UPDATES

വിദേശം

നെതന്യാഹു പ്രതിജ്ഞ ചെയ്ത ‘സര്‍വനാശം’ ആരുടെതാണ്?

കാല്‍ ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും ഹമാസ് ഇപ്പോഴും കരുത്തര്‍

                       

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ സൈന്യം തുടരുന്ന യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കാല്‍ലക്ഷത്തിനു മുകളിലായി. ഗാസ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. 25,000 ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ 20-30 ശതമാനം മാത്രമാണ് ഹമാസ് പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1300 ഓളം പേര്‍ കൊല്ലപ്പെടുകയും 240 ഓളം പേരെ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇസ്രയേല്‍ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ചത്. ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതിജ്ഞ. എന്നാല്‍ യുദ്ധം 100 ദിവസങ്ങള്‍ പിന്നിട്ടും മുന്നോട്ടു പോകുമ്പോഴും ഹമാസ് ഇപ്പോഴും കരുത്തരായി തന്നെ നില്‍ക്കുന്നു, കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള സാധാരണ പലസ്തീനികളും. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഗാസയില്‍ കൊല്ലപ്പെട്ടത് 178 പേരാണ്.

ഇസ്രയേല്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ ഹമാസിനെതിരേ മാത്രമാണ് യുദ്ധം ചെയ്യുന്നതെന്നാണ്. ഖാന്‍ യൂനിസ് കേന്ദ്രീകരിച്ച് തെക്കന്‍ ഗൗസയിലാണ് ഇപ്പോള്‍ കര-വ്യോമമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. ഹമാസിന്റെ ഉന്നത നേതാക്കള്‍ ഇവിടെയാണ് ഒളിച്ചിരിക്കുന്നതെന്നാണ് അവരുടെ വാദം. 830 മീറ്റര്‍ നീളമുള്ള ഒരു തുരങ്കം കൂടി കണ്ടെത്തിയെന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധ സൈന്യം(ഐഡിഎഫ്) പറഞ്ഞത്. ജനവാസകേന്ദ്രങ്ങളിലും ആശുപത്രികള്‍ക്കും അടിയിലായി പണിതിരിക്കുന്ന തുരങ്കങ്ങളിലാണ് ഹമാസ് നേതാക്കള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇവിടങ്ങളില്‍ തന്നെയാണ് ബാക്കിയുള്ള ബന്ദികളെയും പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവര്‍ സംശയിക്കുന്നുണ്ട്. ആശുപത്രികള്‍ ഉള്‍പ്പെടെ തകര്‍ത്തുകൊണ്ടാണ് അവര്‍ തുരങ്കങ്ങള്‍ തിരയുന്നത്. ചികിത്സാകേന്ദ്രങ്ങളായി മാത്രമല്ല, അഭയകേന്ദ്രങ്ങളായിക്കൂടിയാണ് പലസ്തീനികള്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അവിടങ്ങളില്‍ പോലും അവരിപ്പോള്‍ കൊല്ലപ്പെടുകയാണ്.

യുദ്ധം മൂന്നു മാസം പിന്നിടുമ്പോഴും പരമാവധി 30 ശതമാനം ഹമാസ് പ്രവര്‍ത്തകരെ മാത്രമാണ് വധിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് യു എസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഹമാസിന്റെ ‘ പൂര്‍ണനാശം’ എന്ന നെതന്യാഹുവിന്റെ ലക്ഷ്യത്തില്‍ നിന്നും ഏറെയകലെയാണിതെന്നും യു എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രഹസ്യ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന മറ്റൊരു കാര്യം, ഇസ്രയേലിനും അവരുടെ സൈന്യത്തിനും എതിരേ മാസങ്ങളോളം പോരാടാന്‍ ഹമാസിന് ഇപ്പോഴും ആയുധങ്ങളും കരുത്തും ബാക്കിയുണ്ടെന്നാണ്. അതിനര്‍ത്ഥം ഈ യുദ്ധം കൊണ്ടു പലസ്തീനികളെ കൊല്ലുന്നതിനപ്പുറത്തേക്ക് മറ്റൊന്നിനും ഇസ്രയേലിനായിട്ടില്ല എന്നാണ്.

ഹമാസിന്റെ ഉന്നതരായ നേതാക്കളെയാരെയും ഇതുവരെ പിടികൂടാനോ കൊല്ലാനോ ഇസ്രയേലിനായിട്ടില്ല. അതുപോലെ മൂന്നു മാസങ്ങള്‍ക്കിപ്പുറവും 130 ഓളം ബന്ദികളെ മോചിപ്പിക്കാനും. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതില്‍ ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെയാണ് സ്വന്തം നാട്ടില്‍ നിന്നുള്ള യുദ്ധവിരുദ്ധ പ്രക്ഷോഭവും നെതന്യാഹു ഭരണകൂടത്തിന് തലവേദനയാകുന്നത്. നെതന്യാഹുവിനുള്ള ജനവിശ്വാസത്തില്‍ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന സര്‍വേകളും പുറത്തു വന്നിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ദ്വിരാഷ്ട്രം എന്ന പരിഹാരത്തോട് പൂര്‍ണമായി വിയോജിച്ചാണ് ഇപ്പോഴും നെതന്യാഹു നില്‍ക്കുന്നത്. സ്വതന്ത്ര പലസ്തീന്‍ എന്ന നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി വീണ്ടും നിരാകരിക്കുകയാണ്. ആ രാജ്യത്തിനും അതിന്റെ പടിഞ്ഞാറന്‍ സഖ്യകക്ഷികള്‍ക്കും ഇടയില്‍ നില്‍ക്കുന്ന അഭിപ്രായ ഭിന്നതയും ഇക്കാര്യത്തിലാണ്. ഒരു മാസത്തിനിടയില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചപ്പോഴും സ്വതന്ത്ര പലസ്തീനെ എതിര്‍ക്കുകയായിരുന്നു നെതന്യാഹു ചെയ്തത്. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശം ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ ജോര്‍ദാന്‍ പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷാ നിയന്ത്രണവും ഇസ്രയേല്‍ നിലനിര്‍ത്തണം എന്ന് എക്‌സില്‍ കുറിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയഭാവിയോര്‍ത്താണ് ഇത്തരം കടുപിടുത്തങ്ങള്‍ നെതന്യൂഹു കൊണ്ടുനടക്കുന്നതെങ്കിലും അതിഭയാനകമായി മാറിക്കൊണ്ടിരിക്കുന്ന യുദ്ധം സ്വന്തം ജനതയെക്കൊണ്ട് തന്നെ ഒരു നിറം കെട്ട പ്രധാനമന്ത്രിയെന്ന ആക്ഷേപത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍. പശ്ചാത്യ സഖ്യകക്ഷികള്‍ക്കും നെതന്യാഹുവിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ട്. ‘ നിരാശപ്പെടുത്തുന്ന’ നിലപാടാണ് നെതന്യാഹുവിന്റെതെന്നാണ് യു കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ബിബിസിയോട് പറഞ്ഞത്. അമേരിക്കയും കാര്യങ്ങള്‍ മാറി ചിന്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വതന്ത്ര പലസ്തീനെ അംഗീകരിക്കില്ലെന്ന നിലപാട് ‘ പൂര്‍ണമായും അസ്വീകാര്യമായത്’ എന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടത്. ഇത്തരം നിലപാടുകള്‍ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറിയിരിക്കുന്ന യുദ്ധത്തെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

Related news


Share on

മറ്റുവാര്‍ത്തകള്‍