UPDATES

കല

നടിപ്പിന്‍ നായകന്‍ എസ് ജെ സൂര്യ

വിജയത്തിന്റെ അതേയളവില്‍ പരാജയത്തെ കൂടി നേരിടണമെന്ന് പഠിപ്പിക്കുന്ന ജീവിത പാഠം കൂടിയാണത് സൂര്യ

                       

സ്പ്ലെന്‍ഡര്‍ ബൈക്കും കുഞ്ചാക്കോ ബോബനും കാമ്പസ് പ്രണയത്തിന്റെ പ്രതീകമായി മാറിയിരുന്ന കാലത്താണ് വിജയ്-ജ്യോതിക ജോടിയുടെ കാതല്‍ കഥയില്‍ മലയാളി മയങ്ങുന്നത്. പ്രണയത്തിന്റെ പുതിയൊരു അനുഭവമായിരുന്നു ഖുശി. മലയാളം ഉള്‍പ്പെടെ ഇതരഭാഷകളിലും സൂപ്പര്‍ ഹിറ്റ് ആയി മാറിയ തമിഴ് ചിത്രം അതിന്റെ സംവിധായകനെ തമിഴ് സിനിമ ഇന്‍ഡസ്ട്രിയ്ക്കും പുറത്തും കൂടുതല്‍ പോപ്പുലറാക്കി. ആദ്യം ചിത്രം കൊണ്ട് തന്നെ അയാള്‍ വരവ് അറിയിച്ചു കഴിഞ്ഞതായിരുന്നു. അജിത്തും സിമ്രാനും ഒരുമിച്ച ‘ വാലി’ എന്ന സൂപ്പര്‍ ഹിറ്റ് കഴിഞ്ഞിട്ടായിരുന്നു ബ്ലോക് ബസ്റ്ററായി മാറിയ ഖുശി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മലയാളിക്കും പ്രിയപ്പെട്ടവനായി മാറിയ ആ തമിഴ് സംവിധായകന്റെ യഥാര്‍ത്ഥ പേര് സെല്‍വരാജ് ജസ്റ്റിന്‍ പാണ്ഡ്യന്‍ എന്നായിരുന്നു. സിനിമ ലോകത്ത് അയാള്‍ എസ് ജെ സൂര്യ ആയി.

ആദ്യ രണ്ടു ചിത്രങ്ങളുടെ മികവിനൊപ്പം നിര്‍ത്താന്‍ കഴിയാത്തവയായിരുന്നു തുടര്‍ന്നുള്ള എസ് ജെ സൂര്യ സിനിമകള്‍. തിരിച്ചടികള്‍ സ്വന്തം ജീവിതത്തിലും ഉണ്ടായതോടെ, സിനിമയില്‍ അസ്തമയമായി എന്നാണ് പലരും കരുതിയത്. സംഭവിച്ചത് അങ്ങനെയല്ലായിരുന്നു.

ചെന്നൈയില്‍ പട്ടിണി കിടന്നും ചായക്കടപ്പണിയെടുത്തുമൊക്കെ താന്‍ കണ്ട ലക്ഷ്യത്തിലെത്താന്‍ അയാള്‍ സഹിച്ച കഷ്ടപ്പാടുകള്‍ ഏറെയാണ്. ഒരു നടന്‍ ആവുകയെന്നതായിരുന്നു ആ ലക്ഷ്യം. ചില സിനിമകളില്‍ അടയാളങ്ങളില്ലാത്ത അപ്രധാന വേഷങ്ങളൊക്കെ കിട്ടി. സിനിമയില്‍ തന്നെ നില്‍ക്കാന്‍ പിന്നീടയാള്‍ കാമറയ്ക്ക് പിന്നിലേക്ക് മാറി. സഹ സംവിധായകന്റെ കുപ്പായം ധരിച്ചു. ഉല്ലാസത്തിലും ആസൈയിലും വര്‍ക്ക് ചെയ്തതിന്റെ പരിചയത്തില്‍ അജിത്തുമായി സംസാരിക്കാന്‍ അവസരം കിട്ടിയത് വഴി തെളിച്ചു. കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവില്‍ അജിത്തിന് തോന്നിയ സംതൃപ്തിയാണ് ‘വാലി’ ചെയ്യാന്‍ സൂര്യക്ക് തുണയായത്.

ഒരിക്കല്‍ സിനിമ ലോകത്ത് നിന്നും നിഷ്‌കാസിതനായി എന്നു തോന്നിച്ചിടത്തു നിന്നും ഇന്ന് തെന്നിന്ത്യയിലെ എ ക്ലാസ് നടനായി മാറിയിരിക്കുന്നു സൂര്യ; ഒരിക്കല്‍ അയാള്‍ സ്വപ്‌നം കണ്ടതുപോലെ.

