UPDATES

ദസ്‌തേവിസ്‌കിക്കും അഗത ക്രിസ്റ്റിക്കുമൊപ്പം ഒരു പാലക്കാട്ടുകാരി

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 100 ക്രൈം നോവലുകളില്‍ ഒന്നായ ‘ജിന്‍ പെട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍’ എഴുതിയ മലയാളി: ദീപ ആനപ്പറ/ അഭിമുഖം

                       

ടൈം മാഗസിന്‍ കഴിഞ്ഞ ലക്കങ്ങളിലൊന്നില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 100 ക്രൈം/മിസ്റ്ററി നോവലുകളെ തെരഞ്ഞെടുത്തിരുന്നു. സാക്ഷാല്‍ ഫയദോര്‍ ദസ്തേവിസ്‌കിയുടെ ‘കുറ്റവും ശിക്ഷയും’, ഉമ്പര്‍ട്ടോ എക്കോയുടെ ‘ദ നെയിം ഓഫ് ദ റോസ്’, ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ദ ഹൗണ്ട് ഓഫ് ഭാസ്‌കര്‍വില്ലെ’, അഗത ക്രിസ്റ്റിയുടെ ‘ദ മര്‍ഡര്‍ ഓഫ് റോജര്‍ അക്രോയ്ഡ്’, ഇയാന്‍ ഫ്‌ളെമിങ്ങിന്റെ ‘കാസിനോ റോയല്‍’, മാഗ്രറ്റ് മില്ലറിന്റെ ‘ബീസ്റ്റ് ഇന്‍ വ്യൂ’, സ്റ്റീഫന്‍ കിങ്ങിന്റെ ‘ദ ഷൈനിങ്’, ഹെന്നിങ് മാനകെലിന്റെ ‘ദ ഫെയ്സ്ലെസ് കില്ലേഴ്സ്’, കീഗോ ഹിഗാഷിനോയുടെ ‘ഡിവോഷന്‍ ഓഫ് ദ സസ്പെക്ട് എകസ്’, സ്റ്റീഗ് ലാര്‍സന്റെ ‘ദ ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ’ പോലുള്ള ലോക പ്രശസ്തങ്ങളും പല ഭാഷകളില്‍ തര്‍ജ്ജിമകളും പലതരത്തിലുള്ള ആവിഷ്‌കാരങ്ങളും സംഭവിച്ചിട്ടുള്ള വിഖ്യാത കൃതികള്‍ക്കൊപ്പം ഒരു മലയാളി എഴുത്തുകാരിയുടെ നോവലും ഉണ്ടായിരുന്നു- ദീപ ആനപ്പാറ. 2021-ല്‍ മികച്ച നോവലിനുള്ള എഡ്ഗര്‍ പുരസ്‌കാരം കൂടി ലഭിച്ച ദീപ ആനപ്പാറയുടെ ‘ജിന്‍ പെട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍’-ആണ് ലോകത്തിലെ മികച്ച ക്രൈം/മിസ്റ്ററി നോവലുകളില്‍ ഒന്നായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തത്. പാലക്കാട്ടുകാരിയായ ഡോ.ദീപ ആനപ്പാറ നിലവില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ്.

അരുന്ധതി റോയ്ക്ക് ശേഷം ഒരു പക്ഷേ ഇത്തരത്തില്‍ ലോകസാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് ഒരു മലയാളിയുടെ രചനയും എത്തിയിട്ടില്ല. ലോകത്തേറ്റവും ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരുടെ പട്ടികയില്‍ ദീപ ആനപ്പാറയുടെ നോവലിനെ ഉള്‍പ്പെടുത്തിയ ടൈം മാഗസിന്‍ ഈ നോവലിനെ വിശേഷിപ്പിക്കുന്നത് അതിമനോഹരമായ രചനയെന്നാണ്. നിരന്തരം അവഗണിക്കപ്പെടുന്നതും, എന്നാലേറ്റവും പ്രധാന്യമേറിയ ഒരു വിഷയവും അതിന്റെ സവിശേഷമായ ആഖ്യാനവുമാണ് ഈ നോവലിന്റെ വിജയമെന്നും ടൈം ചൂണ്ടിക്കാണിക്കുന്നു.

