UPDATES

വിദേശം

ഇക്വഡോറില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു

ചാനല്‍ സ്റ്റുഡിയോയിലെ അക്രമത്തില്‍ അടക്കം മാഫിയ സംഘങ്ങളുടെ പിന്നാലെയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു

                       

സിനിമകളെ വെല്ലുന്ന രംഗങ്ങളാണ് തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടക്കുന്നത്. കഴിഞ്ഞാഴ്ച്ചയാണ് ലൈവ് ന്യൂസ് സംപ്രേക്ഷണം നടക്കുന്നതിനിടയില്‍ ചാനല്‍ സ്റ്റുഡിയോയില്‍ മെഷീന്‍ ഗണ്‍ അടക്കമുള്ള മാരകയാധുങ്ങളുമായി കടന്നു വന്ന് ആക്രമണം നടത്തിയത്. ഈ കേസ് അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നിരിക്കുന്നു! രാജ്യത്തെ പ്രധാന നഗരമായ ഗ്വയാകിലില്‍ തന്നെയാണ് ഈ കൊലപാതകവും.

രാജ്യത്തെ ഏറ്റവും പ്രക്ഷുബ്ദമായ നഗരങ്ങളിലൊന്നായ ഗുയാസ് കേന്ദ്രീകരിച്ച് നടക്കുന്ന ദേശീയ-അന്തര്‍ദേശീയ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വന്നിരുന്ന നാഷണല്‍ സ്‌പെഷ്യലൈസ്ഡ് യുണിറ്റ് ഫോര്‍ ഇന്‍വെസ്റ്റിഗേഷനിലെ സീസര്‍ സുവാരസ് ആണ് ബുധനാഴ്ച്ച ഉച്ചയോടെ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ജുഡീഷ്യല്‍ പൊലീസ് കോംപ്ലക്‌സിലെ തന്റെ ഓഫിസില്‍ നിന്നും പുറപ്പെട്ടതിനു പിന്നാലെയാണ് സുവാരസ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നവര്‍ ലോസ് സിബോസിലെ പ്രധാന തെരുവില്‍ എത്തിയ സമയത്ത് സുവാരസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നത്. പ്രോസിക്യൂട്ടറുടെ കൊലപാതകത്തെ അപലപിച്ച് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. പൊലീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്, സുവാരസിന്റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ കൊണ്ടിട്ടുണ്ടെന്നാണ്. ആസൂത്രിതമായൊരു കൊലപാതകം തന്നെയാണിതെന്നും പൊലീസ് സംശയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചാനല്‍ സ്റ്റുഡിയോയില്‍ ‘ലൈവ്’ അറ്റാക്ക് 

ഗ്വയാക്വിലില്‍ പ്രവര്‍ത്തിക്കുന്ന ടി സി ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ ഓഫിസില്‍ അക്രമം നടത്തിയ 13 പേരെയും പിടികൂടിയിരുന്നു. ഈ പ്രതികളെ സുവാരസ് ചോദ്യം ചെയ്തു വരികയായിരുന്നു. ആരാണ് ഇവര്‍ക്ക് ഇത്തരമൊരു ഓപ്പറേഷന് നിര്‍ദേശം നല്‍കിയതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. സമാനമായ മറ്റു ചില ഹൈ പ്രൊഫൈല്‍ കേസുകളുടെ പിന്നാലെയും സുവാരസ് ഉണ്ടായിരുന്നു. ഇവയില്‍ ലഹരിക്കടത്ത് മുതല്‍ രാഷ്ട്രീയ അഴിമതി വരെയുണ്ടായിരുന്നു.

