്രമക്കേട് എന്നിവ മറച്ചു പിടിക്കുന്നതിനായിരുന്നു ഇന്റര്‍നെറ്റ് ഉപരോധം. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ 2021 ലെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ഉപരോധം വര്‍ദ്ധിക്കുന്നതിനെ അപലപിക്കുന്നുണ്ട്.
മണിപ്പൂരില്‍ മേയ് 4 ന് നടന്നൊരു ക്രൂരത ലോകം അറിയുന്നത് ജൂലൈ 19 നാണ്. ഏകദേശം 76 ദിവസത്തിന് ശേഷം. രണ്ട് കുക്കി സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി തെരുവിലൂടെ അക്രമികള്‍ നടത്തുന്നതിന്റെ 26 സെക്കന്‍ഡുള്ള വീഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് എത്രമാത്രം ക്രൂരതകള്‍ ആ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ അറിയുന്നത്. ഇന്റര്‍നെറ്റ് സേവനം നിഷേധിക്കുമ്പോള്‍ ഭരണകൂടം, ആ പ്രദേശത്തെ പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ്. മാധ്യമങ്ങള്‍ക്ക് യഥാര്‍ത്ഥ വസ്തുതകള്‍ അറിയുന്നതിനോ ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനോ ഇതുമൂലം കഴിയാതെ പോവുകയാണ്.
2017 മുതലാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപരോധം കൂടുതലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2017 മുതല്‍ 2022 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷമാണ് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതായെന്ന് വിവരസാങ്കേതിക അവകാശ സംഘടനയായ ആക്‌സസ് നൗ-ന്റെ ‘Weapons of control, Shields of Impunity’ എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2021-ല്‍ 80 ശതമാനം ഉപരോധവും ജമ്മു-കശ്മീരിലായിരുന്നു. 2022-ല്‍ അത് 56 ശതമാനമായി. രാജസ്ഥാനും(12) പശ്ചിമ ബംഗാളും(7) ആയിരുന്നു അടുത്ത സ്ഥാനങ്ങളില്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുക മണിപ്പൂരായിരിക്കും.
ആക്‌സസ് നൗ-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വസ്തുത 2015 മുതല്‍ 2022 വരെ ഇന്ത്യന്‍ ഭരണകൂടം ഇന്ര്‍നെറ്റ് ലോകത്ത് സെന്‍സര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു എന്നാണ്. ഏഴ് വര്‍ഷത്തിനിടയില്‍ 55,607 വെബ്‌സൈറ്റുകള്‍, യുആര്‍എല്‍, ആപ്ലിക്കേഷന്‍സ്, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവ ഭരണകൂട നിര്‍ദേശപ്രകാരം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ സെന്‍സര്‍ഷിപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് രാജ്യത്ത്. 2018 ല്‍ നിന്നും 2022 ല്‍ എത്തുമ്പോള്‍ 142 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതില്‍ ഉണ്ടായിരിക്കുന്നത്. 2021 ല്‍ 6096 സോഷ്യല്‍ മീഡിയ പോസ്റ്റുകളും അകൗണ്ടുകളുമാണ് നീക്കം ചെയ്തതെങ്കില്‍ 2022 ല്‍ 6775 എണ്ണമാണ് നീക്കം ചെയ്തത്. മുന്‍ വര്‍ഷത്തെക്കാള്‍ 11 ശതമാനം അധികം.
‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന തമാശ
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങളെ മുന്‍കൂര്‍ അറിയിച്ചുകൊണ്ട് വേണം എന്ന് സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം മുന്‍കൂര്‍ നോട്ടീസ് പുറപ്പെടുവിക്കാതെയാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൗരന്റെ മൗലികാവകാശത്തിനു മേലുള്ള കടന്നു കയറ്റം കൊണ്ട് സര്‍ക്കാര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് ഉപരോധത്തിന്റെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്താതിരിക്കുക എന്നതാണ്.
ഇന്ത്യയില്‍ ഡിജിറ്റല്‍വത്കരണ പ്രക്രിയ അനുസ്യൂതം പുരോഗമിക്കുകയാണ്. നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് പരമാവധി സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കാന്‍ ശ്രമിക്കൂ എന്നായിരുന്നു. പ്രധാനമന്ത്രി മോദിയുടെ സുപ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നാണ്- ‘ ഡിജിറ്റല്‍ ഇന്ത്യ’. എന്നിട്ടും തോന്നിയത് പോലെ അധികാരികള്‍ക്ക്
ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള അധികാരം ലഭിക്കുമ്പോള്‍, രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയ തന്നെ ചോദ്യം ചെയ്യപ്പെടും. അടിയന്തിരഘട്ടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും അതിലൊരു സ്വേച്ഛാധിപത്യസ്വഭാവം ഉണ്ടാകരുത്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും എന്ന് കരുതി ഇന്റര്‍നെറ്റ്/ ടെലികോം ബന്ധം മുന്‍കൂട്ടി വിച്ഛേദിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ക്രമസമാധാനനില പരിപാലിക്കുന്നതില്‍ അധികാരികള്‍ പൂര്‍ണമായും പരാജയപ്പെടുന്ന ഒരു ഘട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനെ കുറിച്ച് സര്‍ക്കാരുകള്‍ ചിന്തിക്കാവൂ. മാത്രമല്ല, നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് മറ്റ് മാധ്യമങ്ങളിലൂടെ നടപടിക്ക് ആവശ്യമായ പ്രചാരം നല്‍കുകയും വേണം. ഭാവിയില്‍ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവസരം ലഭിക്കുന്ന രീതിയില്‍ വേണം ഇത്തരം പരസ്യപ്പെടുത്തല്‍. അതുപോലെ തന്നെ ഇത്തരം നയങ്ങള്‍ മതിയായ പൊതുജനസംവാദങ്ങള്‍ ഇല്ലാതെ പുറപ്പെടുവിക്കാനും പാടില്ല. എന്നാല്‍ ഇന്ത്യയില്‍ നിയമങ്ങളും അവകാശങ്ങളും പൂര്‍ണമായി ലംഘിക്കപ്പെടുകയാണ്.