June 04, 2026 |

നന്ദി ഛേത്രി…

അവസാന മല്‍സരം നാളെ കൊല്‍ക്കത്തയില്‍

നന്ദി ഛേത്രി... രണ്ടു പതിറ്റാണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചുമലിലേറ്റിയതിന്. ലോക ഫുട്‌ബോളില്‍ നമ്മുടെ രാജ്യം ഒന്നുമല്ലാഞ്ഞിട്ടും പ്രതീക്ഷയുടെ കാറ്റ് നിറച്ച പന്ത് തട്ടാനിറങ്ങുമ്പോള്‍ 140 കോടി ജനങ്ങളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചതിന്. ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച ഗോളുകള്‍ കൊണ്ട് ത്രസിപ്പിച്ചതിന്. എല്ലാത്തിനുമുപരി കളത്തിലും പുറത്തും യഥാര്‍ത്ഥ ജന്റില്‍മാന്‍ ആയിരുന്നതിന്. ഐഎം വിജയനും ബൈചുങ് ബൂട്ടിയക്കും ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം ആയിരുന്നതിന്. ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. അവസാന മത്സരത്തില്‍ നാളെ കരുത്തരായ കുവൈത്തിന്റെ വലയിലും പന്ത് എത്തിച്ചു ഇന്ത്യന്‍ പതാക ഉയരെ പറപ്പിച്ചുകൊണ്ട് വേണം ആ ബൂട്ടഴിക്കാന്‍. തീരുമാനം മാറ്റില്ലെന്ന് ഛേത്രി ഇന്ന് ഉറപ്പിച്ച് പറഞ്ഞതോടെ മറ്റൊന്നിനും ഇനി പ്രസക്തിയില്ലല്ലോ. Sunil Chhetri .

ഇല്ല സര്‍, ഞാന്‍ തയ്യാറായി കഴിഞ്ഞു. ഇനി ഗാലറിയിലിരിക്കും. അവരുടെ കളി കാണും. വെറുതെ തോന്നുന്ന കാര്യങ്ങള്‍ പറയുന്ന ആളല്ല ഞാന്‍. ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമാണ്. 19 വര്‍ഷം മൈതാനങ്ങള്‍ എനിക്ക് സമ്മാനിച്ചത് അതിമനോഹരമായ കായിക യാത്രയാണ്. നാളെ കുവൈത്തിന് എതിരായ കളി ജയിച്ചാലും അത് തന്നെയാണ് തീരുമാനം-കൊല്‍ക്കത്തയില്‍ അവസാന മല്‍സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ ഛേത്രി പറഞ്ഞതാണിത്‌. നാളെയാണ് ഇതിഹാസം ബൂട്ടഴിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനം വന്നപ്പോള്‍ തൊട്ട് ആരാധകര്‍ ചോദിക്കുന്നത് തീരുമാനത്തില്‍ നിന്ന് യൂ ടേണ്‍ ഉണ്ടാവില്ലേ എന്നാണ്. കാരണം മൈതാനത്ത് അത്രയ്ക്കും അദ്ദേഹത്തെ മിസ് ചെയ്യുമെന്ന് അവര്‍ക്കറിയാം. പക്ഷെ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഛേത്രി അക്കാര്യം ഉറപ്പിച്ച് പറഞ്ഞു, ഇനി യൂ ടേണില്ല.

ഒരിക്കല്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിനിടെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ കോച്ച് ആയിരുന്ന ഇഗോര്‍ സ്റ്റിമാക് പറഞ്ഞു എനിക്ക് 11 ഛേത്രിമാരെ തരൂ. എങ്കില്‍ ഇന്ത്യയ്ക്കു ലോകകപ്പ് തന്നെ നേടിത്തരാം’ എന്ന്. ലോക നിലവാരത്തില്‍ ഉള്ള ഒരേയൊരു പ്ലേയര്‍ മാത്രമേ ഇന്ത്യക്കുള്ളു. സുനില്‍ ഛേത്രി. ആ ഒരാള്‍ മാത്രം വിചാരിച്ചാല്‍ എപ്പോഴും കളി ജയിക്കാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ പരിശീലകന്റെ സാക്ഷ്യം. ഛേത്രിയെ പോലെയുള്ള 11 സ്‌ട്രൈക്കര്‍മാരെ അല്ല അദ്ദേഹം ഉദ്ദേശിച്ചത്. ഛേത്രിയെ പോലെ കഴിവും അര്‍പണബോധവും ഉള്ള ഇന്റലിജന്റും കഠിനധ്വാനിയുമായ 11 പേരെ കളത്തില്‍ അണിനിരത്തിയാലേ ഇന്ത്യക്ക് സാദ്ധ്യതകള്‍ ഉള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ ബൂട്ടഴിക്കുമ്പോള്‍ രാജ്യത്തിന്റെ നഷ്ടം എന്തായിരിക്കുമെന്ന് ഓര്‍മിക്കാന്‍ സ്റ്റിമാകിന്റെ വാക്കുകള്‍ തന്നെ ധാരാളം.

2005 ജൂണ്‍ 12നായിരുന്നു ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളില്‍ നിന്നായി ഛേത്രി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും പിന്നാലെ മൂന്നാമതാണ് താരം.
2008ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, 2007, 2009, 2012 ലെ നെഹ്‌റു കപ്പ്, 2017 ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു താരം. ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും നല്‍കി രാജ്യം സുനില്‍ ഛേത്രിയെ ആദരിച്ചിട്ടുണ്ട്. Sunil Chhetri .

 

English Summary: Sunil Chhetri confirms he has no plans to reverse his retirement decision

Leave a Reply

Your email address will not be published. Required fields are marked *

×