UPDATES

കോമ്രേഡ് എന്‍.എസ്;  ഭഗത് സിംഗിന്റെ രക്തസാക്ഷിത്വത്തില്‍ നിന്നും ഉരുവം കെണ്ട വിപ്ലവ ജ്വാല

സി.പി.എമ്മിന് ജന്മം കൊടുത്ത 32 അംഗങ്ങളില്‍ രണ്ടുപേരായിരുന്നു ഇന്നലെവരെ നമുക്കിടയിലുണ്ടായിരുന്നത്

                       

കോമ്രേഡ് എന്‍.എസ്

ആ പേരിലാണ് സഖാവ് എന്‍. ശങ്കരയ്യ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും അറിയപ്പെട്ടിരുന്നത്.

1921-ലാണ് സഖാവിന്റെ ജനനം. ദക്ഷിണാഫ്രിക്കയില്‍നിന്ന് മഹാത്മാഗാന്ധി ഇന്ത്യയിലേക്കെത്തിയതിനുശേഷം, ഇന്ത്യയൊട്ടാകെ സ്വാതന്ത്ര്യസമരപ്രക്ഷോഭം ആരംഭിച്ച കാലമായിരുന്നു അത്. 1931-ല്‍ ഭഗത് സിംഗിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയപ്പോള്‍, അതിനെതിരേ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഒമ്പതു വയസ്സുള്ള ശങ്കരയ്യയുടെ ആദ്യത്തെ ഇടപെടല്‍. ഭഗത് സിംഗിനെ തൂക്കിക്കൊന്നതിനെതിരേ അന്ന് തമിഴ്‌നാട്ടിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ എതിര്‍പ്പുകളുയര്‍ന്നുവന്നിരുന്നു. ആ സമരാഗ്നിയില്‍ നിന്ന് ഉരുവം കൊണ്ട വിപ്ലവജ്വാലയാണ് ഇന്ന് 102-ആമത്തെ വയസ്സില്‍ കത്തിത്തീര്‍ന്നത്.

മെട്രിക്കുലേഷന്‍ പാസായതിനുശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ ചരിത്രത്തില്‍ ബിരുദമെടുക്കാന്‍ ചേര്‍ന്നു. കോളേജില്‍ അദ്ദേഹം ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവമായ ഭാഗമായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു ആ വിദ്യാര്‍ത്ഥി. കവിതയോടും ഫുട്‌ബോളിനോടും കമ്പം കയറിയ ഒരു വിപ്ലവകാരിയായിരുന്നു അന്നേ നരസിംഹലു ശങ്കരയ്യ. 17-ആം വയസില്‍ അന്ന്, നിരോധിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി അദ്ദേഹം. ”അമേരിക്കന്‍ കോളേജിലെ ഡയറക്ടറും ചില അദ്ധ്യാപകരും അമേരിക്കക്കാരായിരുന്നു. ബാക്കിയുള്ളവര്‍ തമിഴരും. അവര്‍ ബ്രിട്ടീഷ് അനുകൂലികളൊന്നുമായിരുന്നില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമൊന്നുമുണ്ടായിരുന്നില്ല” എന്ന് അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

മധുരയിലെ അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ മീനാക്ഷി എന്നൊരു വിദ്യാര്‍ത്ഥിനിയെ, ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ 1941-ല്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. അതിനെതിരെ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ശങ്കരയ്യയുടെ ഒരു സുഹൃത്തായ നാരായണസ്വാമിയേയും അറസ്റ്റ് ചെയ്തു. ഈ രണ്ട് അറസ്റ്റുകള്‍ക്കുമെതിരെ വീണ്ടും മധുരയില്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭം ശക്തമാവുകയുണ്ടായി.

