രാഷ്ട്രീയത്തിന്റെ ഒരു ജൈവ ചരിത്രരേഖയാണ് ഒരു യുദ്ധ മുറിവ്. ഭരണത്തിലിരിക്കുന്നവര്‍ക്ക് മാറ്റിയെഴുതാന്‍ കഴിയാത്തവിധം യുദ്ധ രാഷ്ട്രീയത്തെ വിശദീകരിക്കുന്ന ഒരു ആഖ്യാനമാണ് അത് സൃഷ്ടിക്കുന്നത്’ – ഡോ. ഗസ്സന്‍ അബു സിത്ത/ഷാഹിന കെ കെ
ശവക്കൂമ്പാരത്താല്‍ ചുറ്റപ്പെട്ട ഒരു പോഡിയത്തിന് പിന്നില്‍ നിന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഒരു ഡോക്ടര്‍ എന്ന നിലയിലാണ് ബ്രിട്ടീഷ് പലസ്തീന്‍ സര്‍ജന്‍ ഡോ. ഗസ്സന്‍ അബു സിത്തയെ ലോകം അറിയുന്നത്. അനസ്തേഷ്യയില്ലാതെയാണ് അംഗഛേദം നടക്കുന്നതെന്ന് ലോകത്തെ അറിയിച്ച ഡോക്ടര്‍. ഗാസയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ അതിന്റെ ആഘാതം എത്രത്തോളം ഉണ്ടെന്നറിയാന്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ട്വീറ്റുകളും ഇന്‍സ്റ്റാ സ്റ്റോറികളുമാണ് ശ്രദ്ധിച്ചത്.war are the unhealed wounds of political history
ഔട്ട്‌ലുക്കുമായുള്ള ഒരു സംഭാഷണത്തില്‍ യുദ്ധം എങ്ങനെയാണ് ഉടനടിയുള്ള പരിക്കുകള്‍ക്കപ്പുറം ആരോഗ്യത്തെ വലിയ അര്‍ത്ഥത്തില്‍ ബാധിക്കുന്ന ഒരു ജൈവമണ്ഡലം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. യുദ്ധത്തിന്റെ ആഘാതം താല്‍ക്കാലികമല്ലെന്നും തലമുറകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു യുദ്ധത്തില്‍ നിന്ന് ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന വംശഹത്യ എങ്ങനെ വ്യത്യസ്തമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു യുദ്ധ മുറിവ് സാധാരണ മുറിവില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. യുകെയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ഗസ്സന്‍ ഇപ്പോള്‍ ബെയ്റൂട്ടിലാണ് താമസിക്കുന്നത്.
ഒരിക്കലും യുദ്ധം കണ്ടിട്ടില്ലാത്ത ഒരു തലമുറയില്‍പ്പെട്ട ഇന്ത്യക്കാര്‍ എന്ന നിലയില്‍ യുദ്ധത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഭാവന പരിമിതമാണ്. എന്നാല്‍ യുദ്ധം ഒരു താല്‍ക്കാലിക പ്രതിസന്ധിയല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഗാസയിലെ നിങ്ങളുടെ അനുഭവങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കാമോ?
നമ്മള്‍ – നമ്മള്‍ ഓരോരുത്തരും – ഒരു ജൈവമണ്ഡലത്തിലാണ് ജീവിക്കുന്നത്; ജൈവമണ്ഡലം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് നാം ജീവിക്കുന്ന ജൈവശാസ്ത്രപരവും ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളാല്‍ സൃഷ്ടിക്കപ്പെടുന്ന പരിസ്ഥിതിയെയാണ്. അതില്‍ നമ്മുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതാവട്ടെ നാം നിലനില്‍ക്കുന്ന ഈ സാമൂഹികവും ഭൗതികവും ജൈവികവുമായ അവസ്ഥകള്‍ തമ്മിലുള്ള പരസ്പരബന്ധവും. യുദ്ധം ആ ജൈവമണ്ഡലത്തെ മാറ്റിമറിക്കുകയും നമ്മുടെ ആരോഗ്യ വ്യവസ്ഥയെ പുനഃക്രമീകരിക്കുന്ന പുതിയൊരെണ്ണം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണത്തിന് പറയുകയാണെങ്കില്‍ ബോംബുകളും സ്‌ഫോടനങ്ങളും വെടിയുണ്ടകളും കാരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല യുദ്ധം ചെയ്യുന്നത്, അത് ആ പ്രദേശത്തിന്റെ ജലവും മാലിന്യ സംസ്‌കരണ സംവിധാനവുമെല്ലാം നശിപ്പിക്കുന്നു. സാംക്രമികരോഗങ്ങള്‍ പരത്തുന്നതിലൂടെയും നമ്മെ ദരിദ്രരാക്കുന്നതിലൂടെയും ഇത് നമ്മുടെ ആരോഗ്യത്തെ അടിമുടി മാറ്റുന്നു. കമ്മ്യൂണിറ്റികളെ കീറിമുറിക്കുന്നതിലൂടെ അത് നമ്മുടെ പെരുമാറ്റ രീതികളില്‍ അപ്പാടെ മാറ്റം വരുത്തുന്നു, അതും നമ്മുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു.
