UPDATES

തെംബ ബവുമ എന്ന ചരിത്ര നായകന്‍

അയാള്‍ പരാജിതനായ മനുഷ്യനല്ല, കാലമത് തെളിയിച്ചിരിക്കും

                       

ഈഡന്‍ ഗാര്‍ഡനില്‍ തല താഴ്ത്തുംവരെ ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീം തന്നെയായിരുന്നു ദക്ഷിണാഫ്രിക്ക. ഏതെങ്കിലുമൊരു ‘ ഒറ്റയാന്റെ’ പ്രകടനമായിരുന്നില്ല, ടീമിന്റെ കൂട്ടായ പ്രകടനമായിരുന്നു സെമിയില്‍ വരെ അവരെ എത്തിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ഖ്യാതിക്കൊപ്പം, ഭാഗ്യം കെട്ടവരെന്ന വിശേഷണവുമുണ്ട് പ്രോട്ടീസിന്. ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ കീഴ്‌പ്പെട്ടുകൊണ്ട് മേജര്‍ ടൂര്‍ണമെന്റ് കിരീടങ്ങളോട് അടുത്തു വരെ വന്നു പരാജയപ്പെട്ടു തിരിച്ചു പോരുന്ന പതിവ് അവര്‍ ആവര്‍ത്തിച്ചു. ഇതവരുടെ അഞ്ചാമത്തെ ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിയാണ്. 1992, 1999, 2007, 2015 കാലങ്ങളിലെ പരാജയത്തിന് സമമായി 2023-ല്‍ മറ്റൊന്നുകൂടി.

ദക്ഷിണാഫ്രിക്കയുടെ പരാജയത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം നിരാശയുണ്ട്. അവര്‍ എല്ലാ കുറ്റവും ടീം ക്യാപ്റ്റന്‍ തെംബ ബവുമയ്ക്ക് മേല്‍ ചാര്‍ത്തുകയാണ്. സെമിയില്‍ നാല് പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതെ മടങ്ങുകയായിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ബവുമ തീര്‍ത്തും നിറം മങ്ങിപ്പോയി. എട്ട് മത്സരങ്ങളില്‍ നിന്നും 145 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. 35 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പക്ഷേ, ബവുമ എന്ന ക്യാപ്റ്റന്‍ പരാജയമായിരുന്നില്ല. സെമിയിലെ തോല്‍വിയോടെ ബവുമയുടെ ബാറ്റിംഗ് മാത്രമെ വിമര്‍ശകര്‍ കാരണമാക്കുന്നുള്ളൂ. ടീമിന്റെ പരാജയത്തിന് ആദ്യം വിചാരണ ചെയ്യപ്പെടുക എവിടെയും നായകന്‍ തന്നെയാകും.


മോദി ഭരണം തുടർന്നാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം അവസാനിക്കും -രവി നായർ


ബവുമയും ചോദ്യം ചെയ്യപ്പെടണം. എന്നാല്‍, ഇപ്പോള്‍ നടക്കുന്നതുപോലെ, അയാളുടെ നിറവും രൂപവുമൊക്കെ വച്ചുള്ള കളിയാക്കലുകളും അധിക്ഷേപങ്ങളും ക്രിക്കറ്റിനെയെന്നെല്ല, ഏത് കായിക ഇനത്തെയും പിന്തുടരുന്നവര്‍ക്ക് യോജിച്ചതല്ല. അതൊരിക്കലും മാനുഷികവുമല്ല.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 100 ശതമാനം ഫിറ്റ് ആയ പ്ലേയര്‍ അല്ലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍. അസുഖം മൂലം രണ്ട് കളികളില്‍ കളിച്ചിരുന്നില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കു മാറാതെയാണ് സെമിയിലും കളിക്കാനിറങ്ങിയത്. വ്യക്തിഗതമായി അയാള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല, പക്ഷേ, ടീമിനുവേണ്ടി അയാള്‍ ഒന്നും ചെയ്തില്ല, പൂര്‍ണ പരാജയമായിരുന്നുവെന്ന് പറയാനാകില്ല. ഈ ടൂര്‍ണമെന്റിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ തെംബ ബവുമ തന്നെയാണ്.