സാമ്പത്തിക കുറ്റാന്വേഷകനായിരുന്ന കാലത്ത് കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടന്ന അഴിമതികളും സുവാരസ് അന്വേഷിക്കുന്നുണ്ടായിരുന്നു. 2020-ല്‍ ഇക്വഡോറിയന്‍ സോഷ്യല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (IESS) തിയോഡോറോ മാല്‍ഡൊനാഡോ കാര്‍ബോ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ സാമ്പത്തിക കരാറുകളിലെ ക്രമക്കേടുകളും അദ്ദേഹം അന്വേഷിച്ചിരുന്നുവെന്നാണ് ഇക്വഡോര്‍ പത്രമായ എല്‍ യൂണിവേഴ്‌സോ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് സീസര്‍ സുവാരസ് പുതുതായി സൃഷ്ടിച്ച ദേശീയ സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ട്രാന്‍സ്-നാഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈം (യൂണിഡോട്ട്) ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാകുന്നത്. ജനുവരി 9 മുതല്‍ ഗ്വയാക്വില്‍ കേന്ദ്രീകരിച്ചുള്ള എട്ട് തീവ്രവാദ ഗ്രൂപ്പുകളുടെ പിന്നാലെയായിരുന്നു അദ്ദേഹം.

ഏറ്റവും അപകടകാരികളായവരുടെ പിന്നാലെ പോകുമ്പോഴും സുവാരസിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തിരുന്നില്ലെന്നാണ് എല്‍ യൂണിവേഴ്‌സോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 16 ന് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം ഇല്ലെന്ന കാര്യം സുവാരസ് തന്നെ വെളിപ്പെടുത്തിയിരുന്നതാണ്.

ക്രിമിനലുകള്‍ക്കോ തീവ്രവാദികള്‍ക്കോ ഇക്വഡോര്‍ പൗരസമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു സുവാരസിന്റെ കൊലപാതകത്തിനു പിന്നാലെ രാജ്യത്തിന്റെ അറ്റോര്‍ണി ജനറല്‍ ഡയാന സലാസര്‍ ടെലിവിഷനിലൂടെ പ്രസ്താവിച്ചത്. തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷ സേനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയാന പറഞ്ഞു. അതേസമയം സുവാരസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ല.

ടെലിവിഷന്‍ സ്റ്റുഡിയോയിലെ ആക്രമണത്തിന് പിന്നാലെയാണ് പ്രസിഡന്റ് നൊബേവ രാജ്യത്ത് 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒപ്പം രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 മയക്കുമരുന്ന മാഫിയ സംഘങ്ങളെ തീവ്രവാദി ഗ്രൂപ്പുകളായും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കര്‍ശനമായ പോരാട്ടം നടത്തുമെന്നാണ് പ്രസിഡന്റ് പറയുന്നതെങ്കിലും രാജ്യത്തെ മാഫിയ വിളയാട്ടം ശക്തമായി തന്നെ തുടരുകയാണ്.

ഒരുകാലം വരെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സമാധാനമുള്ള നാട് എന്നായിരുന്നു ഇക്വഡോറിന്റെ പ്രശസ്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി റോക്കറ്റ് കുതിക്കുന്നതുപോലെയാണ് അവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നാണ് ദ ഗാര്‍ഡിയന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ കൊല്ലപ്പെട്ടത് 7,878 പേരാണ്. ലാറ്റിന്‍ അമേരിക്കയിലെ പ്രധാന ലഹരി കടത്ത് പാതയായിരിക്കുന്ന ഇക്വഡോറില്‍ മെക്‌സിക്കന്‍ കാര്‍ട്ടലുകളും മറ്റ് വിദേശ മാഫിയകളും അവരുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

നാടകീയമായ പല സംഭവങ്ങള്‍ക്കുമാണ് കുറച്ച് മാസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജയിലുകളില്‍ തുടര്‍ച്ചയായി ലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നു. അതിന്റെ മറവില്‍ കൊടുംകുറ്റവാളികളായ മാഫിയ തലവന്മാര്‍ രക്ഷപ്പെടുന്നു. ജയിലുകളിലാകട്ടെ ഗാര്‍ഡുകള്‍ തടവുകാരാല്‍ ബന്ദികളാക്കപ്പെടുന്നു, പുറത്ത് പൊലീസുകാരെ തട്ടിക്കൊണ്ടു പോകുന്നു. ജനം ആകെ ഭയത്തിലാണ്. പട്ടാപ്പകല്‍ പോലും ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