UPDATES

ഭരണകൂട അടിച്ചമർത്തലിൽ നിന്ന് ഉദിച്ചു വന്ന വിപ്ലവ സൂര്യൻ

ലെനിൻ ചരമ ശതാബ്‌ദി

                       

1870 ഏപ്രിൽ 22ന് മരിയ അലക്സാണ്ടറോവിനാ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മരിയയും ഭർത്താവ് ഇല്യ നികോളയെവിച്ചും ചേർന്ന് അവനു വൊളൊഡ്യാ അഥവ വ്‌ളാഡിമിർ എന്ന പേര് നൽകി. വൊളോഡ്യാ ഇല്യനോവ് കുടുംബത്തിലെ മൂന്നാമൻ ആയിരുന്നു. സാമ്പത്തികമായും സുരക്ഷ ഉള്ള ഒരു വീട്ടിൽ ജനിച്ചതുകൊണ്ട് തന്നെ വൊളോഡ്യാ ഒരുതരത്തിലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നില്ല കുഞ്ഞുനാളിൽ. ഇല്യ നികോളയെവിച്ച് അന്നത്തെ സ്റ്റേറ്റ് സ്കൂൾ ഡയറക്ടർ ആയിരുന്നതുകൊണ്ട് തന്നെയാവണം തന്റെ മക്കളെ എല്ലാം തന്നെ അയാൾ നന്നായി പഠിപ്പിച്ചു. വൊളോഡ്യായും പഠനത്തിൽ മിടുക്കൻ ആയിരുന്നു ഒരുപക്ഷെ തന്റെ 5 സഹോദരങ്ങളെക്കാളും മിടുക്കൻ. ചെറുപ്പത്തിലേ കുസൃതി ആയിരുന്നെങ്കിലും വൊളോഡ്യാ തന്റെ പിതാവിന്റെ ഓരോ വാക്കുകളും വളരെ അധികം ശ്രദ്ധയോടെ ശ്രവിച്ചിരുന്നു. ആ വാക്കുകളിലെ മൂല്യം തന്നെയാവണം ആ കുഞ്ഞിനെ വളർത്തിയതും.

അങ്ങനെ ഇരിക്കെ തന്റെ സഹോദരൻ ഉന്നതവിദ്യാഭ്യാസത്തിനായി സെയിന്റ് പീറ്റേഴ്സ്ബർഗിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ വൊളോഡ്യാ ജേഷ്ഠനോട് ചോദിച്ചു. “നീ എന്ത് മൂല്യങ്ങൾക്ക് ആണ് കൂടുതൽ വില നൽകുന്നത് ” മറുപടി ആയി സാഷ എന്ന അലൈക്സൻഡർ ഇല്യനോവ് ഇങ്ങനെ പറഞ്ഞു “തൊഴിൽ, അറിവ്, സത്യസന്ധത” ഈ മൂന്നു വാക്കുകൾ വൊളോഡ്യാ മനസ്സിൽ കുറിച്ചിട്ടു. കാരണം അവന്റെ ആ ചെറുപ്രായത്തിൽ ഒക്കെയും തന്നെ അന്നത്തെ ഭരണകൂടത്തേയും അടിച്ചമർത്തലിനെയും അന്യായമായ നിയമങ്ങളെയും വൊളോഡ്യാ എതിർത്തിരുന്നു. അങ്ങനെ ഒരു ദിവസം വളരെ ദുഖിതനായി വീട്ടിൽ എത്തിയ പിതാവിനെ കണ്ട് വൊളോഡ്യാ അമ്മയോടൊത്തിരുന്ന് കാര്യങ്ങൾ തിരക്കി. അടുത്തുള്ള ഒരു ഗ്രാമത്തിലെ സ്കൂളിന്റെ ദാരുണ അവസ്ഥ ആയിരുന്നു അതിനു കാരണം. അത് ഉണ്ടാവാൻ കാരണമായ സാഹചര്യവും അദ്ദേഹത്തെ വേദനിപ്പിച്ചു.