ബവുമ എന്ന ക്യാപ്റ്റനിലും കളിക്കാരനിലും ടീമും കോച്ചും ഇപ്പോഴും പ്രതീക്ഷയുള്ളവരാണ്. ഓസ്‌ട്രേലിയയോട് തോറ്റശേഷം കോച്ച് റോബ് വാള്‍ട്ടര്‍ പറഞ്ഞത്, ബവുമയെ കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമേ ഉള്ളൂവെന്നാണ്. ‘രാജ്യത്തിന്റെ ലോകകപ്പ് നിര്‍ഭാഗ്യം മാറ്റാനായില്ലെങ്കിലും പരിക്കേറ്റ നായകന്‍ ബവുമയെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുകയാണ്’ എന്നായിരുന്നു വാള്‍ട്ടറിന്റെ വാക്കുകള്‍.

‘നിന്നെയോര്‍ത്ത് ഞാന്‍ എത്രത്തോളം അഭിമാനം കൊള്ളുന്നുവെന്നോ എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്’ വാള്‍ട്ടര്‍ തുടരുന്നു; ‘ നിങ്ങള്‍ക്കറിയാമല്ലോ, അവിശ്വസനീയമാംവിധമാണ് അവന്‍ തന്റെ സംഘത്തെ ഈ രാത്രി വരെ നയിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഞങ്ങളെ ആദ്യസ്ഥാനത്തേക്ക് എത്തിച്ചത് അവനായിരുന്നു. ആളുകള്‍ അതൊക്കെ മറക്കും, അതുകൊണ്ടാണ് അവന്‍ അറിയാന്‍ വേണ്ടി, ഈ ടീമില്‍ അവന്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവനെയോര്‍ത്ത് എത്രത്തോളം അഭിമാനം കൊള്ളുന്നുവെന്നും ഞാന്‍ പറയുന്നത്”. ഓസ്‌ട്രേലിയുമായുള്ള സെമി ഫൈനല്‍ തോല്‍വിക്കുശേഷം ദക്ഷിണാഫ്രിക്കന്‍ കോച്ചിന്റെ ഈ വാക്കുകള്‍ ബവുമ എന്ന ക്രിക്കറ്ററെക്കുറിച്ച് അയാളെ ഇപ്പോള്‍ പരിഹസിക്കുന്ന ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നതായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇതുവരെ 38 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ബവുമ 45 ന് മുകളില്‍ ബാറ്റിംഗ് ശരാശരിയോടെ 1,512 റണ്‍സ് നേടിയിട്ടുണ്ട്.


”ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്”


ഇപ്പോള്‍ നിങ്ങള്‍ കളിയാക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഈ അഞ്ചടി ആറിഞ്ചുകാരന്‍ തന്റെ രാജ്യത്തിനു വേണ്ടി സഹിച്ച വേദനയും കാണിച്ച ഉത്തരവാദിത്തവും കൈയടിച്ച് പുകഴത്തേണ്ടതാണ്. പകരമയാള്‍ക്ക് കിട്ടുന്നത്, കൂക്കിവിളികളാണെന്നു മാത്രം. അതുപക്ഷേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്താണെന്നറിയാവത്തരും, ഇന്നും നിറവും രൂപവും നോക്കി മനുഷ്യരെ വിലയിരുത്തുന്നവരും അടങ്ങിയ സംഘമാണെന്നത് തീര്‍ച്ച. അങ്ങനെയുള്ളവര്‍ കരുതും പോലെയല്ല, അയാളുടെ രാജ്യവും ടീമും തങ്ങളുടെ നായകനെ കാണുന്നത്.

അഫ്ഗാനിസ്താനുമായി നടന്ന അവസാന മത്സരത്തില്‍ കളിക്കാന്‍ തീരുമാനിക്കുമ്പോഴും ബവുമ പരിക്കില്‍ നിന്നും പൂര്‍ണ മുക്തനായിരുന്നില്ല.

