UPDATES

ഓഫ് ബീറ്റ്

നര്‍മ്മത്തെ ഒപ്പം നടത്തിയ സുകുമാര്‍

സു എന്ന ഒറ്റ വാക്കുകൊണ്ട് മലയാളികള്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ തിരിച്ചറിയുമായിരുന്നു

                       

കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണം വ്യക്തിപരമായി ഏറെ ദുഃഖിപ്പിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് സുകുമാറുമായി ഏറെ കാലത്തെ വ്യക്തിബന്ധമായിരുന്നു. ഉത്രം നാളുകാരാണ് ഞങ്ങള്‍ രണ്ടു പേരും. ഞങ്ങളെ തെറ്റിക്കാനോ, വേര്‍പിരിക്കാനോ സാധിക്കില്ല എന്ന് അദ്ദേഹം എപ്പോഴും പറയും. മലയാളഭാഷയില്‍ ഹാസ്യത്തിന് ഇത്രയേറെ സംഭാവന ചെയ്ത മറ്റൊരു വ്യക്തി ഉണ്ടാകില്ല. ചിരിവരയിലും സാഹിത്യത്തിലും സംസാരത്തിലും ഹാസ്യം അദ്ദേഹം വളരെ തന്മയത്തത്തോടു കൂടി കൈകാര്യം ചെയ്തിരുന്നു. ഹാസ്യത്തിന്റെ മൂന്നു മേഖലകളിലും ഇത്രയേറെ ഉന്നതങ്ങളില്‍ എത്തിയ മറ്റൊരു വ്യക്തി മലയാളത്തില്‍ ഇല്ല എന്ന് തീര്‍ത്ത് പറയാം .

സുകുമാരന്‍ പോറ്റി എന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തന്റെ കാര്‍ട്ടൂണുകളില്‍ ‘സു’ എന്ന് മാത്രമാണ് എഴുതിയിരുന്നത്. സു എന്ന ഒറ്റ വാക്കുകൊണ്ട് മലയാളികള്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ തിരിച്ചറിയുമായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ട്ടൂണിലേയും കാരിക്കേച്ചറുകളിലേയും വ്യത്യസ്തമായ ശൈലി കൊണ്ട് ചിരിവരയുടെ ലോകത്ത് വേറിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ആയിരുന്നു ആദ്യമായി അദ്ദേഹത്തെ കാണുന്നത്. നാഷണല്‍ സര്‍വീസ് സ്‌കീം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടത്തിയ കാര്‍ട്ടൂണ്‍ കളരിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കാര്‍ട്ടൂണിസ്റ്റ് സുകുമാറുമായിട്ടുള്ള അന്നുമുതലുള്ള ബന്ധം അദ്ദേഹം അവസാനശ്വാസം വലിക്കുന്നത് വരെ നിലനിര്‍ത്തുകയും ചെയ്തു. വരയില്‍ താല്പര്യമുള്ളവരോട് അദ്ദേഹം കാണിച്ച വിശാലമനസ്സ് ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് എന്ന് പറയുന്നതില്‍ ഒരു തര്‍ക്കവുമില്ല.

പൂജാരിയായ പിതാവിനോടൊപ്പം ക്ഷേത്രത്തില്‍ കീഴ്ശാന്തി ആയി പോയിരുന്ന സുകുമാരന്‍ പോറ്റി എന്ന സുകുമാര്‍ വിഗ്രഹങ്ങളിലാണ് തന്റെ കാര്‍ട്ടൂണ്‍ ചിന്തകള്‍ ആദ്യം പരീക്ഷിച്ചത്. വിഗ്രഹത്തിലെ മുഖത്ത് ചന്ദനം കൊണ്ട് വിക്രിയകള്‍ കാട്ടിയത് കൊണ്ട് മുഖത്ത് ചന്ദനം ചാര്‍ത്താന്‍ പിതാവ് സമ്മതിച്ചിരുന്നില്ല. വിഗ്രഹങ്ങളുടെ കീഴ്ഭാഗം മാത്രം ചന്ദനം ചാര്‍ത്താനായിരുന്നു പിതാവിന്റെ അനുമതി ലഭിച്ചിരുന്നത്. അതുകൊണ്ട് താന്‍ കീഴ്ശാന്തിയായി മാത്രം ഒതുങ്ങി എന്ന് അദ്ദേഹം തന്നെ പറഞ്ഞ് ചിരിക്കുക പതിവായിരുന്നു.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ചിരിയരങ്ങ് എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. എല്ലാമാസവും തിരുവനന്തപുരത്തുള്ള സാധാരണക്കാര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ ഉള്ള അവസരത്തിനായിരുന്നു അതുവഴി അദ്ദേഹം നേതൃത്വം നല്‍കിയത്. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളെ വളര്‍ത്തുന്നതിന് കേരള കാര്‍ട്ടൂണ്‍ അക്കാഡമിക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. പുതിയ തലമുറയില്‍ ഉള്ളവര്‍ക്ക് വരയുടെ രസതന്ത്രം പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തിലും അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എപ്പോഴെല്ലാം കേരളത്തില്‍ വരുമ്പോഴും അദ്ദേഹത്തെ കാണുക എന്റെ ഒരു പതിവ് രീതിയായിരുന്നു. എപ്പോള്‍ ചെല്ലുമ്പോഴും അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് വായിക്കാന്‍ ഒരു പുസ്തകമായിരുന്നു. സമ്മാനിക്കുന്ന ഓരോ പുസ്തകവും അദ്ദേഹം വേഗതയില്‍ വായിച്ചു തീര്‍ക്കുമായിരുന്നു. വായനയോടുള്ള ഭ്രമം അദ്ദേഹത്തിന് വല്ലാതെ ഉണ്ടായിരുന്നു പ്രായമായപ്പോഴും. നര്‍മ്മം പ്രായത്തെ പോലും കവച്ചു വെച്ചു കൊണ്ടായിരുന്നു ഓരോ സന്ദര്‍ശന വേളയിലെയും അദ്ദേഹത്തിന്റെ സംസാരം. കേള്‍വി ശക്തി തീരെ ഇല്ലാതായപ്പോഴും അദ്ദേഹം അതും നര്‍മ്മത്തില്‍ തന്നെ വിവരിച്ചു. നിങ്ങള്‍ കഥകളി മുദ്രകള്‍ കാണിക്കുന്നു. കഥകളി അറിയാത്തവര്‍ അത് കാണും പോലെ ഞാന്‍ കാണുന്നു.

കാര്‍ട്ടൂണിസ്റ്റ് സുകുമാറുമായി ഒരു അഭിമുഖം കേരള മീഡിയ അക്കാഡമിക്ക് വേണ്ടി തയ്യാറാക്കാന്‍ പോയ സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. ഒരു പക്ഷെ അദ്ദേഹവുമായുള്ള അവസാനത്തെ ദ്രശ്യമാധ്യമ അഭിമുഖം അതായിരിക്കണം. അദ്ദേഹത്തെ ഒടുവിലായി പോയി കണ്ടത് കഴിഞ്ഞ മാസമായിരുന്നു. ആളുകളെ കണ്ടാല്‍ തിരിച്ചറിയില്ല എന്നുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടുകൂടി ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി. ഒരു സംശയവും കൂടാതെ പേര് വിളിച്ച അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. മറവി ഉണ്ട് എങ്കിലും സുധീറിനെ മറക്കാന്‍ എനിക്ക് ആവില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞത് ഒരു ഇടിമുഴക്കം പോലെ ഇപ്പോള്‍ എന്റെ മനസ്സില്‍ തെളിയുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