നീണ്ടുനില്‍ക്കുന്ന തീവ്രസംഘര്‍ഷങ്ങളാല്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ യുദ്ധം അവസാനിച്ച ശേഷവും ജനങ്ങളുടെ ആരോഗ്യത്തെ രൂപപ്പെടുത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. അങ്ങനെ രാഷ്ട്രീയമായ ഒരു അവസാനത്തിന് ശേഷവും യുദ്ധത്തിന്റെ ജൈവമണ്ഡലം തുടരുന്നു. ഒരു ജിയോപൊളിറ്റിക്കല്‍ ഫോള്‍ട്ട്ലൈനില്‍ വരുന്ന, യുദ്ധങ്ങള്‍ തുടര്‍ക്കഥയായ മിഡില്‍ ഈസ്റ്റ് പോലെയുള്ള പ്രദേശങ്ങളില്‍ ഈ തുടര്‍ച്ചയായ മുറിവുകള്‍ അവിടുത്തെ ജൈവമണ്ഡലത്തില്‍ വേരൂന്നിയതായും ഒന്നിലധികം തലമുറകളിലേക്ക് വ്യാപിച്ചതായും മാറുന്നു. ഭൂമിശാസ്ത്രപരമായി വേരുപിടിച്ചതും ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതില്‍ നിരന്തരമായി ഇടപെടുന്നതുമായതിനാല്‍ നിങ്ങള്‍ക്ക് ഇതിനെ ഏതാണ്ട് ഒരു പ്രാദേശിക രോഗമായി തന്നെ വിളിക്കാം.
30 വര്‍ഷം കൊണ്ട് നിങ്ങള്‍ കണ്ട ഒന്നല്ല ഇപ്പോഴത്തെ യുദ്ധമെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. എന്താണ് നിങ്ങളെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്?
ഇത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ല. ഒരു പ്രത്യേക ഭൂപ്രദേശത്ത് നിന്ന് ഒരു ജനതയെ തുടച്ചുനീക്കാനുള്ള ശ്രമമാണിത്. ഇന്നത്തെ കാലത്ത് ആളുകളെ ദ്രോഹിക്കാനുള്ള ശ്രമത്തേക്കാള്‍ അവര്‍ക്ക് നല്ലൊരു ഭാവിയില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ആരോഗ്യ സംവിധാനത്തിന്റെ നാശവും ശിഥിലീകരണവും, ഭൗതിക പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളുടെയും നാശം, അതിപ്പോള്‍ ജലമോ ആവാസ വ്യവസ്ഥയോ എന്തുമാകട്ടെ, ഇതെല്ലാം ആളുകള്‍ക്ക് ഭാവിയില്ലെന്ന് ഉറപ്പാക്കാനാണ്. ചരിത്രപരമായി പ്രാധാന്യമുള്ള ആയിരക്കണക്കിന് സ്ഥലങ്ങളുടെ നാശം, ശ്മശാനങ്ങളുടെ നാശം- അങ്ങനെയിപ്പോള്‍ ആ ഭൂപ്രദേശത്ത് അവരെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് ഭൂതകാലമില്ല. അതാണ് യുദ്ധവും വംശഹത്യയും തമ്മിലുള്ള ആദ്യത്തെ വ്യത്യാസം. പണ്ട് നടന്ന എല്ലാ യുദ്ധങ്ങളും ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന യുദ്ധവും തമ്മിലുള്ള വ്യത്യാസം അതാണ്.
ഓരോ മുറിവിനും യുദ്ധത്തെക്കുറിച്ചുള്ള ഒരു ആഖ്യാനമുണ്ടെന്ന് ഒരു മുന്‍ അഭിമുഖത്തില്‍ നിങ്ങള്‍ പറഞ്ഞു. യുദ്ധ മുറിവുകളുടെ രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ പറയാമോ?
ഒരു യുദ്ധത്തിന്റെ ആഖ്യാനം അതുണ്ടാക്കിയ മുറിവില്‍ ഉണ്ട്. ആരാണ് അത് ചെയ്തത്, ആരുമായാണ് യുദ്ധം ചെയ്യുന്നത് അങ്ങനെ യുദ്ധത്തിന്റെ എല്ലാ കഥകളും മുറിവുകളിലുണ്ട്, ആ മുറിവുകള്‍ ജീവിതകാലം മുഴുവന്‍ രോഗിയുടെ കൂടെയുണ്ടാകും. 80 കളുടെ ആദ്യ പകുതിയില്‍ ഇറാഖ്- ഇറാന്‍ യുദ്ധത്തില്‍ ഇറാഖി, ഇറാനിയന്‍ സൈനികര്‍ക്ക് ഏറ്റ മുറിവുകള്‍ ഇന്നും സൈനികരില്‍ അവശേഷിക്കുന്നു. സദ്ദാം ഇല്ലാതായിട്ടും ഖൊമേനിയും റീഗനും മരിച്ചിട്ടും ആ യുദ്ധത്തില്‍ പങ്കെടുത്തവര്‍ പലരും മരിച്ചിട്ടും ഒരു മുറിവിന്റെ ആഖ്യാനം അതേപടി നിലനില്‍ക്കുന്നു.