2020 ലെ ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം, എന്‍പിആര്‍ എന്നീ അന്തരാഷ്ട്ര മാധ്യമങ്ങളുടെ ഈ വര്‍ഷത്തെ മികച്ച പുസ്തകങ്ങളിലൊന്നു കൂടിയാണിത്. മികച്ച നോവലിനുള്ള എഡ്ഗര്‍ അവാര്‍ഡ് മുതല്‍, 2020 ലെ ഫിക്ഷനുള്ള വനിതാ സമ്മാനവും ഈ രചനയെ തേടിയെത്തിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തെ ഇന്ത്യയിലെ പത്രപ്രവര്‍ത്തന ജീവിതത്തെ അടയാളപ്പെടുത്തുന്നത് നിരവധി അവാര്‍ഡുകളുടെ രൂപത്തിലാണ്.

ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദാരിദ്ര്യവും മതപരമായ അക്രമവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഡെവലപ്പിംഗ് ഏഷ്യ ജേര്‍ണലിസം അവാര്‍ഡുകള്‍, എവരി ഹ്യൂമന്‍ ഹസ് റൈറ്റ്‌സ് മീഡിയ അവാര്‍ഡുകള്‍, ജേര്‍ണലിസത്തിലെ സംസ്‌കൃതി-പ്രഭാ ദത്ത് ഫെല്ലോഷിപ്പ് എന്നിവയ്ക്ക് അര്‍ഹമായിട്ടുണ്ട്.

കാണാതാകുന്ന കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു? ഇന്ത്യയില്‍ നിന്ന് ദിവസവും 180 കുഞ്ഞുങ്ങളെ എങ്കിലും കാണാതാകുന്നുവെന്ന് കണക്കുകളുണ്ട്? പാലക്കാട് വിക്ടോറിയ കോളേജിലെ പഠനത്തിന് ശേഷം ഏഷ്യന്‍ സ്‌ക്കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്ന് ബിരുദം നേടി ഡല്‍ഹി ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന ദീപ ആനപ്പാറയിലെ ജേര്‍ണലിസ്റ്റ് ഈ നോവലിലൂടെ അന്വേഷിച്ചത് കാണാതായ കുട്ടികളെയാണ്. ഡല്‍ഹി മെട്രോയുടെ പര്‍പിള്‍ ലൈനിന് സമീപമുള്ള ചേരിയിലെ, പോലീസ് റിയാലിറ്റി ഷോകളുടെ ആരാധകനായ, ഒന്‍പത് വയസുള്ള ജയ് എന്ന കുട്ടിയും പുസ്തക പുഴുവായ പാരി എന്ന സുഹൃത്തും ഫയസ് എന്ന മറ്റൊരു സുഹൃത്തും ചേര്‍ന്ന് ജയ്-യുടെ കാണാതായ സഹപാഠിയെ അന്വേഷിക്കുന്നതാണ് ഈ നോവലിന്റെ പ്രാഥമിക ഇതിവൃത്തം. അതാകട്ടെ കൂടുതല്‍ കൂടുതല്‍ കുട്ടികളുടെ തിരോധാനത്തിലേയ്ക്കും ദുരന്തോന്മുഖമായ കാഴ്ചകളുടെ, സാഹചര്യങ്ങളുടെ കുരുക്കുകളിലേയ്ക്കും പ്രവേശിക്കുന്നു.

മലയാള നോവലിനെ ഇതിഹാസ തുല്യമാക്കിയ ഒ. വി.വിജയനും പാലക്കാട് നിന്ന് ഡല്‍ഹിയിലെത്തിയായിരുന്നു ജീവിതത്തെ മറ്റൊരു കോണില്‍ നിന്ന് കണ്ട് തുടങ്ങിയത്. ഇപ്പോഴിതാ മറ്റൊരു പാലക്കാട് സ്വദേശി ലണ്ടിനില്‍ നിന്ന് ഡല്‍ഹിയുടെ തെരുവുകളേയും ബസ്തികളേയും അവിടത്തെ ജീവതത്തേയും കുറിച്ചെഴുതി ലോകത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തി ചേര്‍ന്നിരിക്കുന്നു. ദീപ ആനപ്പാറയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ആദ്യ അഭിമുഖമാണ് അഴിമുഖത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിലെ വേരുകള്‍?

എന്റെ ഭൂതകാലത്തിന്റെ വേരുകള്‍ കേരളത്തിലാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം പാലക്കാടാണ്. ബിരുദപഠനം പൂര്‍ത്തിയാക്കുന്നത് പാലക്കാട് വിക്ടോറിയ കോളേജിലാണ്. ജേര്‍ണലിസം പഠിക്കാനാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം അന്ന് സ്ഥിതി ചെയ്യുന്നത് ബാംഗ്ലൂരിലാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ലഭിക്കുന്നതോടെ ബോംബെയിലേക്ക് മാറി.