 


രണ്ടായിരം രൂപയില്‍ നിന്നും രണ്ടു ലക്ഷം കോടിയോളം വളര്‍ന്ന സഹാറ, സുബ്രത റോയ് എന്ന സാമ്രാട്ട് ഒടുവില്‍ വീണു പോയത് ഒരു മലയാളിക്കു മുന്നിലായിരുന്നു


1941 ഫെബ്രുവരി 28-ന് ബ്രിട്ടീഷ് പൊലീസ് ശങ്കരയ്യയെ അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് വെറും 15 ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍. വിദ്യാഭ്യാസവും നല്ലൊരു ജോലിയും നഷ്ടപ്പെടുത്തി, ജയിലിലേക്ക് പോകേണ്ടിവന്നതില്‍ ശങ്കരയ്യ ഒരിക്കലും ജീവിതത്തില്‍ പശ്ചാത്തപിച്ചില്ല. അക്കാലത്തെ ഒരു പ്രസിദ്ധമായ മുദ്രാവാക്യം ശങ്കരയ്യ ഓര്‍ത്തെടുത്തു, ”നമ്മള്‍ തൊഴിലന്വേഷകരല്ല, സ്വാതന്ത്ര്യാന്വേഷകരാണ്”.

കുറച്ചുകാലം മധുരയിലെ ജയിലില്‍ കഴിഞ്ഞതിനുശേഷം പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെവെച്ചാണ് എ.കെ.ജി, ഇമ്പിച്ചി ബാവ, വി.സുബ്ബയ്യ, ജീവാനന്ദം, കാമരാജ്, പട്ടാഭി സീതാരാമയ്യ തുടങ്ങിയവരുമായി അദ്ദേഹം പരിചയത്തിലായത്. ജയിലില്‍, തടവുകാര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലെ വിവേചനത്തിനെതിരേയും അദ്ദേഹം പത്തൊമ്പത് ദിവസം നീണ്ടുനിന്ന നിരാഹാരസമയം അനുഷ്ഠിച്ചു.

1942-ല്‍ മിക്ക തടവുകാരേയും ബ്രിട്ടീഷ് സര്‍ക്കാര്‍ മോചിപ്പിച്ചുവെങ്കിലും ശങ്കരയ്യയും മറ്റ് ചിലരും ജയിലില്‍ത്തന്നെ തുടര്‍ന്നു. വിചാരണത്തടവുകാര്‍ എന്നായിരുന്നു പേര്. ഓരോ ആറുമാസം കൂടുമ്പോഴും സര്‍ക്കാര്‍ തടവുകാര്‍ക്ക്, അവരെ അറസ്റ്റ് ചെയ്തതിനുള്ള കാരണം വ്യക്തമാക്കി നോട്ടീസയയ്ക്കും. തടവുകാര്‍ അതിനുള്ള മറുപടിയും കൊടുക്കും. അത് തള്ളിക്കളയും. ഇതായിരുന്നു പതിവെന്ന് ശങ്കരയ്യ സൂചിപ്പിച്ചു. 1947 ഓഗസ്റ്റ് 14-വരെ വിവിധ ജയിലുകളിലായി മധുരയിലും വിയ്യൂരിനും പുറമേ, രാജമുണ്ഡ്രിയിലും, കണ്ണൂരിലും സേലത്തും, തഞ്ചാവൂരിലുമൊക്കെയായി – ആ ജീവിതം തുടര്‍ന്നു. ആ ദിവസം ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശങ്കരയ്യ വൈകീട്ട് നടന്ന സ്വാതന്ത്ര്യാഘോഷങ്ങളില്‍ പങ്കെടുത്തു.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി ശങ്കരയ്യ ഒളിവില്‍പ്പോയി. 1950-ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരുവര്‍ഷം കഴിഞ്ഞ് ജയില്‍ വിമോചിതനാവുകയും ചെയ്തു. 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ കാലത്ത് ഏഴുമാസവും, 1965-ല്‍, പതിനേഴുമാസവും വീണ്ടും ജയിലിലെ ജീവിതം. അതും സ്വതന്ത്ര ഇന്ത്യയില്‍!

 


ദസ്തേവിസ്‌കിക്കും അഗത ക്രിസ്റ്റിക്കുമൊപ്പം ഒരു പാലക്കാട്ടുകാരി


 

1944-ല്‍ കുറച്ചുകാലം ശങ്കരയ്യ ജയിലില്‍നിന്ന് പുറത്തുവരുന്നുണ്ട്. അപ്പോഴാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മധുര ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ സി.പി.എമ്മില്‍ ഉറച്ചുനിന്ന അദ്ദേഹം പിന്നെ രണ്ട് പതിറ്റാണ്ട് കാലം പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. ഏഴുവര്‍ഷം സി.പി.എമ്മിന്റെ തമിഴ് നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു സഖാവ്.