തുടർന്ന് അങ്ങോട്ട് ഇല്യനോവിച്ചു കുടുംബത്തിന്റെ സമാധാനം ഇല്ലാതെയാവുകയായിരുന്നു. ഒരു ദിവസം ശ്വാസം നിലച്ചു കിടക്കുന്ന പിതാവിനെ ആണ് വൊളോഡ്യാ കാണുന്നത്. അദ്ദേഹത്തിന്റെ വിയോഗം ആ കുടുംബത്തെ സാരമായി ബാധിച്ചു. എന്നാൽ അവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല. നാളുകൾക്ക് ശേഷം സഹോദരൻ സാഷായും സഹോദരി അന്നയും ഒരുപറ്റം സുഹൃത്തക്കളും സാർ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു എന്നാ വാർത്തയാണ് മരിയയും വൊളോഡ്യായും കേൾക്കുന്നത്. തന്റെ മക്കളെ പുറത്തിറക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി മരിയ സെയിന്റ് പീറ്റേഴ്സ്ബർഗിലേക്ക് വണ്ടി കയറി. ഒരിറ്റു കണ്ണീർ പൊഴിക്കാതെ എല്ലാ നിർദ്ദേശങ്ങളും വൊളോഡ്യയ്ക്ക് നൽകി കൊണ്ട് അമ്മ മറ്റൊരു പാഠപുസ്തകം ആയി മാറിയിരുന്നു അവന് മുൻപിൽ. ഒരുപക്ഷെ ആ അമ്മയുടെ മനസാന്നിധ്യം ആവാം വൊളോഡ്യായുടെ മുന്നോട്ടുള്ള ജീവിതത്തിന് ശക്തി പകർന്നത്.

ദുരന്തങ്ങൾ ആ കുടുംബത്തെ വിട്ടുമാറിയില്ല. സ്വന്തം നാട്ടിലെ ജനങ്ങളുടെ കുത്തു വാക്കുകളും കളിയാക്കലുകളും എല്ലാം നേരിട്ട് കൊണ്ടു തന്നെ വൊളോഡ്യാ മുന്നേറി. ഒടുവിൽ തന്റെ അവസാന പരീക്ഷയ്ക്ക് ആയി യാത്ര ചെയുന്ന ദിവസം എന്തോ ഒരു പന്തികേട് അവന് അനുഭവപ്പെട്ടു. തെരുവോരങ്ങളിൽ ഇരിക്കുന്നവർ ഒരു നോട്ടീസ് വായിച്ചു അവനെ തന്നെ നോക്കുന്നു. ഒടുവിൽ അത്‌ എന്താണെന്നു അറിയാൻ ചെന്ന അവൻ ഞെട്ടി. തന്റെ സഹോദരനെ സാർ ഭരണകൂടം വധിച്ചിരിക്കുന്നു. ഒരു 17 വയസുകാരനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ വേദന. എന്നാൽ അവൻ തളർന്നില്ല. തന്റെ പരീക്ഷ പൂർത്തിയാക്കി, ഒപ്പം റാങ്ക് വാങ്ങി വിജയിച്ചു. തുടരെ തുടരെ ഉണ്ടായ ദാരുണ അനുഭവങ്ങളും നാട്ടുകാരുടെ അവഹേളനവും കാരണം ആ നാട്ടിൽ നിൽകാൻ അവർക്ക് പിന്നീട് സാധിച്ചില്ല. സിമ്പിർസ്ക് എന്ന ഗ്രാമം വിട്ട് അവർ യാത്രയായി.

അങ്ങനെ അവർ കസാനിൽ എത്തി. അവിടെ തന്റെ പഠനം സുഖകരം ആകുമെന്ന് വൊളോഡ്യാ വിചാരിച്ചു. എന്നാൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ. കസാൻ സർവകാലശാലയിൽ വൊളോഡ്യാ പഠനം ആരംഭിച്ചു. അവിടെയും വൊളോഡ്യാ തന്റെ സഹോദരങ്ങളുടെയും മാതാ പിതാക്കളുടെയും സ്വഭാവം പിന്തുടർന്നു.അവിടെ നിലനിന്നിരുന്ന പാവപെട്ട വിദ്യാർത്ഥികളോട് ഉള്ള ചൂഷണം കണ്ടില്ല എന്ന് നടിക്കാൻ വൊളോഡ്യാ തയ്യാറായില്ല. അയാൾ അവിടെ ഒരു സമരം സൃഷ്ടിച്ചു. ഒരുപക്ഷെ ആ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സമരം! പക്ഷെ സമരം പരാജയപെട്ടു എന്ന് മാത്രമല്ല വൊളോഡ്യായും കൂട്ടുകാരും അറസ്റ്റ് ചെയപ്പെട്ടു, എല്ലാത്തിനുമുപരിയായി സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടു.ആ രാത്രികളിൽ അവന്റെ ആശ്രയം എന്നും ചേർന്യഷവസ്കിയുടെ പുസ്തകങ്ങൾ ആയിരുന്നു. അങ്ങനെ പയ്യെ പയ്യെ വൊളോഡിയിലെ വിപ്ലവകാരി വളരുവാനും തുടങ്ങി. സാർ ഭരണകൂടത്തിനെതിരായി ശക്തമായി സമരം ചെയ്യുവാനും,അടിച്ചമർത്തപെട്ടവനുവേണ്ടി ആണ് ഇനിയുള്ള തന്റെ ജീവിതം എന്നും അവൻ മനസിലാക്കി. അതിനായി വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചു. യൂണിവേഴ്സിറ്റിയിൽ പല തവണകളായി അവന് അഡ്മിഷൻ ശ്രമിച്ചു. പക്ഷെ ഒരു റിബലിനു അഡ്മിഷൻ കൊടുക്കുവാൻ അവർ തയാറില്ല.