ചിലപ്പോള്‍ ആ ആഖ്യാനം നിലവിലെ രാഷ്ട്രീയ വ്യവഹാരത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനോ രാഷ്ട്രീയ പദ്ധതിക്കോ വിരുദ്ധമായി മാറുന്നു. ഇറാഖും ഇറാനും സഖ്യകക്ഷികളായി മാറിയെങ്കിലും യുദ്ധ മുറിവുകളുടെ ആഖ്യാനത്തില്‍ അത് മാറ്റമുണ്ടാക്കുന്നില്ല. മുറിവുകള്‍ക്ക് ഹേതുവായ യുദ്ധത്തിന് കാരണമായ രാഷ്ട്രീയ പദ്ധതികളെക്കാള്‍ ആഖ്യാനങ്ങള്‍ നിലനില്‍ക്കുന്നു, അവ അതേപടി നിലനില്‍ക്കുന്നു.
ദക്ഷിണ വിയറ്റ്നാമിലെ പട്ടാളക്കാര്‍, ദക്ഷിണ വിയറ്റ്നാമീസ് സൈന്യവുമായി യുദ്ധം ചെയ്ത, വിയറ്റ്നാമില്‍ തങ്ങിയ, വിയറ്റ്നാമിലെ സൈനികരുടെ മുറിവുകള്‍, അവര്‍ അമേരിക്കക്കാരുമായി യുദ്ധം ചെയ്തതിന്റെ തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലാണ്. വിയറ്റ്നാം യുദ്ധത്തില്‍ ആഭ്യന്തരയുദ്ധത്തിന്റെ ഒരു ഘടകവും ഉണ്ടായിരുന്നു. പവര്‍ ഡൈനാമിക്സ് മാറുമ്പോള്‍ ഭരണത്തിലെ ഉന്നതര്‍ ഒന്നുകില്‍ ആ ആഖ്യാനങ്ങളെ ആഘോഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ഒരു മുറിവിന്റെ ആഖ്യാനം ചിലപ്പോള്‍ രാഷ്ട്രീയ പദ്ധതിക്ക് നാണക്കേടായി മാറുന്നു. അതുകൊണ്ടാണ് മുറിവുണ്ടാക്കിയ യുദ്ധത്തിന് ആ മുറിവ് ഒരു ജൈവ ചരിത്രരേഖയായി നിലനില്‍ക്കുമെന്ന് ഞാന്‍ പറയുന്നത്.
പാശ്ചാത്യലോകം നിശ്ചയിച്ചിട്ടുള്ള യുദ്ധത്തെക്കുറിച്ചുള്ള ആശയം ഇതില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാണ്? ഇടയ്ക്കിടെ യുദ്ധങ്ങള്‍ നടക്കാറുണ്ടെന്നും അതിനിടയില്‍ സമാധാന സമയമുണ്ടെന്നും മറ്റുമാണ് ലോകത്തെ ധരിപ്പിച്ചിരിക്കുന്നത്
അതെ. ഒരു നിശ്ചിത നിമിഷത്തില്‍ ആരംഭിച്ച് മറ്റൊന്നില്‍ അവസാനിക്കുന്ന താല്‍ക്കാലിക സംഭവങ്ങളാണ് യുദ്ധങ്ങള്‍ എന്നതാണ് ആശയം. അവര്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്ന ആ താത്കാലികത യഥാര്‍ത്ഥത്തില്‍ നമ്മള്‍ യുദ്ധഭൂമിയില്‍ കാണുന്നതല്ല. ലെബനനില്‍ അവസാനിച്ച യുദ്ധത്തിന്റെ ഇരകളുടെ മുറിവേറ്റ ശരീരത്തിലാണ് ഞാന്‍ ഇപ്പോഴും ശസ്ത്രക്രിയ നടത്തുന്നത്. ലെബനനിലെ മുന്‍ യുദ്ധങ്ങളില്‍ പരിക്കേറ്റ രോഗികളെ ഞാന്‍ ഇന്നും ചികിത്സിക്കുന്നുണ്ട്. അവരുടെ മുറിവുകള്‍ക്ക് ഇനിയും കൂടുതല്‍ പരിചരണം ആവശ്യമാണ്. യുദ്ധം തുടങ്ങുന്നു, അവസാനിക്കുന്നു എന്ന രീതിയില്‍ അതിന്റെ താല്കാലികത കാണിക്കുന്ന രീതിയിലുള്ള ആശയം സത്യമല്ല. പാശ്ചാത്യ ആഖ്യാനങ്ങള്‍ യുദ്ധങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. യുദ്ധങ്ങള്‍ ഒരു ദിവസത്തില്‍ ആരംഭിക്കുന്നു, മറ്റൊന്നില്‍ അവസാനിക്കുന്നു, അതിന്റെ ഫലങ്ങളൊന്നും ശാശ്വതവുമല്ല എന്ന രീതിയില്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഈ ജൈവമണ്ഡലത്തെ മാറ്റിമറിക്കുന്നതായി നമുക്കറിയാം. മനുഷ്യര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പരിക്കേല്‍പ്പിക്കുന്നുണ്ടത്.