‘ നിങ്ങള്‍ക്ക് അവനെ ഫീല്‍ഡില്‍ കാണുമ്പോള്‍ അറിയാമായിരുന്നോ അവന്‍ 100 ശതമാനവും ഫിറ്റ് അല്ലെന്ന്! നിങ്ങള്‍ക്ക് അക്കാര്യം ഊഹിക്കാന്‍ പോലും പറ്റിയിട്ടുണ്ടാകില്ല’ കോച്ച് വാള്‍ട്ടര്‍ തന്റെ ടീമിന്റെ നായകനെക്കുറിച്ച് അഭിമാനത്തോടെ പറയുകയാണ്.

2021-ല്‍ ക്വിന്റന്‍ ഡികോക്കില്‍ നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന കറുത്ത വര്‍ഗക്കാരനായ ആദ്യ നായകനായി ബവുമ മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടുന്ന കറുത്തവര്‍ഗക്കാരനാകാനും ബവുമയ്ക്ക് നിയോഗമുണ്ടായിരുന്നു. ചരിത്രത്തെ തനിക്കൊപ്പം ചേര്‍ത്തൊരു കൡക്കാരനാണ് ബവുമ. അതുകൊണ്ട് വെറുമൊരു ക്രിക്കറ്റ് കളിക്കാരനായി മാത്രമല്ല ബവുമയെ അടയാളപ്പെടുത്തേണ്ടത്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടൊരു ജനതയുടെ പ്രതിനിധിയാണ്. അയാളുടെ വിജയങ്ങള്‍ അതുകൊണ്ട് തന്നെ ആഘോഷിക്കപ്പെടേണ്ടതാണ്. പരാജയങ്ങളില്‍ ചവിട്ടിത്തേയ്ക്കാനല്ല, പിടിച്ചെഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് വേണ്ടത്.


കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്ര ദളിതർ ജോലി ചെയ്യുന്നുണ്ട്?’ ഉത്തരം അത്യാവശ്യമായൊരു ചോദ്യമായിരുന്നു ഇത്‌


ലോക ക്രിക്കറ്റിലെ ഏറ്റവും കുറിയവനായ കളിക്കാരന്‍(5.6 ഫീറ്റ്) എന്നു വിളിക്കുമ്പോഴും കളി മികവിലും നായകത്വത്തിലും ഈ 33 കാരന്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്നു. ലോകകപ്പിന് മുമ്പായി ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടി മുന്നിലുണ്ടായിരുന്നത് നായകന്‍ ബവുമയായിരുന്നു. 80 ശതമാനത്തിനടുത്തായിരുന്നു അദ്ദേഹത്തിന്റെ ആവറേജ്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് ബവുമയുടെ സെഞ്ച്വറിയായിരുന്നു. ലോകകപ്പില്‍ ടീമിന്റെ സ്ഥാനം ഉറപ്പിക്കുന്നത് ഈ വിജയങ്ങളായിരുന്നു. അടുത്ത അഞ്ച് ഇന്നിംഗ്‌സുകള്‍ കളിച്ചതില്‍ രണ്ട് സെഞ്ച്വറികള്‍ കൂടി ബവുമ കണ്ടെത്തിയിരുന്നു. ലോകകപ്പിലേക്ക് എത്തുമ്പോള്‍ ബവുമയുടെ ബാറ്റിംഗ് ശരാശരി 47.25 ആയിരുന്നു. ഒരു ലോകത്തോര ബാറ്ററെ അടയാളപ്പെടുത്തുന്ന ശരാശരി തന്നെയാണത്. ഈ ലോകകപ്പില്‍ അയാള്‍ക്കുള്ളത് 20 ശതമാനമായിരിക്കാം. അതിലല്ല ആ കളിക്കാരനെ വിലയിരുത്തേണ്ടത്. ഏതൊരു താരത്തിനുമുണ്ടാകുന്ന തിരിച്ചടി മാത്രമാണത്. ഒരു മികച്ച സ്‌കോര്‍ നേടാന്‍ ഏതു സമയത്തും സാധ്യമാകുന്നൊരു പ്രതിഭയാണ് ബവുമ.