തോറ്റുകൊടുക്കുവാൻ അവനും തയാറായില്ല. പഠനം വീട്ടിൽ തന്നെയാക്കി. നാലുവർഷത്തെ നിയമ പഠനം അവൻ ഒന്നര വർഷത്തിൽ പൂർത്തിയാക്കി. പരീക്ഷ ബോർഡിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ട് അവൻ ഉത്തരങ്ങൾ നൽകി. ഒടുവിൽ അവർ വൊളോഡ്യാക്ക്‌ അർഹിച്ച നിയമ ബിരുദം നൽകി. എന്നാൽ ആ സന്തോഷം അധികം നീണ്ടുന്നില്ല. ഇളയ സഹോദരിയുടെ ദാരുണ മരണം ആണ് മണിക്കൂറുകൾക്കകം അവൻ കണ്ടത്.ഒടുവിൽ ആ നാടും വിട്ട് അവർ സമറായിൽ എത്തി. ഇല്യനോവിച്ചു കുടുംബത്തിന് അവിടെയും വേരുകൾ ഉണ്ടായിരുന്നു.

വൊളോഡ്യായുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് അവിടെ വെച്ചായിരുന്നു. ബാർ പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ ആണ് അവൻ കാൾ മാർക്സിനെ പറ്റി അറിയുന്നത്. തുടർന്ന് മാർക്സിന്റെ പുസ്തകങ്ങൾ വായിക്കുകയും മാർക്സിയൻ ചിന്തകൾ അവനിലെ വിപ്ലവകാരിയെ കൂടുതൽ ശക്തനും ആശയ ധൃഡതയുള്ളവനുമാക്കി മാറ്റി.പിന്നീട് വൊളോഡ്യാ സമാറായിൽ ഒരു രഹസ്യ മാർക്സിസ്റ്റ്‌ പഠന ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു. അന്ന് മുതൽ വൊളോഡ്യാ ചരിത്രത്തിന്റെ ഭാഗം ആവുക ആയിരുന്നു. പിന്നീട് അങ്ങോട്ട് അയാളെ അവർ ലെനിൻ എന്ന് വിളിച്ചു. ക്ലാസ്സിക്കൽ മാർക്സിസത്തെ കാലഘട്ടത്തിന്റെയും, ഭൂമിശാസ്ത്രത്തിന്റെയും വൈരുദ്യങ്ങൾക്ക് അനുശ്രിതമായി മാറ്റേണ്ടത് അനിവാര്യമാണെന്ന് ആദ്യമായി ചൂണ്ടികാണിക്കുക മാത്രമല്ല മറിച്ച് ആ മഹത്തായ ആശയം ഒരു രാജ്യത്ത് പ്രായോഗികമാക്കുകയും ചെയ്ത വ്യകതി ആയിരുന്നു വ്ലാഡിമിർ ഇല്യനോവിച്ച് ലെനിൻ. മുതലാളിത്തിന്റെ ഏറ്റവും പൂർണതയിൽ നിന്നും മാത്രമാണ് ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടാക്കാൻ സാധിക്കു എന്നും, അതു വഴി ഒരു പുതിയ സോഷ്യലിസ്റ്റ് സാമൂഹ്യ ഘടനയ്ക്ക് രൂപം നൽകാൻ സാധിക്കുമെന്നുമാണ് മാർക്സും ഏങ്കൽസും പറഞ്ഞു വച്ചത്.