നിങ്ങള്‍ പലപ്പോഴും ഊന്നിപ്പറയുന്നതുപോലെ, യുദ്ധം വെടിയുണ്ടകളോ മിസൈലുകളോ മൂലമുണ്ടാകുന്ന ശാരീരിക പരിക്കുകള്‍ക്കപ്പുറമാണ്. പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, മറ്റ് തലമുറകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് അത് കാരണമാകുന്നു. യുദ്ധത്തിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പറയാനാകുമോ?
ഇതില്‍ രണ്ട് പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് മുറിവുകളാണ്. മറ്റൊന്ന് ശരീരത്തിനേറ്റ മുറിവ് ശരീരത്തിന്റെ ഒരു പുതിയ സഞ്ചാരപഥം സൃഷ്ടിക്കുന്നു. അതനുസരിച്ച് മുറിവേറ്റ ശരീരത്തിന് ചികിത്സയും പുനര്‍നിര്‍മ്മാണവും പുനരധിവാസവും ആവശ്യമാണെന്ന് മാത്രമല്ല, മറിച്ച് മുറിവേറ്റ ഒരു ശരീരം വ്യത്യസ്തമായ ഒരു പ്രായഗതിയാണ് സ്വീകരിക്കുന്നത്. യുദ്ധത്തില്‍ മുറിവേറ്റ ഒരാളുടെ വാര്‍ദ്ധക്യ പ്രക്രിയ അല്ലാത്ത ഒരാളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. വിമുക്തഭടന്മാരുടെ മെഡിക്കല്‍ രേഖകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ യുദ്ധത്തില്‍ മുറിവേറ്റവര്‍ക്ക് അല്ലാത്തവരുമായുള്ള വാര്‍ദ്ധക്യരീതികളിലെ വ്യത്യാസം നമുക്കറിയാന്‍ കഴിയും.
യുദ്ധവുമായി ബന്ധപ്പെട്ട പോഷകാഹാരക്കുറവ് കുട്ടികളുടെ തലച്ചോറിന്റെ വലുപ്പത്തെ ബാധിക്കുന്നു. പോഷകാഹാരക്കുറവ്, പ്രമേഹം, സാംക്രമികേതര രോഗങ്ങള്‍, ഒന്നിലധികം രോഗങ്ങളുടെ സാധ്യത എന്നിവ വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ യുദ്ധത്തില്‍ പരിക്കേറ്റ ഒരു കുട്ടിക്ക് ശരാശരി 8 മുതല്‍ 12 വരെ ശസ്ത്രക്രിയകള്‍ ആവശ്യമാണ്. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരുടെ ശരീരം മുറിവേറ്റ ഭാഗത്തെ മറികടക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഇടപെടല്‍ ആവശ്യമായി വരും. ഇതുകൊണ്ടൊക്കെയാണ് പറയുന്നത് യുദ്ധം ഒരു താല്‍ക്കാലിക സംഭവമല്ല പകരം ശരീരത്തെയും വ്യക്തിയുടെ ആരോഗ്യത്തെയും മറ്റൊരു ആരോഗ്യ വ്യവസ്ഥയിലേക്ക് അയയ്ക്കുന്ന ഒരു പാത പോലെയാണെന്ന്.