സാഹിത്യ ജീവിതത്തിന് കേരളവും പാലക്കാടും നല്‍കിയ സംഭാവനകള്‍ ?

മലയാള സാഹിത്യത്തിലെ കൃതികള്‍ വായിച്ചാണ് ഞാന്‍ വളരുന്നത്. മുത്തശ്ശിയാണ് സാഹിത്യത്തില്‍ അടിത്തറ പാകാന്‍ പാകത്തില്‍ വായന പകര്‍ന്നത്. വീടിനുള്ളില്‍ രക്ഷിതാക്കളുടെ ഒരു വലിയ പുസ്തക ശേഖരമുണ്ടായിരുന്നു. എം.ടിയുടെ പല കൃതികളും വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ ഫെമിനിസം മൂവ്മെന്റിന്റെ തുടക്കക്കാരിയും, ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ട് സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരിയുമായ സാറ ജോസഫ് വിക്ടോറിയ കോളേജിലെ എന്റെ അദ്ധ്യാപകരിലൊരാളായിരുന്നു. സാഹിത്യ ജീവിതത്തിന് ഇവിടം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.

മാധ്യമ പ്രവര്‍ത്തനം തെരഞ്ഞെടുത്തതിന് പിന്നില്‍ ?

മുത്തശ്ശിയും രക്ഷിതാക്കളും വായിക്കുമായിരുന്നു. ഈ വായനശീലമാണ് എഴുത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. എന്നിരുന്നാലും, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമെന്ന നിലയില്‍ എഴുത്തുകാരിയാകുകയെന്ന തീരുമാനം അന്നത്തെ കാലത്ത് പ്രയോഗികമായിരുന്നില്ല. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ജേര്‍ണലിസം എന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് എനിക്ക് എഴുതാനുണ്ടായിരുന്നു. രണ്ടാമതായി ഇന്ത്യയില്‍ സാഹിത്യത്തെ ഒരു തൊഴിലെന്ന നിലയില്‍ സമീപിക്കാന്‍ കഴിയുമായിരുന്നില്ല. ഈ രണ്ടു ഘടകങ്ങളാണ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്.

ടൈം മാഗസിന്റെ 100 മികച്ച ക്രൈം നോവല്‍ വിഭഗത്തിലാണ് ‘ജിന്‍ പെട്രോള്‍ ഓണ്‍ ദി പര്‍പ്പിള്‍ ലൈന്‍’ തെരഞ്ഞെടുക്കപ്പെട്ടത്. എങ്ങനെയാണ് മറ്റു ക്രൈം നോവലിസ്റ്റുകളുടെ രചനാശൈലില്‍ നിന്ന് ദീപ വേറിട്ട് നില്‍ക്കുന്നത്?