എന്നാൽ ലെനിൻ തന്റെ മാർക്സിയൻ തത്വശാസ്ത്രത്തെ ഒന്നുകൂടി മിനുക്കി എടുത്തുകൊണ്ടു, ചരിത്രപരമായ ഭൗതികവാദം പൂർണമായും മനസ്സിലാക്കി കിഴക്കൻ യൂറോപ്പിന്റെ ഭൗതിക സാഹചര്യം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞു.മുതലാളിത്തതിന്റെ ഔനിത്യത്തിൽ അല്ല മറിച്ച് , അതിന്റെ ആരംഭഘട്ടത്തിലാണ് മുതലാളിത്തം ഏറ്റവും ദുർബലമെന്നും, സോവിയറ്റ് യൂണിയനിൽ ആ കാലമായിരുന്നു ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഏറ്റവും അനുയോജ്യമെന്നും തിരിച്ചറിഞ്ഞ ലെനിൻ, നിലനിൽക്കുന്ന സോവിയറ്റ് റഷ്യയിലെ സിവിൽ സമൂഹം രാഷ്ട്രീയമായി പിന്നോക്കമാണെന്നും അത്തരം സാഹചര്യം മാറ്റുവാൻ വേണ്ടി തൊഴിലാളികളുടെ സംഘാടനം അനിവാര്യമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് റഷ്യയിൽ റെവലൂഷനറി മാർക്സിസ്റ്റ്‌ പാർട്ടിക്ക് ജന്മം നൽകി.

ഫ്യൂഡലിസത്തിൽ നിന്നും നേരെ സോഷ്യലിസത്തിലേക്ക് സോവിയറ്റ് യൂണിയനെ നയിക്കുവാൻ അതിലൂടെ ലെനിന് സാധിച്ചു. മാത്രമല്ല മാർക്സ് അടിസ്ഥാനമായി പറഞ്ഞ വൈരുധ്യാത്മക ഭൗതിക വാദത്തെ സമൂഹത്തിലേക്ക് പറിച്ചുനട്ടുകൊണ്ട് വിപ്ലവം ഓരോ രാജ്യത്തും എപ്പോഴാണ് സാധ്യമാവുക എന്ന് ലെനിൻ ലോക സമൂഹത്തിന് കാട്ടി തന്നു. പിന്നീട് ചൈനയ്ക്കും ക്യൂബയ്ക്കും മറ്റ് കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾക്കും ലെനിനിസം വളരെയധികം സഹായകരമായി. അതുകൊണ്ട് തന്നെയാണ് ക്ലാസിക്കൽ മാർക്സിസത്തിന് ശേഷം മാർക്സിസത്തെ എപ്പോഴും ലെനിനിസത്തോടു ചേർത്ത് വായ്ക്കുന്നത്.

അധകൃത വർഗ്ഗത്തെ ചേർത്ത് നിർത്തി ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് ഭരണകൂടത്തിന് അയാൾ ജന്മം നൽകി. സഖാവ് ലെനിൻ തന്നുപോയ പാഠങ്ങൾ ഇന്നും ഓരോ കമ്മ്യൂണിസ്റ്റിലും ഉണ്ട്. മാർക്സിസം എന്ന ആശയത്തെ പ്രായോഗികമാക്കിയ മഹാനായ ആ വിപ്ലവക്കാരിയുടെ നൂറാം ചരമ വാർഷികം ആണ് ഇന്ന്. ഇന്ത്യ മഹാരാജ്യം ഇന്ന് കടന്നുപോകുന്ന കലുഷിതമായ ഈ സാഹചര്യത്തിൽ ലെനിൻ കൂടുതൽ പ്രസക്തനാവുകയാണ്. സഖാവിന്റെ ഏറ്റവും കാലിക പ്രസക്തിയുള്ള വാക്കുകൾ കൂടി ഇവിടെ ചേർക്കുന്നു.

” If you don’t interfere in politics, politics will eventually interfere in your life”

സ്കറിയ ചെറിയാൻ

സ്കറിയ ചെറിയാൻ

എം.എ പൊളിറ്റിക്‌സിലും ഇന്റർനാഷണൽ റിലേഷൻസിലും ബിരുദാനന്തര ബിരുദ വിദ്യാർത്ഥി എംജി യൂണിവേഴ്സിറ്റി

More Posts

Share on

മറ്റുവാര്‍ത്തകള്‍