വെറ്ററന്‍സ് ഹെല്‍ത്ത് സിസ്റ്റത്തെക്കുറിച്ചുള്ള അമേരിക്കന്‍ പഠനങ്ങളില്‍ പറയുന്നതനുസരിച്ച് വിയറ്റ്നാം വിമുക്തഭടന്മാര്‍ അവരുടെ അരയ്ക്ക് കീഴ്പോട്ട് ഛേദിക്കപ്പെട്ടവരും ചെറുപ്പത്തില്‍ പ്രോസ്തെറ്റിക്സ് ധരിച്ചിരുന്നവരുമാണ്, പക്ഷെ 60/65 വയസ്സിന് ശേഷം അവരില്‍ ഭൂരിഭാഗത്തിനും പ്രായമാകല്‍ പ്രക്രിയയിലെ വ്യത്യാസം കാരണം പ്രോസ്തെറ്റിക് ധരിക്കാന്‍ കഴിഞ്ഞില്ല എന്നുമാണ്. പ്രോസ്തെറ്റിക് ധരിക്കുന്നത് മറുവശത്തെ ബാധിക്കുകയും അവയവത്തിന്റെ മറ്റ് സന്ധികളില്‍ സന്ധിവാതത്തിന് കാരണമാകുകയും ചെയ്യുന്നു ഇതുമൂലം അവരുടെ പ്രോസ്തെറ്റിക് നിലനിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ വളരുന്ന ശരീരമോ പ്രായമായവരുടെ ശരീരമോ അവര്‍ക്കേറ്റ മുറിവുകളാല്‍ കൂടി രൂപപ്പെടുന്നതാണ്.. അതിനാല്‍ ഇത് ഒരു താല്‍ക്കാലിക സംഭവത്തെക്കാള്‍ ഒരു ജീവിത പാതയാണ്.
മിഡില്‍ ഈസ്റ്റിലെ യുദ്ധം വീക്ഷിക്കുമ്പോള്‍ പുതിയ യുദ്ധ സാങ്കേതികവിദ്യകളുടെ പ്രയോഗം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അസാധാരണമാംവിധം മസിലുകള്‍ക്ക് പൊള്ളലേറ്റവരും മറ്റു പരിക്കുകളുമുള്ള മനുഷ്യര്‍ ആശുപത്രികളില്‍ എത്തുന്നതായി ഞാന്‍ വായിച്ചിട്ടുമുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഇത് കൊണ്ടുവരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഗാസയില്‍ നമ്മള്‍ കണ്ടത് വെളുത്ത ഫോസ്ഫറസ് പോലുള്ള രാസവസ്തുക്കളുടെ വന്‍തോതിലുള്ള ഉപയോഗമാണ്. വലിയ പൊട്ടിത്തെറിയൊന്നും ഉണ്ടാക്കാത്ത തെര്‍മല്‍ ബാരിക് ബോംബുകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഇതുപക്ഷെ മുറിവേറ്റവരെ അപ്പാടെ തകര്‍ക്കുകയും അവര്‍ക്ക് വലിയ പൊള്ളല്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ്. മറ്റൊന്ന് ക്വാഡ് കോപ്റ്ററുകളാണ്. സ്‌നൈപ്പറുള്ള ചെറിയ ഡ്രോണുകളാണ് ക്വാഡ് കോപ്റ്ററുകള്‍. ഈ ക്വാഡ് കോപ്റ്റര്‍ ഡ്രോണുകള്‍ സ്‌കൂളുകളും ആശുപത്രികളും പോലുള്ള കെട്ടിടങ്ങളിലേക്കാണ് നേരിട്ട് അയക്കുന്നത്. അവ കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുന്നു. യുദ്ധത്തില്‍ ഇത്തരം മുറിവുകളെല്ലാം നമ്മള്‍ കാണുന്നുണ്ട്. ഈ പുതിയ ആയുധങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ ശരീരം തിരിച്ചറിയാന്‍ കഴിയാത്തവിധം പൊട്ടിച്ചിതറി പോയിരിക്കും.
മെഡിക്കല്‍ പ്രൊഫഷണലുകളുടെയും മെഡിക്കല്‍ സാമഗ്രികളുടെയും ദൗര്‍ലഭ്യം വിശദമാക്കാമോ?
ആക്രമണത്തിന്റെ വ്യാപ്തി കാരണം ഇത്തവണ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ ഗാസയിലെ ആരോഗ്യ സംവിധാനത്തിന് 2,500 കിടക്കകള്‍ ഉണ്ടായിരുന്നു. രണ്ടാം ആഴ്ചയില്‍ തന്നെ 6,500 പേര്‍ക്ക് പരിക്കേറ്റു. വലിയ തോതിലുള്ള നാശം, മുറിവേല്‍പ്പിക്കല്‍, കൊലപാതകങ്ങള്‍ എന്നിവ ഈ വ്യവസ്ഥിതിയെ തളര്‍ത്തിയിരിക്കുന്നു. ആശുപത്രികള്‍ക്കു നേരെയും നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായി.
മറുവശത്ത് നമ്മള്‍ കാണുന്നത് ലെബനന്‍, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായം സമൂഹത്തിലെ യുദ്ധ പരിക്കുകളുടെ ആവൃത്തിയെയോ പ്രാദേശിക സ്വഭാവത്തെയോ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല എന്നതാണ്. അതിനാല്‍ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്നുള്ള ഈ മെഡിക്കല്‍ പാഠ്യപദ്ധതികളും നഴ്സിംഗ് പാഠ്യപദ്ധതികളും പ്രധാനമാണ്.