സംവിധായകനില്‍ നിന്നും നടനിലേക്ക് എത്തിയ സൂര്യ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ ‘ ഞെട്ടിക്കുന്ന’ പെര്‍ഫോമന്‍സുകളാണ് നടത്തുന്നത്. ‘വന്താ, സുട്ടാ, സെത്താ, റിപ്പീറ്റ്’ എന്ന ഡയലോഗൊക്കെ ഉണ്ടാക്കിയ ഓളം ഇന്നും നിലച്ചിട്ടില്ല. മാനാടിലെ പോലീസുകാരനായും, ബാറ്റ്മാന്‍ സീരിസിലെ സ്‌കെയര്‍ ക്രൗ വില്ലന്റെ ഗെറ്റപ്പിലെത്തിയ സ്‌പൈഡറിലെ സൈക്കോ കില്ലറായും, ഏറ്റവും ഒടുവില്‍ മാര്‍ക്ക് ആന്റണിയിലെ ജാക്കി പാണ്ഡ്യനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന എ.സ് ജെ സൂര്യ ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത് ‘നടിപ്പന്‍ നായകന്‍’ എന്നാണ്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനകം 45 കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസിനെ വിറപ്പിക്കുന്ന ആദിക് രവിചന്ദ്രന്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ പ്രധാന ആകര്‍ഷണവും സൂര്യയാണ്; നായകന്‍ വിശാലാണെങ്കിലും!

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം കൂടിയായ മാര്‍ക്ക് ആന്റണിയില്‍ നായകന്‍ വിശാലിനെപ്പോലും വെല്ലുന്ന രീതിയില്‍ പ്രകടനം കാഴ്ചവച്ച് ഏതു രീതിയിലുള്ള കഥാപാത്രത്തിലേക്കും കൂടുവിട്ട് കൂടുമാറ്റം നടത്താന്‍ കഴിവുള്ള അതുല്യപ്രതിഭയാണ് താനെന്ന് അടിവരയിടുകയാണ് സൂര്യ. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സ്പൈഡറില്‍ ക്രൂരതയുടെ പര്യായമായ ആ സൈക്കോപത്ത് തന്നെയാണ് വാട്ട് ദി ഫിഷ് എന്ന് ഈണത്തില്‍ ചോദിച്ചുകൊണ്ട് പ്രേക്ഷരെ പൊട്ടിച്ചിരിപ്പിക്കുന്ന പാണ്ഡ്യനെന്ന് ആലോചിച്ചാല്‍ അതിശയപ്പെടും. ഇത് ആള് വേറെയാണ് തലൈവരെ എന്നാണ് പ്രേക്ഷകര്‍ ആര്‍ത്തു വിളിക്കുന്നത്. സംവിധായകനായി, നായകനായി, വില്ലനായി, സംഗീത സംവിധായകനായി തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞു നില്‍ക്കുന്ന ബ്രാന്‍ഡ് കൂടിയാണ് ഇന്ന് എ.സ് ജെ സൂര്യ.

അദ്ദേഹം പിന്നിട്ട ഉയര്‍ച്ച താഴ്ച്ചകളുടെ വഴികളത്രയും കഠിനാധ്വാനത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഒറ്റയാള്‍ പോരാട്ടത്തിന്റെയും ആകെ തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാടിലെ ടൈം ലൂപ്പ് പോലെ ഉയര്‍ച്ച താഴ്ച്ചകളുടെ റിപ്പീറ്റ് മോഡലിലുള്ള ജീവിതമായിരുന്നു സൂര്യയുടെത്.

ചെന്നൈ ലയോള കോളജില്‍ ബിരുദ പഠനകാലത്താണ് അദ്ദേഹം സിനിമയെന്ന വലിയ സ്വപ്നം നെഞ്ചേറ്റുന്നത്. പിന്നെ കെട്ടിയാടേണ്ടി വന്ന ജീവിത വേഷങ്ങളത്രയും നല്‍കിയ അനുഭവങ്ങള്‍ രാകിമിനിക്കിയെടുത്തായിരിക്കും ഇന്ന് സനിമയ്ക്ക് തിരിച്ചു നല്‍കുന്നത്. ഹോട്ടല്‍ ജീവനക്കാരനില്‍ നിന്ന് തുടങ്ങി കെ ഭാഗ്യരാജിന്റെ സഹായിയായി എത്തും വരെ ഭാഗ്യപരീക്ഷണങ്ങളുടെതായിരുന്നു ആ ജീവിതം. പിന്നീടങ്ങോട്ട് പല പ്രശസ്ത സംവിധയകരുടെ ഹിറ്റ് സിനിമയുടെ സഹ സംവിധായകനായി. ഒടുവില്‍ അജിത്തിനെ നായകനാക്കി തന്റെ ആദ്യചിത്രവും പുറത്തിറിക്കി. വാലിയിലൂടെയും, ഖുശിയിലൂടെയും തമിഴകത്തിന് പകരം വക്കാനില്ലാത്ത സംവിധായകനെ ലഭിച്ചുവെന്ന് വാഴ്ത്തിപ്പാടിയ തമിഴ് മാധ്യമങ്ങള്‍ തന്നെ പിന്നീടിറങ്ങിയ സിനിമകളിലൂടെ ആ സംവിധായക മികവിനെ ചോദ്യം ചെയ്തു. നായകനായി തുടങ്ങിയ അഭിനയ ജീവിതവും പാതിയില്‍ പാളിപ്പോയി. തുടര്‍ച്ചയുള്ള ചിത്രങ്ങളുടെ പരാജയവും, സിനിമയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റും എസ് ജെ സൂര്യയെ മറച്ച കാര്‍മേഘങ്ങളായി.