എന്റെ നോവലിനെ യഥാര്‍ത്ഥത്തില്‍ ഒരു ക്രൈം നോവല്‍ എന്ന രീതിയിലല്ല ഞാന്‍ സമീപിച്ചിരിക്കുന്നത്. ഒരു നോവലിനെ ഏതു തരത്തില്‍ സമീപിക്കണമെന്നുള്ളത് വായനക്കാരുടെ താല്പര്യമാണ്. ഇന്ത്യയില്‍ നിന്ന് കാണാതാവുന്ന കുട്ടികളെ കുറിച്ചാണ് ഞാന്‍ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തോളം ഡല്‍ഹിയിലും ബോംബെയിലും ഒരു മാധ്യമ പ്രവത്തകയെന്ന നിലയില്‍ ഞാന്‍ നിരന്തരം കാണേണ്ടി വന്നിരുന്ന ഒരു ഗുരുതര പ്രശ്‌നം കൂടിയാണിത്. എന്റെ ആദ്യ കഥ ജനിക്കുന്നതും ഈ സംഭവത്തെ ആസ്പദമാക്കിയാണ്. ബോംബയിലെ ഒരു കുട്ടിയെ കാണാതായിരുന്നു. പിന്നീട് ആ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചു. ജാക്കി ഷോര്‍ഫ് അവതരിപ്പിക്കുന്ന മിസ്സിംഗ് എന്ന പരിപാടി മുഖേനയാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്(കാണാതാകുന്ന ആളുകളുടെ കഥകള്‍ പറയുന്ന ‘മിസ്സിംഗ്’ ഷ്‌റോഫിന്റെ ക്രിയാത്മകമായ ആഖ്യാനത്തിലൂടെ വലിയ രീതിയില്‍ ജന ശ്രദ്ധ നേടിയിരുന്നു) ഞാന്‍ ഈ കുട്ടിയോടും അവന്റെ രക്ഷിതാക്കളോടും നേരിട്ട് സംസാരിച്ചിരുന്നു. നോവലിന് സമാനമായ ഇടുങ്ങിയ ഒരു ചേരി പ്രേദേശത്തായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഇതിനു സമാനമായാണ് ഡല്‍ഹിയില്‍ നിന്ന് 20 ഓളം കുട്ടികളെ കാണാതാവുന്നത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കാണാതായ ഈ കുട്ടികളെ കുറിച്ചുള്ള യാതൊരു തരത്തിലുള്ള അന്വേഷണത്തിനും അന്ന് പോലീസ് മുതിര്‍ന്നതുമില്ല. ദാരിദ്ര്യത്തിനും അരക്ഷിതാവസ്തക്കുമിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതം തള്ളി നീക്കുന്ന കുട്ടികളെ കുറിച്ച് എനിക്ക് ലോകത്തോട് പറയണമായിരുന്നു. ഈ തെരുവികളില്‍ ജീവിക്കുന്ന ഒരു കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് തന്നെ എനിക്ക് ഈ കഥപറയണമായിരുന്നു. ഇത്തരത്തില്‍ നിരന്തരം അവന്റെ ചുറ്റിനുമുള്ള കൂട്ടുകാര്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ കാണാതാവുമ്പോള്‍ ഈ ഉത്കണ്ഠ നിറഞ്ഞ സാഹചര്യത്തെ അവന്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ഇതിനെ എങ്ങനെ അതിജീവിക്കുമെന്നും ഞാന്‍ ചിന്തിക്കുമായിരുന്നു. ഇവിടെ നിന്നാണ് ‘ജിന്‍ പെട്രോള്‍ ഓണ്‍ ദി പര്‍പ്പിള്‍ ലൈന്‍’ എന്ന നോവലിന്റെ ആരംഭം. കാണാതായ കൂട്ടുകാരനെ തേടിയിറങ്ങുന്നതാണ് നോവലിന്റ ഇതിവ്യത്തം. എന്നെ സംബന്ധിച്ചു ക്രൈം നോവല്‍ എന്നതിനേക്കാള്‍ സോഷ്യല്‍ റിയലിസ്റ്റിക് നോവലാണ് ‘ ജിന്‍ പെട്രോള്‍ ഓണ്‍ ദി പര്‍പ്പിള്‍ ലൈന്‍’.

മലയാളത്തില്‍ എന്നെങ്കിലും എഴുതുമോ? വരാനിരിക്കുന്ന ദി ലാസ്റ്റ് ഓഫ് എര്‍ത്ത് ഏത് വിഭാഗത്തില്‍ പെടുന്നതാണ് ?

എഴുതാന്‍ തക്കമുള്ള മലയാള ഭാഷ പ്രാവീണ്യം ഇന്നെനിക്കു കടുപ്പമാണ്. തൊഴിലിന്റെ ഭാഗമായും മറ്റും കൂടുതലും ചിലവഴിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. അടുത്തതായി പ്രസിദ്ധീകരിക്കാന്‍ പോകുന്ന ദി ലാസ്റ്റ് ഓഫ് എര്‍ത്ത് ചരിത്രപരമായ വായനയാണ്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള ടിബറ്റിനെയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അക്കാലങ്ങളില്‍ പാശ്ചാത്യര്‍ക്ക് ടിബറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കുകളുണ്ടായിരുന്നു. എന്നാല്‍ ടിബറ്റിലേക്ക് പ്രവേശിക്കുന്നതിനും സ്ഥലങ്ങള്‍ മാപ്പ് ചെയ്യുന്നതിനും ബ്രട്ടീഷുകാര്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഗ്രേറ്റ് ഗെയിം എന്നറിയപ്പെട്ട ഈ സംഭവത്തില്‍ ടിബറ്റിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റത്തെ ഭയന്ന് ബ്രിട്ടീഷുകാര്‍ ടിബിറ്റിനെ അടുത്തറിയാന്‍ ഇന്ത്യക്കരെ അങ്ങോട്ടയച്ചിരുന്നു. പുസ്തകത്തിന്റെ ഇതിവൃത്തമിതാണ്. കൊളോണിയലിസം ഉപയോഗിച്ചുള്ള ഒരു രാജ്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ കഥ കൂടിയാണിത്. പല വഴിയിലൂടെ അതിപ്പോഴും തികച്ചും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. മാപ്പിങ്ങിലൂടെയും സ്ഥലങ്ങളുടെ പുനര്‍ നാമകരണത്തിലൂടെയും നമ്മളിപ്പോലും നേരിട്ടുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.

