UPDATES

‘ഈ ആക്രമണത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ യുറോപ്പാണ്’

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലിലേക്ക് ആയുധം താഴെയിട്ട് പലസ്തീന്‍കാര്‍ തിരികെ പോകണമെന്നാണോ?

                       

‘ഹമാസ് ഗറില്ലകള്‍ ഇസ്രായേലില്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാന്‍ ശക്തമായി ആവിശ്യപ്പെട്ട് കൊണ്ട് നിരവധി ആളുകള്‍ എന്നെ സമീപക്കാറുണ്ട്. എന്റെ ഭാഗത്തു നിന്ന് അവര്‍ക്ക് ഇത്തരത്തിലുള്ള അഭിപ്രായം കിട്ടാന്‍ പോകുന്നില്ല. കാരണം വളരെ ലളിതമാണ്. ജൂതര്‍, അറബികള്‍ എന്ന വ്യത്യസമില്ലാതെ വംശീയ വിവേചനമില്ലാതെ മനുഷ്യരെ മാത്രം പരിഗണിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. സ്പര്‍ദ്ധയും ശത്രുതയും അവസാനിപ്പിക്കുകയെന്ന അവരുടെ പ്രത്യയശാസ്ത്രം കൊണ്ട് യാഥര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാകുന്നത്?

വര്‍ണ വിവേചനം കൊണ്ട് ജനങ്ങളെ നിരന്തരം അടിച്ചമര്‍ത്തി ശ്വാസം മുട്ടിക്കുന്ന ഭരണകൂടത്തിന്റെ കീഴിലേക്ക്, ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലിലേക്ക് ആയുധം താഴെയിട്ട് പലസ്തീന്‍കാര്‍ തിരികെ പോകണമെന്നാണോ?’

2015 ജനുവരി മുതല്‍ ജൂലൈ വരെ ഗ്രീസിന്റെ ധനകാര്യ മന്ത്രിയായിരുന്ന സാമ്പത്തിക-അക്കാദമിക് വിദഗ്ധന്‍ യാനിസ് വറുഫാകിസിന്റെതാണ് ചോദ്യം. അന്തരാഷ്ട്ര മാധ്യമമായ റെഡ് മീഡിയയില്‍ ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു യാനിസ്.

യാനിസ് വറുഫാകിസ് റെഡ്മീഡിയയോട് പറഞ്ഞതിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

ലളിതമായി പറയുകയാണെങ്കില്‍, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) ഉള്‍പ്പെടെയുള്ള കറുത്ത വര്‍ഗക്കാരുടെ പ്രതിരോധത്തിലെ ചില അംഗങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുക്കുകയും, ചില സമയങ്ങളില്‍ നിരപരാധികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വര്‍ണവിവേചനത്തിന്റെ യഥാര്‍ത്ഥ പ്രശനം ഈ നിരപരാധികളുടെ മരണം മാത്രമാണോ? വംശീയപരമായി മനുഷ്യനെ വിഭജിക്കുകയും അടിച്ചമര്‍ത്തുകയും ചെയുന്ന വര്‍ണവിവേചന വ്യവസ്ഥ തന്നെയാണ് അടിസ്ഥാനപരമായ പ്രശ്‌നം.

ദക്ഷിണാഫ്രിക്ക, പലസ്തീന്‍, ഇസ്രേയല്‍ എന്നിവടങ്ങളില്‍ വര്‍ണവിവേചനം അതിന്റെ അങ്ങേയറ്റം ഹീനമായ ഭാവത്തില്‍ നടപ്പിലാവുന്നുണ്ട്. ആത്യന്തികമായി എവിടെ നടപ്പിലായാലും അത് അന്തര്‍ലീനമായി മനുഷ്യനെ നയിക്കുന്നത് ഹിംസയുടെ പാതയിലേക്കാണ്. എന്തെന്നാല്‍ മനുഷ്യരാശി നേരിടുന്ന അതിക്രൂരവും, മനുഷ്യത്വരഹിതവുമായ വ്യവസ്ഥകൂടിയാണ് വര്‍ണവിവേചനം. ഇതിന്റെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്ന ഏതൊരു മനുഷ്യനും ഒരു ഘട്ടത്തില്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് നിശ്ശബ്ദമായ മരണമാണ്. അതുമല്ലെങ്കില്‍ ഈ മനുഷ്യത്വരഹിതമായ വ്യവസ്ഥിതിയെ ചെറുത്തു നില്‍പ്പിലൂടെ നേരിടാന്‍ ആളുകള്‍ പ്രാപ്തരായേക്കാം. ഈ ചെറുത്തുനില്‍പ്പുകള്‍ പലപ്പോഴും ഈ വ്യവസ്ഥതിക്ക് പുറത്തു നില്‍ക്കുന്ന നിരപരാധികളെ കൂടി മോശമായി ബാധിച്ചേക്കാം .

പശ്ചിമേഷ്യ കാലങ്ങളായി സാക്ഷ്യം വഹിക്കുന്നതും ഇപ്പോള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതുമായ ആക്രമണത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍
എന്ന ഭാരം ചുമക്കേണ്ടത് ഹാമാസോ, പലസ്തിനികളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ കുടിയേറ്റക്കാരോ അല്ല. ഈ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യുറോപ്പിനാണ്.

ജര്‍മന്‍,ഫ്രഞ്ച്, ഗ്രീക്ക് അമേരിക്കന്‍ സമൂഹങ്ങളിലെ അംഗങ്ങളായ ഞങ്ങള്‍ പതിറ്റാണ്ടുകളായി നിശബ്ദമായി പ്രതികരിക്കാതെ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ കണ്ണെത്താത്ത കാമറകള്‍ക്ക് വെളിയില്‍ ആളുകള്‍ മരിക്കുന്നിടത്തോളം കാലം അധിനിവേശക്കാര്‍ക്ക് പകരം പലസ്തീനികള്‍ മരിച്ചുകൊണ്ടിരിക്കും. ഈ അവിശ്വസനീയമായ ദുരന്തമുഖത്ത്, നമ്മള്‍ യൂറോപ്യന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു സ്വയം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. സമാധാനത്തിലേക്കുള്ള ആദ്യ നിര്‍ണായക ചുവടുവയ്പ്പിനുള്ള അവസരങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നമ്മള്‍ ഉന്മൂലനം ചെയ്ത വര്‍ണവിവേചനം പോലെയാണിത്.

Share on

മറ്റുവാര്‍ത്തകള്‍