എത്ര കനത്ത ഇരുട്ടും വകഞ്ഞു മാറ്റി സൂര്യന്‍ ഉദിച്ചിരിക്കും എന്ന സത്യം പോലെ, എസ് ജെ സൂര്യയും സിനിമയില്‍ തിരിച്ചെത്തി. 2016 ല്‍ കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ ഇരൈവി അയാളിലെ നടന്റെ മാറ്റ് തെളിയിച്ചു. ജീവിതപാഠങ്ങള്‍ നല്‍കിയ പോരാട്ട വീര്യം ഒട്ടും ചോരാതെ അയാളിലുണ്ടായിരുന്നു. സ്പൈഡറിലെയും, മെര്‍സലിലെയുമെല്ലാം സൂര്യയുടെ കഥാപാത്രങ്ങള്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണയാള്‍ എന്ന വിശേഷണത്തിന് അടിവരയിട്ടു. വക്ര ബുദ്ധിക്കാരനായ വില്ലനായും, അനായാസം നര്‍മം കൈകാര്യം ചെയുന്ന നടനായും, നായകനായും എല്ലാം അയാളുടെ ശരീരഭാഷകള്‍ മാറി മാറി വന്നു. ഏതൊരു സംവിധായകനും തികഞ്ഞ ആത്മവിശ്വാസത്തോടെ ക്ലോസ് അപ്പ് ഷോട്ട് എടുക്കാന്‍ കഴിയുന്ന നടന്‍.

സ്ഥിരം ശ്രേണിയിലുള്ള കഥാപാത്രങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ശരീര ഭാഷകൊണ്ടും, ഭാവാഭിനയും കൊണ്ടും ഒന്നിനോടൊന്ന് സാമ്യം തോന്നാത്ത വിധത്തില്‍ ചെയ്യാന്‍ സൂര്യയ്ക്ക് കഴിയുന്നതുകൊണ്ടാണ് നായകനെ മറന്നും പ്രേക്ഷകന്‍ സൂര്യയുടെ കഥാപാത്രത്തിനൊപ്പം പോകുന്നത്. മാര്‍ക്ക് ആന്റണിയിലെ കാര്യം പോലെ, അതാത് സിനിമകളിലെ നായകന്മാര്‍ക്ക് സൂര്യയ്‌ക്കൊപ്പം എത്താന്‍ കടുത്ത മത്സരം നടത്തേണ്ടി വരുന്നുണ്ട്, പരാജയമാണ് ഫലമെങ്കിലും.

വില്ലന്‍ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ അങ്ങേയറ്റം നര്‍മം ചെയുന്ന കഥാപാത്രമായെത്തുന്നത് പ്രേക്ഷകര്‍ക്ക് ചിരപരിചിതമാണ്. എന്നാല്‍ അത്തരം പ്രകടനങ്ങളില്‍ പിന്തുടരുന്ന ആവര്‍ത്തന വിരസതയും സ്ഥിരം കാഴ്ച്ചയാണ്. ഇവിടെയാണ് എസ് ജെ സൂര്യയെന്ന ബ്രാന്‍ഡ് സ്വയം അടയാളപ്പെടുത്തുന്നത്. ആവര്‍ത്തന വിരസമായ മാനറിസങ്ങള്‍ അശേഷമില്ലാതെ നര്‍മം കൈകാര്യം ചെയ്തിരിക്കുന്ന ഓരോ കഥാപത്രങ്ങളും ഒന്നിനോടൊന്ന് മാറ്റുരക്കാന്‍ പാകത്തില്‍ വേറിട്ട് നില്‍ക്കുന്നതാണ്. ജീവിതത്തില്‍ വിജയത്തിനൊപ്പം തന്നെ പിന്തുടരുന്ന പരാജയത്തിന്റെ കൈപ്പിനെ മനോവീര്യം കൊണ്ട് മധുരമാക്കി തീര്‍ക്കുന്ന അതിജീവനത്തിന്റെ രാഷ്ട്രീയം കൂടിയാണത്.

വിജയത്തിന്റെ അതേയളവില്‍ പരാജയത്തെ കൂടി നേരിടണമെന്ന് പഠിപ്പിക്കുന്ന ജീവിത പാഠം കൂടിയാണത് സൂര്യ. സിനിമയോടും, കലയോടും തന്റെയുള്ളിലെ വജ്രത്തിന്റെ മൂര്‍ച്ചയുള്ള പ്രതിഭ വൈഭവത്തോടും വച്ചുപുലര്‍ത്തുന്ന അര്‍പ്പണമനോഭാവത്തിന്റെ കൂടി തിളക്കമായാണ് എസ് ജെ സൂര്യ തെന്നിന്ത്യയുടെ മുഴുവന്‍ നടിപ്പിന്‍ നായകനായി നിറഞ്ഞു നില്‍ക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