“ആ റെഡ് കാർപെറ്റിലൂടെ നടന്ന് ചെന്ന്…” – ജൂഡ് ആന്തണി ജോസഫ്/അഭിമുഖം


ബാറ്റിംഗില്‍ ഫോം ഔട്ടായിരുന്നുവെങ്കില്‍ ഫീല്‍ഡിലെ അയാളുടെ നേതൃത്വം മികച്ചതായിരുന്നു. ഈ ലോകകപ്പില്‍ മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അയാളത് പ്രകടിപ്പിക്കുന്നുണ്ട്. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിദഗ്ധനാണയാള്‍. അക്രമണോത്സുകമായ ഫീല്‍ഡിംഗും, കൃത്യമായ ഇടവേളകളില്‍ വരുത്തുന്ന ബൗളിംഗ് ചെയ്ഞ്ചുകളും ബവുമയുടെ നായകമികവ് അടയാളപ്പെടുത്തുന്നതാണ്. എത്രവലിയ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴും ബവുമ എന്ന നായകന്‍ പരിഭ്രാന്തനാകുന്നില്ല; മൈതാനാത്താണെങ്കിലും ഡഗ് ഔട്ടിലാണെങ്കിലും. കളിക്കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും അയാള്‍ ഉത്തരവാദിത്വവും സംഘടനാബോധവുമുള്ള നായകനായിരുന്നു. പലവിധ സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നേരിട്ടപ്പോഴും ബവുമ എന്ന നായകന്റെ പ്രശംസനീയമാംവിധമുള്ള സംഘടനാശേഷി ലോകം കണ്ടതാണ്. 20210ലെ ടി-ട്വന്റി ലോകകപ്പിനിടയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശമായിരുന്നു കളിക്കാര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈ മുഷ്ടി ഉയര്‍ത്തി ബ്ലാക് ലീവ് മാറ്റര്‍ പ്രസ്ഥാനത്തിന് പിന്തുണയര്‍പ്പിക്കണമെന്ന്. എന്നാല്‍, ടീമിലെ സപ്രധാന താരമായ ക്വിന്റന്‍ ഡീകോക്ക് ആ നിര്‍ദേശം അവഗണിച്ചു. അന്ന് ടീമില്‍ പടലപ്പിണക്കം ഉണ്ടാകാതെയും ബോര്‍ഡും ടീമും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതെയും നോക്കിയത് നായകനായ ബവുമയായിരുന്നു. അയാള്‍ എപ്പോഴും തന്റ ടീമിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്ന നായകനാണ്.

കേവലമൊരു കായിക മത്സരത്തിനുള്ള സംഘത്തെ നയിക്കുന്നവനല്ല, മറിച്ച് തന്റെ ഉത്തരവാദിത്തം അതിനേക്കാളൊക്കെ വലുതാണെന്ന് സ്വയം മനസിലാക്കിയിട്ടുണ്ട് ബവുമ. ഇതുവരെ തന്നെപ്പോലൊരു നായകനെ ദക്ഷിണാഫ്രിക്കക്കാര്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെയുള്ളവര്‍ക്ക് താനവരുടെ പ്രതിനിധിയാണെന്നും അറിയിക്കാനും ഒപ്പം മാതൃകയാകനുമുള്ള ഉത്തരവാദിത്തബോധം ബവുമയ്ക്കുണ്ട്.


അടിമാലിയിൽ ലോട്ടറി വിക്കണ മകള് ലണ്ടനിലാന്ന്, ഒരു മഞ്ഞക്കാർഡ് പോലുമില്ലാത്ത എനിക്ക് 10 മുറി വീടുണ്ടെന്ന്…’


വിജയിക്കുമ്പോള്‍ ഒപ്പം നില്‍ക്കുകയും പരാജയപ്പെടുമ്പോള്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. റണ്‍സ് നേടാത്തതിലും ടീം തോറ്റതിലുമൊക്കെ നിങ്ങള്‍ക്ക് തെംബ ബവുമ എന്ന നായകനെ കളിയിക്കാം, കുറ്റപ്പെടുത്താം, കല്ലെറിയാം. അതുകൊണ്ടെന്നും അയാള്‍ ഒരു പരാജിതനായ മനുഷ്യനാകുന്നില്ല; കാലമത് തെളിയിച്ചിരിക്കും.


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Share on

മറ്റുവാര്‍ത്തകള്‍