1929 ല്‍ ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ എഴുതിയ ‘പഥേര്‍ പാഞ്ചലി’യിലെ, സത്യജിത് റേ 55 ല്‍ സിനിമയാക്കിയ, ‘അപു’വും ജിന്‍ പെട്രോള്‍ ഓണ്‍ ദി പര്‍പ്പിള്‍ ലൈനിലെ ജയും മുന്നോട്ടുവക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കലമിത്രയും കടന്നിട്ടും ഈ അവസ്ഥക്ക് മാറ്റം സംഭിവിക്കാത്തത് എന്തുകൊണ്ടാണ് ?

സമൂഹത്തിലെ ഈ അനീതികള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നിരന്തരം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പക്ഷെ മുഖ്യധാരയില്‍ യാതൊരു തരത്തിലുള്ള പരിഗണനയും ആവശ്യമില്ലാത്ത വിഷയങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അനേകം ആളുകളുടെ ദാരിദ്ര്യത്തെ കുറിച്ചും മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല. രാജ്യത്തെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന് മെച്ചപ്പെട്ട ഒരു നില അവകാശപ്പെടാനുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളത്രയും ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആവുന്നതിനെകുറിച്ചാണ്. യാഥാര്‍ഥ്യം എന്നാല്‍ ഇതില്‍നിന്നും ഏറെ അകലെയാണ്. എത്ര എളുപ്പമാണ് ആളുകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നമുക്ക് ആവിശ്യമായ മാറ്റത്തെ കുറിച്ചും മറ്റും ഭരണകൂടത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരും തയ്യാറാകുന്നില്ല. പരിഗണിക്കപ്പെടേണ്ട വിഷയങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുകൊണ്ടു മറ്റൊരു കമ്മ്യൂണിറ്റിയെ, മതത്തെ ജാതിയെ പഴിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന നമ്മുടെ കലാവസ്ഥ പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് ചര്‍ച്ചക്കായി എത്തുന്നില്ല. നോവലില്‍ സമാന സ്വാഭാവ സവിശേഷതകളുള്ള ഒരു കഥാപത്രത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ നേരിടേണ്ടി വരുന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് മാറി മനുഷ്യരെ ഇകഴ്ത്തി കാണിക്കുന്ന കാലത്തിന്റെ പ്രതീകം കൂടിയാണ് ആ കഥാപാത്രം.

മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നത്?

ഒരു വ്യക്തിയെ ആശ്രയിച്ച് ഒരു കുടുംബം മുന്നോട്ടു നീങ്ങുകയും, മറ്റൊരു തൊഴിലിലേര്‍പ്പെടുന്നതും പ്രയോഗികമല്ലതെ വരികയും ചെയ്യുന്ന ഘട്ടങ്ങളില്‍ അജണ്ടകളോട് പ്രതികരിക്കേണ്ടി വരുന്നവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കാന്‍ കഴിയും. വസ്തുതാപരമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കാത്ത പക്ഷം വായനക്കാരും നിരാശരാണ്. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ ഞാനും അഭിമുഖീകരിക്കേണ്ടി വന്നത് ഇതേ കാര്യങ്ങള്‍ തന്നെയാണ്. ജനാധിപത്യം നിലനില്‍ക്കുന്നതിന് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കേണ്ടതുണ്ട്, ഈ വിമര്‍ശനത്തിനുള്ള അവകാശമുള്ളതുകൊണ്ട് അതില്‍ ആശങ്കകളില്ല. എന്നാല്‍ ആശങ്കകളത്രയും നിലനിന്നിരുന്നത് വ്യവസായത്തെ വിമര്‍ശിക്കുന്നതിലായിരുന്നു. പരസ്യവരുമാനത്തിനായി വ്യവസായികളെ ആശ്രയിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് എത്രമാത്രം അവരെക്കുറിച്ച് എഴുതാന്‍ സാധിക്കുമെന്നത് അന്നത്തെ കാലത്ത് പ്രധാന ചോദ്യമായിരുന്നു. ഈ വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടി വന്ന ആളെന്ന നില്‍യില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭയം എനിക്കുള്‍ക്കൊള്ളാന്‍ സാധിക്കും. ഫിക്ഷനെ കുറിച്ച് പഠിക്കുന്നതിനും, എഴുതുന്നതിനും ഇന്ത്യയെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലണ്ടനിലുള്ളതിനാലാണ് മാധ്യമപ്രവര്‍ത്തനത്തനത്തിന് ഇടവേള നല്‍കിയത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