സ്ഫോടനത്തില്‍ പരിക്കേറ്റ രോഗിയെയോ വെടിയേറ്റ രോഗിയെയോ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ഇറാഖി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്നില്ല. സിറിയന്‍, ലിബിയന്‍ അല്ലെങ്കില്‍ ലെബനീസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അവരുടെ കരിയറില്‍ പതിവായി യുദ്ധത്തില്‍ പരിക്കേറ്റ രോഗികളെ ചികിത്സിക്കേണ്ടതുണ്ടെങ്കിലും ഈ പഠനത്തിന് വിധേയരല്ല.
MSF (Doctors without Borders) പോലുള്ള സംഘടനകള്‍ക്ക് പോലും ഈ പ്രശ്നം പരിഹരിക്കുന്നതിന് പരിമിതികളുണ്ടോ?
അതിനു കാരണം സ്‌കെയില്‍ വലുതാണ് എന്നതാണ്. ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ട്. അതുവഴി അവര്‍ക്ക് ഇത്തരത്തിലുള്ള അറിവ് അവരുടെ ബിരുദ സമ്പ്രദായത്തിലേക്ക് അവതരിപ്പിക്കാന്‍ കഴിയും. പ്രാദേശിക ഉഷ്ണമേഖലാ രോഗമുള്ള രാജ്യങ്ങളില്‍ വൈദ്യശാസ്ത്രത്തില്‍ ആ രോഗത്തെ ചികില്‍സിക്കുന്നതില്‍ അറിവുണ്ടാക്കുന്നത് പോലെ ഇവിടെയും അവരുടെ കമ്മ്യൂണിറ്റികളുടെ സര്‍ജിക്കല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് സാന്ദര്‍ഭികമായി മെഡിക്കല്‍ സിലബസ് സൃഷ്ടിക്കേണ്ടതുണ്ട്. ക്ഷയരോഗമോ മലേറിയയോ ഉള്ള ഒരു രാജ്യത്ത് അത് എങ്ങനെ നിര്‍ണ്ണയിക്കണമെന്നും ചികിത്സിക്കണമെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ടതുണ്ട്. എന്നാല്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും ആയുധങ്ങളാല്‍ മുറിവേല്‍പ്പിക്കപ്പെടുന്നതുമായ രാജ്യങ്ങളില്‍ അതിനെ നേരിടാനുള്ള അറിവ് മെഡിക്കല്‍ സമൂഹത്തിന് ലഭിക്കുന്നില്ല. ഈ രാജ്യങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനാപരമായ പരാജയമാണിത്.
ഈ സന്ദര്‍ഭത്തില്‍ കോണ്‍ഫ്ലിക്ട്ട് മെഡിസിനില്‍ ഒരു പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയം പ്രധാനമാണ്. ഒന്നുരണ്ട് സര്‍വ്വകലാശാലകളില്‍ ഇത് സ്ഥാപിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയായിരുന്നു എന്നു കേട്ടു. അതെങ്ങനെ നടക്കുന്നു?
യെമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളില്‍ ഞങ്ങള്‍ ഈ പ്രോഗ്രാം പൈലറ്റ് ചെയ്തു. മെഡിക്കല്‍ കോഴ്‌സിലേക്ക് ആ അറിവ് അവതരിപ്പിക്കുന്നതില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വളരെ ഉത്സുകരും ആ പദ്ധതിയെ അഭിനന്ദിക്കുന്നവരുമാണെന്ന് മനസ്സിലാക്കി. ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഇത് ലെബനന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാന്‍ തുടങ്ങി. ഫലസ്തീനിയന്‍ മെഡിക്കല്‍ സ്‌കൂളുകളിലേക്കും ഇറാഖിലേക്കും സിറിയയിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നേടാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റി എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹം ഇല്ലെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. അത് നിരാശയില്‍ നിന്നായിരുന്നോ അതോ നിങ്ങള്‍ അത് ശരിക്കും ഉദ്ദേശിച്ചിരുന്നോ?
ഗാസയില്‍ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് തന്നെ കാണുക. മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ വംശഹത്യയാണിത്. ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് നമ്മള്‍ കരുതിയതാണ്. ഗാസയില്‍ കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്നത് ഇപ്പോള്‍ ആളുകള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. ഗാസയില്‍ ഈ യുദ്ധം സൃഷ്ടിച്ച വന്‍ കൊലപാതകങ്ങളും പട്ടിണിയും കാണാന്‍ കഴിയും. എന്നിട്ടും ഒന്നുമില്ല. ഒന്നും സംഭവിക്കുന്നില്ല. പാശ്ചാത്യ സര്‍ക്കാരുകളുടെ പ്രതികരണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പോലുള്ള സംവിധാനങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം മാത്രമാണ്. യുദ്ധത്തിന്റെ വംശഹത്യാസ്വഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തെക്കന്‍ രാജ്യങ്ങളെ പോലീസിങ്ങ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു വടി മാത്രമായിരുന്നു അന്താരാഷ്ട്ര സമൂഹമെന്ന ഈ ആശയം.
