ആരോഗ്യം വര്‍ധിപ്പിക്കുന്നതും യുവത്വം സംരക്ഷിക്കുന്നതുമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷധത്തിന്റെ നിര്‍മാണത്തിനായി ചൈന കഴുതകളെ ഉപയോഗിക്കുന്നതായി ബിബിസിയുടെ റിപ്പോര്‍ട്ട്. കഴുതയുടെ തൊലിയിലെ ജെലാറ്റിന്‍ ഉപയോഗിച്ചാണ് ഈ പരമ്പരാഗത ഔഷധം നിര്‍മിക്കുന്നത്. എജിയാവോ എന്നറിയപ്പെടുന്ന ഈ മരുന്നിനു ചൈനയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ജെലാറ്റിന്‍ കൊണ്ട് നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ഉള്‍പ്പെടെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് കഴുതകളെയാണ് കൊല്ലുന്നത്. 2017 മുതല്‍ വ്യാപാരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ ഡോങ്കി സാങ്ച്വറിയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം, ലോകമെമ്പാടും, ഈ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത നിറവേറ്റുന്നതിനായി ഓരോ വര്‍ഷവും കുറഞ്ഞത് 5.9 ദശലക്ഷം കഴുതകളെങ്കിലും കൊല്ലപ്പെടുന്നുവെന്ന് പറയുന്നു. ഈ ആവശ്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പുറത്തുവന്ന നമ്പറുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എജിയാവോ വ്യവസായത്തിന് വിതരണം ചെയ്യാന്‍ എത്ര കഴുതകളെ കൊന്നുവെന്നതിന്റെ കൃത്യമായ ചിത്രം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
ലോകത്തിലെ 53 ദശലക്ഷം കഴുതകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഫ്രിക്കയിലാണുള്ളത്. കഴുതത്തോലിന്റെ കയറ്റുമതി ചില രാജ്യങ്ങളില്‍ നിയമപരവും മറ്റുള്ളവയില്‍ നിയമവിരുദ്ധവുമാണ്. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡും തോലിനുള്ള ഉയര്‍ന്ന വിലയും കഴുതകളുടെ മോഷണത്തിന് വഴി വയ്ക്കുന്നുണ്ട്. വ്യാപാരം നിയമാനുസൃതമായ സ്ഥലങ്ങളില്‍ എത്താന്‍ മൃഗങ്ങളെ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ കടത്തുന്നത് കണ്ടെത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. എന്നിരുന്നാലും, ആഫ്രിക്കന്‍ ബ്രസീല്‍ ഗവണ്‍മെന്റുകള്‍ കഴുതകളുടെ എണ്ണം കുറയുന്നത് തടയുന്നതിനായി അവയെ കൊല്ലുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിക്കാന്‍ ഒരുങ്ങുകയാണ്. നെയ്റോബി ആസ്ഥാനമാക്കിയുള്ള ഡോങ്കി സാന്‍ക്ച്വറി പ്രവര്‍ത്തിക്കുന്ന സോളമന്‍ ഒനിയാംഗോ പറയുന്നു: ‘2016-നും 2019-നും ഇടയില്‍, കെനിയയിലെ മൊത്തം എണ്ണത്തില്‍ പകുതി കഴുതകളെ അറുത്തതായാണ് കണക്കാക്കുന്നത്’. ഫെബ്രുവരി 17, 18 തീയതികളില്‍ എല്ലാ സംസ്ഥാന നേതാക്കളും യോഗം ചേരുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ആഫ്രിക്കയിലുടനീളം അനിശ്ചിതകാല നിരോധനത്തിനുള്ള നിര്‍ദ്ദേശം അജണ്ടയിലുണ്ട്.
എജിയാവോ ഉത്പാദകര്‍ ചൈനയില്‍ നിന്ന് ലഭിക്കുന്ന കഴുതകളുടെ തൊലികള്‍ ഉപയോഗിച്ചിരുന്നു. പക്ഷേ, അവിടത്തെ കൃഷി, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആഡംബരം എന്നതില്‍ നിന്ന് ജനപ്രിയമായ ഉല്‍പ്പന്നമെന്ന നിലയില്‍ ഇതു വ്യപകമായി ലഭിച്ചു തുടങ്ങി. ചൈനീസ് കമ്പനികള്‍ കഴുതകളുടെ തൊലി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും തുടങ്ങി. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നി രാജ്യങ്ങളില്‍ അറവുശാലകള്‍ സ്ഥാപിച്ചു. ആഫ്രിക്കയില്‍, ഇത് വ്യാപാരത്തെയും കയറ്റുമതിയെയും ചൊല്ലിയുള്ള കടുത്ത സംഘര്‍ഷത്തിലേക്കാണ് നയിച്ചിരിക്കുന്നത്. കഴുത മാംസം കഴിക്കുന്നത് നിരോധിച്ചിരിക്കുന്ന എത്യോപ്യയില്‍, പൊതുജനങ്ങളുടെ പ്രതിഷേധത്തിനും സോഷ്യല്‍ മീഡിയ പ്രതിഷേധത്തിനും ബാക്കിയെന്നോണം രാജ്യത്തെ അറവുശാലകള്‍ 2017 ല്‍ അടച്ചുപൂട്ടിയിരുന്നു.
ടാന്‍സാനിയയും ഐവറി കോസ്റ്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ 2022-ല്‍ കഴുതയുടെ തോല്‍ കശാപ്പും കയറ്റുമതിയും നിരോധിച്ചു, എന്നാല്‍ ചൈനയുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍ ഈ വ്യാപാരം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുയാണ്. കഴിഞ്ഞ വര്‍ഷം അവസാനം, പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ കഴുത വളര്‍ത്തല്‍ ഫാമുകള്‍ മികച്ച വ്യാപരം കൊയ്യുന്നതായി പറയുന്നു. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ വ്യാപാരങ്ങളില്‍ ഒന്നുകൂടിയാണിത്. സിഡ്നി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ചൈന-ആഫ്രിക്ക റിലേഷന്‍സ് പണ്ഡിതനായ പ്രൊഫ ലോറന്‍ ജോണ്‍സ്റ്റന്റെ അഭിപ്രായത്തില്‍, ചൈനയിലെ എജിയാവോ മാര്‍ക്കറ്റ് 2013- മുതല്‍ കുത്തനെയാണ് വളരുന്നത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍, മൃഗസംരക്ഷണ പ്രചാരകര്‍, അന്താരാഷ്ട്ര കുറ്റകൃത്യ അന്വേഷകര്‍ എന്നിവര്‍ക്ക് ഇതൊരു ആശങ്കയായി ഉയര്‍ത്തികൊണ്ടിവരുന്നുണ്ട്. മറ്റ് നിയമവിരുദ്ധമായ വന്യജീവി ഉല്‍പന്നങ്ങള്‍ കടത്താനും കഴുതയുടെ തോല്‍ കയറ്റുമതി ചെയ്യുന്നതായി ഗവേഷണം വെളിപ്പെടുത്തുന്നു.