2021-ല്‍ തമിഴ് നാട്ടില്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ. ഭരണത്തില്‍ വന്നപ്പോള്‍, തഗൈസല്‍ തമിഴര്‍ എന്ന പേരില്‍, സംസ്ഥാനത്തെ ഏറ്റവും പരമോന്നത പുരസ്‌കാരം ഏര്‍പ്പെടുത്തുകയായിരുന്നു ഏറ്റവുമാദ്യം ചെയ്തത്. തമിഴ് നാടിന്റേയും തമിഴ് ജനതയുടേയും ഉല്‍ക്കര്‍ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും പ്രമുഖ വ്യക്തിക്ക് നല്‍കുന്ന ആ അവാര്‍ഡ് ലഭിച്ചത് എന്‍. ശങ്കരയ്യയ്ക്കായിരുന്നു. പുരസ്‌കാരം സ്വീകരിച്ചുവെങ്കിലും അതോടൊപ്പമുള്ള 10 ലക്ഷം രൂപ അദ്ദേഹം, മുഖ്യമന്ത്രിയുടെ കോവിഡ്-19 ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയായിരുന്നു ചെയ്തത്. 1972-ല്‍ത്തന്നെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ നിരസിച്ച വ്യക്തിയാണ് സഖാവ് ശങ്കരയ്യ. ”ഞങ്ങള്‍ പെന്‍ഷനുവേണ്ടിയല്ല സമരം ചെയ്തത്, സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേന്ദത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യയൊട്ടാകെ നടന്ന ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷകപ്രക്ഷോഭത്തിലും ശങ്കരയ്യ പരിമിതമായ വിധത്തിലാണെങ്കിലും സജീവമായി പങ്കെടുത്തു. തമിഴ് നാട്ടിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. അവസാന ജീവശ്വാസംവരെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാഗത്തുതന്നെ അടിയുറച്ചുനിന്ന് ആ വിപ്ലവകാരി. അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു അദ്ദേഹം.

അമേരിക്കന്‍ കോളേജിന്റെ എക്കാലത്തെയും വലിയ ഈ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് അന്ന് കിട്ടാതെ പോയ ബിരുദം അദ്ദേഹത്തിന് നല്‍കണമെന്നാവശ്യപ്പെട്ട്, പ്രശസ്ത പത്രപ്രവര്‍ത്തകനായ പി.സായ്‌നാഥ് പലതവണ കോളേജിന് എഴുതിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഈയടുത്ത് വീണ്ടും സായ്‌നാഥ്, ഹിന്ദു പത്രത്തിന്റെ എം. റാം വഴി എം.കെ.സ്റ്റാലിന് കത്തെഴുതിയിരുന്നു. അതനുസരിച്ച്, കഴിഞ്ഞ ജൂലായില്‍ മധുരൈ കാമരാജര്‍ സര്‍വ്വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് കൊടുക്കാന്‍ തീരുമാനിച്ചു.

1964-ല്‍ സി.പി.ഐ. നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എമ്മിന് ജന്മം കൊടുത്ത 32 അംഗങ്ങളില്‍ രണ്ടുപേരായിരുന്നു ഇന്നലെവരെ നമുക്കിടയിലുണ്ടായിരുന്നത്. സഖാവ് ശങ്കരയ്യയും സഖാവ് വി.എസ് അച്ചുതാനന്ദനും.

അതില്‍ ഒരാള്‍മാത്രം ബാക്കിയായി.

സഖാവ് ശങ്കരയ്യയ്ക്ക് വിപ്ലവാദിവാദ്യങ്ങള്‍


വലസൈ പറവകള്‍; ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തവരുടെ കഥ


 

രാജീവ് ചേലനാട്ട്

രാജീവ് ചേലനാട്ട്

മാധ്യമപ്രവർത്തകൻ, വിവർത്തകൻ

More Posts

Share on

മറ്റുവാര്‍ത്തകള്‍