നിങ്ങള്‍ അടുത്തിടെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തെളിവ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ഫലം കാണാന്‍ കഴിയുമോ?
2024 ജനുവരിയിലാണ് അത് സംഭവിച്ചത്. അന്താരാഷ്ട്ര നിയമത്തിലെ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് ഒരു വംശഹത്യയാണെന്ന് പറഞ്ഞുവെങ്കിലും ഇപ്പോള്‍ പോലും വംശഹത്യ എന്ന പദം ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന ശാസ്ത്ര സ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള പാശ്ചാത്യ സ്ഥാപനങ്ങളുണ്ട്. വംശഹത്യ എന്ന പദം ഉപയോഗിക്കാത്ത മെഡിക്കല്‍ ജേണലുകള്‍ ഉണ്ട്, ശാസ്ത്ര ജേണലുകള്‍ ഉണ്ട്, വംശഹത്യ എന്ന വാക്ക് നിയമപരമായ പദമാണെങ്കിലും ഇപ്പോഴും അത് ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന റോയല്‍ സര്‍ജന്മാരുടെയും ഫിസിഷ്യന്‍മാരുടെയും റോയല്‍ കോളേജുകളുണ്ട്.
ഇക്കാര്യത്തില്‍ ഇന്ത്യയിലെ മെഡിക്കല്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് താങ്കള്‍ക്കു നല്‍കാനുള്ളത്? അവര്‍ എന്ത് സംഭാവന നല്‍കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു?
ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായം വളരെ ശക്തമാണ്. അവര്‍ക്ക് വൈദഗ്ധ്യവും മികച്ച സ്ഥാപനങ്ങളും സന്ദര്‍ഭോചിതമായ അറിവും ഉണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതില്‍ അവര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയും. രോഗികളുടെ എണ്ണത്തിന്റെ സ്വഭാവം കാരണം ഒരു ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനുഭവം ഇത്തരം അവസ്ഥകളില്‍ വളരെ പ്രസക്തമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സര്‍ജന്മാര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. സൂപ്പര്‍ സ്പെഷ്യലൈസ്ഡ് ആയി മാറിയിരിക്കുന്ന വെസ്ടേണ്‍ ഹോസ്പിറ്റലില്‍ നിന്ന് ഒരു സര്‍ജനെ കൊണ്ടുപോയി യുദ്ധമേഖലയില്‍ ആക്കിയാല്‍ അവരുടെ പാശ്ചാത്യസ്വഭാവത്തെ മറികടന്ന് ഒരു ഇന്ത്യന്‍ സര്‍ജന് കഴിയുന്ന വിധത്തില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
ഗാസയിലെ നിലവിലെ സ്ഥിതി എന്താണ്? ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?
ഗാസയുടെ വടക്കന്‍ ഭാഗത്ത് വംശീയ ഉന്മൂലനമാണ് നടക്കുന്നത്. അവര്‍ കുടുംബങ്ങള്‍ ഒളിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നു. ഗാസയുടെ വടക്കന്‍ ഭാഗം ഇല്ലാതാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ തുറന്ന് പറയുന്നുണ്ട്. ബോംബാക്രമണം തുടര്‍ന്നുക്കൊണ്ടേയിരിക്കുകയാണ്. ഓരോ തവണയും ഒരു പുതിയ ആശുപത്രി തുറക്കുമ്പോള്‍ അത് ബോംബെറിഞ്ഞു തകര്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നു. ഭേദപ്പെടുത്താവുന്ന മുറിവുകളാല്‍ പോലും ആളുകള്‍ മരിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു. ഭേദമാക്കാവുന്ന പകര്‍ച്ചവ്യാധികള്‍ ഉള്ള കുട്ടികള്‍ക്ക് വൈദ്യസഹായം ലഭിക്കാതെ അവര്‍ മരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ മഞ്ഞുകാലത്തിലേക്ക് കടക്കാന്‍ പോകുകയാണ്. ട്രയാട് ഓഫ് ഡെത്ത് എന്നു നമ്മള്‍ വിളിക്കുന്ന ആ അവസ്ഥയിലേക്ക്.
മാല്‍ന്യൂട്രീഷന്‍ ഹൈപ്പോഥെര്‍മിയയും മുറിവുകളും ചേര്‍ന്ന് ചെറിയ മുറിവുകള്‍ ഉള്ളവരെയും ചെറിയ പോഷകാഹാരക്കുറവുള്ളവരെയും, അണുബാധയുടെ താഴ്ന്ന തലങ്ങളില്‍ നില്ക്കുന്നവരെയും പോലും മരണപ്പെടുത്തുന്നു. ഇവ മൂന്നും മനുഷ്യജീവിതത്തെ നശിപ്പിക്കാനുള്ള അവയുടെ കഴിവില്‍ സമന്വയിക്കുന്നതിനാല്‍ മരണനിരക്ക് ഏറുന്നു. ബുള്ളറ്റുകള്‍ കൊണ്ടും ബോംബുകള്‍ കൊണ്ടും വംശഹത്യ കൊണ്ടും മാത്രമല്ല ഇതൊക്കെക്കൊണ്ട്കൂടി മരണങ്ങള്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്നു.
എല്ലാ ഭയാനകതകള്‍ക്കുമിടയില്‍ പ്രതീക്ഷയുടെ ചില കഥകള്‍ ഉണ്ടായിരിക്കുമല്ലോ, സ്നേഹത്തിന്റെയും അനുകമ്പയുടെയും സഹിഷ്ണുതയുടെയും കഥകള്‍. നിങ്ങള്‍ ഞങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ?
തീര്‍ച്ചയായും. ഈ ഭയാനകതകള്‍ക്കിടയില്‍ ആളുകള്‍ പരസ്പരം സ്നേഹിക്കുന്നത് മരണ യന്ത്രത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ അടയാളമായി മാറുന്നു. രോഗികളോടുള്ള ഡോക്ടര്‍മാരുടെ തികഞ്ഞ അര്‍പ്പണബോധത്തില്‍ നാം ഇത് കാണും. ആശുപത്രികളില്‍ തന്നെ കഴിയണമെന്ന് വാശിപിടിക്കുന്ന ഡോക്ടര്‍മാരുണ്ട്. ഈ കുടുംബങ്ങള്‍ പരസ്പരം സഹായിക്കുന്നത് നാം കാണുന്നു. ബോംബാക്രമണങ്ങള്‍ക്ക് ശേഷം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിട്ടുപോയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനും മുറിവുകളോടെ ബാക്കി ലഭിച്ചവരുടെ ജീവന്‍ രക്ഷിക്കാനും ശ്രമിക്കുന്നു. വംശഹത്യ എന്ന കൊലയാളി യന്ത്രത്തിനെതിരായ കലാപമാണ് ഇതെല്ലാം.
ലെബനനില്‍ എനിക്ക് രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടി രോഗിയായി ഉണ്ടായിരുന്നു. അവന്റെ കൈ മുറിച്ചുമാറ്റി, അവന്റെ അമ്മയും അച്ഛനും മുത്തശ്ശിമാരും കൊല്ലപ്പെട്ടു. അവന്റെ അടുത്ത ബന്ധു അച്ഛന്റെ അമ്മായി ആയിരുന്നു. അവള്‍ വന്ന് അവനോടൊപ്പം ക്ലിനിക്കില്‍ താമസിച്ചു, അവള്‍ അവന്റെ അമ്മയായി. അത്തരം സ്‌നേഹപ്രവൃത്തികളിലൂടെ മാനവികത രക്ഷിക്കപ്പെടാന്‍ പോകുന്നുവെന്ന് തിരിച്ചറിയാനാകുന്നു.
നിങ്ങള്‍ക്ക് യാത്രാ നിരോധനമുണ്ടോ? നിങ്ങളുടെ കുടുംബം സുരക്ഷിതമാണോ?
അവര്‍ ഇപ്പോഴും യുകെയിലെ എന്റെ മെഡിക്കല്‍ ലൈസന്‍സ് നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. യുകെയില്‍ വംശഹത്യയ്‌ക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ അവര്‍ പ്രചാരണം നടത്തി. ഏതെങ്കിലും ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനില്‍ ചുമതല വഹിക്കുന്നതില്‍ നിന്ന് എന്നെ വിലക്കാനാണ് അവര്‍ ഇപ്പോഴും ശ്രമിക്കുന്നത്. യുകെയിലെ 60 ഓളം ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള ശ്രമത്തിലുമാണ് ഇവര്‍. എന്റെ കുടുംബം മറ്റെല്ലാ പലസ്തീന്‍ കുടുംബങ്ങളെയും പോലെയാണ്. അവര്‍ ഈ യുദ്ധത്തിന്റെ ഭാഗമാണ്.
നിങ്ങള്‍ മുന്നോട്ട് നോക്കുമ്പോള്‍, ഇനി എന്താണെന്നാണ് തോന്നുന്നത്?
ഗാസയിലേക്ക് മടങ്ങാനും ആരോഗ്യസംവിധാനം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാനും കഴിയുന്നതാണ് എന്റെ ഭാവി. അതാണ് ഞാന്‍ സ്വപ്നം കാണുന്നത്.wars are the unhealed wounds of political history
ദി ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച അഭിമുഖം ഇവിടെ വായിക്കാം; The Invisible Scars
പരിഭാഷ: ഹസ്‌ന ഷാഹിത
Content Summary: wars are the unhealed wounds of political history